കാമ്പസ് രാഷ്ട്രീയം ചരിത്രം മാറ്റിയെഴുതപ്പെടുമ്പോൾ

നൂറ മൈസൂന്‍
ജനുവരി 2025
ഇഫ്ളു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട  നൂറ മൈസൂൻ

വളരെ വ്യക്തമായി മുസ്്ലിം-ബഹുജന്‍ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കുന്ന കലാലയമാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വെജസ് യൂനിവേഴ്‌സിറ്റി. കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി ഈ കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മുസ്്ലിം വിദ്യാര്‍ഥിനി എന്ന നിലയ്ക്ക് വ്യത്യസ്തങ്ങളായ പല അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലര്‍ക്ക് തട്ടമിട്ട, അബായ ധരിക്കുന്ന ഒരു പെണ്‍കുട്ടി സമരങ്ങളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതും അഡ്മിനിസ്‌ട്രേഷന് എതിരെ സംസാരിക്കുന്നതുമൊക്കെ കൗതുകമാണ്, മറ്റു ചിലര്‍ക്ക് അത് സംശയകരമാണ്, മതമൗലിക വാദമാണ്. വസ്ത്രം മുതല്‍ സംസാര, പെരുമാറ്റ രീതികള്‍ വരെ ചോദ്യം ചെയ്യപ്പെടുന്ന അന്തരീക്ഷങ്ങളിലൂടെയാണ് മിക്ക ക്യാമ്പസുകളിലെയും മുസ്്ലിം വിദ്യാര്‍ഥിനികള്‍ കടന്നുപോകുന്നത്. യുവ തലമുറക്കിടയില്‍ പൊതുബോധത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് നാം പറയുന്നുണ്ടെങ്കിലും മുസ്്ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രത്യേകിച്ച്, ഉറച്ച രാഷ്ട്രീയ ബോധത്തോടെ ഇടപെടുന്ന മുസ്്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടതും വലതും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും ചാപ്പകള്‍ക്കും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചില ന്യൂനപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വരെ ഈ തന്ത്രങ്ങളില്‍ വീഴുന്നതും മുഖ്യധാരാ രാഷ്ട്രീയ സംഘടനകളുടെ ചരടുവലിക്കൊത്ത് നീങ്ങുന്നതുമായ ദൗര്‍ഭാഗ്യകരാമായ കാഴ്ചകളാണ് കാമ്പസുകളിലൊക്കെയും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലങ്ങളില്‍.

ഞാന്‍ ഇഫ്‌ളുവില്‍ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയായി അഡ്മിഷന്‍ ഏടുക്കുന്നത് 2021-ലാണ്. കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ് രാജ്യത്തെ പ്രധാന സര്‍വകലാശാലകളൊക്കെയും തങ്ങളുടെ വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചു തുടങ്ങിയിട്ടും അതിനുള്ള യാതൊരു നീക്കവും ഇഫ്‌ളൂ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. മാസങ്ങളോളം നീണ്ടുനിന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളെ ഹൈദരാബാദിലെ കാമ്പസിലേക്ക് തിരിച്ചുവിളിച്ചപ്പോഴും കാമ്പസിലെ രാഷ്ട്രീയ സംവാദങ്ങള്‍ക്കും രാഷ്ട്രീയ ഇടപെടലുകള്‍ക്കും അവസാനം കുറിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ കാമ്പസിലെ  രാഷ്ട്രീയ അന്തരീക്ഷം അറിയുന്ന പി.എച്ച്.ഡി വിദ്യാര്‍ഥികളെ ഏറ്റവും അവസാനമായാണ് അഡ്മിനിസ്‌ട്രേഷന്‍ ക്യാമ്പസിലേക്ക് വിളിപ്പിക്കുന്നത്.

