മിഴികളിലെ തിളക്കവും പുഞ്ചിരിയും മനസ്സിന്റെ കരുത്തും ഉണ്ടെങ്കില്‍ ആരും തളരില്ല.
ഒരു വാക്കിനും തളര്‍ത്താനാകില്ല. തളര്‍ന്നിരിക്കാനല്ല എന്റെ ചിന്തകളെന്നെ പഠിപ്പിച്ചത്.
എന്റെ പേര് സാജിദ. വീട് കൊട്ട് ഇല്ലത്തപ്പാടം. ഏഴ് മാസം പ്രായമുള്ളപ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴെ തളരുന്നത്. രണ്ടു വയസ്സുള്ളപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്ന് രണ്ടു കാലിനും സര്‍ജറി കഴിഞ്ഞു. പക്ഷേ, ഹോസ്പിറ്റലില്‍ അഡ്മിറ്റായ സമയത്ത് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതിനാല്‍ പിന്നീടുള്ള ചികിത്സ തുടരാനായില്ല. ഏഴ് മക്കളില്‍ ആറാമത്തെതാണ് ഞാന്‍. എനിക്ക് അരക്ക് താഴെ തളര്‍ന്നതുകൊണ്ടു തറയില്‍ നിരങ്ങി പോവാനേ സാധിക്കൂ. ഞാന്‍ ഇങ്ങനെ നിരങ്ങി പോകുന്നതുകണ്ട് സങ്കടംവന്ന മാമന്‍ നാല് വീല്‍ വെച്ചുണ്ടാക്കിയ ഒരു പലകവണ്ടി താല്‍ക്കാലികമായി ഉണ്ടാക്കിത്തന്നു. പിന്നെ അതില്‍ ഇരുന്നുകൊണ്ടായി എല്ലാം കാര്യങ്ങളും. വൈകുന്നേരമയാല്‍ അടുത്തുള്ള വീട്ടിലെ കുട്ടികളും മുതിര്‍ന്നവരും എന്റെടുത്ത് വന്ന് കുറച്ചു സമയം ചെലവഴിക്കും. എനിക്ക് ഏഴ് വയസ്സായപ്പോള്‍ വീടിന് അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്താന്‍ ഉപ്പ കൊണ്ടുപോയെങ്കിലും അവിടത്തെ അധ്യാപകര്‍ സമ്മതിച്ചില്ല. എല്ലായിടത്തും ഇതു തന്നെ ആവര്‍ത്തിച്ചു. ഇതെന്നെ കൂടുതല്‍ സങ്കടപ്പെടുത്തി. കുട്ടികള്‍ കൂട്ടമായി സ്‌കൂളിലേക്ക് പോവുന്നത് കാണുമ്പോള്‍ ഉള്ളില്‍ ഭയങ്കര മനഃപ്രയാസമാണ്. അപ്പോഴും ഉള്ളില്‍ കരുതിയിരുന്നു, എന്നെങ്കിലും ഒരു ദിവസം എനിക്കും പഠിക്കാന്‍ കഴിയുമെന്ന്.
നീണ്ട 27 വര്‍ഷം ഞാന്‍ ചുമരുകള്‍ക്കുള്ളില്‍ അകപ്പെട്ടവളായിരുന്നു. അപ്രതീക്ഷിതമായി കൂട്ടുകാരി ആബിദ എന്നോടും വീട്ടുകാരോടും പാലിയേറ്റീവിനെ കുറിച്ച് പറഞ്ഞതനുസരിച്ച്് അവിടത്തെ ആയിശാത്താനേയും നാസര്‍ക്കാനേയും പരിചയപ്പെട്ടു. അന്നാണ് ഞാന്‍ പുറംലോകം ശരിക്കും കണ്ടത്. ഒരുപാട് സുഹൃത്തുക്കളെ പരിചയപ്പെടാനും അതിലൂടെ കഴിഞ്ഞു. അവരവിടെ ചെയ്യുന്ന വര്‍ക്കുകള്‍ എന്നെ ആകര്‍ഷിച്ചു. പിന്നീട്് ഞാറാഴ്ചകളെ കാത്തിരിക്കുന്നവളായി ഞാന്‍. പഠിക്കാനുള്ള എന്റെ താല്‍പര്യം അറിഞ്ഞ അവര്‍ പഠിക്കാന്‍ പ്രേരിപ്പിച്ചതോടെ നാലാം ക്ലാസ്, ഏഴാം ക്ലാസ്, എസ്.എസ.്എല്‍.സി, പ്ലസ് 2 തുല്യതാ പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒപ്പം കമ്പ്യൂട്ടര്‍ പഠനം, ഫാഷന്‍ ഡിസൈനിംഗും തയ്യലും പഠിച്ചു. ഇപ്പോള്‍ സ്വയം വ്യത്യസ്ത മേഖലകളില്‍ ഓരോ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കയാണ്. ഗ്ലാസ് പെയ് ന്റിംഗ്, ഫ്ളവര്‍, പേപ്പര്‍ പേന, ഗ്ലാസ്സ് ബോട്ടില്‍, നൂല്‍ കൊണ്ടുള്ള ഉടുപ്പുകള്‍, തുന്നല്‍ ക്ലാസ്.... തുടങ്ങിയവ. പാലിയേറ്റിവില്‍ ചേര്‍ന്നതിനു ശേഷമാണ് ഈ മാറ്റങ്ങളൊക്കെ ഉണ്ടായത്. പല ഇടങ്ങളിലേക്കും അവര്‍ ഞങ്ങളെ കൊണ്ടുപോയി. കടല് കാണാന്‍ വലിയ ആഗ്രഹമായിരുന്നു, അത് സാധിച്ചുതന്നത് സ്‌നേഹതീരം കൂട്ടുകാരാണ്. വീല്‍ചെയറില്‍ മണല്‍ത്തിട്ടയിലൂടെയാണ് അവരെന്നെ കൊണ്ടുപോയത്. അവിടെ കണ്ട ഓരോ കാഴ്ചകളും പടച്ചവന്റെ അനുഗ്രഹമായിട്ടാണ് ഞാനിന്നും കാണുന്നത്.
