വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘങ്ങള്‍ക്കിടയിലൂടെ ആകാശ ലോകത്തേക്ക് ചേക്കേറാന്‍ കൊതിക്കുകയായിരുന്നു എന്റെ ആത്മാവ്. വയ്യ, കഴിവിന്റെ പരമാവധി ഈ ശരീരത്തില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കി. ഇനിയും പറ്റുമെന്നു തോന്നുന്നില്ല. സ്റ്റം സെല്‍ ട്രാൻസ് പ്ലാ ന്റേഷനു(മജ്ജ മാറ്റിവെക്കല്‍)വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതാണ് ഞാന്‍.
സ്റ്റം സെല്‍ ട്രാൻസ് പ്ലാ ന്റേഷൻ ശരീരം കീറി എന്തെങ്കിലും ഒഴിവാക്കുകയോ തുന്നിച്ചേര്‍ക്കുകയോ ചെയ്യുന്ന സര്‍ജറി അല്ല, മറിച്ച് അതിശക്തമായ കീമോ മെഡിസിന്‍ തന്നു ശരീരത്തെ തളര്‍ത്തിയ ശേഷം നമ്മുടെ ശരീരത്തിലേക്ക് മൂലകോശങ്ങള്‍ ബ്ലഡ് കയറ്റും പോലെ കയറ്റും. അതിനു മുമ്പ് നല്‍കുന്ന കീമോ മെഡിസിന്‍ സകല കോശങ്ങളെയും നശിപ്പിക്കും. പിന്നെ മൂലകോശങ്ങള്‍ വിഭജിച്ച് ആവശ്യത്തിനുള്ള സെല്‍സ് ആയി മാറും. പുറമേക്ക് പരിക്കില്ലാത്ത എന്നാല്‍ അകം മുഴുവന്‍ കലങ്ങിപ്പോയ മുട്ട പോലെ ആയിട്ടുണ്ടാവും നാം.
ഐ.സി.യുവിലെ ആദ്യ രണ്ട് മൂന്ന് ദിവസങ്ങള്‍ കുഴപ്പമില്ലാതെ പോയി. പിന്നെയായിരുന്നു ഹൈ ഡോസ് കീമോ മെഡിസിന്‍ കയറ്റിയത്. ആ മരുന്ന് തീരും വരെ ചെറിയ മധുരമുള്ള ഐസ് ക്യൂബ്‌സ് നുണഞ്ഞുകൊണ്ടിരുന്നു. നാവു വരണ്ടു പോകാതിരിക്കാനും ഇത് കയറുമ്പോൾ ഉള്ള പ്രയാസങ്ങള്‍ കുറക്കാനും ആയിരിക്കണം ഇത് തന്നുകൊണ്ടിരുന്നത്. ഏകദേശം മൂന്നു നാല് മണിക്കൂറോളം നിര്‍ത്താതെ ഐസ് നുണഞ്ഞത് അന്നായിരിക്കും. അത് കഴിഞ്ഞു രണ്ടാം ദിവസം സ്റ്റം സെല്‍സ് കയറ്റി (എന്റെ തന്നെ സെല്‍സ് രണ്ട് മാസം മുമ്പ് എടുത്തുവെച്ചിരുന്നു). അത് കയറ്റി തീരും വരെ എന്റെ ചുറ്റും നഴ്‌സുമാരും പി.ജി ഡോക്ടര്‍മാരും ഉണ്ടായിരുന്നു. അവരെന്നോട് സംസാരിച്ചും പരസ്പരം തമാശ പറഞ്ഞും ആ സമയത്തെ അനാവശ്യ ചിന്തകളില്‍നിന്നും അകറ്റി, ഈ ദിവസം നിന്റെ രണ്ടാം ജന്മദിനമാണ് എന്ന് സിസ്റ്റര്‍ പറഞ്ഞതും ഈ സെല്‍സ് പെറ്റു പെരുകി പുതിയ എന്നെ സൃഷ്ടിക്കുന്നതും മനസ്സിലോര്‍ത്തു ഞാന്‍ കിടന്നു, പുതിയ പ്രഭാതത്തെ പുല്‍കാന്‍.
