ഹൈദരാബാദ് ഇഫ്ളു യൂണിവേഴ്സിറ്റിയിലെ
അറബ് ആൻഡ് ഏഷ്യൻ സ്റ്റഡീസിൽ
നിന്നും കൗൺസിലർ സ്ഥാനത്തേക്ക്
തെരഞ്ഞെടുക്കപ്പെട്ട മറിയം നാസ്വിഹ
2023-ലാണ് ഞാന്‍ അല്‍ ജാമിഅ അല്‍ ഇസ്ലാമിയ എന്ന ഇസ്ലാമിക സര്‍വകലാശാലയില്‍നിന്ന് രാജ്യത്തെ പ്രധാന കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദിലെ ഇഫ്ളുവിലേക്ക് എത്തുന്നത്. തികച്ചും വ്യത്യസ്തങ്ങളായ അന്തരീക്ഷമായിരുന്നു രണ്ടിടത്തേതും. 2019 -ലെ സി.എ.എ, എന്‍.ആര്.സി കാലത്ത് ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളുടെ ഫാസിസ്റ്റ് സ്റ്റേറ്റിനെതിരെയുള്ള ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് എന്റെയുള്ളില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മോഹം ഉണരുന്നത്. വംശീയതയുടെയും വെറുപ്പിന്റെയും വാഹകരെ വിരല്‍ ചൂണ്ടി വിറപ്പിച്ച ആ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒരു മുസ്ലിം എന്ന നിലക്ക് നാം വല്ലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രതിഭാസമല്ല എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാവുന്നത് ഇഫ്ളുവിലേക്കുള്ള വരവോടു കൂടിയാണ്.
'അല്‍ ജാമിഅയില്‍ പഠിക്കുമ്പോള്‍ ജാമിഅക്ക് പുറത്തുള്ള ഒരു ലോകത്തെ കുറിച്ച് പത്രമാധ്യമങ്ങളില്‍ കണ്ടിരുന്ന വാര്‍ത്തകള്‍ക്കപ്പുറം ഒരു പരിചയം എനിക്കില്ലായിരുന്നു. ഇസ്ലാമിക സംവിധാനത്തിനകത്തുള്ള മുസ്ലിം അനുഭവവും മതേതര ഭരണകൂടത്തിന്റെ അധികാര പരിധിയിലുള്ള സ്ഥാപനത്തിനകത്തുള്ള മുസ്ലിം അനുഭവവും തികച്ചും വ്യത്യസ്തമാണ്. ഇസ്ലാമിക വിജ്ഞാനങ്ങള്‍ അതിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍നിന്ന് തന്നെ അറിയാന്‍ അല്‍ജാമിഅയിലെ പഠനം ഉപകരിച്ചു. എന്നാല്‍, ഈ വിജ്ഞാനങ്ങളുടെ ചരിത്രപരമായ രൂപപ്പെടലുകളെ മനസ്സിലാക്കുന്നതിനും വിജ്ഞാനങ്ങളെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുമ്പോഴുണ്ടാവുന്ന ആശയക്കുഴപ്പങ്ങളെ അഭിമുഖീകരിക്കുന്നതിനും ഇഫ്ളുവിലെ ആദ്യ ഘട്ടങ്ങള്‍ എന്നില്‍ സംഘര്‍ഷങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍, ഇസ്ലാമിന്റെ വിശാലതയും സാധ്യതയും മനസ്സിലാക്കിത്തരുന്നതില്‍ ഇഫ്ളു കമ്യൂണിറ്റി അറിഞ്ഞോ അല്ലാതെയോ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ത്യന്‍ മുസ്ലിംകള്ക്ക് ഇത്രയധികം വെല്ലുവിളിയായ ഒരു കാര്യമാണ് എന്ന തിരിച്ചറിവും എനിക്ക് പകര്‍ന്നുതന്നത് ഇഫ്ളുവിലെ ആക്ടിവിസവും ഇടപെടലുകളുമാണ്. മുസ്ലിമത്വത്തെ ഒരു രാഷ്ട്രീയ ചോദ്യമായി ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ മാത്രം തുല്യതയില്ലാത്ത വിദ്വേഷ പ്രചാരണവും വിവേചനവും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു.
