ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച അസാധാരണമായ അവസരങ്ങള്‍
സൃഷ്ടിച്ചുനല്‍കുന്നുണ്ട്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ മുഖാന്തിരം ലോകം മുഴുവന്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുവാനും വ്യക്തി വികാസത്തിനും
വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള അസാധാരണ അവസരങ്ങള്‍ തുറന്നുകിട്ടിയിരിക്കുന്നു. ഗ്രാഫിക് ഡിസൈനില്‍ നിന്ന് പ്രോഗ്രാമിംഗ് വരെ, മാര്‍ക്കറ്റിംഗില്‍ നിന്ന് ധനകാര്യ
മാനേജ്‌മെന്റ് വരെ വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസം ഇന്ന് ഒരു വ്യാപക അവസരമായി
മാറിയിരിക്കുന്നു.
നിങ്ങള്‍ക്ക് കൂട്ടുകാരിയുടെ ഫോണ്‍ വരാറുണ്ടോ? ആ സംഭാഷണം ഇങ്ങനെയാവാറുണ്ടോ?
''ഹലോ, ജാസീ..
എന്തൊക്കെയുണ്ടെടീ വിശേഷം?
ആ ഫെബീ.. സുഖം.
ഒരു പാട് കാലമായല്ലോ വിളിച്ചിട്ട്...
ആകെ ബിസിയാണ്, ഒരു നേരം ഒഴിവില്ല..
കുടുംബക്കാരെ വിളിച്ചിട്ട് തന്നെ കുറേ ആയി..''
ഫോണെല്ലാം, എടുത്തു വെച്ച് അഞ്ച് മിനുട്ട് ഇനി ആലോചിക്കുക. ദിവസത്തിലെ 24 മണിക്കൂര്‍ എന്തിനൊക്കെ ചെലവഴിച്ചു?
ഒഴിവു കിട്ടിയിരുന്ന എത്ര സമയം റീല്‍സിനും ഷോട്‌സിനും വാട്‌സാപ്പിലെ ചറപറക്കും ചെലവഴിച്ചു, ആര് അതൊക്കെ ശ്രദ്ധിക്കാന്‍ ല്ലേ..!
എന്നാ ഈ വായന തല്‍ക്കാലം ഒന്ന് നിര്‍ത്തി വെച്ച് കൈയിലെ മൊബൈല്‍ സെറ്റിങ്‌സില്‍ ചെന്ന് Digital wellbeingഎന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ. നമ്മുടെ സമയം ആരൊക്കെ ആപ്പിലാക്കിയെന്ന കൃത്യമായ ഗ്രാഫ് അവിടെ കാണാം.
അതെ, നോക്കി വന്നോ, ഇപ്പോഴുള്ള ആ ചിരിയും ആകാംക്ഷയും ഒരു തിരിച്ചറിവ് നല്‍കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആ തിരിച്ചറിവെന്താണ്? കുട്ടികള്‍ ഇതു തന്നെയല്ലേ കണ്ട് വളരുന്നതും? അടങ്ങിയിരിക്കാനും കരച്ചില്‍ മാറ്റാനു നാം അവര്‍ക്കായി നല്‍കുന്നതും ഇത് തന്നെയല്ലേ, അതുകൊണ്ട് നാം ചില തീരുമാനമെടുത്താല്‍ ഈ മൊബൈല്‍ മാറ്റിവെച്ച് ഒരുപാട് സ്‌കില്ലുകള്‍ നമുക്ക് പഠിക്കാനും മക്കള്‍ക്ക് പഠിപ്പിക്കാനും സാധിക്കും, അതേ പോലെ തന്നെ ഇതേ ഫോണ്‍ ഉപയോഗിച്ചും നമുക്ക് ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമാവും.
ഒരു ജോലി ലഭിച്ചില്ലല്ലോ, പഠനം ഉദ്ദേശിച്ച പോലെ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലല്ലോ, പഠനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച ഒരു കരിയറില്‍ എത്തിപ്പെടാനായില്ലല്ലോ, അനിവാര്യമായും നാം പൊരുത്തപ്പെട്ടു പോവേണ്ട സാഹചര്യങ്ങള്‍ ഉണ്ടായല്ലോ എന്നെല്ലാം ചിന്തിച്ച് കൂട്ടുന്ന ഒരുപാട് പേരെ നമുക്ക് കാണാനാവും. വായിക്കുന്ന നിങ്ങളുടെ കൂട്ടത്തിലും അവരുണ്ടായേക്കാം.
