ഓട്ടിസ ബാധിതർ സ്വർഗത്തിന്റെ താക്കോലുകളാണ്

ശൈഖ് മുഹമ്മദ് അൽ അരീഫി
ജനുവരി 2025
മുഹമ്മദുബ്നു അബ്ദിൽ അസീസ് യൂനിവേഴ്‌സിറ്റിയിൽ നിന്നും അഖീദയിലും മദാഹിബുൽ അർബഅയിലും ഡോക്ടറേറ്റ് നേടിയ, സൗദി പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് അൽ അരീഫിയുടെ ജുമുഅ ഖുതുബയിൽ നിന്നുള്ള പ്രസക്തഭാഗം

ഇഹലോകം അല്ലാഹു സൃഷ്ടിച്ചത് ശാശ്വത ഭവനമായല്ല, പരലോകത്തേക്കുള്ള യാത്രയിലെ ഇടത്താവളമായാണ്. തന്റെ ദാസന്മാര്‍ നിരവധി മാറ്റങ്ങളിലൂടെയും അവസ്ഥാന്തരങ്ങളിലൂടെയും കടന്നു പോകേണ്ടവരാണെന്ന് അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ആരോഗ്യം, അനാരോഗ്യം; ഐശ്വര്യം, ദാരിദ്ര്യം; രോഗം, സൗഖ്യം ഇങ്ങനെ നാം കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന നിരവധി അവസ്ഥാന്തരങ്ങള്‍. മനുഷ്യ ജീവിതത്തില്‍ വരുന്ന നിതാന്ത മാറ്റത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. ഇന്നത്തെ ധനികന്‍ നാളെ ദരിദ്രനായിത്തീരും. ആരോഗ്യത്തോടെ ജീവിച്ച വ്യക്തി നാളെ രോഗിയായി മാറും. ഇതില്‍ അടങ്ങിയ യുക്തി സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേ അറിയൂ. അവന്റെ ഈ പ്രതിഭാസങ്ങളില്‍ ചില നിശ്ചയങ്ങളും ആ നിശ്ചയങ്ങള്‍ക്ക് പിന്നില്‍ ചില യുക്തിയും ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് സത്യം.

'നിന്റെ നാഥന്‍ അവന്‍ ഇച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് ഈ ആളുകള്‍ ചെയ്യേണ്ട കാര്യമല്ല'' (അല്‍ ഖസ്വസ്വ് 68).

തങ്ങള്‍ നേരിടുന്ന പരീക്ഷണങ്ങളില്‍ ക്ഷമയും സഹനവും കൈക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് മികച്ച പ്രതിഫലം അല്ലാഹു ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് ഭിന്നശേഷിക്കാരനായ മകന്‍ ജനിക്കുന്നു, ഓട്ടിസം ബാധിച്ച മകനോ മകളോ പിറക്കുന്നു, ഓട്ടിസത്തിന്റെ ഫലമായി സ്വന്തം തീരുമാനങ്ങളും ചിന്താശേഷിയുമില്ലാത്ത മക്കളെ എന്നെന്നും പരിചരിച്ചു ജീവിക്കേണ്ടി വരുന്ന മാതാപിതാക്കളെ കുറിച്ച് ഓര്‍ത്തുനോക്കൂ. തങ്ങളുടെ മക്കളെ ശുശ്രൂഷിക്കുന്നതും പരിചരിക്കുന്നതും അവരോടൊപ്പം കണ്ണിമ വെട്ടാതെ കഴിയേണ്ടി വരുന്നതും പ്രതിഫലാര്‍ഹമായ സല്‍ക്കര്‍മമായി കരുതി, അവര്‍ തങ്ങളുടെ സ്വര്‍ഗ പ്രവേശത്തിന്റെ കാരണക്കാരായിത്തീരുമെന്ന് വിശ്വസിച്ചു ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകങ്ങളായി ജീവിക്കുന്ന രക്ഷിതാക്കളെ എനിക്കറിയാം. നബി പ്രസ്താവിച്ചു: 'ഇഹലോകത്ത് കഠിന പരീക്ഷണങ്ങള്‍ നേരിട്ട ആളുകള്‍ക്ക് നാളെ പരലോകത്ത് അല്ലാഹുവിന്റെ സന്നിധിയില്‍ ലഭിക്കുന്ന മഹത്തായ സ്ഥാനവും സമ്മാനങ്ങളും കാണുമ്പോള്‍, ഇഹലോകത്ത് ഒരു പ്രയാസവും അനുഭവിക്കാതെ ജീവിച്ചവര്‍ ആശിച്ചുപോകും, തങ്ങളുടെ ശരീരവും ചര്‍മങ്ങളുമൊക്കെ കത്രികകൊണ്ടും കത്തികൊണ്ടും തുണ്ടംതുണ്ടമായി കഷണിക്കപ്പെടുന്ന അവസ്ഥ ഇഹലോകത്ത് തങ്ങള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന്'' (തിര്‍മിദി).

