ഏറ്റവും പ്രധാനമായി മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ട
ശീലം നമസ്കാരമാണ്.
നമസ്കാരം ജീവിതത്തിൽ
കൃത്യമായാല്‍ മറ്റു നന്മകള് സ്വാഭാവികമായും
വളര്‍ന്നു വരും.
നമസ്കാരമാണല്ലോ
നമ്മളെ പടച്ചോനുമായി
ചേര്‍ത്തു കെട്ടുന്ന ചരട്.
ആ കെട്ട്
നിലനില്ക്കുമ്പോള്
നന്മയുടെ വഴിയിലേക്ക്
എളുപ്പത്തില്‍ നടക്കാനാകും.
പടച്ചോന് നല്കുന്ന സമ്മാനമാണ് മക്കള്‍. വഹബ എന്ന പദമാണ് അല്ലാഹു മക്കളെ നല്‍കുന്നതിനെക്കുറിച്ച് പ്രയോഗിച്ചത്. ഹിബത്ത് എന്നാല്‍ സമ്മാനമെന്നര്ഥം. നമുക്കൊരു സമ്മാനം ലഭിക്കുമ്പോള്‍ ആ സമ്മാനത്തോട് മാത്രമല്ല, സമ്മാനം നല്കിയവരോട് പ്രത്യേകമൊരിഷ്ടമുണ്ടാകും. മക്കളെ ഇഷ്ടപ്പെടുന്ന നമുക്ക് ആ മക്കളെ നല്കിയ അല്ലാഹുവിനോട് അതിലേറെ ഇഷ്ടമുണ്ടാകണമല്ലോ.
ഭൗതിക ലോകത്തിലെ അലങ്കാരമെന്നും ജീവിതത്തിലെ പരീക്ഷണങ്ങളിലൊന്നാണെന്നുമൊക്കെ മക്കളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മയും സന്തോഷവും നല്കുന്ന അവര്‍ക്ക് താങ്ങും തണലുമാകുന്ന വാര്‍ധക്യത്തില്‍ കാരുണ്യത്തിന്റെ ചിറകുകള് വിരിച്ച് ചേര്‍ന്നു നില്ക്കുന്ന മക്കള്‍ എല്ലാവരുടെയും സ്വപ്നമാണ്. അതിലപ്പുറം പരലോകത്തേക്ക് സുകൃതങ്ങളേറ്റിത്തരുന്ന, സ്വര്‍ഗത്തില്‍ ഒരുമിച്ച് ചേരുന്ന മക്കള്‍ എല്ലാവരുടെയും പ്രാര്‍ഥനയാണ്.
മക്കളില്‍നിന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമ്മളധികവും സംസാരിക്കുന്നവരാണ്. അതേസമയം മക്കള്‍ക്ക് മാതാപിതാക്കളില്‍നിന്ന് ലഭിക്കേണ്ടതൊക്കെ നല്‍കിയവരാണോ നമ്മളെന്ന് ചിന്തിക്കേണ്ടതാണ്. മക്കളുടെ ജീവിത സംസ്കാരത്തെയും മൂല്യങ്ങളെയും സ്വഭാവരൂപീകരണങ്ങളെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് മാതാപിതാക്കളുടേതാണ്. ഭക്ഷണവും വസ്ത്രവും മറ്റ് ഭൗതിക സംവിധാനങ്ങളുമെല്ലാം ഒരുക്കിക്കൊടുക്കുന്നതോടൊപ്പം അതിലേറെ പകര്‍ന്ന് നല്‍കേണ്ടതാണ് സംസ്കാരവും മൂല്യങ്ങളും.
