ഖാലിദ് വെളിച്ചത്തിലേക്ക് നടക്കുകയാണ്

നജീബ് കീലാനി
ജനുവരി 2025

(പൂര്‍ണ്ണചന്ദ്രനുദിച്ചേ....32)

വിട ചൊല്ലും വാക്കുകള്‍. പക്ഷേ, നാവുകള്‍ അവ ഉച്ചരിക്കുന്നില്ല. കണ്‍നോട്ടത്തിലും ഹൃദയമിടിപ്പുകളിലും ആളുകളുടെ ശരീര ഭാഷയിലും അവ നിറഞ്ഞു നില്‍ക്കുന്നു. മുഹമ്മദും അനുയായികളും നേരത്തെ പറഞ്ഞുറപ്പിച്ച മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മക്കയോട് വിടപറയുകയാണ്.

ഖാലിദുബ്‌നുല്‍ വലീദ് എന്തോ പറഞ്ഞു. അത് അദ്ദേഹം മാത്രമേ കേട്ടുള്ളൂ. 'സത്യമുള്ള ആളുകളേ, വിട!'' അദ്ദേഹത്തിന്റെ കണ്ണില്‍നിന്ന് ഒരു കണ്ണുനീര്‍ തുള്ളി വീഴാന്‍ വെമ്പി നിന്നു. ആ കണ്ണുകള്‍ അത്ര വേഗമൊന്നും നിറയില്ല. ഏത് വൈകാരിക തള്ളിച്ചകളെയും നിയന്ത്രിച്ച് ശീലമുണ്ട് അദ്ദേഹത്തിന്. ഖാലിദ് ചുറ്റും നോക്കി. എല്ലാറ്റിനോടും വല്ലാത്ത അറപ്പ് തോന്നി. മക്കയിലെ മണ്ണിനോടും അതിലെ നിര്‍മിതികളോടും അവിടെ പാര്‍ക്കുന്നവരോടുമെല്ലാം എന്തെന്നില്ലാത്ത വെറുപ്പ്. ആളുകള്‍ കലപില കൂട്ടുന്നത് അദ്ദേഹം കേള്‍ക്കുന്നുണ്ട്. അപ്പോഴൊക്കെ മനസ്സിന്റെ പിരിമുറുക്കം കൂടുന്നു; അവരുമായുള്ള അകല്‍ച്ച വര്‍ധിക്കുന്നു. വന്യമായ ഒരു അപരിചിതത്വം വന്നുമൂടുന്ന പോലെ. അപരിചിതത്വം തന്നെ. ആളുകള്‍ തന്നെ അഭിവാദ്യം ചെയ്യുന്നുണ്ട്, തന്നോട് ചിരിക്കുന്നുണ്ട്. ധാരാളം സംസാരവും കേള്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ എങ്ങനെയൊക്കെ പരിണമിച്ചു എന്നാണ് അബൂസുഫ് യാന് പറയാനുള്ളത്. ഇരുപക്ഷവും തമ്മിലുള്ള വരാന്‍ പോകുന്ന പോരാട്ടത്തെക്കുറിച്ച് വാചാലനാവുകയാണ് ഇക് രിമ. പലരും തന്നോടാണ് സംസാരിക്കുന്നത്. എന്തൊക്കെയോ മറുപടി പറഞ്ഞുവെന്ന് വരുത്തി. ഒര്‍ഥവുമില്ലാത്ത കുറേ പൊള്ള വാക്കുകള്‍.