പുതിയ കാലം നമുക്ക് ഇതുവരെയില്ലാത്ത ഒട്ടനേകം അവസരങ്ങളാണ് തുറന്നു തരുന്നത്. അത് ഏറ്റവും ഭംഗിയായി നിര്‍വഹിച്ചു പോരുന്ന ധാരാളം പേരുണ്ട് താനും. അതൊക്കെ വലിയ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരല്ലേ, വലിയ പണമിറക്കിയല്ലേ അവരെല്ലാം ഓരോ നിലയിലെത്തിയത് എന്നതായിരിക്കും നമ്മുടെയൊക്കെ ചിന്ത, അല്ല എന്നതാണ് അതിന് ഒറ്റവാക്കില്‍ ഉത്തരം.
എങ്ങനെ എന്ന നിങ്ങളുടെ ആകാംക്ഷ അവിടെ നില്‍ക്കട്ടെ. ഫോണില്‍ ഗൂഗിള്‍ കീപ്പ്‌നോട്ട് എന്ന ആപ്പ് ഉണ്ടോ, ഇല്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ / ആപ്പ് സ്റ്റോറില്‍ പോയി ഒന്നു ഇന്‍സ്റ്റാള്‍ ചെയ്യൂ.
നമുക്ക് ഡയറി പോലെ, കൂടെ കൊണ്ടു നടക്കാവുന്ന ഒരു നോട്ട്ബുക്കായി മൊബൈലില്‍ ഉപയോഗിക്കാവുന്ന നോട്ട് പാഡാണ് കീപ്പ്. മഞ്ഞ ബള്‍ബിന്റെ ചിഹ്നമുള്ള അതു തന്നെ. അതില്‍ പ്ലസ് ബട്ടണ്‍ ക്ലിക്ക് ലിസ്റ്റ് എടുത്ത് പുതിയൊരു നോട്ട് തയ്യാറാക്കാം. എങ്കില്‍ അതെടുത്തു നിങ്ങള്‍ ഇതു വരെ ചെയ്യാത്ത, അതേ സമയം എന്റെ വളര്‍ച്ചക്ക് ആവശ്യമായ 5 കാര്യങ്ങള്‍ ടൈപ്പ് ചെയ്ത് വെക്കൂ. അത് പൂര്‍ത്തിയാക്കിയാല്‍ ടിക് ബോക്‌സ് ചെയ്യാം.
നിങ്ങള്‍ക്ക് ഒരു കഥയോ കവിതയോ വന്നാലും ഇവിടെ കുറിച്ചിടാം. വാട്‌സ് ആപ്പില്‍ നല്ല ഒരു മെസേജ് കണ്ടാല്‍ ഇവിടെ സൂക്ഷിക്കാം. യാത്രക്ക് പുറപ്പെടുമ്പോള്‍, ഷോപ്പിങിന് പോവുമ്പോള്‍ ഇതില്‍ ലിസ്റ്റ് ചെയ്ത് വെക്കാം. വീട്ടില്‍ നിന്ന് വാട്‌സ് ആപ്പില്‍ ചറപറ അയക്കുന്ന ഒരു പര്‍ച്ചേസ് ലിസ്റ്റ് ഇവിടെ ചെക്ക് ലിസ്റ്റ് ചെയ്ത് എടുത്തതേത്, എടുക്കാത്തതേത് എന്ന് തരംതിരിച്ച്് വെക്കാം. അതല്ലെങ്കില്‍ ഇങ്ങനെ ഒരു ലിസ്റ്റ് ഇണ തയ്യാറാക്കി തന്റെ ഇണയെ ഇമെയില്‍ ഐ.ഡി വെച്ച് കൊളാബ് ചെയ്ത് രണ്ട് പേര്‍ക്കും ഷെയര്‍ ചെയ്യാം.