പല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച ഒരു കാമ്പസിനെ എങ്ങനെ നിശ്ശബ്ദമാക്കാം എന്ന വ്യക്തമായ പ്ലാനിങ്ങാണ് കോവിഡ് കാലഘട്ടത്തില്‍ ഇഫ്‌ലൂ അഡ്മിനിസ്‌ട്രേഷന്‍ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ ഞാന്‍ പ്രതീക്ഷിച്ച ഒരു സെന്‍ട്രല്‍ യൂനിവേഴ്സിറ്റി അനുഭവങ്ങളൊന്നും ഇഫ്‌ളൂ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. അന്ന് ആകെ രണ്ട് സംഘടനകളായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്- എസ്.എഫ്.ഐയും ഫ്രറ്റേണിറ്റി മൂവ്മെന്റും. 2019-ലെ ഇഫ്‌ളൂ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പോടു കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഇഫ്‌ളൂവില്‍ നിലയുറപ്പിക്കുന്നത്. അതിന്റെ മുമ്പ് ദംസ (DABMSA), എസ്.ഐ.ഒ തുടങ്ങിയ സംഘടനകളാണ് കാമ്പസില്‍ ദലിത്- മുസ്ലിം- ബഹുജന്‍ രാഷ്ട്രീയം സംസാരിച്ചതും, അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഐക്യം ഉറപ്പുവരുത്തുന്നതിനായി സംഘടിതമായി പ്രവര്‍ത്തിച്ചതും.

ഞാന്‍ ക്യാമ്പസ് ജീവിതം തുടങ്ങുമ്പോള്‍ കാണുന്ന ഇഫ്‌ളു വിദ്യാര്‍ഥികള്‍ക്ക് യാതൊരു വിധ അവകാശങ്ങളും ഇല്ലാത്ത, അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വരെ ആരെ ബന്ധപ്പെടണം എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അത്രയും നിശ്ശബ്ദമാണ്. അഡ്മിനിസ്‌ട്രേഷന് എതിരെയോ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെയോ സംസാരിക്കാന്‍ തയ്യാറാവുന്ന ആരെയും വേട്ടയാടി നിശ്ശബ്ദമാക്കാന്‍ സജ്ജമായ ക്യാമ്പസിനെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.  സി.സി.ടി.വി ക്യാമറയുടെ രൂപത്തിലും സെക്യൂരിറ്റി ഗാര്‍ഡ്‌സിന്റെ രൂപത്തിലും നിരന്തരം വിദ്യാര്‍ഥികളെ നിരീക്ഷണത്തില്‍ വെച്ചുകൊണ്ട് ഓരോ നീക്കവും ഞങ്ങള്‍ അറിയുന്നുണ്ട് എന്ന് ഭയപ്പെടുത്തി മുന്നോട്ടുപോവുക എന്നതായിരുന്നു അന്ന് അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിച്ച നിലപാട്.