കീമോ കയറ്റിയതിന്റെ നാലാം ദിവസം വയറു മുഴുവന്‍ വായു സഞ്ചാരം ആയിരുന്നു, ഇരിക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ, ഗ്ലൂകോസ് സ്റ്റാന്‍ഡും താങ്ങി പറ്റുന്നിടത്തോളം നടന്നു. ഐ.സി.യുവില്‍ കയറിയ അന്നു മുതല്‍ ബാത്ത്റൂമില്‍ അടക്കം നമ്മുടെ കൂടെ ഉണ്ടാവുന്ന സാധനമാണ് ഈ സ്റ്റാന്‍ഡ്. നടന്നിട്ടും ഇരുന്നിട്ടും ഒന്നും ശരിയാവുന്നില്ല, സിസ്റ്റര്‍മാര്‍ ടാബ്ലറ്റ് തന്നു കഴിഞ്ഞതാണ്. അതിനുള്ളിലെ 35 ദിവസവും സിസ്റ്റര്‍മാരെയും ഡോക്ടര്‍മാരെയും അല്ലാതെ വേറെ ആരെയും കാണാന്‍ പറ്റില്ല, ദിവസം 5 മണി മുതല്‍ 6 വരെ മൊബൈല്‍ യൂസ് ചെയ്യാം, അപ്പോള്‍ മാത്രമാണ് പുറം ലോകവുമായിട്ടുള്ള കണക്്ഷന്‍.
എന്റെ എരിപൊരി സഞ്ചാരം കണ്ടു സിസ്റ്റര്‍ ജീരകം തിളപ്പിച്ച വെള്ളം തന്നു, അതു കുടിച്ചപ്പോ പുറത്തേക്കു വിടുന്ന വായുവിന്റെ സൗണ്ട് കൂടി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല, ഏമ്പക്കം ഇട്ടിട്ടു വായ പൊട്ടാറായി, രാത്രിയുടെ അവസാന നിമിഷത്തില്‍ വയറ്റിന്ന് നല്ലോണം പോയി, ഒരല്‍പ്പം സമാധാനത്തോടെ ശ്വാസം വിട്ടു. കുളിച്ചു യൂണിഫോം ഒക്കെ ഇട്ട് ഒരു മണിക്കൂര്‍ ഒന്ന് കിടന്നുകഴിഞ്ഞപ്പോഴേക്കും വീണ്ടും വയറ്റിന്നു പോയി. അന്ന് വൈകുന്നേരം മുതല്‍ പാംമ്പേഴ്‌സില്‍ ആയി പോക്ക്. എണീറ്റ് ഇരിക്കുമ്പോൾ തല കറങ്ങും പോലെ. 10 ദിവസത്തോളം അതേ അവസ്ഥ. ഗ്ലൂകോസ്, ബ്ലഡ്, പ്ലേറ്റ് ലെറ്റസ് എല്ലാം മുറക്ക് ശരീരത്തില്‍ കയറിക്കൊണ്ടിരുന്ന, ഒരു മടിയും കാണിക്കാതെ എല്ലാം വൃത്തിയാക്കി സമാധാനിപ്പിക്കുന്ന കാരുണ്യത്തിന്റെ മാലാഖമാര്‍. വായ പൊട്ടി ഒന്നും തിന്നാന്‍ സാധിക്കാതെ വന്ന സമയത്ത് ഉപ്പിട്ട കഞ്ഞിവെള്ളം നിര്‍ബന്ധിപ്പിച്ചു ഇടക്കിടെ കുടിപ്പിക്കുന്നവര്‍, എന്തെങ്കിലും ഇടക്ക് കുടിക്കാന്‍ പറ്റിയാല്‍ എന്നെക്കാള്‍ സന്തോഷിക്കുന്ന എന്റെ മാലാഖമാര്‍, അവരെനിക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ചുതന്നു.
