ഉപകാരപ്പെടുന്ന അറിവുകള്‍ക്കുള്ളതാവട്ടെ സമയം
പുതിയ ഒരു വര്‍ഷത്തിന്റെ തുടക്കത്തിലാണ്് നാം. കാലത്തിന്റെ വേഗതക്കൊപ്പം സ്വപ്‌ന സാക്ഷാത്കാരത്തിന്റെ വഴിയന്വേഷിച്ച് നാം ഓടുകയാണ്. വലിയ വലിയ പ്രതീക്ഷകളും അതിലേറെ ചിന്തകളും ഒരുക്കൂട്ടിവെച്ചുകൊണ്ടാണ് ഓരോ പുലരിയെയും നാം വരവേല്‍ക്കുന്നത്.
പുതിയ ഒരു വര്‍ഷത്തിന്റെ തുടക്കത്തിലാണ്് നാം. കാലത്തിന്റെ വേഗതക്കൊപ്പം സ്വപ്‌ന സാക്ഷാത്കാരത്തിന്റെ വഴിയന്വേഷിച്ച് നാം ഓടുകയാണ്. വലിയ വലിയ പ്രതീക്ഷകളും അതിലേറെ ചിന്തകളും ഒരുക്കൂട്ടിവെച്ചുകൊണ്ടാണ് ഓരോ പുലരിയെയും നാം വരവേല്‍ക്കുന്നത്.
ഓരോ കാലവും നമുക്ക് സമ്മാനിക്കുന്നത് ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാനുള്ള സംവിധാനങ്ങളും സൗകര്യങ്ങളുമാണ്.
ആധുനികത സമ്മാനിച്ച ജ്ഞാനോത്പ്പാദന മാര്‍ഗങ്ങളും വിനിമയ-വിനോദ ഉപാധികളും ജീവിതത്തെ എളുപ്പവും ആഹ്ലാദകരവുമാക്കിത്തീര്‍ക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്. എന്നാല്‍, പുതിയ കാലത്തിന്റെ വരവ് ചില ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. സമയത്തോടൊപ്പം കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത് ആയുസ്സിലെ വിലപ്പെട്ട നിമിഷങ്ങള്‍ കൂടിയാണല്ലോ. കാലം ഒരുക്കിത്തന്ന സംവിധാനങ്ങളെ ആഹ്ലാദത്തോടെ അനുഭവിച്ചു മുന്നോട്ടു പോകുന്നതോടൊപ്പം സ്വയം വിചാരണ നടത്തേണ്ട ചില ചോദ്യങ്ങളും മനസ്സില്‍ വരേണ്ടതുണ്ട്. ആസ്വദിക്കാനും അനുഭവിക്കാനുമുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഈ ലോകത്തൊരുക്കിത്തന്ന പ്രപഞ്ചനാഥനോട് നന്ദി കാണിച്ചുവോ എന്ന ചോദ്യം.
സാങ്കേതികതയും സാമൂഹിക വിനിമയ മാധ്യമങ്ങളും പ്രകാശ വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ഇന്ന് കാണുന്നതല്ല നാളെ കാണാന്‍ പോകുന്നത്.
അറിയാനാഗ്രഹിച്ചതെല്ലാം വിരല്‍ത്തുമ്പത്തുണ്ട്. അതിലെ ഗുണപരമായ നേട്ടങ്ങള്‍ അഭ്യസിക്കുന്നതിനെക്കാള്‍ അസഭ്യങ്ങള്‍ക്കും അനാശാസ്യതകള്‍ക്കുമാണ് സമയവും സൗകര്യവും ഉപയോഗപ്പെടുത്തുന്നത്. പോണോഗ്രഫി പോലുള്ള സൈബര്‍ ഇടങ്ങള്‍ കുടുംബ സ്വാസ്ഥ്യം പോലും തകരാറിലാക്കുന്നു.
'തീര്‍ച്ചയായും അനുഗ്രഹങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും' (102 :8) എന്ന ദൈവിക താക്കീത് സമയത്തെ ഉപയോഗിക്കുന്നേടത്ത് നാം ഓര്‍മിക്കാറേയില്ല.
അറിവാണ് മനുഷ്യന് ലഭിച്ച വലിയ ആയുധം. വായിക്കാനാജ്ഞാപിക്കപ്പെട്ട വിശ്വാസിസമൂഹത്തിന്റെ കരുത്താണത്. അതിനാല്‍ വരും കാലത്തിന്റെ സാങ്കേതികതയുടെ വിവിധ മേഖലകളെ കാര്യമായി ഉപയോഗിക്കുന്നവരായിത്തീരണം എന്ന പ്രതിജ്ഞയോടെയായിരിക്കണം വരും കാലത്തെ നാം വരവേല്‍ക്കേണ്ടത്. കാരണം, ഭൗതിക ലോകത്തിന്റെ മായികതയില്‍ വഞ്ചിതരായിപ്പോകുന്ന രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് -'അധിക ജനങ്ങളും വഞ്ചിതരായിപ്പോകുന്ന രണ്ട് അനുഗ്രഹങ്ങള്‍: ആരോഗ്യവും ഒഴിവു സമയവും' (ബുഖാരി) പ്രവാചകന്‍ താക്കീതു നല്‍കിയിട്ടുണ്ടെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നത് ഒഴിവു സമയങ്ങളില്‍ വിനോദോപാധികള്‍ അമിതമായി ഉപയോഗിക്കുന്നതു മൂലമാണ്. അതിനാല്‍, ഉപകാരപ്പെടുന്ന അറിവുകള്‍ക്കായുള്ള പരിശ്രമത്തിനായിരിക്കട്ടെ വരും കാലത്തെ പ്രയത്‌നങ്ങള്‍.