ഏതോ നല്ലതല്ലാത്ത കാര്യം ചെയ്യുന്നതു പോലെ പാത്തും പതുങ്ങിയും ഒക്കെയാണ്
വിധവാ വിവാഹാലോചനകള്‍ നടക്കാറുള്ളത്. ഈ സ്ഥിതി മാറാന്‍, മാറ്റാന്‍ സമുദായ
നേതൃത്വം മുന്‍കൈയെടുക്കണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയപ്പോള്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം, നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ തസ്തികയായിരുന്നു. സ്‌കൂളിലെ അധ്യാപകരെയൊക്കെ പരിചയപ്പെട്ടപ്പോള്‍ ഭൂരിഭാഗവും സ്ത്രീകള്‍. വര്‍ഷങ്ങളായി സ്ഥാപനത്തിലുള്ള അവരില്‍ അധിക പേരും കുടുംബത്തിന്റെ സാമ്പത്തിക ഭാരം പേറുന്നവരാണെന്നും മനസ്സിലായി. അക്കൂട്ടത്തില്‍ 30 ശതമാനത്തോളം പേര്‍ വിധവകളും. കല്യാണം കഴിച്ചുവിട്ട വലിയ മക്കള്‍ ഉള്ളവരും ചെറിയ കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരും വരെ അവരിലുണ്ട്.
ഒരു ദിവസം ഒരാള്‍ എന്നെ കാണാന്‍ വന്നു. ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം ആയ തന്റെ പെങ്ങള്‍ക്ക് ജോലി അന്വേഷിച്ച് വന്നതാണ്. പെങ്ങള്‍ക്ക് ഒരു വരുമാനവും, വീട്ടില്‍ തളച്ചിടപ്പെടുന്നതിനെക്കാള്‍ നല്ലത് സ്‌കൂളില്‍ കുട്ടികളും രക്ഷിതാക്കളുമൊക്കെയായി ഒരു ജീവിതം ആയിക്കോട്ടെ എന്ന് കരുതിയാണ് ജോലി അന്വേഷിക്കുന്നത് എന്നായിരുന്നു ആ ആങ്ങളയുടെ വിശദീകരണം. മൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട് ആ സ്ത്രീക്ക്. ചെറിയ പ്രായം കണ്ട് ഞാന്‍ ആ ആങ്ങളയോട് ചോദിച്ചു, പുനര്‍ വിവാഹം ആലോചിച്ചു കൂടേ എന്ന്. ആങ്ങളയുടെ മറുപടി ഇന്നും മനസ്സില്‍ തറച്ചു നില്‍ക്കുന്നു: 'സാറേ, പെണ്‍കുട്ടിയല്ലേ, അവളെ കല്യാണം കഴിച്ചു വിടുന്നത് വരെ എനിക്ക് മറ്റൊരു മുന്‍ഗണനയും ഇല്ലെന്നാണ് പെങ്ങള്‍ പറയുന്നത്'. അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്യുന്ന മറ്റു ടീച്ചര്‍മാര്‍ എന്നോട് ആ സ്ത്രീക്ക് ഒരു കുടുംബ ജീവിതത്തിന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അപ്പോഴാണ് പെങ്ങളുടെ മനസ്സറിയാത്ത ആങ്ങള എന്റെ മനസ്സില്‍ വീണ്ടും ഓടിയെത്തിയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സമൂഹത്തിലെ ഭൂരിപക്ഷം വിധവകളുടെയും സ്ഥിതി ഇങ്ങനെയൊക്കെ തന്നെയാണ്.
മനുഷ്യനെ അല്ലാഹു ഇണകളായി സൃഷ്ടിച്ചു (78:8) എന്നു പറഞ്ഞത് കേവലം കുറഞ്ഞ കാലത്തേക്കല്ല. മനുഷ്യ ജീവിതം ഇണയും തുണയുമായി തന്നെയാണ് മുന്നോട്ടു പോകേണ്ടത്. ഭര്‍ത്താവ് മരണപ്പെട്ടു പോയവരുടെയും, അനിവാര്യമായ കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടി വന്നവരുടെയും പുനര്‍ വിവാഹത്തെ കുറിച്ച സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. നിലവിലെ സമൂഹത്തിന്റെ കാഴ്ചപ്പാട് പുനര്‍വിവാഹ പരസ്യങ്ങളില്‍നിന്ന് വായിച്ചെടുക്കാം. 'രണ്ട് കുട്ടികള്‍ ഉണ്ട്, ബാധ്യതകള്‍ ഏറ്റെടുക്കേണ്ടതില്ല' എന്നു വെച്ചാല്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സമൂഹത്തിന് പൊതുവെ വിമുഖതയാണെന്നു വേണം മനസ്സിലാക്കാന്‍.