ഇഹലോകം ശാശ്വത ഭവനമല്ല. പരലോക യാത്രയില്‍ താല്‍ക്കാലികമായി തങ്ങുന്ന വിശ്രമ കേന്ദ്രം മാത്രമാണത്. പരീക്ഷണങ്ങളിലും വിപത്തുകളിലും സഹനവും ക്ഷമയും കൈക്കൊള്ളുന്നുണ്ടോ എന്ന പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. അതില്‍ വിജയിച്ചവര്‍ക്ക് ഉള്ളതാണ് സ്വര്‍ഗം. ഒരു സ്ത്രീ വന്ന് നബിയോട്: 'റസൂലേ, എനിക്ക് ചിലപ്പോള്‍ അപസ്മാരമിളകുന്നു. അന്നേരം ഞാന്‍ എന്റെ വസ്ത്രമെല്ലാം കീറിപ്പറിച്ചുപോകുന്നു. എന്റെ ശരീരഭാഗങ്ങള്‍ വെളിപ്പെടാന്‍ അത് കാരണമാകുന്നു. എന്റെ രോഗം ഭേദമാകാനും 'ഔറത്ത്' വെളിപ്പെടാതിരിക്കാനും അങ്ങ് പ്രാര്‍ഥിച്ചാലും!'

നബി: 'നിന്റെ രോഗം ഭേദമാക്കാനും ഔറത്ത് വെളിപ്പെടാതിരിക്കാനും ഞാന്‍ പ്രാര്‍ഥിക്കാം. ഇനി, നീ ക്ഷമ കൈക്കൊള്ളുകയാണെങ്കില്‍ നിനക്ക് സ്വര്‍ഗം ലഭിക്കും. നിന്റെ രോഗം നിന്റെ കുടുംബത്തിനോ ഭര്‍ത്താവിനോ മക്കള്‍ക്കോ ആര്‍ക്കാവട്ടെ, അരോചകമായി തോന്നിയാലും നീ ക്ഷമിച്ചാല്‍ നിനക്ക് സ്വര്‍ഗമാണ് പ്രതിഫലം.''

സ്ത്രീ: 'ഞാന്‍ ആദ്യത്തേത് തെരഞ്ഞെടുക്കുന്നു. എന്റെ ഔറത്ത് വെളിപ്പെടാതിരിക്കാന്‍ മാത്രം അങ്ങ് പ്രാര്‍ഥിച്ചാല്‍ മതി.'' സ്വര്‍ഗപ്രവേശത്തിന് കാരണമാകും തന്റെ രോഗമെന്നും ക്ഷമയെന്നും ആ സ്ത്രീ വിശ്വസിച്ചു. ആ പരീക്ഷണത്തില്‍ അവര്‍ വിജയിച്ചു.

