മഴ ചീറിപ്പെയ്യുമ്പോള്‍
ഇളനീര്‍ കച്ചവടക്കാരന്റെ
ഉന്തുവണ്ടിക്ക് മുമ്പില്‍നിന്ന്
തൊണ്ട് ചെത്തിയ കോരി കൊണ്ട്
കാമ്പ് ചുരണ്ടി തിന്നുന്നുണ്ടായിരുന്നു
അയാള്‍.
ഇറയത്ത് ആറിയിട്ട
വെള്ളം വാര്‍ന്ന
കട്ടിയുടുപ്പുകള്‍
മഴയത്തെ അയലില്‍
വിരിച്ചിട്ട് ഇപ്പോളയാള്‍
മുറ്റത്തിരിക്കുകയാണ്
ബാര്‍ബര്‍ഷാപ്പില്‍
വരിനില്‍ക്കുന്നവരെ
വകഞ്ഞുമാറ്റി
മുന്നില്‍ചെന്ന്
തിരിയുന്ന കസേരയില്‍
കയറിയിരുന്ന്
ഉറങ്ങിയിട്ടുണ്ട്
അയാള്‍
ബസ്റ്റാന്റിലെ
കക്കൂസില്‍
പണമടച്ച് കയറി
നാട്ടിലേക്കുള്ള
അവസാനവണ്ടിയും
പോയിക്കഴിഞ്ഞ്,
വാതില്‍ തുറന്ന്,
തരിച്ച കാല്‍ കുടഞ്ഞ്
കാത്ത് മുഷിഞ്ഞവരെ
നോക്കി
മെല്ലെ നടന്നിട്ടുണ്ട്
മെഡിക്കല്‍ കോളേജിനടുത്തുള്ള
നീതി മെഡിക്കല്‍ ഷോപ്പിന് മുന്‍പില്‍
സാമൂഹിക അകലം പാലിച്ച്
നില്‍ക്കുന്നവരുടെ ഇടയിലേക്ക്
കൊറോണക്കാലത്ത്
മാസ്‌ക് പോലും ധരിക്കാതെ
ഓടിച്ചെന്ന്
സാനിറ്റൈസര്‍ കയ്യിലേക്ക് കമിഴ്ത്തി
കീഴ് വായു പുറത്തുവിട്ട്
നാറ്റിച്ചിട്ടുണ്ട് അയാള്‍
നഗരത്തിലെ
തിരക്കുള്ള റോഡിലെ
സീബ്രാ ലൈനില്‍ നിന്ന്
അപ്പോള്‍വന്ന
ഫോണ്‍സന്ദേശം നോക്കി
അയാള്‍
ചിരിക്കുന്നത് കണ്ടിട്ടുണ്ട്.
പാര്‍ക്കിന് നടുവിലെ
ബെഞ്ചില്‍
കാല് കയറ്റിയിരുന്ന്
വഴിപോക്കരെയും
കച്ചവടക്കാരെയും
കുട്ടികളെയും കാമിനികളെയും
വെറുതെ
നോക്കി നോക്കി
അയാളിരിക്കും
നഗരമധ്യത്തിലൂടെ
കടന്നുപോവുന്ന
പ്രതിഷേധറാലിയുടെ
മുമ്പില്‍ ചെന്ന്
തിരിഞ്ഞുനിന്ന്
കോപ്രായങ്ങള്‍
കാട്ടിയിട്ടുണ്ട്
അടിപിടിക്കിടയില്‍
ദൂരെ തെറിച്ച
വടിയെടുത്തുകൊടുത്ത്
ശത്രുതക്ക് മൂര്‍ച്ച കൂട്ടി
നിര്‍വൃതിയടഞ്ഞിട്ടുണ്ട്
അയാള്‍.
അനീതിക്കും
ഫാഷിസത്തിനുമെതിരെയുളള
സര്‍ഗാത്മക തിരുത്തുകള്‍
വിഡ്ഢിത്തങ്ങളെന്ന്
വീണ്ടും വീണ്ടും പറഞ്ഞ്
വര്‍ഗീയ തിരുത്തുകള്‍
ട്രോള്‍ മഴയായി
പോസ്റ്റ് ചെയ്തിട്ടുമുണ്ട്
അയാള്‍
ഇന്ന്
അയാളുടേതാണ്.
ആരെയും വിളിച്ചില്ലെങ്കിലും
ഒരുപാട് 'അയാള്‍സ്' വന്നു.
എന്നാല്‍ പതിവിലും
ചമഞ്ഞ് അയാള്‍ പോയത്
ഒറ്റക്കായിരുന്നില്ല.
മുമ്പ് മനോരോഗി
ചമഞ്ഞ്
താങ്ങറുത്തിട്ട
ആറുപേരുടെ ചുമലില്‍
കിടന്നുകൊണ്ടായിരുന്നു