മുസ്്ലിം സമുദായത്തിൽ പല ആചാരങ്ങള്‍ക്കും ഇന്നും ഇതര സമുദായങ്ങളിലെ പല ആചാരങ്ങളുടെയും സ്വാധീനമുണ്ടെന്നതിന്റെ ഉദാഹരണമാണ് പുനര്‍ വിവാഹത്തോടുള്ള നമ്മുടെ സമീപനം. 1856-ല്‍ ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം പാസാക്കുന്നത് വരെ, നിയമപരമായി പുനര്‍ വിവാഹം ഹിന്ദു സമുദായത്തില്‍ നിലനിന്നിരുന്നില്ല. അതിനാല്‍ തന്നെ, പല സാമൂഹിക വിപത്തുകള്‍ക്കും അത് കാരണമായിത്തീര്‍ന്നു. വിധവകള്‍ തല മൊട്ടയടിച്ച് വെള്ള സാരിയുടുത്ത് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതില്‍ നിന്നുമുള്ള മോചനം പലരെയും എത്തിച്ചത് വേശ്യാ ജീവിതത്തിലേക്കായിരുന്നു. ഇതിനെതിരെ സാമൂഹിക വിപ്ലവം നയിച്ചത് ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ എന്ന ബംഗാളി നവോത്ഥാന നായകനായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഡല്‍ഹൗസി പ്രഭുവാണ് വിധവാ വിവാഹത്തിനുള്ള നിയമനിര്‍മാണത്തിന് കരട് തയ്യാറാക്കിയത്. വലിയൊരു വിഭാഗം ജനങ്ങള്‍ അദ്ദേഹത്തിന്റെ ഈ നീക്കത്തെ എതിര്‍ത്ത് മുന്നോട്ടുവന്നിരുന്നു. രാധാകൃഷ്ണദേബ് സ്ഥാപിച്ച ധര്‍മസഭയായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത്. അനുകൂലിച്ച് നിവേദനം നല്‍കിയവരുടെ നാലിരട്ടി പേരുടെ ഒപ്പ് സഹിതം എതിര്‍ക്കുന്ന വിഭാഗം നിവേദനം നല്‍കി. പുനര്‍വിവാഹത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് ഈ ഒപ്പ് ശേഖരണത്തില്‍ കാണാം. ബ്രിട്ടീഷ് ഇന്ത്യയില്‍ ഡല്‍ഹൗസി പ്രഭുവിന്റെ പിന്‍ഗാമിയായി വന്ന കാനിംഗ് പ്രഭുവാണ് വിധവാ വിവാഹ നിയമം പാസാക്കിയത്. ഭര്‍ത്താവ് മരണപ്പെട്ടാല്‍ ചിതയില്‍ ചാടി ജീവത്യാഗം നടത്തണമെന്ന ഹൈന്ദവ സമൂഹത്തില്‍ നിലനിന്നിരുന്ന സതി എന്ന ആചാരം വില്യം ബെന്റിക് പ്രഭു നിരോധിച്ചതിന് ശേഷം, ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ കാതലായ മാറ്റമുണ്ടാക്കിയ ഒരു നിയമനിര്‍മാണമായിരുന്നു ഇത്.