ശരിക്കും ഒരു സന്യാസി തന്നെ. സംസാരിക്കുക, തിന്നുക, കുടിക്കുക, ഉറങ്ങുക. ഇതിലൊന്നും ഒരു താല്‍പ്പര്യവുമില്ല. അപരിചിതത്വം അത്ര ആഴത്തില്‍ തന്റെ ആത്മാവിലും ചിന്തയിലും വേരോടിപ്പോയിരിക്കുന്നു. സ്വപ്നത്തില്‍ ഒരു അത്ഭുതലോകത്തേക്ക് പ്രവേശിച്ചതു പോലെ. പെട്ടെന്ന് സ്വപ്നത്തില്‍നിന്ന് ഉണരുന്നു. സംഭവലോകത്തിന്റെ കയ്പുറ്റ യാഥാര്‍ഥ്യവുമായി ഏറ്റുമുട്ടുന്നു. ലോകം ഇടുങ്ങി ഇടുങ്ങി താന്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു. ഖാലിദ് ഇപ്പോള്‍ വീട്ടിലേക്ക് നടക്കുകയാണ്. അവിടെ ഭാര്യയുണ്ട്, മറ്റു ബന്ധുക്കളുണ്ട്. വീട്ടിലെത്തിയാല്‍ ഈ ഒറ്റപ്പെടലിന് ഒരു ശമനം ഉണ്ടാകാന്‍ മതി. മുഖം വിളറിയിട്ടുണ്ട്. കണ്ണുകളില്‍ ഒരു പ്രസന്നതയുമില്ല. എന്തൊരു ദുരന്തം! വീട്ടിലെത്തിയിട്ടും ഒരാശ്വാസവും കിട്ടുന്നില്ല. വീടും ഒരു തടവറ പോലെ തോന്നുന്നു. സ്‌നേഹവും ആശ്വാസവും പകരാന്‍ ആരുമില്ല.

ഭാര്യ അമ്പരന്ന് നില്‍ക്കുകയാണ്.

'ഖാലിദ്, താങ്കള്‍ക്ക് എന്തു പറ്റി?''

ഖാലിദ് മറ്റൊരു ലോകത്തായിരുന്നു.

'അവര്‍ പോയി.''

അവള്‍ക്ക് ഒന്നും മനസ്സിലായില്ല.

'ആര്?''

അങ്ങനെ പറയേണ്ടായിരുന്നു എന്നു തോന്നി. അല്‍പ്പം ധൃതി കൂടിപ്പോയി. ഓര്‍ക്കാപ്പുറത്ത് വന്നുപോയതാണ്.

'എനിക്ക് ഒട്ടും സുഖം തോന്നുന്നില്ല.''

അവള്‍ നെറ്റിയില്‍ തൊട്ടുനോക്കി. പൊള്ളുന്നു.

'എന്തൊരു പനിയാണ്. പിച്ചും പേയും പറയാന്‍ തുടങ്ങി.''

ഖാലിദ് പുഞ്ചിരിച്ചു. മുഖത്തെ വിയര്‍പ്പ് തുടച്ചു.

'നീ വിചാരിച്ചതൊന്നുമല്ല. എനിക്ക് അസുഖമില്ല. ഗൗരവതരമായ ആലോചനകളിലേക്ക് നമ്മുടെ ചിന്ത പടര്‍ന്നു കയറുമ്പോള്‍, ആ ചിന്ത മാത്രമേ പിന്നെ നമ്മുടെ മനസ്സിലുണ്ടാവൂ. എല്ലാം ഭാവനയില്‍ തെളിഞ്ഞു വരും. ആ ഭാവനാ ചിത്രങ്ങള്‍ യാഥാര്‍ഥ്യമെന്ന മട്ടില്‍ നമുക്ക് ചുറ്റും നീന്തിത്തുടിക്കും; പിന്നെ കൂട്ടിയിടിക്കും.''

ഖാലിദിന് അല്‍പ്പം ആശ്വാസം തോന്നി. ഭാര്യ വാപൊളിച്ച് അന്തം വിട്ടുനില്‍ക്കുകയാണ്. പിന്നെ ഖാലിദിന്റെ ഒരലര്‍ച്ചയായിരുന്നു:

'ഇതൊക്കെ മായയാണോ?''

അവള്‍ ക്ഷമ കൈവിടാതെ ചോദിച്ചു:

'എന്ത്?''