കോവിഡിനു ശേഷം ഇഫ്‌ളൂവില്‍ ആദ്യമായി  പരിപാടി നടക്കുന്നത് 2022-ല്‍ ഉത്തര്‍ പ്രദേശില്‍ അഫ്രിന്‍ ഫാത്തിമയുടെ വീട് ബുള്‍ഡോസര്‍ വെച്ച് ഭരണകൂടം തകര്‍ത്തപ്പോഴാണ്. അന്നതിന് നേതൃത്വം വഹിച്ചിരുന്നത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരായിരുന്നു. അധികാരികളുടെ നിരീക്ഷണങ്ങള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും ഇടയില്‍ നിന്നുകൊണ്ടുതന്നെ ഈ കാമ്പസിനെ രാഷ്ട്രീയമായും സാമൂഹികമായും വീണ്ടും ഉണര്‍ത്തിയെടുക്കുക എന്നൊരു ലക്ഷ്യം വളരെ ഭംഗിയായി നിറവേറ്റിയ  സംഘടനയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മറ്റു സംഘടനകള്‍ ഒന്നും പ്രത്യക്ഷത്തില്‍ സംസാരിക്കാന്‍ തയ്യാറാവാത്ത വിഷയങ്ങള്‍ ഏറ്റെടുക്കുകയും പരിപാടികള്‍ സംഘടിപ്പിക്കുകയും ഫാസിസത്തിനെതിരെ നിരന്തരം പ്രതിഷേധമുയര്‍ത്തിക്കൊണ്ടും ഇഫ്‌ളുവിന്റെ മണ്ണില്‍ വേരുറപ്പിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കലാലയ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ചെറുപ്പം മുതലേ രാഷ്ട്രീയ ചര്‍ച്ചകള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്നത് കൊണ്ടും, സമരങ്ങള്‍ കണ്ടുവളര്‍ന്ന ഒരാളെന്ന നിലക്ക് സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു മുസ്്ലിം വിദ്യാര്‍ഥിനിയുടെ രാഷ്ട്രീയ നിലപാട് എന്തായിരിക്കണം എന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കിലും കാമ്പസില്‍ വന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ അങ്കലാപ്പുകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, ഇഫ്‌ളുവിനെ നയിച്ച വിദ്യാര്‍ഥി യൂനിയനുകളുടെയും സുപ്രധാന പോരാട്ടങ്ങളുടെയും  ചരിത്രമെടുത്ത് നോക്കിയാല്‍ ശക്തമായി ന്യൂനപക്ഷ- ദലിത്- ബഹുജന്‍  രാഷ്ട്രീയം സംസാരിച്ച് തങ്ങളുടേതായ ഇടം രേഖപ്പെടുത്തിയ 2019-ലെ യൂനിയന്‍ ജനറല്‍ സെക്രട്ടറി സമര്‍ അലിയുടെയും അതിന് മുമ്പ് യൂനിയന്‍ പ്രസിഡന്റായിരുന്ന റഈസ് മുഹമ്മദിനെ (ദലിത് കാമറ സ്ഥാപകന്‍) പോലുള്ളവരുടെയും മാതൃകകളുണ്ട്. എങ്ങനെയാണ് ദംസയും എസ്.ഐ.ഒയും ഫ്രറ്റേണിറ്റിയുമൊക്കെ ഇവിടുത്തെ വിദ്യാര്‍ഥി വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തി സാമൂഹിക നീതിയുടെയും സാഹോദര്യത്തിന്റെയും ഇടങ്ങള്‍ കാമ്പസ് രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചതെന്ന മാതൃകകളുമുണ്ട്. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും അപ്പുറം വിദ്യാര്‍ഥി എന്ന നിലയിലുള്ള പ്രയാസങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, അവരുടെ പ്രശ്‌നങ്ങളെ ചേര്‍ത്തുപിടിച്ച് അവരോടൊപ്പം പോരാടിക്കൊണ്ട് മാത്രമേ ഇന്നത്തെ കലാലയങ്ങളില്‍ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളൂ. വിദ്യാര്‍ഥികളുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് നേരെ പോലും മുഖം തിരിക്കുന്ന അധികാരികളുള്ള ഒരു കലാലയത്തില്‍ ഞങ്ങളുടെ ന്യായമായ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടിക്കൊണ്ടാണ് ഞങ്ങള്‍ ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ക്യാമ്പസിലെ ഓരോ അവകാശ പോരാട്ടങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലും അക്കാദമിയിലെ കാവിവല്‍ക്കരണത്തിനെതിരെയും വളരെ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ടും നേതൃത്വം ഏറ്റെടുത്തുകൊണ്ടും നില്‍ക്കാന്‍ സാധിച്ചു എന്നുള്ളത് തന്നെയാണ് ഒരു വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് ഞങ്ങളുടെ വിജയം. വ്യത്യസ്ത അവകാശ പോരാട്ടങ്ങള്‍ നടത്തുമ്പോഴും ക്യാമ്പസിലെ എ.ബി.വി.പി ഇതര വിദ്യാര്‍ഥി സംഘടനകളൊക്കെയും ഉന്നയിച്ച ആവശ്യം വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നുള്ളതായിരുന്നു. 2019-നു ശേഷം ഒരു യൂനിയന്‍ ഇല്ലാതിരുന്നതിന്റെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇഫ്‌ളുവിലെ വിദ്യാര്‍ഥി സമൂഹം അനുഭവിച്ചുകൊണ്ടിരുന്നത്.