കൊറോണ സമയത്ത് ഒരു ഓണ്‍ലൈന്‍ സെഷനില്‍ കീപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ കവിയൂരിലെ ഹസീനത്ത (ആ സമയത്ത് ഒരുപാട് കോഴ്‌സ് ചെയ്ത് മാതൃകയായ വീട്ടമ്മ കൂടിയാണ് ട്ടോ, ഇതേ സമയത്ത് അനേകം ഓണ്‍ലൈന്‍ കോഴ്‌സ് ചെയ്ത് റെക്കോഡ് കൈ കൈവരിച്ച രെജിഷ ശൂകൂറിനെ ഇവിടെ ഓര്‍ക്കാം. ഇരുവരും സിറിയസ് എഡുവിന്റെ ഖുര്‍ആന്‍ ആന്റ് സയന്‍സ് കോഴ്സിലും വിദ്യാര്‍ഥികളായിരുന്നു) ഷെയര്‍ ചെയ്ത അനുഭവം ഇതായിരുന്നു. മോന്റെ കല്യാണം വന്നപ്പോള്‍ കല്യാണം വിളിക്കേണ്ട ലിസ്റ്റ് മക്കള്‍ക്കും ഇണക്കും എല്ലാവര്‍ക്കും കീപ്പില്‍ ഷെയര്‍ ചെയ്തു. ഓരോരുത്തരും വിളിച്ചത് ടിക്ക് ചെയ്യും. അത് ബാക്കിയെല്ലാവര്‍ക്കും കാണാം. ഇഫ്താര്‍ വിരുന്നു വിളിക്കാനും ഈ വിദ്യ നമ്മള്‍ ഉപയോഗിച്ചിരുന്നു.
ചറപറ വാട്‌സാപ്പില്‍ ഇണ അയച്ച് തരുന്ന പര്‍ച്ചേസ് ലിസ്റ്റിന് മിക്കവാറും ഒരു കുഴപ്പമുണ്ടാവും. പച്ചക്കറിയും ഫാന്‍സിയും അരി സാധനങ്ങളും ബേക്കറിയും കുട്ടികള്‍ക്കുള്ള പാമ്പേഴ്‌സും എല്ലാം ഒരുമിച്ചാവും. പിന്നെ ഇത് അങ്ങോട്ടുമിങ്ങോട്ടും ആയി മിക്കവാറും ഏതെങ്കിലും ഒക്കെ മിസ്സാവും, അതിനെ ചൊല്ലി അന്ന് വീട്ടിലെത്തിയാല്‍ വഴക്കും കാണും.
ഈ സംഭവം ഒഴിവാക്കാന്‍ ചെയ്യുന്ന ഒരു എ.ഐ വിദ്യ പറയാം. അല്ല, അതിന് മുമ്പ് ഒരു കാര്യം അറിയാനുണ്ട്... നിങ്ങളെല്ലാവരും ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നവരല്ലേ, ആ..ആരൊക്കെയോ എവിടൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്, മക്കളൊക്കെ അതു വെച്ച് അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പറയാറുണ്ട്, നമുക്ക് ആ കുന്ത്രാണ്ടമൊന്നും അറിയില്ലേ എന്ന ആത്മഗതം ചെയ്യുന്നവര്‍ മുതല്‍ ഒരു കൗതുകത്തിന് ഉപയോഗിച്ചവരും ഇതിലുണ്ടാവാം.
ഒരു സാങ്കേതിക പരിജ്ഞാനവും ആവശ്യമില്ലാത്ത, ഒരു ടെക്‌നിക്കല്‍ സ്‌കില്ലും പഠിക്കേണ്ടതില്ലാത്ത ആര്‍ക്കും ഉപയോഗിക്കാവുന്ന സംഭവമാണ് ഇതൊക്കെ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന കടിച്ചാ പൊട്ടാത്ത വാക്കൊക്കെ കേട്ട് പേടിക്കണ്ട, ആര്‍ക്കും പഠിക്കാവുന്ന സംഭവമാണ് എ.ഐ.