ഒരിക്കലൊരു പിതാവ് നല്ല രീതിയില്‍ മകന്റെ കടമകള്‍ നിര്‍വഹിക്കാത്തതിന് പരാതിയുമായി ഖലീഫ ഉമര്‍ (റ) ന്റെ അരികിലെത്തി. പരാതി കേട്ട് ഉമര്‍ (റ) മകനോട് പിതാവിനോടുള്ള കടപ്പാടുകളെ കുറിച്ച് ഉദ്ബോധിപ്പിച്ചു. അതെല്ലാം കേട്ടശേഷം ആ മകന് ചോദിച്ചു: അല്ലയോ അമീര്‍, ഒരു പിതാവിന് മകനോട് കടപ്പാടുകളൊന്നുമില്ലേ? തീര്‍ച്ചയായും ഉണ്ട്. ഖലീഫ പ്രതിവചിച്ചു. എന്തെല്ലാമാണത്? വീണ്ടും മകന്റെ ചോദ്യം. അന്നേരം ഉമര്‍ (റ) പറഞ്ഞു: നല്ലൊരു ഉമ്മയെ നല്‍കുക. നല്ല പേര് നല്‍കുക. ഖുര്‍ആന്‍ പഠിപ്പിക്കുക. ഉടന്‍ മകന് പറഞ്ഞു: ഇതൊന്നും എന്റെ ഉപ്പ എനിക്ക് നല്‍കിയിട്ടില്ല. എന്റെ ഉമ്മ ദീനീ പശ്ചാത്തലം ഒട്ടുമില്ലാത്തവരാണ്. കരിവണ്ട് എന്നര്‍ഥമുള്ള ഒരു പേരാണ് എനിക്ക് നല്‍കിയിട്ടുള്ളത്. ഖുര്‍ആന്‍ ഒട്ടുമേ എനിക്ക് പഠിപ്പിച്ചു തന്നിട്ടുമില്ല. ഇതുകേട്ട് ഉമര്‍ (റ) പിതാവിനോട് പറഞ്ഞു: മകന്റെ ദ്രോഹത്തെ കുറിച്ച് പരാതിപ്പെടാനാണ് താങ്കള്‍ വന്നത്, എന്നാല്‍ മകന് താങ്കളോടുള്ള കടമകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തും മുമ്പ് താങ്കള്‍ മകനോടുള്ള കടപ്പാടുകളില്‍ വീഴ്ച വരുത്തിയിരിക്കുന്നു.
ഏറ്റവും ചെറുപ്പത്തില്‍ കണ്ടും കേട്ടും അനുഭവിച്ചുമാണ് മക്കള്‍ പഠിക്കുന്നതും വളരുന്നതും. മദ്റസയില്‍നിന്നും സ്കൂളില്‍നിന്നും ആരാധനകളെയും നന്മകളെയും കുറിച്ചുമൊക്കെ പഠിപ്പിക്കപ്പെടുമെങ്കിലും ജീവിതത്തില്‍ പ്രായോഗികവത്കരിക്കപ്പെടുന്നത് വീട്ടിലെ അനുഭവങ്ങളില്‍നിന്നും ശീലങ്ങളില്‍ നിന്നുമാണ്.
ഏറ്റവും പ്രധാനമായി മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ട ശീലം നമസ്കാരമാണ്. നമസ്കാരം ജീവിതത്തിന് കൃത്യമായാല്‍ മറ്റു നന്മകള് സ്വാഭാവികമായും വളര്‍ന്നു വരും. നമസ്കാരമാണല്ലോ നമ്മളെ പടച്ചോനുമായി ചേര്‍ത്തു കെട്ടുന്ന ചരട്. ആ കെട്ട് നിലനില്ക്കുമ്പോള് നന്മയുടെ വഴിയിലേക്ക് എളുപ്പത്തില്‍ നടക്കാനാകും. അതു കൊണ്ടാകാം കര്‍മങ്ങളും ആരാധനകളും നിര്‍ബന്ധമാകുന്ന പ്രായത്തിന് മുമ്പേ നമസ്കാരം ശീലിപ്പിക്കാന്‍ റസൂല്‍ (സ) പറഞ്ഞത്. ഏഴ് വയസ്സാകുമ്പോള്‍ നമസ്കരിക്കാന്‍ കല്പിക്കണമെന്ന് പറയുമ്പോള്‍ അതിന് മുമ്പേ അത് ശീലിപ്പിച്ച് തുടങ്ങണമെന്നര്‍ഥം.
