ഗ്രാമത്തിലെ ഒരു സന്യാസി സ്ഥലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിനായെത്തി. നമസ്തേ എന്ന്് പറഞ്ഞുകൊണ്ട് അദ്ദേഹം വീടിന്റെ പൂമുഖത്തേക്ക് കയറി നിന്നു. പത്രവായനയില്‍ മുഴുകിയിരിക്കുകയായിരുന്ന സുഹൃത്ത് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ സന്യാസിയോട് ഇരിക്കാന്‍ പറഞ്ഞു. അവര്‍ തമ്മില്‍ സംസാരം തുടങ്ങി. ഇതിനിടയില്‍ മകള്‍ സ്‌കൂളില്‍നിന്ന് വന്നു. അച്ഛന്‍ ശ്രദ്ധിച്ചില്ല. അവള്‍ അകത്തേക്ക് കയറി. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു തളികയില്‍ രണ്ട് ഗ്ലാസ് ചായയുമായി വന്നു. ആദ്യം തളിക സന്യാസിയുടെ നേരെ നീട്ടി. സന്യാസി അതില്‍നിന്ന് ഒരു ഗ്ലാസ് ചായ എടുത്തു. പിന്നീട് മകള്‍ തളിക അച്ഛന്റെ നേരെ നീട്ടി. 'ചായ നിന്റെ കൈകൊണ്ട് എടുത്തു തരികയല്ലേ വേണ്ടത്?' ദേഷ്യഭാവത്തോടെ അച്ഛന്‍ പറഞ്ഞു. മകള്‍ ചായ അച്ഛന്റെ കൈയിലേക്ക് എടുത്തുനീട്ടി. അകത്തേക്ക് പോകാന്‍ തുനിഞ്ഞ മകളോട് കടുത്ത സ്വരത്തില്‍ അച്ഛന്‍ പറഞ്ഞു: 'നില്‍ക്കവിടെ, ഞങ്ങള്‍ ചായ കുടിച്ചുകഴിഞ്ഞ് ഈ ഗ്ലാസ്സുകള്‍ അകത്തേക്ക് കൊണ്ടുപോകാനുള്ളതാണെന്ന് നിനക്കറിയില്ലേ?' മകളോടുള്ള ഉദ്യോഗസ്ഥന്റെ പെരുമാറ്റം ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന് സന്യാസിക്ക് മനസ്സിലായി. കുറച്ചുനേരത്തെ സംസാരത്തിനുശേഷം ഇറങ്ങിത്തിരിച്ച സന്യാസി, സുഹൃത്തിനോട് ഇങ്ങനെ പറഞ്ഞു: 'Soften your attitude'. സന്യാസിയുടെ ഉപദേശത്തിന്റെ പൊരുള്‍ മനസ്സിലാക്കിയ ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും അയാളെയും കൂട്ടി അയല്‍വാസിയായ അധ്യാപകന്റെ വീട്ടിലേക്ക് പോയി.
സന്യാസി പറഞ്ഞ Soften എന്ന വാക്കിന്റെ അര്‍ഥവും ആശയവും വിശദീകരിക്കാന്‍ തുടങ്ങി. കുട്ടികളുടെ വളര്‍ച്ചയിലും പരിപാലനത്തിലും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് Soften എന്ന പദം ഉള്‍ക്കൊള്ളുന്നതെന്ന് അധ്യാപകന്‍ പഠിപ്പിച്ചു.
