ആദില്‍ ഷാ സുല്‍ത്താന്‍മാരുടെ നിര്‍മിതികളില്‍ ഏറെ കീര്‍ത്തികേട്ടതാണ് കര്‍ണാടകയിലെ ബിജാപ്പൂര്‍ ജമാ മസ്ജിദ്.
ഡെക്കാന്‍ ചക്രവര്‍ത്തിമാരില്‍ പ്രബലരായിരുന്ന ആദില്‍ ഷാ രാജവംശകാലത്തെ വിഖ്യാതമായ നിര്‍മിതികളുടെ ശ്രേണിയില്‍ മുന്‍നിരയില്‍ തന്നെയാണ് ജമാ മസ്ജിദിന്റെയും സ്ഥാനം. വിജയപുര എന്നറിയപ്പെടുന്ന ബിജാപ്പൂരിലെ ആദ്യത്തെ മുസ് ലിം ആരാധനാലയം എന്ന പ്രത്യേകത കൂടി ജമാ മസ്ജിദിനുണ്ട്.
ആദില്‍ ഷാ യുഗത്തിലെ ചരിത്ര സംസ്‌കാര ശേഷിപ്പുകളുടെ മകുടോദാഹരണങ്ങളില്‍ ഒന്നായ ജമാ മസ്ജിദ്, ജാമിയ മസ്ജിദ് എന്ന പേരിലും അറിയപ്പെടുന്നു. അലി ആദില്‍ ഷാ ഒന്നാമന്‍ പതിനാറാം നൂറ്റാണ്ടില്‍, 1576-ല്‍ ആണ് ഈ മസ്ജിദ് നിര്‍മിച്ചത്. ഇന്തോ ഇസ്ലാമിക് ശൈലിയില്‍ പണികഴിപ്പിച്ചതാണ് ബിജാപ്പൂര്‍ ജാമിയ മസ്ജിദ്. പിന്നീട് കാലങ്ങളായി വന്ന പല ഭരണാധികാരികളും പള്ളിയുടെ അനുബന്ധ നിര്‍മിതികളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്. എങ്കിലും ഇനിയും പല നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ട്.
ഡെക്കാന്‍ വാസ്തുകലയുടെ മികവുറ്റ അടയാളങ്ങളില്‍ ഒന്നായി നിലകൊള്ളുന്ന ബിജാപ്പൂര്‍ ജമാ മസ്ജിദ് 2014-ല്‍ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും സ്ഥാനം പിടിച്ചു.
വിജയനഗര സാമ്രാജ്യത്തിനെതിരെ ഡെക്കാന്‍ സുല്‍ത്താനേറ്റുകളുടെ സഖ്യം വിജയിച്ച തളിക്കോട്ട യുദ്ധത്തില്‍നിന്ന് സ്വരൂപിച്ച പണമാണ് ഇതിന്റെ നിര്‍മിതിക്കായി ഉപയോഗപ്പെടുത്തിയതെന്നും ചരിത്രം പറയുന്നു.
ബിജാപ്പൂര്‍ നഗരത്തിലെ സാമാന്യം തിരക്കുള്ള റോഡില്‍ നിന്ന് ജമാ മസ്ജിദിലേക്കുള്ള പ്രധാന കവാടമായ കിഴക്കേ കവാടത്തിനു മുന്നിലെത്തുമ്പോള്‍ മുന്നില്‍ പടുത്തുകെട്ടിയ പള്ളിമതിലും പ്രവേശന വാതിലും കാണാം. സുന്ദരമായ കാഴ്ചവട്ടങ്ങളും അന്തരീക്ഷവും. നിരത്തില്‍ നിന്ന് മെയിന്‍ വാതിലിലേക്ക് നീങ്ങുമ്പോള്‍ മുന്നില്‍ പടുകൂറ്റന്‍ തണല്‍ മരവും അതിന് ചുറ്റും കച്ചവടം ചെയ്യുന്ന കുറച്ചു സ്ത്രീകളുമുണ്ട്. കൊച്ചുകൊച്ചു സാധനങ്ങള്‍ നിരത്തി വില്‍ക്കുന്നവരാണവര്‍. ചായയും ചെറു കടികളും കളിപ്പാട്ടങ്ങളും ആഭരണങ്ങളും ഒക്കെയുണ്ട് അവരുടെ പക്കല്‍.
മുന്നോട്ട് നടന്ന് ജമാ മസ്ജിദിന്റെ മുറ്റത്തെത്തി. ചുറ്റും നോക്കുമ്പോള്‍ വിശാലമായ പള്ളി സമുച്ചയം. പള്ളിയും പരിസരങ്ങളും ഒരു വലിയ മതില്‍ക്കെട്ടിനുള്ളിലാണ്.