ഇസ്ലാമിക കാഴ്ചപ്പാട്
വിധവാ വിവാഹത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയ വിശുദ്ധ വേദ ഗ്രന്ഥമാണ് ഖുര്‍ആന്‍. അല്‍ ബഖറ 234-ല്‍ അല്ലാഹു പറയുന്നു: 'നിങ്ങളില്‍നിന്നു മരിച്ചു പോകുന്നവരുടെ ശേഷിച്ചിരിക്കുന്ന ഭാര്യമാര്‍, നാലു മാസവും പത്തു നാളും സ്വയം വിലക്കിനിര്‍ത്തേണ്ടതാകുന്നു. അവരുടെ ഇദ്ദ പൂര്‍ത്തിയായാല്‍ പിന്നീട് സ്വന്തം കാര്യത്തില്‍ ന്യായമായ രീതിയില്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് അതിന്റെ ഒരു ഉത്തരവാദിത്വവുമില്ല. അല്ലാഹു നിങ്ങളെല്ലാവരുടെയും കര്‍മങ്ങളെ സൂക്ഷ്മമായറിയുന്നവനാകുന്നു.' നിശ്ചിത ഇദ്ദാ കാലത്തിനു ശേഷം പുനര്‍വിവാഹം ചെയ്യാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നു ഖുര്‍ആന്‍. കുറച്ചു കൂടി മാനുഷികമായ പരിഗണനകള്‍ അടുത്ത ആയത്തില്‍ കാണാം: 'വിധവകളായ സ്ത്രീകളോട് അവരുടെ ഇദ്ദാ വേളയില്‍ നിങ്ങള്‍ വിവാഹാഭിലാഷം സൂചിപ്പിക്കുകയോ മനസ്സില്‍ മറച്ചുവെക്കുകയോ ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങളുടെ മനസ്സില്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വിചാരമുണ്ടാവുമെന്ന് അല്ലാഹുവിനറിയാം. പക്ഷേ, അവരോട് രഹസ്യമായി പ്രതിജ്ഞ ചെയ്യാതിരിക്കുക. വല്ലതും സംസാരിക്കുകയാണെങ്കില്‍ മാന്യമായ രീതിയില്‍ സംസാരിക്കുക. ഇദ്ദാവേള കഴിയുന്നതുവരെ വിവാഹ ഉടമ്പടി തീരുമാനിക്കാവതല്ല. അല്ലാഹു നിങ്ങളുടെ മനോഗതങ്ങള്‍ പോലും അറിയുന്നുവെന്ന് നന്നായി ഗ്രഹിച്ചുകൊള്ളുക. അതിനാല്‍ അവനെ സൂക്ഷിക്കുക. അല്ലാഹു അത്യധികം ക്ഷമിക്കുന്നവനും വിട്ടുവീഴ്ചയരുളുന്നവനും ആണെന്ന് അറിയുക.'
തികച്ചും പ്രകൃതിദത്തമായ മാനുഷികമായ വിവരങ്ങളാണ് ഈ ആയത്തില്‍ ഉള്ളത്. ഈ ആയത്തിലെ സൂചിപ്പിക്കുക എന്ന വാക്കിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങള്‍ തഫ്സീറുകളില്‍ കാണാം. ഭവതി ഇപ്പോഴും സുന്ദരിയാണ്, യുവതിയാണ്, അല്ലെങ്കില്‍ ഭവതിയെ പോലുള്ള നല്ലവളായ സ്ത്രീയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക എന്നൊക്കെ പറയാം എന്നാണ് മുഫസ്സിറുകള്‍ നല്‍കുന്ന വിശദീകരണം. ഇദ്ദാ കാലയളവ് നിശ്ചയിക്കുന്നതിലൂടെ, ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന ഉറ്റവര്‍ മരിച്ചാല്‍ സ്ത്രീകള്‍ വര്‍ഷങ്ങളോളം അലങ്കാരങ്ങളും ആഘോഷങ്ങളും വിനോദങ്ങളും വെടിഞ്ഞ് ദുഃഖമാചരിക്കുന്ന സമ്പ്രദായമാണ് ഇസ്ലാം തിരുത്തിയത്.
പ്രവാചക മാതൃക
നുബുവ്വത്തിനു മുമ്പ് തന്നെ പ്രവാചകന്‍ നല്‍കിയ ആദ്യ മാതൃകയില്‍ പെട്ടതാണ് വിധവാ വിവാഹം. തന്നെക്കാള്‍ പ്രായം കൂടിയ, അതിനു മുമ്പ് രണ്ട് പ്രാവശ്യം വിവാഹം കഴിച്ച, മക്കളുണ്ടായിരുന്ന ഖദീജ (റ)യെ വിവാഹം കഴിക്കുക വഴി പ്രവാചകന്‍ ഏറ്റവും നല്ല കുടുംബ ജീവിതത്തിന്റെ മാതൃക കാണിച്ചു തരികയായിരുന്നു. ഖദീജ (റ)ക്കുശേഷം, പ്രവാചകന്‍ വിവാഹം ചെയ്തത് ആദ്യ ഹിജ്റയായ അബ്സീനിയയിലേക്ക് പലായനം ചെയ്ത അഞ്ചു മക്കളുടെ ഉമ്മയായ സൗദ(റ) യെയാണ്. സൗദയുടെ ഭര്‍ത്താവ് അബ്സീനിയയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ആഇഷ (റ) ഒഴികെയുള്ള എല്ലാ പ്രവാചക പത്നിമാരും വിധവകളോ വിവാഹമോചിതരോ ആയിരുന്നു.