നമസ്കാരം ശീലിപ്പിച്ച് തുടങ്ങല്‍ എളുപ്പമുള്ള കാര്യമാണെങ്കിലും അത് നിലനിര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല. കാരണം, കുട്ടികള്‍ ഒരു കാര്യം ചെയ്യുന്നതും ഇഷ്ടപ്പെടുന്നതും അതിലുള്ള കൗതുകം കൊണ്ടാണ്. കൗതുകമവസാനിക്കുന്നിടത്ത് അവരത് ഉപേക്ഷിക്കും. കളിപ്പാട്ടങ്ങളുടെയും ചില ഹോബികളുടെയും കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും. പക്ഷേ, നമസ്കാരം അങ്ങനെ വഴിയിലുപേക്ഷിക്കുന്ന ശീലമാകാന്‍ പാടില്ലല്ലോ. അതിന് ക്രിയാത്മകമായ മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
ആദ്യമൊക്കെ കൂടെ നമസ്കരിക്കുന്ന മക്കള്‍ വളരുന്നതിനനുസരിച്ച് അതില്‍ കുറവ് സംഭവിക്കും. അന്നേരം നമസ്കരിക്കാന്‍ ആവശ്യപ്പെട്ടും നിര്‍ദേശിച്ചും ഉപദേശിച്ചുമൊക്കെ തുടങ്ങുന്ന നമ്മള് പിന്നീട് കല്പനയും ശകാരവുമൊക്കെ തുടങ്ങും. അതു കേട്ട് മക്കള്‍ അനുസരിക്കുമെങ്കിലും ഒരിഷ്ടത്തോടെയും താല്പര്യത്തോടെയുമാകില്ല അതൊക്കെ നിര്‍വഹിക്കുക. മാതാപിതാക്കളെ പേടിച്ചും അവരുടെ ശകാരം ഒഴിവാക്കാനും മനമില്ലാ മനസ്സോടെ നമസ്കരിക്കുന്ന മക്കള്‍ മാതാപിതാക്കളുടെ സാന്നിധ്യവും ചോദ്യങ്ങളുമില്ലാത്ത അവസ്ഥയില്‍ നമസ്കാരമുപേക്ഷിക്കാന് നല്ല സാധ്യതയുമുണ്ട്. ഇതിനര്‍ഥം നമസ്കാരത്തിന്റെ കാര്യത്തില്‍ കല്പനയും ശകാരവും വേണ്ടതില്ല എന്നല്ല. റസൂല്‍ (സ) പറഞ്ഞത് പത്ത് വയസ്സായിട്ടും നമസ്കരിക്കുന്നില്ലെങ്കില്‍ ശിക്ഷിക്കണമെന്നാണല്ലോ. അതേസമയം ശിക്ഷിക്കുന്ന അവസ്ഥയിലേക്കെത്താതെ മക്കളില്‍ നമസ്കാരത്തോടുള്ള താല്പര്യം സൃഷ്ടിക്കാനും സമയമാകുമ്പോള്‍ നമസ്കരിക്കണമെന്ന ചിന്ത ശീലമാക്കാനും ചില മാര്‍ഗങ്ങളൊക്കെ മാതാപിതാക്കള്‍ ചെയ്തു വെക്കണം.
