മക്കളെ വളര്‍ത്തുന്ന വിഷയത്തില്‍ നിങ്ങള്‍ വിജയമാണോ, പരാജയമാണോ? നിങ്ങള്‍ക്ക് സ്വയം വിലയിരുത്താം.
ആ മാതാവ് ചോദിച്ചു: 'എന്റെ മക്കളെ വളര്‍ത്തുന്നതില്‍ ഞാന്‍ വിജയമാണോ പരാജയമാണോ എന്ന് എങ്ങനെ എനിക്ക് സ്വയം വിലയിരുത്താം?'
ഞാന്‍ പറഞ്ഞു: 'വിജയ-പരാജയങ്ങള്‍ വിലയിരുത്താന്‍ നിരവധി മാനദണ്ഡങ്ങളും സൂചികകളുമുണ്ട്.'
അവര്‍: 'ഒന്ന് വിശദീകരിക്കാമോ?'
ഞാന്‍: 'കുട്ടികളെ വളര്‍ത്തുന്ന വിഷയത്തില്‍ ഒരു ഏക മാനദണ്ഡം സ്വീകരിക്കാനാവില്ല എന്നത് സര്‍വാംഗീകൃതമായ ഒരു വസ്തുതയാണ്. കാരണം, വളര്‍ത്തു പ്രക്രിയ നിരന്തരമായി നടക്കുന്നതും ദീര്‍ഘകാലം എടുക്കുന്നതുമാണ്. അതിന്റെ ഫലങ്ങള്‍ ഉടനെ ഉണ്ടായിക്കൊള്ളണമെന്നില്ല. വിജയമാണോ എന്നറിയാന്‍ ചില ലക്ഷണങ്ങള്‍ പറയാം.'
01 കുഞ്ഞ് സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തനാവുക. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും വസ്ത്രം ധരിക്കാനും പഠന-ദീനീ കാര്യങ്ങളില്‍ ശ്രദ്ധിക്കാനും മെല്ലെ മെല്ലെ കുഞ്ഞ് മറ്റാരെയും ആശ്രയിക്കാതെ സ്വയം നിര്‍വഹിക്കാന്‍ നോക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാവുക എന്നതാണ് അതിന്റെ വിവക്ഷ.
02ഉത്തരവാദിത്വ ബോധം. വളരും തോറും കുഞ്ഞ് കൂടുതല്‍ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തി നേടുക. സ്വയം തീരുമാനങ്ങളെടുക്കാനും അതിന്റെ ഉത്തരവാദിത്വം സ്വയം ഏല്‍ക്കാനും തയാറാവുക എന്നതാണ് പ്രധാനം.
03 ആദരവും ബഹുമാനവും. കുഞ്ഞ് മറ്റുള്ളവരെ ആദരിക്കുകയും അവരോടുള്ള ഇടപെടലില്‍ ബഹുമാനം കാണിക്കുകയും ചെയ്യുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിത്തുടങ്ങുകയാണ്. തന്റെ വാക്കും സമയവും കരുതലോടെ ഉപയോഗിക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാവുകയാണ്.
04സാമൂഹിക ബന്ധങ്ങള്‍. കൂട്ടുകാരെ തെരഞ്ഞെടുക്കാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും അവന്‍ മിടുക്ക് കാട്ടുന്നു എന്ന് നിങ്ങള്‍ക്ക് ബോധ്യമാവും. തന്നെ ദ്രോഹിക്കുന്നവരോടും വെറുപ്പ് പ്രകടിപ്പിക്കുന്നവരോടും നല്ല നിലക്ക് ഇടപെടാന്‍ അവന് കഴിയുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും.
05 സഹാനുഭൂതി. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യാനുമുള്ള കഴിവ് അവന്‍ ആര്‍ജിച്ചു എന്ന് നിങ്ങള്‍ തിരിച്ചറിയുകയാണ്.
06 സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശേഷി. താന്‍ നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും വിജയകരമായി അഭിമുഖീകരിക്കാനും അവയക്ക് ഏറ്റവും ഉത്തമമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള കഴിവ് അവന്‍ നേടിയിരിക്കുന്നു എന്ന് ബോധ്യമാവുകയാണ്.
07അപഗ്രഥന ശേഷി. ഒരു കാര്യം കേട്ടാല്‍ ചിന്തിക്കുകയും വിശകലനം നടത്തുകയും നിലപാട് കൈക്കൊള്ളുകയും ചെയ്യും.
08 വിശ്വാസ പ്രതിബദ്ധത. നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം ഇത്യാദി കാര്യങ്ങളില്‍ ശ്രദ്ധയും ഉത്സാഹവും പ്രകടിപ്പിക്കുന്നതായി നിരീക്ഷിക്കുക.