വയറു വേദനയെടുത്തു പിടഞ്ഞ നിമിഷങ്ങള്‍. സ്ലീപ്പിങ് പില്‍സ് തന്നിട്ടും ഉറക്കം വരാത്ത രാത്രികള്‍, കാലില്‍ ആരോ കൊളുത്തിപ്പറിക്കുന്ന വേദന, ഏത് നേരവും മേലോട്ട് നോക്കി ഉടയോവനോടുള്ള പ്രാര്‍ഥന ആയിരുന്നു നെഞ്ച് നിറയെ.. ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കണമെന്ന എന്റെ ആഗ്രഹത്തിന് കാരണങ്ങള്‍ ഏറെയായിരുന്നു. ആ വാതിലിനപ്പുറത്തു ഒരു നല്ല വാര്‍ത്തക്കു വേണ്ടി കാത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ടവന്‍, ബൈപാസ് സര്‍ജറി എനിക്കു വേണ്ടി നീട്ടി വെച്ചവന്‍, ദിവസവും എനിക്കു വേണ്ടി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ചെറിയ കയറ്റം പലതവണ കയറുമ്പോള്‍ ഹൃദയം അദ്ദേഹത്തോട് പിണങ്ങുന്നത് എനിക്കറിയാമായിരുന്നു. അദ്ദേഹത്തിനു വേണ്ടി എനിക്ക് തിരിച്ചു വരണമായിരുന്നു. അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ മോനടക്കം എന്റെ അഞ്ചു മക്കള്‍, അവര്‍ക്കെല്ലാം ഞാന്‍ വേണമായിരുന്നു. അല്ല അതിനപ്പുറം എനിക്കവരെ വേണമായിരുന്നു. എന്നിട്ടും...!
എന്നിട്ടും വേദനയുടെ, ക്ഷീണത്തിെന്റ അങ്ങേ അറ്റത്തെത്തിയപ്പോള്‍ ഞാന്‍ എല്ലാവരെയും മറന്നു, ആ രാത്രി വയറ് അമര്‍ത്തിപ്പിടിച്ചു ഞാന്‍ തേങ്ങി..
ഇനിയും വയ്യ നാഥാ.. ഇങ്ങനെ പരീക്ഷിക്കല്ലേ.. എന്റെ ആത്മാവിനെ സ്വീകരിച്ചു എന്റെ ശരീരത്തെ മോചിപ്പിക്കണേ... എന്നായി പ്രാര്‍ഥന. ഡോക്ടര്‍മാരുടെ ആവനാഴിയിലെ അവസാനത്തെ ആന്റിബയോട്ടിക്കും കയറിക്കഴിഞ്ഞിരുന്നു എന്റെ ശരീരത്തില്‍ അപ്പോള്‍ (ഇത് പിന്നീട് ഇക്ക പറഞ്ഞതാണ്).
ഞാന്‍ ചുരുണ്ടു കൂടി എന്റെ ആത്മാവിനെ സ്വീകരിക്കാന്‍ എത്തുന്ന മാലാഖമാരെ കാത്തുനിന്നു. വേദനക്കിടയിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' മൊഴിഞ്ഞുകൊണ്ടിരുന്നു... ശരീരത്തിന് ഭാരം കുറഞ്ഞ പോലുള്ള അവസ്ഥയായി. കുത്തുന്ന വേദനക്കിടയില്‍ ആരോ എന്റെ പേര് ചൊല്ലി വിളിക്കുന്നു.
''സാബിറാ...'