ഉമ്മമാര് നമസ്കരിക്കുന്ന സമയത്ത് കൂടെ നിര്‍ത്തുക എന്നത് തന്നെയാണ് ആദ്യത്തെ വഴി. ചിലര്‍ മക്കള്‍ ശബ്ദമുണ്ടാക്കിയും ദേഹത്ത് കയറിയും ചിരിച്ചും കരഞ്ഞുമൊക്കെ നമസ്കാരത്തിന്റെ ശ്രദ്ധ തെറ്റിക്കുമെന്ന് കരുതി മാറ്റിനിര്‍ത്താറുണ്ട്. അത് നമ്മുടെ നമസ്കാരത്തിന് ഏകാഗ്രത നല്‍കുമെങ്കിലും മക്കളില്‍ ഒട്ടും ഗുണമുണ്ടാക്കില്ല. മക്കളാകുമ്പോള്‍ അങ്ങനെയൊക്കെയാണ്, അത് പടച്ചോന് മനസ്സിലാകുമല്ലോ എന്ന നിയ്യത്തില്‍ അവരെ കൂടെ നിര്‍ത്തുക. പള്ളിയില്‍ കൊണ്ടുപോയി ശീലിപ്പിക്കലാണ് മറ്റൊരു വഴി. നമ്മുടെ നാട്ടിലെ പള്ളികള്‍ ഒട്ടും ശിശുസൗഹൃദമല്ലാത്ത പ്രശ്നങ്ങളുണ്ടെങ്കിലും പതിയെ അത്തരം പ്രവണതകളില്‍ മാറ്റം വരുത്താനും മക്കളുടെ സാന്നിധ്യം സഹായിക്കും.
മക്കള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം മുസ്വല്ലകളും പെണ്‍കുട്ടികള്‍ക്ക് അതിനോടൊപ്പം നമസ്കാര വസ്ത്രങ്ങളും നല്‍കുന്നത് അവര്‍ക്ക് നമസ്കാരത്തോട് താല്പര്യമുണ്ടാക്കുന്ന കാര്യമാണ്. അവരുടേത് സ്വന്തമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉപയോഗിക്കാനും കൊണ്ടു നടക്കാനും അവര്‍ക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ടാകും. ആണ്‍കുട്ടികള്‍ക്ക് നമസ്കാര സമയത്ത് ഉപയോഗിക്കാന്‍ പറ്റുന്ന ജുബ്ബ പോലുള്ള വസ്ത്രങ്ങളും നല്‍കുന്നത് നമസ്കാരത്തോടുള്ള സമീപനത്തില്‍ ജാഗ്രത ഉണ്ടാവാന്‍ സഹായിക്കും.
കൂടുതല്‍ സൗകര്യമുള്ള വീടുകളില്‍ പ്രാർഥന മുറി പ്രത്യേകം സംവിധാനിക്കുന്നത് നല്ലതാണ്. നമസ്കാരം അത്രയും പ്രധാനപ്പെട്ടതാണെന്ന ബോധ്യം മക്കളിലും മുതിര്‍ന്നവരിലുമൊക്കെ രൂപപ്പെടുത്താന്‍ അത് സഹായിക്കും. അതിന് സാധിക്കാത്തവര്‍ വീട്ടിനുള്ളിലെ ഒരു പ്രത്യേക സ്ഥലം- അത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാകുന്നതോടൊപ്പം- നമസ്കരിക്കാനുള്ള സ്ഥലമായി നിശ്ചയിക്കുകയും സ്ഥിരമായി അവിടെവെച്ച് നമസ്കരിക്കുകയും ചെയ്യുന്നത് നമസ്കാര റൂം എന്ന കാഴ്ചപ്പാടിന്റെ ഫലം ചെയ്യും.