'നീണ്ട ആ ഭൂതകാലം. രക്തപങ്കിലമായ യുദ്ധങ്ങള്‍. ജനമനസ്സുകളെ ഇളക്കി മറിക്കുന്ന പ്രഭാഷണങ്ങള്‍. എന്തൊരു യുക്തിജ്ഞത എന്ന് പ്രശംസ, കൈയടി. അത്ഭുതാദരവുകളോടെ കുനിയുന്ന ശിരസ്സുകള്‍... ആര്‍ക്ക് സങ്കല്‍പിക്കാനാവും?''

ഭാര്യക്ക് എന്തെങ്കിലും പറയാന്‍ അവസരം കൊടുത്തില്ല ഖാലിദ്.

'നമ്മളത് അംഗീകരിച്ചേ പറ്റൂ. മൗനം കുറ്റകൃത്യമാണ്. കള്ളം കുറ്റകൃത്യമാണ്. കള്ളവാക്കുകള്‍ കുറ്റകൃത്യമാണ്. സത്യവചനം ഉച്ചരിക്കാന്‍ പേടിക്കുക എന്നത് ഏറ്റവും ബീഭത്സമായ കുറ്റകൃത്യം... അതെ, കാര്യങ്ങള്‍ അങ്ങനെയാണ്. വന്യമായ ശക്തികൊണ്ട്, കള്ളക്കഥകളും കുതന്ത്രങ്ങളും മെനഞ്ഞ് നേടുന്ന വിജയം വഞ്ചനയും കുറ്റകൃത്യവുമാണ്. ഒരാള്‍ സത്യം വിളിച്ചു പറയാതിരിക്കാന്‍ അയാള്‍ക്ക് വല്ല ന്യായവുമുണ്ടോ? നോക്കൂ, മുഹമ്മദ് ഒറ്റക്കാണ് എഴുന്നേറ്റുനിന്നത്. ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഞാന്‍ ദൈവദൂതനാണ്. അവരെന്താ ചെയ്തത്? തിരിഞ്ഞു നോക്കിയില്ല. അദ്ദേഹം പറയുന്നത് കള്ളമാണെന്ന് വിളിച്ചു കൂവി പരിഹസിച്ചു, നാട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കി. ആ സത്യവചനങ്ങള്‍ ഉച്ചരിച്ചപ്പോള്‍ എന്തൊരു ആത്മനിര്‍വൃതിയാവും അദ്ദേഹം അനുഭവിച്ചിട്ടുണ്ടാവുക.''

ഭാര്യ പേടിച്ച് നെഞ്ചത്തടിക്കാന്‍ തുടങ്ങിയിരുന്നു.

'എന്തൊക്കെയാണിപ്പറയുന്നത്? മൗനം എങ്ങനെയാണ് കുറ്റകൃത്യമാവുന്നത്, സംസാരം എങ്ങനെയാണ് കുറ്റകൃത്യമാവുന്നത്?''

ഖാലിദ് വല്ലാതെ കിതച്ചു; തൊട്ടടുത്ത ഇരിപ്പിടത്തില്‍ ഇരുന്നു; പിന്നെ ഭാര്യയെ നോക്കി.

'നീ എപ്പോള്‍ വന്നു?''

'കുഴഞ്ഞല്ലോ, തമ്പുരാനേ... നിങ്ങള്‍ക്ക് വലിയ എന്തോ ഏനക്കേടുണ്ട്.''

ഖാലിദ് വളരെ വിനയാന്വിതനായി കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി.

'ഞാന്‍ അവനെയല്ലാതെ മറ്റാരെയും കാണുന്നില്ല.''

'ആരെ?''

'എന്റെ ഉള്ളം നിറച്ചവന്‍, എന്റെ കാഴ്ചയെയും ഉള്‍ക്കാഴ്ചയെയും പ്രകാശിപ്പിച്ചവന്‍. ആ വചനങ്ങള്‍ എന്റെ ഉള്ളകങ്ങളെ ഇളക്കി മറിക്കുന്നു. ഖാലിദുബ്‌നുല്‍ വലീദ് ആരാ, പര്‍വതം കുലുങ്ങിയാലും കുലുങ്ങാത്തവന്‍. ഹ... ഹ... ഹ... വല്ലാത്ത തമാശ തന്നെ.''