'S' എന്ന അക്ഷരം Smile അഥവാ പുഞ്ചിരിയെയാണ് സൂചിപ്പിക്കുന്നത്. കുട്ടികളെ ചേര്‍ത്തു നിര്‍ത്താനുള്ള ആദ്യത്തെ ഉപാധിയാണ് പുഞ്ചിരി. ദൈവം നല്‍കിയ വരദാനമാണത്. അമ്മയുടെയും അച്ഛന്റെയും ചിത്രം കുട്ടിയുടെ മനസ്സില്‍ പതിപ്പിക്കുന്ന ഒരു മിന്നല്‍ പിണരാണത്. ദൈവം നല്‍കിയ വരദാനവും കുട്ടികള്‍ക്ക് സമ്മാനിക്കേണ്ട പാരിതോഷികവുമാണ്. ഓരോ പുഞ്ചിരിയും കുട്ടികളില്‍ പ്രതീക്ഷകളുണര്‍ത്തുകയും സന്തോഷം ജനിപ്പിക്കുകയും ചെയ്യും. അവരുടെ അവകാശമാണത്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പുഞ്ചിരി നല്‍കുന്നില്ലെങ്കില്‍ അത് കിട്ടുന്നയിടം തേടി കുട്ടികള്‍ പോയെന്ന് വരാം. വളരെ ഉല്‍ക്കണ്ഠയോടെ അധ്യാപകന്റെ വിശദീകരണം ശ്രദ്ധിച്ച ഉദ്യോഗസ്ഥന്‍ 'O' എന്ന രണ്ടാമത്തെ അക്ഷരത്തിന്റെ പൊരുളെന്താണെന്നന്വേഷിച്ചു.
'O' എന്നാല്‍ ഓപ്പണ്‍ അഥവാ Open your heart. മാതാപിതാക്കള്‍ അവരുടെ ഹൃദയം പൂര്‍ണമായും കുട്ടിയുടെ മുന്നില്‍ തുറന്നുകാണിക്കണം. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പരിഗണനയുടേതുമായ തെളിഞ്ഞ നീരുറവയാണ് രക്ഷിതാവിന്റെ ഹൃദയത്തില്‍നിന്ന് നിര്‍ഗളിക്കുന്നതെന്ന് കുട്ടികള്‍ മനസ്സിലാക്കണം. മനസ്സിന് എന്തെങ്കിലും മാലിന്യങ്ങളേല്‍ക്കാന്‍ ഇടയായാല്‍ അവയൊക്കെ കഴുകിക്കളയാനുള്ള നീരുറവയാണ് രക്ഷിതാവിന്റെ ഹൃദയമെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കുട്ടി എന്നെന്നും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ഉള്ളവനായി വളരുമെന്നതില്‍ സംശയമില്ല.
F എന്നത് Facilitate. അത് അര്‍ഥമാക്കുന്നത് സുഗമമാക്കുക, എളുപ്പമാക്കുക എന്നാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുഗമമായ പാത കാണിച്ചു കൊടുക്കേണ്ടവരാണ് രക്ഷിതാക്കള്‍. കാലിടറാതെയും മനസ്സ് തളരാതെയും തന്നെ മുന്നോട്ടാനയിക്കാന്‍ രക്ഷിതാക്കള്‍ ഒപ്പമുണ്ടെന്ന ഉറപ്പ് ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനുള്ള ധൈര്യമാണ് നല്‍കുന്നത്. ഓരോ നടത്തത്തിലും രക്ഷിതാവ് കൂടെയുള്ളപ്പോള്‍ കല്ലും മുള്ളും തിരിച്ചറിയാനും ദുരന്തങ്ങളില്‍ അകപ്പെടാതിരിക്കാനും സാധിക്കും.