ഫിസിയോ തെറാപ്പിയിലൂടെ സ്വന്തമായി എണിക്കാനൊക്കെ പറ്റുന്ന രീതിയിലായി. ഷൂവിന്റെയും വാക്കറിന്റെയും സഹായത്താല്‍ കുറേശ്ശ നടക്കാനും തുടങ്ങി. അങ്ങനെ ഒരു ദിവസം കട്ടിലില്‍ ഇരിക്കാന്‍ ശ്രമിക്കവേ പലക തെന്നിവീണു. അ വീഴ്ച ഡിസ്‌ക്കിനെ ബാധിച്ചു. അതു കാരണം തെറാപ്പി നിര്‍ത്തിവെക്കേണ്ടി വന്നു. എന്നിരുന്നാലും തെറാപ്പിക്കു ശേഷം തനിച്ച് ഓട്ടോയില്‍ കയറാനും ഇറങ്ങാനും മറ്റും സാധിച്ചത് എന്നെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.
സ്വന്തമായി വണ്ടി ഓടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അപ്രതീക്ഷിതമായി ടി.സി.വി ചാനല്‍ പ്രവര്‍ത്തകനായ സമീര്‍ക്ക ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് കൊടുത്തു. അടുത്ത ആഴ്ച തന്നെ കെ.എം.സി.സി സംഘടന വഴി വണ്ടി പാസായി. പാലിയേറ്റീവിലെ കൂട്ടുകാരുടെ സഹായത്താല്‍ വണ്ടി ഓടിച്ചത് ജീവിതത്തിലെ വലിയൊരു ആഗ്രഹപൂര്‍ത്തീകരണ നിമിഷങ്ങളായിരുന്നു. ലൈസന്‍സിനു വേണ്ടി അധികാരികളെ കണ്ടപ്പോ എന്റെ ഓരോ പോരായ്മകള്‍ പറഞ്ഞ് എന്നെ ഈ ദൗത്യത്തില്‍ നിന്ന് പിന്‍മാറ്റാന്‍ ശ്രമിച്ചു. ആത്മവിശ്വാസത്തോടെ മുന്നേറി ഒരു ഡോക്ടറുടെ സഹായത്താല്‍ ടെസ്റ്റുകള്‍ പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ സ്വയം വണ്ടി ഓടിച്ചാണ് എന്റെ യാത്ര. പണ്ട് അഡ്മിഷനുമായി ബന്ധപ്പെട്ട് എന്റെ വൈകല്യങ്ങള്‍ പറഞ്ഞ് സീറ്റ് നിഷേധിച്ച സ്‌കൂളിലെ കുട്ടികള്‍ക്ക് വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി ക്ലാസെടുക്കാനാണ് ഞാന്‍ ആദ്യം പോയത്. യു.പി മുതല്‍ പ്ലസ്ടു വരെ ക്ലാസ്സെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അങ്ങനെ ഞാന്‍ ഡിഗ്രി പഠിക്കുന്ന സമയത്താണ് എന്നെ തളര്‍ത്തിയ അപകടമുണ്ടായത്. ഞാന്‍ വണ്ടിയോടിച്ച് പോകുമ്പോ കാര്‍ വന്നിടിച്ചു അഴുക്കുചാലിലേക്ക് തെറിച്ചു വീണു കാലിന് പരിക്ക് പറ്റി. എല്ലിന് പൊട്ടുണ്ടായിരുന്നു.
അപകടം എന്റെ ശരീരത്തെ വല്ലാതെ ബാധിച്ചു. തുടര്‍ ചികിത്സയില്‍ വയറ്റില്‍ മുഴ കണ്ടെത്തിയതോടെ ചികിത്സകള്‍ തലശ്ശേരി മലബാര്‍ എം.സി.സി കാന്‍സര്‍ സെന്ററിലേക്ക് മാറ്റി. എന്നിലെ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിട്ടും ഞാന്‍ തളര്‍ന്നില്ല. സര്‍ജറി കഴിഞ്ഞ് അസുഖമൊക്കെ ഭേദമാവാന്‍ തുടങ്ങി. ഇപ്പോള്‍ 5 വര്‍ഷം തികഞ്ഞു. പടച്ചവന്റെ അനുഗ്രഹവും, എല്ലാവരുടേയും പ്രാര്‍ഥനയും കൊണ്ടാണ് എനിക്ക് പുനര്‍ജന്മമുണ്ടായത്.
നിറയുന്ന മിഴികളും തളര്‍ന്ന മനസ്സുമായി നഷ്ടങ്ങളെ ഓര്‍ത്ത് കഴിയേണ്ടവരല്ല നമ്മള്‍. ആഗ്രഹങ്ങള്‍ക്ക് ജീവന്‍ നല്‍കേണ്ടവരാണ്. ആഗ്രഹങ്ങള്‍ എന്നിലേക്ക് ഒരു കുളിരായി വന്നുതുടങ്ങിയപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു തുടങ്ങി... അത് എന്നേയും കൊണ്ട് പറന്നുയരാന്‍ തുടങ്ങി.