അവള്‍ അടുത്തേക്കിരുന്ന് ഖാലിദിന്റെ വലത് ചുമലില്‍ കൈവെച്ചു.

''പ്രിയനേ, പേടിക്കാതിരിക്കൂ. എല്ലാം എന്നോട് തുറന്നു പറയൂ.''

ഖാലിദിന്റെ ശരീരം ഇരുന്നേടത്തുനിന്ന് ഉയര്‍ന്നു.

'അവര്‍ പോയി; എന്നെ ഒറ്റക്കാക്കിയിട്ട്. ഈ വൃത്തികെട്ട ചളിയില്‍ പൂണ്ട് കിടക്കുകയാണ് എന്റെ കാലുകള്‍. ശരീരം കോച്ചിവലിക്കുന്നു. അനങ്ങാന്‍ പറ്റുന്നില്ല. വിടപറയും നേരം എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. ഒന്നും പറയാന്‍ കഴിഞ്ഞില്ല. വാക്കുകള്‍ ചിതറിത്തെറിച്ച് പോയതു പോലെ... എല്ലാ ശക്തിയും ചോര്‍ന്ന് പോയതു പോലെ... കാരണം, എനിക്ക് ഭയമാണ്. നിനക്ക് മനസ്സിലാകുന്നുണ്ടോ?''

''നിങ്ങള്‍ക്ക് പേടിയോ?''

''അതെ, പേടി തന്നെ.''

''നിങ്ങള്‍ അറബികളുടെ പടത്തലവനാണ്. അവരുടെ ഹീറോ.''

ഖാലിദ് പൊട്ടിച്ചിരിച്ചു; പരിഹാസത്തോടെ.

'ഇന്നലെ ഇത്തരം വാക്കുകള്‍ എന്നെ മത്തുപിടിപ്പിക്കുമായിരുന്നു. ഇന്ന് അതൊക്കെ പൊള്ളവാക്കുകളായാണ് തോന്നുന്നത്. അവ കേള്‍ക്കുന്നതേ എനിക്ക് ഈറയാണ്. ആ വിശേഷണങ്ങളൊക്കെ അപമാനകരമായി അനുഭവപ്പെടുന്നു. എന്ത് ഹീറോയിസം, അതെത്തിപ്പിടിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല... കഴിഞ്ഞതൊക്കെ മണ്ടത്തരങ്ങളും വികാര പ്രകടനങ്ങളും മാത്രം...''

കേള്‍ക്കുന്നത് വിശ്വസിക്കാനാവാതെ അവള്‍ മന്ത്രിച്ചു:

'താങ്കളുടെ ധീരശൂരത സുഹൃത്തുക്കള്‍ മാത്രമല്ല ശത്രുക്കള്‍ സമ്മതിച്ചതാണല്ലോ. ഉഹുദ് ദിനത്തില്‍ അബൂസുഫ് യാന്‍ താങ്കളെ പ്രശംസിച്ചതിന് വല്ല അതിരുമുണ്ടോ...''

ഖാലിദ് കൂടുതല്‍ അസ്വസ്ഥനായി കൈകള്‍ കുടഞ്ഞു.

''അതൊന്നും ഇനി ഓര്‍മിപ്പിക്കല്ലേ... ഒരര്‍ഥവുമില്ലാത്ത പൊള്ള പ്രശംസകള്‍. അതൊന്നും ഇനി ഏശാന്‍ പോകുന്നില്ല.''

അവളുടെ കൈത്തണ്ടയില്‍ ബലമായി പിടിച്ച് ഖാലിദ് തുടര്‍ന്നു.