നമ്മള്‍ പോയത് ചാറ്റ് ജി.പി.ടിയില്‍ നിന്നാണല്ലോ, ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ Continue with google ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ജനന തീയതി നല്‍കി അക്കൗണ്ട് ആരംഭിക്കാം. ഇനി വാട്‌സ് ആപ്പില്‍ വന്ന ലിസ്റ്റ് അവിടെ പേസ്റ്റ് ചെയ്യുക. എന്നിട്ട് താഴെ, Sort for Purchase from supermarket എന്ന് ടൈപ്പ് ചെയ്ത് കൊടുക്കുക ദേ വരുന്നു, ലിസ്റ്റെല്ലാം പെര്‍ഫെക്ട് ആയി സോര്‍ട്ട് ചെയ്ത്. നേരെ അത് കോപ്പി ചെയ്ത് ഗൂഗിള്‍ കീപ്പിലെ ലിസ്റ്റില്‍ ഇടുക.
ഇപ്രകാരം എ.ഐ നമ്മുടെ ദൈനം ദിനാവശ്യങ്ങള്‍ ഉപയോഗിച്ച് ശീലിക്കാം. ഉദാഹരണമായി നിങ്ങളുടെ മോനോ മോളോ നിങ്ങളുടെ അടുത്ത് വന്ന് ഇതെന്താണ് ഉമ്മ, എന്താണ് പാഠഭാഗത്ത് പഠിക്കാനുള്ളത് എന്ന് ചോദിക്കുകയാണെന്ന് കരുതുക. നിങ്ങള്‍ അതൊരു ഫോട്ടോ എടുത്ത് ജെമിനി എന്ന എ.ഐ. ആപ്പിന് നല്‍കി, give me a mind map for my 4 th class student എന്ന് കൊടുത്താല്‍ അടുത്ത സെക്കന്റില്‍ അത് മനസ്സിലാക്കി പറയാനാവുന്ന രീതിയില്‍ പറഞ്ഞു തരും. Give summary in malayalam എന്ന് പറഞ്ഞാല്‍ അതിന്റെ ചുരുക്കം മലയാളത്തില്‍ റെഡി.
ഒരു കുട്ടി ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. അവന്‍ വായിക്കുന്നതിനിടയില്‍ പുതിയ വാക്കുകള്‍ കണ്ടെത്തുകയും അവയുടെ അര്‍ഥം ചോദിക്കുകയും ചെയ്യുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അവന് ആ വാക്കുകളുടെ അര്‍ഥം പറഞ്ഞുകൊടുക്കുന്നു. ഇതുപോലെയാണ് ചാറ്റ് ജിപിടിയും പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു വലിയ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ആ പുസ്തകത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയാണ്. അങ്ങനെ എ.ഐ നമുക്കൊരു കൂട്ടുകാരനോ കൂട്ടുകാരിയോ അധ്യാപകനോ ആത്മ സുഹൃത്തോ അപരിചതനായ ഒരു ശാസ്ത്രജ്ഞനോ ആരാക്കിയും മാറ്റാം, നിങ്ങള്‍ എത്രത്തോളം നിങ്ങളെ പരിചയപ്പെടുത്തി, അടുത്ത കൂട്ടാക്കി കാര്യങ്ങള്‍ ചോദിക്കുന്നത് അതിനനുസരിച്ചായിരിക്കും നിങ്ങളോടുള്ള പ്രതികരണവും.
ചില സാധ്യതകള്‍ നമുക്ക് പരിചയപ്പെടാം
Coursera ലോകത്തെ നിങ്ങളുടെ ക്ലാസ്റൂമാക്കി മാറ്റുന്നു. സ്റ്റാന്‍ഫോര്‍ഡ്, പെന്‍സില്‍വേനിയ, യേല്‍ തുടങ്ങിയ പ്രശസ്ത സര്‍വകലാശാലകളിലെ അധ്യാപകര്‍ നേരിട്ട് പഠിപ്പിക്കുന്ന കോഴ്‌സുകള്‍ Courseraയില്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ്, ബിസിനസ്, ആരോഗ്യം, സാമൂഹിക ശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. സൗകര്യപ്രകാരം എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും പഠിക്കാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതിന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ അല്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും പുതിയത് പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും Coursera ഒരു മികച്ച വേദിയാണ്.