അന്ധര്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍- ഇങ്ങനെ സമൂഹത്തില്‍ പരീക്ഷണ വിധേയരായി ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സന്നിധിയില്‍ മഹത്തായ സ്ഥാനവും പദവിയുമുണ്ട്. നബി ഖുറൈശി പ്രമുഖരുമായി സംസാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേളയിലാണ് അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം സദസ്സിലേക്ക് കയറിവന്നത്. അദ്ദേഹത്തെ വേണ്ടത്ര ശ്രദ്ധിക്കാന്‍ നബിക്ക് കഴിഞ്ഞില്ല. നബി കരുതിയിട്ടുണ്ടാവുക ഖുറൈശി നേതാക്കളോട് സംസാരിക്കാന്‍ കിട്ടിയ അപൂര്‍വാവസരമാണ്. അബ്ദുല്ലക്ക് ഇനിയും തന്നെ കാണാന്‍ എന്നും അവസരമുണ്ടല്ലോ എന്നാവും. പക്ഷേ, അല്ലാഹു ഈ വിഷയത്തില്‍ ഇടപെട്ട് ഒരു അധ്യായം തന്നെ അവതരിപ്പിച്ചു; സൂറത്തു അബസ. 'അവന്‍ മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തുവല്ലോ; ആ അന്ധന്‍ തന്നെ സമീപിച്ചതിന്റെ പേരില്‍. ഒരുവേള അയാള്‍ നന്നായി തീര്‍ന്നേക്കാം. അഥവാ ഉപദേശം ശ്രദ്ധിക്കുകയും അത് അയാള്‍ക്ക് ഫലപ്പെടുകയും ചെയ്തേക്കാം. സ്വയം പ്രമാണിയായി ചമയുന്നവനെ നീ ശ്രദ്ധിക്കുന്നു. എന്നാല്‍, അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?'' (അബസ 1-7). നബി അതുള്‍ക്കൊണ്ടു. അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം സദസ്സിലേക്ക് വരുമ്പോള്‍ നബി ഇങ്ങനെ സ്വാഗതം ചെയ്യും: 'ഏതൊരാളെ ചൊല്ലിയാണോ എന്റെ നാഥന്‍ എന്നെ അധിക്ഷേപിച്ചത്, അദ്ദേഹത്തിന് സ്വാഗതം.''

നമുക്ക് ഭിന്നശേഷിക്കാരോട്, ഓട്ടിസം ബാധിച്ചവരോട് ചില കടമകളുണ്ട്. അവര്‍ക്ക് വിലയും വീര്യവും കരുതലും നല്‍കേണ്ടവരാണ് നാം. അവരോട് നന്നായി പെരുമാറാനും അവര്‍ക്ക് സേവനം ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുക്കാനും ബാധ്യസ്ഥരാണ് നാം. അവരോട് 'ഇഹ്സാന്‍' വേണം. നിങ്ങള്‍ക്കുള്ള പരീക്ഷണം അവരോട് നിങ്ങള്‍ 'ഇഹ് സാന്‍' സമീപനം സ്വീകരിക്കുന്നുണ്ടോ എന്നാണ്. ഇഹ്സാന്‍ എന്തിലെല്ലാം വേണം? നിങ്ങളുടെ അറിവില്‍, നിങ്ങളുടെ സമ്പത്തില്‍, നിങ്ങളുടെ വൈദ്യശാസ്ത്രത്തില്‍, നിങ്ങളുടെ പെരുമാറ്റത്തില്‍, ഇടപെടലില്‍, അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍- എല്ലാം ഇഹ്സാന്‍ തെളിഞ്ഞു കാണണം.

ഒരാള്‍ നബിയോട്: 'റസൂലേ, എനിക്ക് സ്വര്‍ഗ പ്രവേശം ലഭിക്കാന്‍ ഹേതുവാകുന്ന പ്രവര്‍ത്തനം നിര്‍ദേശിച്ചു തരാമോ?''

നബി: 'തൊഴിലെടുക്കുന്നവനെ നിനക്ക് സഹായിക്കാം. തന്റെ തൊഴില്‍ നന്നായി ചെയ്യാന്‍ അറിയാത്തവനോടൊപ്പം നിന്ന് നിനക്ക് അയാളെയും സഹായിക്കാം.' ആശാരിക്ക് മരം എടുത്തുകൊടുത്താവാം, മരം പിടിക്കാന്‍ അയാളെ സഹായിച്ചാവാം, അയാളുടെ പണിയായുധങ്ങളും തൊഴില്‍ ഉപകരണങ്ങളും ചുമന്ന് സഹായിക്കാം. തൊഴില്‍ വൈദഗ്ധ്യം ഇല്ലാത്തവന് തൊഴിലിന്റെ രീതിയും ചെയ്യേണ്ട വിധവും പറഞ്ഞു കൊടുത്താവാം. അവരുടെ വൈദഗ്ധ്യവും നൈപുണിയും വളര്‍ത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാവാം. വിശ്വാസികള്‍ കെട്ടിടം പോലെയാണെന്ന് നബി പഠിപ്പിച്ചുവല്ലോ. ഒരു കല്ല് മറ്റേ കല്ലിനെ ബലപ്പെടുത്തുന്നപോലെ വിശ്വാസികള്‍ പരസ്പരം ബലം പകരേണ്ടവരാണ്. ഒരു പിതാവ് തന്റെ വികലാംഗനായ മകനെ ചുമന്ന് കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ക്ക് അയാളെ സഹായിച്ചുകൂടെ? നാളെ നിങ്ങള്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവില്ലെന്നാര് പറഞ്ഞു? ഇന്നത്തെ അരോഗദൃഢഗാത്രന്‍ നാളെ എല്ലാ കഴിവും ചോര്‍ന്നു പോയി രോഗിയായിക്കൂടേ? ഇന്നത്തെ സമ്പന്നന്‍ നാളെ ദരിദ്രനാവില്ലെന്നാരു കണ്ടു?