നിരന്തരമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സാരഥിയായി മത്സരിച്ച റന ബഷീര്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് 300-ന് അടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. അന്ന് എ.ബി.വി.പിയുടെയും എസ്.എഫ്.ഐ.യുടെയും സ്ഥാനാര്‍ഥികളെ പിന്തള്ളിക്കൊണ്ടാണ് റന വിജയിക്കുന്നത്. ഈ ഇലക്്ഷനില്‍ ഫ്രറ്റേണിറ്റി ഉള്‍പ്പെടുന്ന ഇന്‍സാഫ് സഖ്യമാണ് മുഴുവന്‍ സീറ്റുകളിലും വിജയിച്ചിരുന്നത്. എ.ബി.വി.പിയുടെ അക്രമ രാഷ്ട്രീയത്തിന് എതിരെയായിരുന്നു കാമ്പസിന്റെ പൊതു വികാരമെങ്കിലും അന്ന് എസ്.എഫ്.ഐയുടെ പ്രധാന അജണ്ട ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെയും അതിന്റെ സ്ഥാനാര്‍ഥികളെയും  മതമൗലിക ചാപ്പകുത്തി ഒറ്റപ്പെടുത്തുക എന്നതായിരുന്നു. അങ്ങേയറ്റം ഇസ്ലാമോഫോബിയ നിറഞ്ഞ ഒരു തെരഞ്ഞെടുപ്പ് ക്യാമ്പയിനിംഗ് ആയിരുന്നു എസ്.എഫ്.ഐ അന്ന് നടത്തിയിരുന്നത്.

ആറു മാസത്തിനുശേഷം പുതിയ അക്കാദമിക വര്‍ഷത്തെ തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്നത്. എ.ബി.വി.പി കൂടുതല്‍ ശക്തമായി കാമ്പസില്‍ പ്രകടനം കാഴ്ചവെച്ച ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടിട്ടും പ്രസ്താവിതമായ മുസ്്ലിം അല്ലെങ്കില്‍ ന്യൂനപക്ഷ രാഷ്ട്രീയം പറയുന്ന സംഘടനകളെ ഭീകരവല്‍ക്കരിക്കുകയും എന്നാല്‍ നാമമാത്രമായ പ്രാതിനിധ്യത്തിന് വേണ്ടി മുസ്്ലിം പ്രാതിനിധ്യമുള്ള സംഘടനകളെ കൂട്ട് പിടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ തന്ത്രമാണ് ഇത്തവണ എസ.്എഫ.്ഐ, ടി.എസ.്എഫ.്, എം.എസ്.എഫ് മുന്നണികള്‍ പിന്‍പറ്റിയത്. 2 ജനറല്‍ പോസ്റ്റുകളിലേക്കായിരുന്നു ഫ്രറ്റേണിറ്റി ഇത്തവണ മത്സരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചതിനാല്‍ ഇത്തവണ പ്രസിഡന്റ് പോസ്റ്റിലേക്കും ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്കും മത്സരിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. വിവിധ സംഘടനകളുമായി നടന്ന ചര്‍ച്ചകളുടെയും ധാരണകളുടെയും അവസാനമായാണ് ഈയൊരു തീരുമാനം എടുക്കുന്നത്. ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിച്ച എനിക്കെതിരെ എ.ബി.വി.പിയുടെയും എം.എസ്.എഫിന്റെയും സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്.  എന്തിനാണ് എം.എസ്.എഫ് മത്സരിക്കുന്ന ഒരേയൊരു പോസ്റ്റിലേക്ക് ഫ്രറ്റേണിറ്റിയും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് എന്ന ചോദ്യങ്ങള്‍ നേരിട്ടിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിന്റെ അവസാന സമയം വരെയും എം.എസ.്എഫുമായി ധാരണയില്‍ എത്താനും മുസ്ലിം കമ്യൂണിറ്റിയില്‍ നിന്നുള്ള വോട്ടുകള്‍ എ.ബി.വി.പിക്ക് എതിരെ ഭിന്നിച്ച് പോവരുത് എന്ന നിര്‍ബന്ധമുള്ള പല നിലക്കും ചര്‍ച്ചകള്‍ നടത്താനും ഉള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇതൊക്കെയും വിഫലമായെന്ന് മാത്രമല്ല, പല നിലയിലും ഫ്രറ്റേണിറ്റി ഒരു ക്ലാസിസ്റ്റ് മുസ്്ലിം സംഘടനയാണ്, അവരുടെ മുന്‍ സ്ഥാനാര്‍ഥികള്‍ യൂനിയന്‍ കീഴടക്കി ഭരിക്കുകയായിരുന്നു എന്നിങ്ങനെ വ്യക്തിഹത്യകളില്‍ തുടങ്ങിയ വിദ്വേഷ പ്രചാരണങ്ങള്‍ ആരംഭിച്ചതോടെ ഞങ്ങളും വ്യക്തമായ ഒരു ഇലക്ടറല്‍ മത്സരത്തിന് തയ്യാറാവുകയായിരുന്നു.

