''അശ്ലീല വീഡിയോകള്‍ കാണുമ്പോള്‍ ലഭിക്കുന്നത് കഞ്ചാവ് വലിക്കുന്നതിന് സമാനമായ അനുഭൂതി''യെന്നാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിംഹാന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. 23 വയസ്സുള്ള യുവാവ് ചികിത്സയ്ക്ക് എത്തിയപ്പോള്‍ താന്‍ കഞ്ചാവ് അഡിക്്ഷനില്‍ നിന്ന് രക്ഷനേടാനായാണ് അശ്ലീല വീഡിയോകള്‍ കാണാന്‍ തുടങ്ങിയതെന്നും പിന്നീട് ദിവസത്തില്‍ ആറ് മുതല്‍ 15 മണിക്കൂര്‍ വരെ മൂന്നു വര്‍ഷത്തോളമായി പോണ്‍ വീഡിയോകള്‍ കാണുന്നു എന്നും എത്ര വേണ്ടെന്ന് വെച്ചാലും അശ്ലീല ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടി വരുന്നു എന്നും പറയുന്നു.
ഈ സംഭവങ്ങള്‍ എന്തുമാത്രം നമ്മുടെ ജീവിതത്തില്‍ പോണോഗ്രഫി അഡിക്ഷന് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. മൊബൈലും ഇന്റര്‍നെറ്റും നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങളായി. ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിലേറെ ദോഷകരമായ രൂപത്തില്‍ തന്നെയാണ് നമ്മള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. വല്ലപ്പോഴും ആരും കാണാതെ കണ്ടിരുന്ന അശ്ലീല വീഡിയോകള്‍ ഇന്ന് നമുക്കു മുന്‍പില്‍ 24 മണിക്കൂറും ലഭ്യമാകുന്നത് മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയുമാണ്. കൊച്ചു കുട്ടികള്‍ വരെ ഇതിന് അടിമപ്പെടുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചു കുട്ടി സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നുണ്ടെന്ന പരാതിയുമായി ഒരു അമ്മ വന്നത് വളരെ അടുത്താണ്. എല്ലാ മേഖലയിലും വളരെ മുമ്പില്‍ നില്‍ക്കുന്ന നമ്മുടെ കേരളം തന്നെയാണ് പോണ്‍ വീഡിയോസ് നിര്‍മിക്കുന്നതിലും മുന്‍പന്തിയില്‍ ഉള്ളത്.
സ്‌കൂള്‍ കുട്ടികളാണ് ഇന്ന് പോണ്‍ വീഡിയോ അഡിക്്ഷനില്‍ ഏറ്റവും മുന്‍പന്തിയില്‍. കുട്ടികള്‍ അവരുടെ ലൈംഗിക വളര്‍ച്ചാ കാലഘട്ടത്തില്‍ അശ്ലീല വീഡിയോകള്‍ കാണാനിടയായാല്‍ അതിലേക്ക് അഡിക്ഷന്‍ വരാന്‍ വളരെയേറെ സാധ്യതയുണ്ട്. അമിതമായ ഇവയുടെ ഉപയോഗം മറ്റു സൈബര്‍ ക്രൈംസിലേക്കും റേപ്പിലേക്കും ഇവരെ എത്തിക്കുന്നു. ഒമ്പതാം ക്ലാസുകാരന്‍ വീടിനടുത്തുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോയി ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ട് പിടിക്കപ്പെട്ട് എന്റെ മുമ്പില്‍ എത്തിച്ചേര്‍ന്നത് ആഴ്ചകള്‍ക്കു മുന്‍പാണ്. ഇതിനുള്ള പ്രേരണ അശ്ലീല വീഡിയോകള്‍ തന്നെ. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ക്കും ഡാര്‍ക്ക് വെബ്ബില്‍ വളരെ ഡിമാന്‍ഡ് ആണ്. ഇത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം കൂട്ടുന്നതിനും വഴിവെക്കുന്നു.
പോണോഗ്രഫിയുടെ പ്രതികൂല ഫലങ്ങള്‍
- പോണോഗ്രഫി ഡിസ്ട്രസ്- അശ്ലീല വീഡിയോകള്‍ കാണുന്നതു മൂലം വ്യക്തിയുടെ വ്യക്തിഗത ജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും പ്രതികൂലമായ അവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നു.
- സ്വയം നിഷേധാത്മക വീക്ഷണം (നെഗറ്റീവ് സെല്‍ഫ് ഇമേജ്) ഭാര്യ, തന്റെ ഭര്‍ത്താവ് അശ്ലീല വീഡിയോ കാണുന്നുണ്ടെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍, അവര്‍ സ്വയം സെക്ഷ്വലി ആകര്‍ഷണീയമല്ലെന്നും അതിനാലാണ് തന്റെ ഭര്‍ത്താവ് ഇതുപോലുള്ള വീഡിയോകള്‍ കണ്ട് തൃപ്തിയടയുന്നതെന്നും ചിന്തിക്കാന്‍ ഇടയാകുന്നു.