സംഘ് പരിവാറിന്റെത് വളരെ പ്രകടഭാവമുള്ള തുറന്ന ഇസ്ലാമോഫോബിയയാണ്. അത് കൂടുതല്‍ ഹിന്ദു സ്വത്വ രൂപീകരണത്തിനുള്ള ഒരു വൈകാരിക തലത്തിലുള്ളതാണ്. എന്നാല്‍, മുസ്ലിംകളെ കുറിച്ചുള്ള ഭീതിയെ, സവിശേഷമായും മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള ആശങ്കകളെ, പൊതുമധ്യത്തില്‍ അക്കാദമിക ഭാഷയില്‍ ഉല്പാദിപ്പിക്കുന്നത് പലപ്പോഴും ലിബറല്‍ ലെഫ്റ്റ് വൃത്തങ്ങളില്‍നിന്നാണ്. ഇസ്ലാമോഫോബിയക്ക് എതിരിലുള്ള ഇടത് ലിബറല്‍ പ്രതിരോധങ്ങള്‍ എത്രത്തോളം പരിമിതികളുള്ളതാണ് എന്നുള്ളതും ഇഫ്ളു എന്നെ പഠിപ്പിച്ചു. തങ്ങള്‍ മെനഞ്ഞുണ്ടാക്കിയ ഇസ്ലാമിന്റെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു ഇസ്ലാം പ്രാക്ടീസ് ചെയ്യാന്‍ നിങ്ങള്‍ സന്നദ്ധരാവുകയാണെങ്കില്‍ അംഗീകരിക്കുകയും അല്ലെങ്കില്‍ തള്ളിക്കളയുകയും ചെയ്യുന്ന ഒരു പ്രത്യേക തരം ഇടപാട് മാത്രമാണ് അവരുടെ ഇസ്ലാമോഫോബിയയോടുള്ള വിമര്‍ശനവും മുസ്ലിംകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച സങ്കല്പവും. അതല്ലാതെയുള്ള ഇസ്ലാം ഒരു കുറ്റകൃത്യമായിട്ടാണ് അവര്‍ കാണുന്നത്.
ഈ സംഘര്‍ഷങ്ങളെല്ലാം അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നേരിടേണ്ടി വന്നതായിരുന്നു കഴിഞ്ഞ സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പ്. ഒരു ഭാഗത്ത് എ.ബി.വി.പിയോട് ശക്തമായി എതിരിടുന്നതോടൊപ്പം തന്നെ മറുവശത്ത് MSF, TSF, SFI പോലുള്ള സംഘടനകള്‍ ഒത്തുചേര്‍ന്ന ക്യാമ്പില്‍ നിന്നുള്ള ശക്തമായ ഇസ്ലാമോഫോബിയ പ്രചാരണത്തെ കൂടി മറികടക്കേണ്ടിയിരുന്നു. ഇത്തരം അനേകം സംവിധാനങ്ങളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ടുള്ള വിജയമായിരുന്നു ഇത്തവണ ഫ്രറ്റേണിറ്റി നേടിയെടുത്തത്.