'ആ വിഡ്ഢികള്‍ മുഹമ്മദിന് വലിയ പരിക്കുകള്‍ ഏല്‍പ്പിച്ചിരുന്നെങ്കിലോ? അവര്‍ അദ്ദേഹത്തെ കൊന്നിരുന്നുവെങ്കിലോ? എന്താണ് ജനം പറയുക, ചരിത്രം പറയുക, ദൈവത്തിന്റെ മാലാഖമാര്‍ പറയുക? ഖാലിദിന്റെ കഴുത്തില്‍ ഒരു നബിയുടെ രക്തം...''

അവളൊരു ദീര്‍ഘനിശ്വാസം വിട്ടു.

'നബിയുടെ രക്തമോ?''

'അതെ.''

'അപ്പോള്‍ മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?''

'അതെ... അതെ... അതെ.''

ഖാലിദ് എഴുന്നേറ്റു.

'ഈ ചെറിയ വീട്ടില്‍വെച്ച് അതെ, അതെ, അതെ എന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാന്‍ മക്കയിലെ തെരുവുകളിലേക്കും ക്ലബ്ബുകളിലേക്കും ചൂത് കേന്ദ്രങ്ങളിലേക്കും പോവുകയാണ്. എന്നിട്ട് തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാനിത് പ്രഖ്യാപിക്കും. അതിനു ശേഷം നിനക്ക് ഹീറോ ആയ നിന്റെ ഭര്‍ത്താവിനെക്കുറിച്ച് സംസാരിക്കാം. ഭയത്തെയും അവിവേകത്തെയും മണ്ടത്തരങ്ങളെയും മറികടന്നിരിക്കും അപ്പോള്‍ നിന്റെ ഭര്‍ത്താവ്.''

അവള്‍ തല കുലുക്കി വീടിന് പുറത്തേക്ക് നടന്നു.

''എനിക്കിപ്പോള്‍ എല്ലാം മനസ്സിലായി. പോയതാരാണെന്നും മനസ്സിലായി... ഇന്നത്തെ ഈ മഹാ സംഭവം കാണാന്‍ ഖുറൈശികള്‍ ഒന്നൊഴിയാതെ വന്നെത്താതിരിക്കില്ല.''

***

തല ഉയര്‍ത്തിപ്പിടിച്ചാണ് ഖാലിദ് നടക്കുന്നത്. ഒരാള്‍ക്കൂട്ടത്തെ കണ്ടു. പിറകില്‍നിന്ന് തന്റെ ഉറ്റ സുഹൃത്ത് ഇക് രിമ ഉച്ചത്തില്‍ അഭിവാദ്യം ചെയ്തു. ഖാലിദേ, മര്‍ഹബ! ഖാലിദ് അത് കേട്ടതായി നടിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ മുന്നിലേക്ക് വന്ന് ഖാലിദ് പറഞ്ഞു.

'ബുദ്ധിയുള്ളവര്‍ക്കൊക്കെ ഇപ്പോള്‍ കാര്യം വ്യക്തമായി. മുഹമ്മദ് കവിയോ മാരണക്കാരനോ അല്ല. അദ്ദേഹത്തില്‍നിന്നുള്ള സംസാരം പ്രപഞ്ചനാഥനില്‍നിന്നുള്ള സംസാരമാണ്. അത് പിന്‍പറ്റേണ്ടത് ബുദ്ധിയുള്ളവരുടെ ബാധ്യതയല്ലേ?''

അപ്രതീക്ഷിതമായി തലയില്‍ ഇടിവെട്ടേറ്റതു പോലെ ആ ജനം നിന്നു. ആരുടെയും നാവ് അനങ്ങുന്നില്ല. എല്ലാവരും ഊമകളായോ? അവര്‍ കണ്ണ് തുറുപ്പിച്ച് പരസ്പരം നോക്കി. അപ്പോള്‍ ഒരു പൊട്ടിച്ചിരി കേട്ടു. ഇക് രിമ നടന്നുവരികയാണ്.