- സെക്ഷ്വല്‍ അഡിക്്ഷന്‍- ലൈംഗിക ആഗ്രഹങ്ങളും ചിന്തകളും ഒരു നിയന്ത്രണവും ഇല്ലാതെ എപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയും വരുംവരായ്കകളെ അവഗണിച്ച് അവയുടെ സാക്ഷാത്കാരത്തിനു വേണ്ടി ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സെക്‌സ് അഡിക്ഷന്‍. പോണോഗ്രഫിയോടുള്ള അമിതമായ ആസക്തി, നിയന്ത്രണം നഷ്ടപ്പെടുക, നിര്‍ബന്ധിത ബുദ്ധിയോടെ അശ്ലീല വീഡിയോകള്‍ കാണുക, ഇതേ തുടര്‍ന്ന് പാര്‍ട്ണറുമായുള്ള അടുപ്പം കുറയുക എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്.
- യാഥാര്‍ഥ്യമല്ലാത്ത സെക്ഷ്വല്‍ ഫാന്റസി- പാര്‍ട്ണര്‍ അശ്ലീല വീഡിയോകള്‍ ആസ്വദിക്കുമ്പോള്‍ അയാള്‍ക്ക് വീഡിയോയിലെ പോലെ ഒട്ടും യാഥാര്‍ഥ്യമല്ലാത്ത സെക്ഷ്വല്‍ ആക്ടിവിറ്റീസ് റിയല്‍ ലൈഫില്‍ വേണമെന്ന ചിന്ത വരും. ഇത് ഒപ്പമുള്ള പാര്‍ട്ണര്‍ക്ക് സെക്‌സിനോടും ഫിസിക്കല്‍ ഇന്റിമസിയോടും വെറുപ്പ് ഉണ്ടാക്കുന്നു. ഇത് അമിതമായ വെര്‍ച്വല്‍ സെക്‌സിലേക്കും ഒന്നിലേറെ സെക്ഷ്വല്‍ പാര്‍ട്‌ണേഴ്‌സിലേക്കും അശ്ലീല വീഡിയോ കാണുന്ന ആളെ എത്തിക്കുന്നു.
- റൊമാന്റിക് റിലേഷന്‍ഷിപ്പ് കുറയുന്നു- പങ്കാളികല്‍ തമ്മിലെ ആശയവിനിമയം കുറയുന്നതോടെ അഭിപ്രായ വ്യത്യാസങ്ങള്‍ വരികയും ദാമ്പത്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു.
- വിവാഹ മോചനം- സ്ത്രീകളാണ് കൂടുതലും ഭര്‍ത്താവിന്റെ ഫോണ്‍ അഡിക്ഷന്‍ കാരണം വിവാഹമോചനത്തിന് വേണ്ടി നിയമസഹായം തേടുന്നത്. പോണോഗ്രഫി അനാരോഗ്യകരമായ ജീവിതത്തിലേക്ക് വഴിതെളിക്കുന്നതോടെ പലര്‍ക്കും ദാമ്പത്യജീവിതം തന്നെ മടുക്കുന്നു.
ദാമ്പത്യ ജീവിതവും പോണോഗ്രഫിയും
അശ്ലീല വീഡിയോകളുടെ അതിപ്രസരം ബന്ധങ്ങളെ ബാധിച്ചു കഴിഞ്ഞു. ഭര്‍ത്താവിന് പോണ്‍ വീഡിയോസ് കാണാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നില്ലെന്നും തനിക്ക് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലെന്നും ഉള്ള പരാതിയുമായി ഒരു യുവതി എന്റെടുത്ത് വന്നിരുന്നു. ഭര്‍ത്താവിന്റെ അമിതമായ പോണ്‍ ഉപയോഗത്താല്‍ അയാളുടെ സെക്ഷ്വല്‍ ഫാന്റസി ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവര്‍ ഡിവോസിന്റെ വക്കില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെടുന്ന പലരും യഥാര്‍ഥ ലൈംഗിക ബന്ധങ്ങളെക്കാള്‍ അശ്ലീല ദൃശ്യങ്ങളിലാണ് തങ്ങളുടെ കാര്യം നടത്തുന്നത്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോ ആസ്വദിച്ച വ്യക്തിയില്‍ കൂടിയ തോതില്‍ ഡോപാമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ലൈംഗിക പങ്കാളി എത്ര പണിപ്പെട്ടാലും ഇവരുടെ തലച്ചോറില്‍ ഡോപാമിന്‍ ഉത്പാദിപ്പിക്കപ്പെടുകയും ഇല്ല. ഇതോടെ റിയല്‍ സെക്‌സ് ലൈഫ് തകിടം മറിയുന്നു. 20,000 ത്തോളം വിവാഹം കഴിഞ്ഞ വ്യക്തികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സ്- റേറ്റഡ് (18+) സിനിമകള്‍ കാണുന്നവരില്‍, 60% പേരും ഡിവോഴ്‌സില്‍ എത്തിയെന്നും 80 ശതമാനം ആളുകള്‍ക്കും വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി.
ഡോപാമിന്റെ പങ്ക്
മനുഷ്യരില്‍ ലൈംഗിക വികാരം ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡോപ്പാമിനാണ്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ വലിയ തോതില്‍ ഡോപാമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് തലച്ചോറില്‍ ഒരു റിവാര്‍ഡ് സിസ്റ്റമായി പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് അഡിക്്ഷനിലേക്കും എത്തിക്കുന്നു. പ്ലഷര്‍ ഹോര്‍മോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.