എന്റെ കൈവശം അമാനത്തായി ഏല്‍പിച്ച സകാത്ത്-സ്വദഖ പണം വിതരണം ചെയ്യാനായി ഞാന്‍ ഒരു ദരിദ്ര രാജ്യത്ത് ചെന്നു. ഏറ്റവും അര്‍ഹരായ ആളുകളെ തേടിയായിരുന്നു എന്റെയും സുഹൃത്തുക്കളുടെയും അലച്ചില്‍. ഒടുവില്‍ പഴയ ഒരു വീടിന്റെ വാതിലില്‍ മുട്ടി. ദാരിദ്ര്യവും പട്ടിണിയും അവശതയും മുഖത്ത് നിഴലിക്കുന്ന മെലിഞ്ഞുണങ്ങിയ സ്ത്രീ വാതില്‍ തുറന്നു. 'ഭര്‍ത്താവില്ലേ?'' 'ഇല്ല, അദ്ദേഹം മരിച്ചുപോയി.' അവര്‍: 'മക്കള്‍?'' ആ ചോദ്യത്തിന് മറുപടിയായി അവര്‍ ഞങ്ങളെ വീട്ടിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒറ്റ മുറി. അതില്‍തന്നെ അടുക്കള. ചാക്ക്കൊണ്ട് മറച്ച ഒരു ടോയ്ലറ്റ് മുറിക്ക് മുന്നില്‍. കണ്ട കാഴ്ച ഞങ്ങളെ നടുക്കി. വ്യത്യസ്ത പ്രായത്തിലുള്ള 4 ആണ്‍മക്കള്‍. കമിഴ്ന്ന് കിടന്ന് നടുവില്‍ വെച്ച ഭക്ഷണ പാത്രത്തിലുള്ള അല്‍പം പച്ചക്കറികള്‍ തിന്നുന്നു. അതേ കിടപ്പിലാണ് അവര്‍ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത്. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ നിവര്‍ന്നിരിക്കാനോ വയ്യ. ഒന്നും മിണ്ടാനാവാതെ നിന്ന ഞങ്ങളോട് ആ ഉമ്മ: 'ജനിച്ചത് മുതല്‍ എന്റെ മക്കള്‍ ഇങ്ങനെയാണ്: ഞാന്‍ അവര്‍ക്കുവേണ്ട ആഹാരം തേടാനും തൊഴില്‍ എടുക്കാനും എവിടെ, എങ്ങനെ പോവാന്‍! 24 മണിക്കൂറും അവരോടൊപ്പം വേണ്ടേ! നിങ്ങള്‍ മുറ്റത്ത് കണ്ട ഒരിത്തിരി നിലമില്ലേ! അവിടെ എന്തെങ്കിലും നട്ടും നനച്ചും കിട്ടുന്നത് കൊണ്ട് ഞാന്‍ അവര്‍ക്ക് തിന്നാന്‍ കൊടുക്കും. അവരെ പരിചരിച്ച് ഇങ്ങനെ കഴിഞ്ഞു കൂടും.'' അവര്‍ക്ക് എന്നെയോ എനിക്ക് അവരെയോ ഒരു നിമിഷം പിരിഞ്ഞ് ഇരുന്നുകൂടാ. എന്റെ കരളിന്റെ കഷണമാണ് ആ നാല് മക്കളും. ആ ഉമ്മക്ക് ആ കുട്ടികളോട് ഉള്ളതിനെക്കാള്‍ കാരുണ്യം അല്ലാഹുവിന് ആ കുഞ്ഞുങ്ങളോടുണ്ട്. ആ കുട്ടികളാണ് ആ ഉമ്മയുടെ സ്വര്‍ഗതാക്കോല്‍.

എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഞാന്‍ പോയി. അയാള്‍ക്ക് 12-ഉം 14-ഉം വയസ്സുള്ള രണ്ടാണ്‍മക്കള്‍. മൂത്തവന്‍ തന്റെ ഇരു കൈകള്‍ കൊണ്ടും തലക്ക് അടിച്ചു പരിക്കേല്‍പിക്കുന്നു. വേദനിച്ചു കരയുന്നു. ശരീരമാസകലം മാന്തിപ്പൊളിക്കുന്നു. ദയനീയ കാഴ്ച. അവന്‍ ഇങ്ങനെ ചെയ്യാതിരിക്കാന്‍ രണ്ടു കൈകളും കയര്‍കൊണ്ടു ബന്ധിച്ചിരിക്കുന്നു പിതാവ്. കുറേ കഴിയുമ്പോള്‍ പിതാവ് കെട്ട് ഒന്നയച്ചു കൊടുക്കും. അവന് നോവുമല്ലോ എന്ന വിചാരമാണ് അയാള്‍ക്ക്. ഉടനെ അവന്‍ കൈകള്‍ തലക്ക് നേരെ കൊണ്ടുപോയി അതിശക്തമായി അടിക്കുകയാണ്. ഓട്ടിസം, ഉന്മാദാവസ്ഥയിലേക്ക് നീങ്ങിയതാണ് ഞാന്‍ കണ്ട കാഴ്ച. ഓട്ടിസം മുതലായവ ചികിത്സിക്കാന്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ ഉണ്ട്. അവര്‍ക്കായി പ്രത്യേകം സ്‌കൂളുകള്‍ ഉണ്ട്. ഭീമമായ സാമ്പത്തിക ചെലവാണ്. ഒരാള്‍ക്ക് ഇങ്ങനെ ഒന്നിലധികം മക്കളുണ്ടായാല്‍ ഈ ചെലവ് എങ്ങനെ അയാള്‍ വഹിക്കും!

ഉമറുബ്നു അബ്ദില്‍ അസീസിന്റെ ഭരണകാലം. ഭിന്നശേഷിക്കാരുടെയും ഓട്ടിസം ബാധിച്ചവരുടെയും തളര്‍വാതം പിടികൂടിയവരെയും പക്ഷാഘാതം പിടിപെട്ട് ശയ്യാവലംബികളായവരെയും കണ്ടെത്തി കണക്കെടുക്കാന്‍ ആ ഭരണാധികാരി ഉത്തരവിടുന്നു. അവര്‍ക്ക് സകാത്ത് നല്‍കിയപ്പോള്‍ അവര്‍ വാങ്ങാന്‍ വിസമ്മതിച്ചു. തങ്ങള്‍ക്ക് വേണ്ടത് മാസാന്ത വേതനമാണെന്നറിയിച്ചപ്പോള്‍ എല്ലാ ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും മാസാന്ത പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ടു. അബ്ദുല്‍ മലികിബ്നു മര്‍വാനും അതേ പാത പിന്തുടര്‍ന്നു.

ഇത്തരം മക്കളെ മാതാപിതാക്കള്‍ വെറുക്കരുത്. 'നിങ്ങളിലെ ദുര്‍ബലരും പാവങ്ങളും ആയ ആളുകള്‍ കാരണമല്ലേ നിങ്ങള്‍ക്ക് പോലും ആഹാര വിഭവങ്ങള്‍ ലഭിക്കുന്നത്?'' എന്ന് നബി ചോദിക്കുന്നു.

പരിപൂര്‍ണ ശ്രദ്ധയും പരിചരണവും അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഓട്ടിസം ബാധിച്ച മക്കളെ, ഭിന്നശേഷിക്കാരെ ഏതെങ്കിലും മൂലകളില്‍ കൊണ്ടുപോയി തള്ളരുത്. ഭിന്നശേഷി വിദ്യാലയങ്ങളില്‍ പോലും നടതള്ളുന്ന വിധത്തിലാവരുത് അവരോടുള്ള സമീപനം. പിതാവും മാതാവും ഒരുപോലെ ഇത്തരം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ്. ഭിന്നശേഷിക്കാരായ മക്കളുടെ, പ്രത്യേകിച്ച് ഓട്ടിസ ബാധിതരായ മക്കളെ ഉമ്മമാരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്ന പിതാക്കന്മാരുണ്ട്. ഓട്ടിസം ബാധിച്ച മക്കളുടെ അഭിരുചികള്‍ കണ്ടറിഞ്ഞ് അവരുടെ നൈസര്‍ഗികമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ശ്രമിക്കണം. ഒരു റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഉണ്ടായ അനുഭവം പറയാം. ഓട്ടിസം ബാധിച്ച കുട്ടി. അവനെ ഞാന്‍ ചെന്ന് ആദ്യമായി കാണുമ്പോള്‍ വായനയില്‍ മുഴുകിയിരിക്കുന്നു. അറബി-ഇംഗ്ലീഷ് ഡിക്്ഷണറി മനഃപാഠമാക്കിയിരിക്കുന്നു അവന്‍. ഇംഗ്ലീഷ് ഭാഷയില്‍ അസാമാന്യ പാടവം നേടി അവന്‍. പിന്നീട് ചെന്നപ്പോള്‍ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അവന്‍ ഒരു സ്ഥാപനത്തില്‍ ജോലി കിട്ടി പോയെന്നാണ്.