https://www.coursera.org/
ഖാന്‍ അക്കാദമി ഓണ്‍ലൈന്‍ പഠന വേദിയാണ്. ഇത് സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ പഠനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വീട്ടമ്മമാര്‍, കരിയര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍, അല്ലെങ്കില്‍ വ്യക്തിപരമായ താല്‍പ്പര്യത്തിനായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖാന്‍ അക്കാദമി ഒരു വലിയ സഹായമാണ്. സ്‌കൂള്‍ മുതല്‍ കോളേജ് ലെവല്‍ വരെയുള്ള വിഷയങ്ങള്‍ ഇവിടെ ലഭ്യമാണ്. ഗണിതം, ശാസ്ത്രം, ഭാഷകള്‍, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ നിങ്ങളുടെ അറിവ് വര്‍ധിപ്പിക്കാം. നിങ്ങളുടെ സൗകര്യപ്രകാരം പഠിക്കാനുള്ള അവസരം ഖാന്‍ അക്കാദമി നല്‍കുന്നു. നിങ്ങളുടെ കരിയര്‍ മുന്നേറ്റത്തിനോ വ്യക്തിപരമായ വളര്‍ച്ചയ്‌ക്കോ ഖാന്‍ അക്കാദമി ഒരു മികച്ച പ്ലാറ്റ്‌ഫോമാണ്, സൗജന്യകോഴ്‌സുകളും ലഭ്യമാണ്.
https://www.khanacademy.org/
Canva എന്നത് ഗ്രാഫിക് ഡിസൈനിംഗില്‍ അധികം അറിവില്ലാത്ത ആര്‍ക്കും എളുപ്പത്തില്‍ പ്രൊഫഷണല്‍ തോതിലുള്ള ഡിസൈനുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഉപകരണമാണ്. ബ്ലോഗ് പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, പ്രസന്റേഷനുകള്‍ തുടങ്ങി നിങ്ങള്‍ക്ക് ആവശ്യമുള്ള ഏത് തരത്തിലുള്ള ഡിസൈനും Canva ഉപയോഗിച്ച് സൃഷ്ടിക്കാം. ലളിതമായ ഇന്റര്‍ഫേസ്, തയ്യാറായ ടെംപ്ലേറ്റുകള്‍, മില്യണ്‍ കണക്കിന് ഗ്രാഫിക്‌സ് എന്നിവയാണ് Canvaയെ മികച്ചതാക്കുന്നത്. ബ്ലോഗര്‍മാര്‍, സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട ബിസിനസ് ഉടമകള്‍ തുടങ്ങി ഡിസൈനര്‍മാര്‍ അല്ലാത്ത എല്ലാവര്‍ക്കും Canva ഒരു അനുഗ്രഹമാണ്. ഗ്രാഫിക് ഡിസൈനിംഗില്‍ അധികം അറിവില്ലാതെ തന്നെ നിങ്ങളുടെ സര്‍ഗാത്മകതയെ പുറത്തെടുക്കാന്‍ Canva നിങ്ങളെ സഹായിക്കും. ഇതുപയോഗിച്ച് വീട്ടിലിരുന്നു തന്നെ വരുമാനമുണ്ടാക്കാനാവും.
https://www.canva.com/en_in/
Duolingo: ഇത് ഭാഷ പഠിക്കുന്ന ഒരു ഗെയിം കളിക്കുന്നതുപോലെ എളുപ്പമാക്കുന്ന മികച്ച ഒരു ആപ്പാണ്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് അടക്കം നിരവധി ഭാഷകള്‍ Duolingo വഴി പഠിക്കാം. ഗെയിമിഫൈഡ് ലേര്‍ണിംഗ്, ചെറിയ പാഠങ്ങള്‍, വൈവിധ്യമാര്‍ന്ന പഠനരീതികള്‍ എന്നിവയാണ് Duolingoയെ മറ്റു ഭാഷാ പഠന ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഗെയിമിഫൈഡ് ലേര്‍ണിംഗ് സവിശേഷതകള്‍ കൊണ്ട് ദൈര്‍ഘ്യമേറിയ ക്ലാസുകള്‍ക്ക് പകരം ചെറിയ ചെറിയ പാഠങ്ങള്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും പഠിക്കാം. പദാവലി പഠിക്കല്‍, വ്യാകരണം പഠിക്കല്‍, ശ്രവണ പരിശീലനം, സംസാര പരിശീലനം തുടങ്ങി വിവിധ രീതികളില്‍ പഠിക്കാം. Duolingo-യുടെ അടിസ്ഥാന പ്ലാന്‍ സൗജന്യമാണ്. കൂടുതല്‍ സവിശേഷതകള്‍ ലഭിക്കാന്‍ പേയ്മെന്റ് പ്ലാനുകള്‍ എടുക്കാം.