'എന്താ ഖാലിദ് പറഞ്ഞത്? ബുദ്ധിയുള്ളവരൊക്കെ മുഹമ്മദിനെ അനുഗമിക്കണമെന്നോ?''

ഖാലിദിന്റെ സ്വരം ഉറച്ചതായിരുന്നു:

'അതെ.''

ഇക് രിമയുടെ സ്വരത്തില്‍ പരിഹാസം കലര്‍ന്നിരുന്നു.

'വഴി തെറ്റിയത് നീയല്ലേ? അല്ലെങ്കില്‍ പിതാക്കളുടെ മതത്തെ തള്ളിപ്പറയുമോ?''

''വഴി തെറ്റിയതല്ല, സര്‍വലോക രക്ഷിതാവിന് വിധേയപ്പെട്ടതാണ്.''

ജനക്കൂട്ടം ആകെ ഇളകി. ഉത്കണ്ഠാജനകമായ വിവരം വേണ്ടപ്പെട്ടവരെ അറിയിക്കാനായി ചിലര്‍ അബൂസുഫ് യാന്റെ വീട്ടിലേക്കോടി. ചിലര്‍ അബൂസുഫ് യാന്റെ വീടിന്റെ പിന്‍വാതിലില്‍ ചെന്നുമുട്ടി; അബൂസുഫ് യാന്റെ ഭാര്യ ഹിന്ദിനെ വിവരമറിയിക്കാന്‍. മറ്റു മക്കാ പ്രമാണിമാരുടെ അടുത്തേക്കും ആളുകള്‍ പാഞ്ഞു. എല്ലാവരും ഇനിയെന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ്. വാളുകള്‍ ഉറയില്‍നിന്ന് ഊരപ്പെടുമോ? ഒടുവില്‍ എന്താകുമെന്ന് പടച്ചവന് മാത്രം അറിയുന്ന ഫിത്‌ന പൊട്ടിപ്പുറപ്പെടുമോ?

ഇക് രിമ പിറുപിറുത്തു: 'കഅ്ബ ത്വവാഫ് ചെയ്യുന്നതിനിടയില്‍ മുഹമ്മദിന്റെയും അനുയായികളുടെയും മേല്‍ ചാടി വീണിരുന്നെങ്കില്‍ ഈ ഫിത്‌ന ഒഴിവാക്കാമായിരുന്നു. മക്കയിലെ പ്രമാണിമാരോട് ഇത് പറഞ്ഞതാണ്. അവര്‍ കേട്ടില്ല. അവസരം നഷ്ടപ്പെടുത്തി. ഈ ബുദ്ധിശൂന്യതയുടെ ഫലം അവര്‍ തന്നെ അനുഭവിക്കട്ടെ.''

ഹുവൈരിസ് അടുത്ത് വന്നു. വാര്‍ത്ത കേട്ട് അയാള്‍ക്ക് ഭ്രാന്ത് പിടിച്ചിരുന്നു. ''ഖാലിദേ, കേള്‍ക്ക്. അവര്‍ നിങ്ങളുടെ പിതൃസഹോദരനെ കൊന്നു, പിതൃസഹോദരന്റെ മകനെ കൊന്നു. നിങ്ങളുടെ പിതാവിന് പരിക്കേറ്റപ്പോള്‍ അദ്ദേഹത്തിന്റെ അന്തസ്സിന് ചേരാത്തവിധം പെരുമാറി.''

പുഛത്തോടെ ഖാലിദ് അയാള്‍ക്ക് നേരെ നോക്കി.

''അതെനിക്ക് അറിയാമല്ലോ.''

''പ്രൗഢി, പ്രതാപം, അന്തസ്സ് ഇതിനൊന്നും ഒരു വിലയും ഇല്ലേ?''

''നിന്നെപ്പോലുള്ളവര്‍ക്ക് അന്തസ്സിനെക്കുറിച്ച് എന്തറിയാം?''