T എന്ന അക്ഷരം Touch എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത്. സ്പര്‍ശനത്തിന്റെ മാസ്മരികത അത്ഭുതാവഹമാണ്. സ്നേഹതരംഗം മക്കളുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്നത് സ്പര്‍ശനത്തിലൂടെയാണ്. ഒരിക്കല്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയ സന്യാസി കുറ്റവാളികളുടെ കൂട്ടത്തില്‍ ഒരു കൗമാരക്കാരനെയും കണ്ടു. അവനെ നന്നായൊന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അവനെ ഹസ്തദാനം ചെയ്തും തോളില്‍ തലോടിക്കൊണ്ടും, ജയിലില്‍ വരാനുണ്ടായ കാരണമെന്താണെന്ന് സന്യാസി അന്വേഷിച്ചു. കരഞ്ഞുകൊണ്ടായിരുന്നു അവന്റെ മറുപടി: 'സ്വാമിജി'! എന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് തലോടാനും കാരുണ്യത്തോടെ നോക്കാനും ആരുമുണ്ടായില്ല. അതാണ് ഞാനീ കുറ്റവാളികളോടൊപ്പമാകാന്‍ കാരണം.' വളരെ ചെറുപ്രായം മുതല്‍ തന്നെ കുട്ടികളെ ചുംബനവും സ്നേഹസ്പര്‍ശവും നല്‍കി വളര്‍ത്തുന്നില്ലെങ്കില്‍ വളരെ വലിയ ആപത്തിലാണ് അവര്‍ ചെന്നുപതിക്കുന്നത്.
E എന്നത് Eye Contact ആണ്. അതൊരു സ്നേഹകവചമാണ്. വാത്സല്യത്തോടെയുള്ള നോട്ടം കുട്ടികളുടെ ഹൃദയത്തില്‍ സന്തോഷത്തിന്റെയും സംതൃപ്തിയുടേതുമായ വികാരങ്ങളാണ് സൃഷ്ടിക്കുന്നത്. ജീവിതം സുഗന്ധപൂരിതമാക്കാന്‍ ആ ഒരൊറ്റ നോട്ടം മതിയാകും.
Nod എന്ന പദത്തെ സൂചിപ്പിക്കുന്നതാണ് N, തലയാട്ടുക എന്നാണര്‍ഥം. കുട്ടികളെ ശ്രദ്ധിക്കാനും കേള്‍ക്കാനും കഴിയുന്ന രക്ഷിതാക്കള്‍ക്ക് മാത്രമേ അവന്റെ മുന്നില്‍ തലയാട്ടി സമ്മതവും അംഗീകാരവും കൊടുക്കാന്‍ സാധിക്കുകയുള്ളൂ. ആവശ്യങ്ങളെയും അഭിപ്രായങ്ങളെയും മനസ്സിലാക്കി പ്രതികരിക്കുന്ന രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് കൂടുതല്‍ കൂടുതല്‍ നൈപുണികള്‍ ആര്‍ജിക്കാനും വളര്‍ത്തിയെടുക്കാനും അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
സന്താന പരിപാലനത്തിന്റെ ഉത്തുംഗ മാതൃകയായിരുന്നു പ്രവാചകന്‍. പൗത്രന്മാരെ ഉമ്മവെച്ചത് കണ്ട ബനൂതമീം ഗോത്രക്കാരനായ ഒരാള്‍; 'എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ആരെയും ഞാനിതു വരെ ഉമ്മവെച്ചിട്ടില്ല'' എന്നു പറഞ്ഞപ്പോള്‍ 'കാരുണ്യം കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല'' എന്നാണ് പ്രവാചകന്‍ പ്രതികരിച്ചത്.
ഇമാം ഗസാലിയുടെ അഭിപ്രായത്തില്‍ ആദ്യത്തെ ഏഴു വയസ്സില്‍ കുട്ടികളുമായി കളിക്കുകയും രണ്ടാമത്തെ ഏഴില്‍ അവരെ മര്യാദ പഠിപ്പിക്കുകയും കൂട്ടുകാരെപ്പോലെ അവരോടൊപ്പം സഹവസിക്കാനും രക്ഷിതാക്കള്‍ തയാറാകണം. കുട്ടികളോടൊപ്പം സഹവസിച്ച് അവരില്‍ ആത്മബലവും ആത്മാഭിമാനവും സൃഷ്ടിക്കേണ്ടവരാണ് മാതാപിതാക്കള്‍. ഇവ രണ്ടും ഒത്തുചേരുമ്പോഴാണ് ആത്മവിശ്വാസം ജനിക്കുന്നത്.