ആരായിരിക്കും ഈ പാതിരക്കു എന്നെ വിളിക്കുന്നത്. മരണത്തിന്റെ മാലാഖ പേര് വിളിച്ചാണോ കൊണ്ടു പോവുക, കണ്ണുകള്‍ പ്രയാസത്തോടെ തുറക്കാന്‍ ശ്രമിച്ചു. ആവുന്നില്ല. വീണ്ടും വിളി കേട്ടു.
''സാബിറാ'
ഇത്തവണ കുറെക്കൂടി അടുത്തു നിന്നാണ് കേട്ടത്, അതോടൊപ്പം ആരോ എന്റെ നെറ്റിയില്‍ പതുക്കെ തടവുന്നു. മെല്ലെ കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ ഒരു ഡോക്ടര്‍. ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. എന്റെ പള്‍സ് നോക്കി. വയറ് അമര്‍ത്തി നോക്കി, അപ്പോഴൊക്കെ എന്നോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
''ബ്ലഡ് റിസള്‍ട്ടില്‍ നല്ല മാറ്റമുണ്ട്, രണ്ടു ദിവസം കൊണ്ട് ശരിയാവും.''
എന്നെ സമാധാനിപ്പിച്ചു, കുറച്ചു സമയം എന്റെ കൈവെള്ളയില്‍ തടവിത്തന്നു. നല്ലത് മാത്രം ചിന്തിച്ചു കിടക്കാന്‍ പറഞ്ഞു, ഡോക്ടര്‍ പറഞ്ഞതനുസരിച്ചു സിസ്റ്റര്‍ ഒരു ടാബ്ലറ്റ് തന്നു. വീട്ടിലെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു, അഞ്ചു കുട്ടികളുടെ ഉമ്മയാണെന്ന് പറഞ്ഞപ്പോള്‍ കുട്ടികളുടെ കാര്യമൊെക്ക നോക്കേണ്ടേ, ഉഷാറാവണം. എത്രയും പെട്ടെന്ന് ഇവിടുന്ന് പുറത്തുപോകാന്‍ പറ്റും. അങ്ങനെ എന്തൊക്കെയോ പറഞ്ഞു, എന്നില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്ന, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍. ഞാന്‍ കേള്‍ക്കുകയായിരുന്നു, വാത്സല്യവും സ്‌നേഹവും തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു. കുറച്ചു സമയം ഇരുന്ന് എന്നെ പുതപ്പിച്ചു അദ്ദേഹം പോയി. മരണത്തെ അങ്ങേയറ്റം ആഗ്രഹിച്ച എന്നെ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിച്ചാണ് അദ്ദേഹം പോയത്. സിസ്റ്ററോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചപ്പോ പറഞ്ഞു- ''പിഡിയാട്രിക് ഓങ്കോളജിസ്റ്റ് ആണ്, അവിടെ അവരുടെ വാര്‍ഡില്‍ ഉണ്ടായിരുന്നു. നിന്റെ കിടത്തം കണ്ടു ഞാന്‍ വിളിച്ചതാ.'
ഞാന്‍ സമയം നോക്കി രാത്രി 12.30. ഈ സമയത്ത് എന്നിലെ നിരാശ ഇല്ലാതാക്കാന്‍ ദൈവം അയച്ച ദൂതനായാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ഞാന്‍ മറക്കില്ലൊരിക്കലും...ദേവദൂതുമായി എന്റെ അടുത്ത് വന്ന കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടർ.
അല്ലാഹുവിനു സര്‍വ സ്തുതിയും, വീണ്ടും ജീവിതത്തിലേക്ക് പടി കയറി വന്നിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. കാന്‍സര്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ അതിജീവിതരുടെ സംഗമത്തില്‍ വെച്ചു അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതും ഈ സംഭവം പങ്കിട്ടതും എന്റെ ഓര്‍മപുസ്തകത്തിലെ ചിതലരിക്കാത്ത ഏടുകളാണ്.
വര: സാലിഹ അഷ്റഫ്