സഹാബാക്കളിലുള്ള മാതൃക
അബൂബക്കര്‍ (റ)ന്റെ രണ്ട് ഭാര്യമാര്‍ വിധവകളായിരുന്നു ഉമ്മു റൂമാനും അസ്മ ബിന്‍ത് ഉമൈസും. ഉമര്‍ (റ) വിധവകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുള്ളവരായിരുന്നു. വിധവാ പെന്‍ഷന്‍ ആദ്യമായി നടപ്പാക്കിയത് ഉമര്‍ (റ) ആണെന്ന് പറയപ്പെടുന്നു. മറ്റനേകം സഹാബാക്കളില്‍ വിധവാ വിവാഹത്തിന്റെ മാതൃകകള്‍ കാണാന്‍ പറ്റും. ഖുര്‍ആനിന്റെ സന്ദേശവും പ്രവാചക മാതൃകയും പ്രവാചക ശിഷ്യന്മാരുടെ മാതൃകയും നല്‍കുന്ന സന്ദേശമല്ല ഇന്ന് മുസ്്ലിം സമുദായത്തില്‍ നിലനില്‍ക്കുന്നത്. വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതോ അതിനു മുന്‍കൈ എടുക്കുന്നതോ ആയ സമീപനമല്ല ഇന്ന് സമുദായത്തിലുള്ളത്. പ്രത്യേകിച്ച്, മക്കളുള്ള വിധവകളുടെ കാര്യത്തില്‍. ഇസ്ലാമിന്റെ ഈ വിഷയത്തിലുള്ള അധ്യാപനങ്ങളും മാതൃകകളും ഇനിയും സമുദായം പഠിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിന്റെ മാതൃകയെക്കാള്‍ ഇതര സമുദായ സ്വാധീനം ഉമ്മത്തിനെ ബാധിക്കാതിരിക്കാന്‍, ഈ വിഷയത്തിലുള്ള ഖുര്‍ആനിക അധ്യാപനങ്ങളും പ്രവാചക ചര്യയും ഇനിയും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമാണ്.
മഹറ് നിശ്ചയിച്ച് വിവാഹം കഴിക്കാന്‍ പഠിപ്പിച്ച ദീനില്‍, പുരുഷന്‍ സ്ത്രീക്ക് ധനം നല്‍കുക എന്നതിനെ അപ്രസക്തമാക്കും വിധം സ്ത്രീധനം കടന്നുവരികയും ഇന്നും നിലനിക്കുകയും ചെയ്യുന്നത് നാട്ടാചാരങ്ങളുടെ സ്വാധീനം മൂലമാണ്. ഇത്തരം അനിസ്്ലാമിക ചിന്തകള്‍ക്കെതിരെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമായി സ്ത്രീധന വിരുദ്ധ മുന്നേറ്റം കുറേയൊക്കെ മുന്നോട്ട് പോയിട്ടുണ്ട്. എന്നാല്‍, വിധവാ വിവാഹം വളരെ സ്വാഭാവികമായി നടക്കേണ്ടതാണെന്ന കാര്യത്തില്‍ സമുദായം ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
മക്കളുള്ള വിധവകളുടെ ബാധ്യതകള്‍ ഏറ്റെടുക്കുക എന്നത് പ്രവാചകന്‍ പ്രോല്‍സാഹിപ്പിച്ച യതീം മക്കളെ പരിപാലിക്കാനുള്ള ഏറ്റവും നല്ല മാതൃകയാണെന്നും സമുദായത്തെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു (ഇന്നത്തെ യതീം ഖാന സംസ്‌കാരം ഒരുപാട് യതീം മക്കള്‍ക്ക് ഗുണകരമാണെങ്കിലും പ്രവാചകന്‍ പ്രോല്‍സാഹിപ്പിച്ച രീതി അതല്ലെന്നും പറയേണ്ടിയിരിക്കുന്നു).
വിവാഹാലോചനകള്‍ നടത്തുന്നതിലും ബന്ധങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിലും നല്ല വധൂ-വരന്മാരെ കൂട്ടിയിണക്കുന്നതിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും കാണിക്കുന്ന ഉത്സാഹം വിധവകളുടെ വിവാഹാലോചനകളില്‍ നമ്മള്‍ തീരെ കാണിക്കുന്നില്ല. ഏതോ നല്ലതല്ലാത്ത കാര്യം ചെയ്യുന്നതു പോലെ പാത്തും പതുങ്ങിയും ഒക്കെയാണ് വിധവാ വിവാഹാലോചനകള്‍ നടക്കാറുള്ളത്. ഈ സ്ഥിതി മാറാന്‍, മാറ്റാന്‍ സമുദായ നേതൃത്വം മുന്‍കൈയെടുക്കണം.