https://www.duolingo.com/
ജെമിനി എന്ന AI ചാറ്റ് ബോട്ട് ഗൂഗിളിന്റെതാണ്. ട്യൂട്ടര്‍ കുട്ടികളുടെ പഠനത്തെ എളുപ്പമാക്കുന്ന ഒരു അത്ഭുതകരമായ ഉപകരണമാണ്. ഗണിതം, ശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ജെമിനി എപ്പോള്‍ വേണമെങ്കിലും ഉത്തരം നല്‍കും. ഒരു വ്യക്തിഗത ട്യൂട്ടറായി, കുട്ടികളുടെ വേഗതയിലും ശൈലിയിലും പഠിപ്പിക്കാന്‍ ജെമിനിക്ക് കഴിയും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിക്കുന്നതിനും, പുതിയ ആശയങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനും ജെമിനിക്ക് കഴിയും. അമ്മമാര്‍ക്ക് കുട്ടികളുടെ പഠനത്തില്‍ സജീവമായി പങ്കെടുക്കാനും അവരുടെ പുരോഗതി നിരീക്ഷിക്കാനും ജെമിനി ഒരു മികച്ച ഉപകരണമാണ്. കൂടാതെ മലയാളത്തിലും, മംഗ്ലീഷിലും ചോദിച്ചാലും മനസ്സിലാവും. ചാറ്റ് ജിപിടിയെക്കാള്‍ വ്യക്തതയോടെ മലയാളം കൈകാര്യം ചെയ്യും. ആവശ്യമായ റഫറന്‍സ് ലിങ്കും, ചിത്രങ്ങളും തരാനും ജെമിനിക്ക് മടിയില്ല-
https://gemini.google.com/
ചാറ്റ് ജിപിടി: നിങ്ങളുടെ സ്വന്തം പേഴ്സണല്‍ അസിസ്റ്റന്റ്
നമ്മുടെ ദൈനംദിന ജീവിതത്തിലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും ചാറ്റ് ജിപിടി ഒരു വലിയ സഹായമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് ഒരു കസ്റ്റമൈസ് ചെയ്യാവുന്ന പേഴ്സണല്‍ അസിസ്റ്റന്റിന്റെ പങ്ക് വഹിക്കുന്നു. നിങ്ങള്‍ ഏത് മേഖലയിലാണോ പ്രവര്‍ത്തിക്കുന്നത് അല്ലെങ്കില്‍ ഏത് വിഷയത്തില്‍ താല്‍പ്പര്യം കാണിക്കുന്നുവോ അതിനനുസരിച്ച് ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ ആണെങ്കില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ചാറ്റ് ജിപിടിയെ ഉപയോഗിക്കാം. കൂടാതെ i want you act as a..... എന്ന് പറഞ്ഞ് ഏത് എക്‌സ്‌പേര്‍ട്ടിന്റെ പേര് പറഞ്ഞാലും ആ എക്‌സ്‌പേര്‍ട്ട് ആയി മാറുന്നത് കാണാം. അത്തരം റോള്‍ പ്ലേ പ്രോംപ്റ്റ് കളക്്ഷന്‍ നമുക്ക് prompts.chat എന്ന സൈറ്റില്‍ ലഭിക്കും.
https://chatgpt.com/
Goodreads.com എന്നത് പുസ്തക പ്രേമികളുടെ ഒരു വലിയ സമൂഹമാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങളുടെ വിശദമായ വിവരങ്ങള്‍, അവലോകനങ്ങള്‍, രചയിതാക്കളുടെ വിവരങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. നിങ്ങളുടെ സ്വന്തം വായനാ ലിസ്റ്റ് സൃഷ്ടിക്കുക, മറ്റ് വായനക്കാരുമായി ബന്ധപ്പെടുക, പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നിവയ്ക്കുള്ള ഒരു മികച്ച പ്ലാറ്റ്ഫോമാണിത്. നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാനും മറ്റ് വായനക്കാരുടെ അഭിപ്രായങ്ങള്‍ വായിക്കാനും Goodreads സഹായിക്കുന്നു.