09 ആത്മവിശ്വാസം. തന്റെ കഴിവുകള്‍ കണ്ടെത്തുകയും അവ പരിപോഷിപ്പിക്കാന്‍ അക്ഷീണ യത്നം നടത്തുകയും ചെയ്യുക.
10 ആരോഗ്യം. ഭക്ഷണം, ഉറക്കം, വ്യായാമം, കളികള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുകയും ആരോഗ്യകരമായ ഇടപെടല്‍ നടത്തുകയും ചെയ്യുക.
11 ലൈംഗിക തര്‍ബിയത്ത്. ഈ വശത്ത് ആരോഗ്യകരമായ ശിക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുക.
12 സ്വഭാവപരം. വിശ്വസ്തത, സ്നേഹം, കരുണ, ദയ തുടങ്ങിയ സവിശേഷ സ്വഭാവങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് കണ്ടറിയാന്‍ കഴിയുക.
അവര്‍: 'ഇവ കനത്ത ഭാരവും ഉത്തരവാദിത്വവും തന്നെ, എളുപ്പമല്ല.''
ഞാന്‍: 'നിങ്ങള്‍ പറഞ്ഞത് ശരിതന്നെ. തര്‍ബിയത്ത്, ശിക്ഷണ-ശീലനങ്ങള്‍ നല്‍കി കുട്ടിയെ വളര്‍ത്തുക എന്നത് എളുപ്പ ജോലിയാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? നിങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന മനുഷ്യരുമായാണ് നിങ്ങള്‍ ഇടപെടുന്നത്. അവന്ന് അവന്റെതായ സിദ്ധികളും കഴിവുകളുമുണ്ട്; ഒരു വേള നിങ്ങളെക്കാള്‍ മികച്ച കഴിവുകള്‍.''
അവര്‍: 'ഇനി പരാജയമാണ് എന്ന് എങ്ങനെ വിലയിരുത്താം?''
ഞാന്‍: 'ഞാന്‍ നേരത്തെ പറഞ്ഞ കുറേ ലക്ഷണങ്ങളുണ്ടല്ലോ. അവയുടെ വിപരീതമാണ് പരാജയ ലക്ഷണങ്ങള്‍. ഉദാഹരണം: സ്വന്തം കാര്യങ്ങള്‍ സ്വയം തന്നെ നിര്‍വഹിക്കുന്ന കാര്യം എടുക്കുക- തന്റെ ജീവിതത്തിലെ സര്‍വ കാര്യങ്ങളിലും കുഞ്ഞ് നിങ്ങളെ ആശ്രയിക്കുന്ന രീതി. ഇനി ആദരവിന്റെ കാര്യം എടുക്കുക: ശകാരം, ബഹളം, അട്ടഹാസം, അടി, അവഹേളനം- മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഈ ദുഃസ്വഭാവങ്ങളെല്ലാം കാണിക്കുക.'' അതേ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ഒരു പരാജയമാണെന്ന് വിധിക്കണമെങ്കില്‍ കുഞ്ഞിന് ഈ ദുര്‍ഗുണങ്ങള്‍ സ്ഥിരമായി, നിരന്തരം കാണണം. വല്ലപ്പോഴും ഒരിക്കല്‍ ഒക്കെയാണ് കുഞ്ഞ് ഇങ്ങനെ പെരുമാറുന്നതെങ്കില്‍ പരാജയമാണെന്ന് വിധിച്ചു കൂടാ.'
അവര്‍: 'ഇപ്പോള്‍ മനസ്സിലാകുന്നത് എനിക്കാണ് ശിക്ഷണം കിട്ടേണ്ടതെന്നാണ്.''
ഞാന്‍: 'അത് എളുപ്പമാണ്. നിങ്ങളുടെ നൈപുണി വളര്‍ത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വായന, പഠനം, സംഭാഷണം, എന്നോട് ഇപ്പോള്‍ നിങ്ങള്‍ സംസാരിച്ചപോലെ ഉള്ളുതുറന്ന ചര്‍ച്ച. ഏറ്റവും പ്രധാനം നിങ്ങള്‍ക്ക് വിശാലമായ ഒരു മനസ്സും സഹനവും ഉണ്ടാവുകയാണ്. മസ്തിഷ്‌കത്തിന്റെ ക്രമാനുഗത വളര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യം വേണം. ഇതിലെല്ലാം പ്രധാനമായിട്ടുള്ളത് രണ്ട് കാര്യം ശ്രദ്ധിക്കുകയാണ്. കവിഞ്ഞ പ്രതീക്ഷകള്‍ ഒന്നിലും വേണ്ട. യാഥാര്‍ഥ്യബോധം വേണം. നിങ്ങളുടെ മക്കളെ മറ്റുള്ളവരുടെ മക്കളുമായി താരതമ്യം ചെയ്യരുത്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.''
വിവ: പി.കെ.ജെ