എസ.്ഐ.ഒ, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ ഭീകരവല്ക്കരിച്ചുകൊണ്ടും അത്തരം മുസ്ലിം സംഘടനകളുടെ സാന്നിധ്യം അപകടകരമായ ഒന്നാക്കി മുദ്രകുത്തിക്കൊണ്ടുമുള്ള പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പിലെ ഇസ്ലാമോഫോബിക് കാമ്പയിനില്‍ മുഴച്ചുനിന്നത്. ചുരുക്കത്തില്‍, മുസ്ലിംകള്ക്കിടയില് good മുസ്ലിം bad മുസ്ലിം binary നിര്‍മിക്കുകയും അതില്‍ തങ്ങളുടെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഗുഡ് മുസ്ലിംകള് മാത്രമാണ് മതേതരത്വത്തോടും ദേശീയതയോടും കൂറുള്ളവര്‍; അല്ലാത്തവര്‍ എല്ലാ തരത്തിലുള്ള വെറുപ്പിനും ഇരയാകേണ്ടവരാണ് എന്ന മട്ടിലായിരുന്നു ഫ്രറ്റേണിറ്റിക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാളി മുസ്ലിം വിദ്യാര്‍ഥിനി താരതമ്യേന സ്ത്രീ പ്രാതിനിധ്യം കുറവുള്ള അറബ് ആന്‍ഡ് ഏഷ്യന്‍ സ്കൂളില്‍ നിന്ന് മത്സരിച്ച് ജയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഫീഫ താരിന് എന്ന വിദ്യാര്‍ഥിനി സ്ത്രീസംവരണ സീറ്റില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ഏഷ്യന്‍ സ്കൂളില്‍ നാല് സീറ്റിലേക്ക് എട്ട് സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. അതിലെ ഏക സ്ത്രീ സ്ഥാനാര്‍ഥി ആയിരുന്നു ഞാന്‍. എ.ബി.വി.പിയുടെ ശക്തനായ സ്ഥാനാര്‍ഥിക്കെതിരെ നേര്‍ക്കുനേരെയുള്ള പോരാട്ടമായിരുന്നു നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ എ.ബി.വി.പിയുടെ ഫാസിസത്തിനെതിരെ രൂപപ്പെട്ട ഇന്‍സാഫ് സഖ്യത്തിന് എ.ബി.വി.പിയെ ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കുന്നതില്‍ നിന്ന് തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണ ഫാസിസ്റ്റ് വിരുദ്ധ വിശാല സഖ്യത്തിന്റെ സാധ്യതകളെ എസ.് എഫ.് ഐ ദുര്‍ബലപ്പെടുത്തിയതിനാല്‍ രണ്ട് കൗണ്‍സിലര്‍ സീറ്റ് എ.ബി.വി.പിക്ക് ലഭിച്ചു. അതില്‍ ഒന്ന് ഞാനടക്കം തെരഞ്ഞെടുക്കപ്പെട്ട അറബ് ആന്‍ഡ് ഏഷ്യന്‍ സ്കൂളിലെ ഒ.ബി.സി ക്വാട്ടയില്‍ നിന്നാണ്. അവിടെ എ.ബി.വി.പി സ്ഥാനാര്‍ഥിക്ക് 81 വോട്ടും ഫ്രറ്റേണിറ്റി പിന്തുണച്ച എന്‍.എസ.്യു.ഐ സ്ഥാനാര്‍ഥിക്ക് 73 വോട്ടും എം. എസ.് എഫ് സ്ഥാനാര്‍ഥിക്ക് 45 വോട്ടുമാണ് ലഭിച്ചത്. കേവലം 8 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.ബി.വി.പി സ്ഥാനാര്‍ഥി വിജയിക്കുകയായിരുന്നു. പൊതുവില്‍ ഇഫ്ളുവില്‍ മുസ്ലിം വിദ്യാര്‍ഥിനികളുടെ സാന്നിധ്യം കുറവുള്ള ഡിപ്പാര്‍ട്ട്മെന്റുകളാണ് ഫോറിന് ലാംഗ്വേജ്. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റന ബഷീറും ഫോറിന് ലാംഗ്വേജ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നായിരുന്നു. എന്നാല്‍, ഇത്തവണ ഫോറിന് ലാംഗ്വേജ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കൗണ്‍സിലില്‍ എത്തിയ സ്ത്രീ പ്രതിനിധി ഞാന്‍ മാത്രമായിരുന്നു.
മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള ഹിന്ദുത്വവാദികളുടെയും ലിബറല്‍ പക്ഷത്തിന്റെയും ആകുലതകളും വ്യഗ്രതകളും നിറഞ്ഞു നില്‍ക്കുമ്പോഴും ഒരു മുസ്ലിം സ്ത്രീ സ്വന്തമായി രാഷ്ട്രീയം സംസാരിച്ച് അധികാര സ്ഥാനത്ത് എത്തുന്നതിനോടുള്ള പൂര്‍ണ അസ്വസ്ഥതയുള്ളവരാണ് ഇവര്‍ എന്ന് തെളിയിക്കുന്നതാണ് ഇഫ്ളുവിലെ അനുഭവം. അങ്ങേയറ്റം ഇസ്ലാമോഫോബിയ ഞാന്‍ പ്രതിനിധാനം ചെയ്ത ഫ്രറ്റേണിറ്റി പാനലിനെതിരെ ഉണ്ടായപ്പോഴും ഫ്രറ്റേണിറ്റിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച് TSF, MSF, SFI ധാരണാ -സഖ്യ സ്ഥാനാര്‍ഥിക്കെതിരെ വെറും 37 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട ശഹീന്‍ അഹമ്മദ് നടത്തിയ പ്രസ്താവനകളും പ്രഭാഷണങ്ങളും വളരെ ശ്രദ്ധേയമാണ്. ഇസ്ലാമോഫോബിയക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സംസാരിച്ച ശഹീന്‍ അഹമ്മദ് പറഞ്ഞത് അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ പരസ്പരം തമ്മിലടിക്കുകയല്ല, മറിച്ച് നമ്മെയെല്ലാം അരികുവല്‍ക്കരിക്കുന്ന ഫാസിസത്തിനെതിരായ ഒരുമിച്ചുള്ള പോരാട്ടം സാധ്യമാക്കുകയാണ് വേണ്ടത് എന്നായിരുന്നു. പരിമിതമായ അധികാര താല്പര്യങ്ങള്ക്കപ്പുറം വിശാലമായ രാഷ്ട്രീയ ഭാവന ഉണ്ടാകുമ്പോള്‍ മാത്രമാണ് മര്‍ദിത ജനവിഭാഗങ്ങള്‍ക്ക് മുന്നോട്ടു കുതിക്കാന്‍ കഴിയൂ എന്ന അതിശക്തമായ രാഷ്ട്രീയ സന്ദേശത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് അനുഭവം നല്കുന്ന വലിയൊരു അഭിമാന ബോധമാണ്. എല്ലാ വിധത്തിലുള്ള വംശീയ പ്രചാരണങ്ങളെയും മറികടന്ന് സുഹൃത്ത് നൂറ ജയിച്ചു കയറിയപ്പോള്‍ ഇസ്ലാമോഫോബിയയുടെ പ്രചാരണങ്ങളെ മറികടക്കാനുള്ള ഒരു മുസ്ലിം സ്ത്രീയുടെ ശക്തമായ രാഷ്ട്രീയശേഷിയാണ് ബോധ്യപ്പെട്ടത്. നാം തോല്ക്കാന് സന്നദ്ധതയുള്ള ജനതയല്ല, മറിച്ച് ജയിക്കാന്‍ ആര്‍ജവവും രാഷ്ട്രീയ ബോധ്യവുമുള്ള ജനതയാണ് എന്ന് തെളിയിക്കുകയായിരുന്നു നൂറയുടെ വിജയം.
ഞാന്‍ പഠിച്ച ഇസ്ലാമിന്റെ നീതിയുടെയും വിമോചനത്തിന്റെയും ശബ്ദങ്ങളെ അതിന്റെ എല്ലാ സര്ഗാത്മകതകളോടും കൂടി ആവിഷ്കരിക്കാന്‍ സാധിക്കുന്നു എന്നതില്‍ ഈ ക്യാമ്പസ് ജീവിതത്തില്‍ ഞാന്‍ സംതൃപ്തയാണ്. തീര്‍ച്ചയായും ഇസ്ലാമിന്റെ നീതിയുടെയും വിമോചനത്തിന്റെയും സര്‍ഗാത്മകതയുടെയും ശബ്ദങ്ങള്‍ വീണ്ടും വീണ്ടും ആവിഷ്കരിക്കാന്‍ എനിക്ക് ഊര്‍ജം പകരുന്നത് ഈ ക്യാമ്പസിന്റെ കപടമായ ലിബറല്‍ അന്തരീക്ഷമല്ല. മറിച്ച്, ഏത് വന്‍ ശക്തിക്ക് മുന്നിലും പതറാതെ അടിയുറച്ചുനില്ക്കാന് കഴിയുന്ന വിശ്വാസത്തിന്റെ കരുത്തും ഫലസ്തീനികള്‍ നമുക്ക് കാണിച്ചു തരുന്ന ഈമാനിന്റെ ദൃഢതയും തന്നെയാണ്.