ഇത്രയേറെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും നുണക്കഥകള്‍ക്കും മീതെ ഈ ഇലക്്ഷനില്‍ ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്കും ഒരു കൗണ്‍സിലര്‍ സ്ഥാനത്തേക്കും വിജയിക്കാനും ഇഫ്‌ളുവിലെ വിദ്യാര്‍ഥികളുടെ വിശ്വാസം നേടിയെടുക്കാനും സാധിച്ചത് കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഇവിടെ നടത്തിയ  ഇടപെടലുകളുടെ ഫലമായിട്ടാണ്. ഞങ്ങളുടെ പ്രസിഡന്റ് സ്ഥാനം വളരെ ചുരുങ്ങിയ വോട്ടുകള്‍ക്ക് നഷ്ടമായി എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ തന്നെ ക്യാമ്പസില്‍ വളരെ വലിയ വോട്ട് ബാങ്കുള്ള മൂന്നിലേറെ സംഘടനകള്‍ ചേര്‍ന്ന് ശ്രമിച്ചിട്ടും വളരെ ചെറിയൊരു മാര്‍ജിന്റെ വ്യത്യാസം മാത്രമേ അവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന വസ്തുത ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ എത്രത്തോളം സാഹോദര്യ രാഷ്ട്രീയത്തില്‍ വിശ്വാസ്യത അര്‍പ്പിക്കുന്നുണ്ട്  എന്ന് സാക്ഷ്യപ്പെടുത്തുകയാണ്. ക്യാമ്പസിലെ ഓരോ തെരഞ്ഞെടുപ്പ് കാലഘട്ടവും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള ഓരോ പാഠങ്ങളായാണ് അനുഭവപ്പെടാറുള്ളത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവെച്ചുകൊണ്ട് ഫാസിസം എങ്ങനെയാണ് പിടിമുറുക്കുന്നത് എന്ന് സമകാലിക ഇന്ത്യന്‍ ക്യാമ്പസുകളില്‍ വ്യക്തമായി കാണാന്‍ കഴിയും. ഇന്ത്യയിലെ മുസ്്ലിം സ്വത്വം എത്രത്തോളം പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത് എന്നതിന്റെ ഒരു പ്രാഥമിക രൂപം ഇവിടെ കാണാന്‍ കഴിയും. അതിന് ചുക്കാന്‍ പിടിക്കുന്നത് ആര്‍.എസ്.എസ്സും എ.ബി.വി.പിയും മാത്രമല്ല, ഇവിടുത്തെ പോപ്പുലര്‍ ലെഫ്റ്റ് കൂടിയാണ് എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാവൂ. എന്നാല്‍, ചിലപ്പോള്‍ ഈ കപട രാഷ്ട്രീയത്തിനുമപ്പുറത്ത് നമ്മുടെ ക്യാമ്പസുകള്‍ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയ പാഠങ്ങള്‍ കൂടി പഠിപ്പിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കാലം ഇഫ്‌ളുവില്‍ അത്തരത്തില്‍ ചില വേദികള്‍ക്കു കൂടി വഴിയൊരുക്കാറുണ്ട്. ക്യാമ്പസിലെ വിവിധ ന്യൂനപക്ഷ കൂട്ടായ്മകള്‍ ഒത്തുചേര്‍ന്നുകൊണ്ട് ഫാസിസത്തിനെതിരെയും കപട രാഷ്ട്രീയത്തിനെതിരെയും സഹവര്‍ത്തിത്വത്തിന്റെ സാധ്യതകള്‍ തുറന്നുവെക്കാറുണ്ട്. അതുതന്നെയാണ് ഇഫ്‌ളൂ പോലുള്ളൊരു സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ തുടര്‍ന്ന് കരുത്തും പ്രതീക്ഷയും നല്‍കുന്നതും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media