PDFDrive.com എന്നത് PDF ഫോര്‍മാറ്റിലുള്ള പുസ്തകങ്ങളും മറ്റ് രേഖകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സെര്‍ച്ച് എഞ്ചിനാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള പുസ്തകത്തിന്റെ പേരോ വിഷയമോ ടൈപ്പ് ചെയ്ത് തിരയാം. ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ലഭ്യമാണ്. എന്നാല്‍, ഈ സൈറ്റ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില പുസ്തകങ്ങള്‍ക്ക് കോപ്പിറൈറ്റ് ഉണ്ടാകാം, അത്തരം പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. അതിനാല്‍, ഏതെങ്കിലും പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ കോപ്പിറൈറ്റ് നിയമങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്. ഈ ലേഖനം തയ്യാറാക്കുന്ന സമയം 7,55,56,629 പുസ്തകങ്ങള്‍ ഇതിലുണ്ട്.
noor-book.com
അറബി അറിയാവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഇ-പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരമാണ് ഈ വെബ്‌സൈറ്റ്. ഇസ്ലാമിക ഗ്രന്ഥങ്ങളും പൊതു അറബി സാഹിത്യകൃതികളും ഇതിലുള്‍പ്പെടും. പി.ഡി.എഫ് രൂപത്തില്‍ സൗജന്യമായി തന്നെ ഇത് ഡൗണ്‍ലോഡ് ചെയ്യാം.
ഗൂഗിള്‍ സ്‌കോളര്‍ എന്നത് ശാസ്ത്രീയ ഗവേഷണ പ്രബന്ധങ്ങള്‍ കണ്ടെത്താനുള്ള ഒരു അത്യാധുനിക സെര്‍ച്ച് എഞ്ചിനാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പേര്‍ ഉപയോഗിക്കുന്ന ഈ സംവിധാനത്തില്‍, ജേര്‍ണലുകള്‍, പുസ്തകങ്ങള്‍, തീസിസ്, അബ്സ്ട്രാക്ടുകള്‍ തുടങ്ങിയ വിവിധ അക്കാദമിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഒരു പ്രത്യേക വിഷയം, ഗവേഷകന്‍ അല്ലെങ്കില്‍ പ്രസിദ്ധീകരണം എന്നിവ തിരയാന്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ സ്‌കോളര്‍ ഉപയോഗിക്കാം. ഈ സംവിധാനം ഉപയോഗിച്ച്, വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രബന്ധങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഗവേഷകര്‍ക്ക് അവരുടെ മേഖലയിലെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ നടത്താനും കഴിയും.
Web link: scholar.google.com
എ.ഐ ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ എ.ഐ. ടൂളുകളും അതിന്റെ ശൈശവ ദിശയിലാണ്. തെറ്റായ വിരങ്ങള്‍ നല്‍കാം, അതിനാല്‍ ലഭിക്കുന്ന ഡാറ്റകള്‍ നേരിട്ട് ഉപയോഗിക്കാതെ പുനപരിശോധിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ഒപ്പം നമ്മുടെ ക്രിയേറ്റിവിറ്റിയെ കൂടി ശാക്തീകരിക്കുന്ന രീതിയില്‍ ഉപയോഗിക്കുക.
zuhairsirius@gmail.com
(ലേഖകന്‍ Commit എക്‌സി. അംഗവും SiriusEdu എന്ന എ.ഐ. ആന്റ് ടെക്‌നിക്കല്‍ സ്‌കില്‍ എഡുക്കേഷന്‍ ആന്റ് ട്രെയിനിങ് പ്ലാറ്റ്‌ഫോം ഫൗണ്ടറും ഫ്രീലാന്‍സ് ട്രെയിനറുമാണ്.)