പിന്നെ ഹുവൈരിസന്റെ തോള്‍ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു:

''അന്തസ്സ്, പ്രതാപം എന്നൊക്കെപ്പറയുന്നത് സത്യത്തെ അംഗീകരിക്കലാണ്. ആ സത്യം ജനമധ്യത്തില്‍ വെച്ച് വിളിച്ചു പറയലാണ്. അതിന്റെ പേരില്‍ മുഴുവന്‍ സമ്പാദ്യവും ജീവന്‍ തന്നെയും നഷ്ടപ്പെട്ടാലും ശരി.''

ഹുവൈരിസിന് അല്‍പ്പം ഭയമായി. ഒച്ച താഴ്ത്തി അയാള്‍ പറഞ്ഞു:

''സത്യം അറിയുന്നയാള്‍ മുഹമ്മദ് മാത്രമല്ലല്ലോ ഈ ഭൂലോകത്ത്.''

''ദൂരെ എങ്ങോട്ടെങ്കിലും പോ.. അല്ലെങ്കില്‍ ഞാന്‍ നിന്റെ മുഖത്തേക്ക് തുപ്പേണ്ടി വരും.''

അല്‍പ്പനേരം ശാന്തത. അപ്പോള്‍ ഒരാള്‍ കേറി വന്നു.

''ഖാലിദേ, അബൂസുഫ് യാന്‍ അന്വേഷിക്കുന്നു.''

ജനങ്ങള്‍ക്ക് ആകാംക്ഷയായി. രണ്ട് മഹാ പുരുഷന്മാര്‍. ഒന്നിച്ചു നിന്നവര്‍, ഒന്നിച്ചു പോരാടിയവര്‍. അവരിതാ വേര്‍പിരിയുന്നു. അവരുടെ അഭിമുഖീകരണം എങ്ങനെയായിരിക്കും! ജനങ്ങള്‍ക്ക് ഉത്കണ്ഠ. അബൂസുഫ് യാന്‍ ഇതിനെക്കാള്‍ കൂടുതല്‍ ഇനി ക്ഷോഭിക്കാനില്ല. അയാള്‍ അലറുകയായിരുന്നു:

''ഖാലിദേ, കേട്ടത് ശരിയാണോ?''

''ശരിയാണ്.''

അബൂസുഫ് യാന്റെ തലക്കകത്ത് എന്തോ കിടന്ന് മൂളി. അയാള്‍ക്ക് സകല നിയന്ത്രണവും നഷ്ടപ്പെട്ടു. ഖാലിദിനെ വകവരുത്താനെന്നവണ്ണം അയാള്‍ ചാടിയെങ്കിലും ഇക് രിമ ഇടയില്‍ കയറി. വികാരത്തള്ളിച്ചയില്‍ ഒന്നും ചെയ്തുപോകരുതെന്ന് വിലക്കി. വലിയ ദുഃഖത്തോടെയാണ് ഇക് രിമ പറഞ്ഞത്: 'അടങ്ങ് അബൂസുഫ് യാന്‍. എനിക്കും ഭയം അതായിരുന്നു, ഖാലിദ് പറഞ്ഞത് തന്നെ ഞാനും പറഞ്ഞു പോകുമോ എന്ന്. ഖാലിദ് തന്റെ നിലപാട് പറഞ്ഞതിനാണല്ലോ അയാളെ നിങ്ങള്‍ കൊല്ലാന്‍ നോക്കുന്നത്. ഖുറൈശികളാണെങ്കില്‍ ഖാലിദിന് അനുസരണ പ്രതിജ്ഞ എടുത്തവരും. നിന്റെ ഇപ്പോഴത്തെ പേടി, കൊല്ലം തികയുന്നതിന് മുമ്പ് മക്കക്കാരെല്ലാം മറുപക്ഷത്തേക്ക് ചാടുമോ എന്ന്....''

ഇക് രിമയെ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല അബൂസുഫ് യാന്‍.