വിഖ്യാത താബിഈ പണ്ഡിതന്‍ അതാഉബ്നു റബാഹ്. വൈരൂപ്യത്തിന്റെ ആള്‍രൂപം. മുടന്തന്‍. അന്ധന്‍. അടിമയായ തന്നെ യജമാനന്‍ മോചിപ്പിക്കാന്‍ പോകുന്നതറിഞ്ഞ അതാഅ് ദുഃഖിച്ചു. കരഞ്ഞ് കഴിച്ച് കൂട്ടി. കാരണമന്വേഷിച്ച മാതാവിനോട്: 'ഞാന്‍ ഇവിടെനിന്ന് പോയാല്‍ എനിക്ക് ആര് ആഹാരം തരും?'' മാതാവ് ഉപദേശിച്ചു: 'ആഹാരത്തെക്കാള്‍ വലുത് പറഞ്ഞു തരാം. നീ വിദ്യ നേടുക. നിന്നെ ആരും ആദരിക്കും, ബഹുമാനിക്കും. നിന്റെ ആഹാരം നിന്നെ തേടിയെത്തും.''

അതാഅ് രാപകല്‍ പഠനത്തില്‍ മുഴുകി. മസ്ജിദുല്‍ ഹറാമില്‍ ഔദ്യോഗിക മുഫ്തിയായി. ഒരിക്കല്‍ ഹാറൂന്‍ റഷീദ് തന്നെ കാണാന്‍, അതാഇന്റെ അടുത്തേക്ക് ദൂതനെ അയച്ചു. അതാഇന്റെ പ്രതികരണം: 'അറിവ് ആരെയും തേടിചെല്ലില്ല. ഉള്ളേടത്തേക്ക് പോവുകയാണ് വേണ്ടത്.'' ദൂതന്‍ നിരാശനായി തിരിച്ചുപോയി. ഹാറൂന്‍ റഷീദ് അതാഇനെ തേടിവരേണ്ടിവന്നു. മഹാ പണ്ഡിതനായ അതാഇന്റെ അടുത്ത് വിദ്യ നേടാന്‍ മക്കള്‍ അമീനെയും മഅ്മൂനെയും അയച്ചു ഹാറൂന്‍ റഷീദ്. ഭിന്നശേഷിക്കാരനായി എന്നത് അതാഇന് ഉയരങ്ങള്‍ കീഴടക്കാന്‍ തടസ്സമായില്ല.

ഇന്ന് ഏത് ചികിത്സയും ലഭ്യമാണ്. ഓട്ടിസ ബാധിതര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കണം. അവരോട് പെരുമാറേണ്ട രീതികളെക്കുറിച്ച്, അവരുടെ സ്വഭാവരീതികള്‍ വിശകലനം ചെയ്ത് എങ്ങനെ ഇടപെടണമെന്ന് രക്ഷിതാക്കളെ ഉല്‍ബുദ്ധരാക്കുന്ന നിരവധി വിവരങ്ങള്‍ നെറ്റില്‍ ലഭ്യമാണ്. പുതിയ സാങ്കേതിക വിദ്യാസാക്ഷരത നേടാന്‍ രക്ഷിതാക്കളും തയാറാവണം. ഏത് സദസ്സിലും അവരെ കൊണ്ടുപോകാനുള്ള മനസ്സും തന്റേടവും രക്ഷിതാക്കള്‍ക്ക് വേണം. അറിയുക, ഓട്ടിസം ഒരു രോഗമല്ല: ഒരു അവസ്ഥയാണ്: പ്രത്യേക മനോഘടനയാണ്.

വിവ: ജെ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media