മക്കളുടെ കാര്യത്തില്‍ ഫര്‍ള് നമസ്കാരങ്ങളില്‍ പുലര്‍ത്തുന്ന കണിശത സുന്നത്തിലും മറ്റും ആദ്യഘട്ടത്തില്‍ പുലര്‍ത്തേണ്ടതില്ല. മക്കള്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ദിക്റുകളും സുന്നത്തുകളും പിന്നീട് ഘട്ടം ഘട്ടമായി ശീലമാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് മടുപ്പുണ്ടാകാനും നമസ്കാരം ഭാരമായി തോന്നാനും സാധ്യതയുണ്ട്. മക്കളുടെ നമസ്കാരത്തില്‍ വീഴ്ച വരുമ്പോള്‍ ശകാരിക്കുകയോ ദേഷ്യത്തോടെ തിരുത്തുകയോ ചെയ്യരുത്. സ്നേഹപൂര്‍വം പതിയെ ശരിപ്പെടുത്തിയെടുക്കാനാകും. ചിലപ്പോള്‍ യാത്രയോ മറ്റു തിരക്കുകളോ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നല്ല ക്ഷീണവും ഉറക്കവുമുള്ള സമയത്ത് നമസ്കരിക്കാനായി മക്കളെ നിര്‍ബന്ധിക്കുന്നത് അത്ര നന്നാവില്ല. നമസ്കാരം ഏതവസ്ഥയിലും ഉപേക്ഷിക്കാന്‍ പാടില്ലാത്തതാണെന്ന സന്ദേശം നല്കാന് അതുപകരിക്കുമെന്ന് തോന്നുമെങ്കിലും അത്ര പക്വത നേടിയിട്ടില്ലാത്ത മക്കളില്‍ അത് നമസ്കാരത്തോട് അനിഷ്ടമുണ്ടാക്കാന്‍ ഇടവരുത്തും. പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് അക്കാര്യത്തിലൊക്കെ കുറച്ച് വിശാലത കാണിക്കുന്നതാണ് ഉചിതം. അതേസമയം അവരോട് എന്തുകൊണ്ട് ആ സമയത്ത് നിര്‍ബന്ധിച്ചില്ല എന്നതൊക്കെ സംസാരിക്കുന്നത് നല്ലതാണ്.
ഓരോ നമസ്കാരം നിര്‍വഹിക്കുമ്പോഴും അത് പ്രത്യേകം മാര്‍ക്ക് ചെയ്യാനും അതിന് പോയിന്റ് നിശ്ചയിച്ച് ഒരു നിശ്ചിത പോയിന്റാകുമ്പോള്‍ സമ്മാനം വാഗ്ദാനം ചെയ്യുന്നതും അത് നല്‍കുന്നതുമൊക്കെ നമസ്കാര കാര്യത്തില്‍ കുട്ടികളെ കൂടുതല്‍ ഉത്സാഹമുള്ളവരാക്കും. അതേസമയം നമസ്കാരത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കുന്ന രീതിയില്‍ സ്വര്‍ഗത്തെകുറിച്ചുള്ള മോഹങ്ങളും ആഗ്രഹങ്ങളും ജനിപ്പിക്കാന്‍ ശ്രമിക്കണം. നമസ്കാരമൊഴിവാക്കിയാലുള്ള ശിക്ഷയേക്കാള്‍ മക്കളോട് അത് നിര്‍വഹിച്ചാല്‍ ലഭിക്കാന്‍ പോകുന്ന സ്വര്‍ഗീയ സൗഭാഗ്യങ്ങളെ കുറിച്ച് പറയുന്നതാണ് ഉത്തമം. പടച്ചോനോടുള്ള സ്നേഹത്തില്‍ നിന്നുത്ഭവിക്കുന്ന വിശ്വാസത്തിന് മാധുര്യം കൂടുതലായിരിക്കും.
എല്ലാത്തിലുമപ്പുറം മക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക, പ്രത്യേകിച്ച് അവര്‍ നമസ്കാരം നിലനിര്‍ത്തുന്നവരായി മാറാന്‍. ഇബ്റാഹീം നബി മക്കള്‍ക്കായി കാര്യമായി പ്രാര്‍ഥിച്ചത് അക്കാര്യമാണല്ലോ. നാഥാ, എന്നെ മുറപ്രകാരം നമസ്കാരം അനുഷ്ഠിക്കുന്നവനാക്കേണമേ! (ഈ കര്‍മം നിര്‍വഹിക്കുന്നവരെ) എന്റെ സന്തതികളിലും വളര്‍ത്തേണമേ! ഞങ്ങളുടെ നാഥാ, എന്റെ പ്രാര്‍ഥന സ്വീകരിച്ചാലും.''
മക്കളോടൊപ്പം നമസ്കരിച്ച് അവര്‍ കേള്‍ക്കുന്ന രീതിയില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും അവരോട് നമുക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറയുന്നതും മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെ മനോഹരമാക്കും.