''എല്ലാം ഇറങ്ങിപ്പോകുന്നുണ്ടോ ഇവിടെനിന്ന്... എനിക്ക് ഒരുത്തനെയും കാണണ്ട.''

ആയുധം നഷ്ടപ്പെട്ട പടയാളിയെപ്പോലെ അബൂസുഫ് യാന്‍ നിന്നു കിതച്ചു.

ഖാലിദ് ഇറങ്ങി നടന്നു; തുടര്‍ വാര്‍ത്തകളറിയാന്‍ പിറകെ പൊതുജനങ്ങളും.

അബൂസുഫ് യാനും ഇക് രിമയും ബാക്കിയായി. അബൂസുഫ് യാന്‍ വ്യസനം കടിച്ചമര്‍ത്താനാവാതെ തലയിളക്കിക്കൊണ്ടിരുന്നു.

''അത് സംഭവിക്കുമോ?''

''അതാണ് യാഥാര്‍ഥ്യം, അബൂസുഫ് യാന്‍. അത് ഞങ്ങള്‍ക്ക് മുമ്പെ നിങ്ങള്‍ മനസ്സിലാക്കിയതുമാണ്. മുഹമ്മദും സംഘവും കഅ്ബയെ വലംവെച്ചുകൊണ്ടിരിക്കെ കടന്നാക്രമിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞതല്ലേ? മക്കക്കാരുടെ മനസ്സ് വായിച്ച് നിങ്ങളത് വേണ്ടെന്ന് പറഞ്ഞു... എന്നിട്ടിപ്പോള്‍ ഖാലിദിനെ ആക്രമിക്കാന്‍ തുനിയുകയും ചെയ്യുന്നു.''

''ഖാലിദ് നഷ്ടപ്പെടുകയെന്നാല്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്.''

'ശരിയാണ്. പക്ഷേ, താങ്കള്‍ക്ക് ഉറപ്പാക്കാം. അവസാനം വരെ ഞാന്‍ കൂടെയുണ്ടാകും. ഖാലിദ് പോയതു കൊണ്ടൊന്നും ഈ പോരാട്ടം അവസാനിക്കാന്‍ പോകുന്നില്ല.''

''കാര്യങ്ങള്‍ നീ പറഞ്ഞതുപോലെയെങ്കില്‍ വളരെ നല്ലത്. ഖാലിദ് മറുപക്ഷത്തേക്കാണ് പോകുന്നത്. ഖാലിദ് ആരാണെന്ന് നിനക്ക് നന്നായിട്ടറിയാമല്ലോ. ഖാലിദിന്റെ ഇസ് ലാമിലേക്കുള്ള പോക്ക് ഇസ് ലാമിന്റെ ഒരു തരംഗം തന്നെ സൃഷ്ടിക്കും. ഒരുപാട് പേര്‍ അയാളുടെ പിന്നാലെ പോകും, ഇക് രിമാ. ഖാലിദിനെ ഞാന്‍ കൊല്ലാനാഞ്ഞത് ഇതൊക്കെ ഓര്‍ത്തിട്ടാണ്. അല്ലാതെ എനിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടതു കൊണ്ടല്ല. ഈ വാര്‍ത്ത മക്കയിലുണ്ടാക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.''

***

ഖാലിദ് ഇസ് ലാം പുല്‍കിയെന്ന വാര്‍ത്ത യസ് രിബി(മദീനയി)ലും അതിവേഗം പ്രചരിച്ചു. തന്റെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷ്യമായി പടക്കുതിരകളെ റസൂലിന് സമ്മാനമായി അയച്ചു. റസൂലിനെ കാണാന്‍ മക്കയില്‍നിന്നെത്തുന്നവരെക്കുറിച്ചായിരുന്നു വൈകുന്നേരങ്ങളില്‍ മദീനക്കാരുടെ സംസാരം.

(തുടരും)

 

 

വിവ: അഷ്‌റഫ് കീഴുപറമ്പ് 

വര: നൗഷാദ് വെള്ളലശ്ശേരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media