ചതുരാകൃതിയിലുള്ള മുറ്റവും ജലധാരകളും ശുദ്ധീകരണ റിസര്‍വോയറും വിശ്രമ സങ്കേതങ്ങളുമെല്ലാം ഇവിടെയുണ്ട്. വിശ്വാസികളും സഞ്ചാരികളും പള്ളി വരാന്തയിലും മുറ്റത്തും ചിതറിനില്‍ക്കുന്നു. ചിലര്‍ മിഹ്‌റാബിനു മുന്നില്‍ കുമ്പിട്ടു നമസ്‌കരിക്കുന്നു. മറ്റു ചിലര്‍ പുല്‍പ്പരപ്പില്‍ വട്ടം കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുന്നു.
പടിഞ്ഞാറു ഭാഗത്തുള്ള പ്രാര്‍ഥനാ ഹാളിന് മുന്നിലേക്കാണ് ആദ്യം പോയത്. ദൂരക്കാഴ്ചയില്‍ തന്നെ അതിന്റെ കെട്ടും മട്ടും ഭാവവും കണ്ടാല്‍ മതിവരില്ല. അത്രക്ക് ഗംഭീരം. അടുത്തെത്തുമ്പോള്‍ അതിലും സുന്ദരം. ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ തികച്ചും ശാന്തവും സുന്ദരവുമായ ഈ ദേവാലയത്തിന്റെ ഉള്ളില്‍ നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഏറെ ആനന്ദം നിറയും.
ജമാ മസ്ജിദിന്റെ ഉള്‍ത്തളങ്ങള്‍ ഭക്തിസാന്ദ്രതക്കൊപ്പം കലയുടെയും സംസ്‌കൃതിയുടെയും ശേഷിപ്പുകള്‍ നിറഞ്ഞ ഇടം കൂടിയാണ്. അത് ഓരോന്നായി കണ്ടറിഞ്ഞു.
അയ്യായിരത്തി നാല്പത് ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ജമാ മസ്ജിദ് ബിജാപ്പൂരിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ്. ഒരേ സമയം നാലായിരത്തോളം ആളുകള്‍ക്ക് ഒത്തൊരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യത്തോടെ ഒരുക്കിയതാണ് ജാമിയ മസ്ജിദിന്റെ അകത്തളം. പള്ളിക്കകത്തും പരിസരങ്ങളിലും ഏതു കോണിലിരുന്നും ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍ക്കാന്‍ പാകത്തിന് അതിവിശിഷ്ടവും വ്യത്യസ്തവുമായ രീതിയിലാണ് ഇതിന്റെ നിര്‍മാണ സജ്ജീകരണങ്ങള്‍. പ്രധാന പ്രാര്‍ഥനാഹാള്‍ 70 മുതല്‍ 36 മീറ്റര്‍ വരെ നീളവും വീതിയും ഉള്ളതാണ്. പ്രാര്‍ഥനാ ഹാളിന്റെ തറയില്‍ നിസ്‌കാരപ്പരവതാനിക്ക് സമാനമായ രീതിയിലുള്ള ചിത്രപ്പണികളുണ്ട്.
ജമാ മസ്ജിദിന്റെ മിഹ്റാബ് അതി വിശിഷ്ടമായ രീതിയിലുള്ള ഒരു നിര്‍മിതിയാണ്. മിഹ്റാബ് നിറയെ സുവര്‍ണ ലിപികളില്‍ എഴുതിയ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് അലംകൃതമാണ്. അത്യപൂര്‍വമായ ഒരു കാഴ്ചയാണിത്. കലിഗ്രഫിയുടെ വിരുത് തെളിയുന്ന സൂക്ഷ്മ സുന്ദര രൂപങ്ങള്‍. പേര്‍ഷ്യന്‍ ഭാഷയിലും അറബിയിലും ഉള്ള ഭംഗിയാര്‍ന്ന ചെറുതും വലുതുമായ രൂപഭാവങ്ങള്‍ ഇവിടെ ധാരാളമുണ്ട്. അക്ഷരകലയുടെ ഈ മേളനം ഇവിടെ എത്തുന്ന കാണികളെ ഏറെ ആകര്‍ഷിക്കും. ലിപികലയുടെ ഈ കിടിലന്‍ ആവിഷ്‌കാരങ്ങള്‍ ജമാ മസ്ജിദിന്റെ മിഹ്റാബിന് പ്രത്യേക അലങ്കാരമായി നില്‍ക്കുന്നു. മിഹ്‌റാബിന് സമീപത്തും ചുമര്‍ചിത്രങ്ങളുണ്ട്.
മസ്ജിദിനുള്ളിലെ കമാനങ്ങളാ മറ്റൊരു ആകര്‍ഷണം. പ്രൗഢഢഭംഗി നിറഞ്ഞതും ലളിതവും എന്നാല്‍ സുന്ദരവുമായ ആര്‍ച്ചുകള്‍ കൊണ്ട് സമ്പന്നവുമാണ്. അവയുടെ മേല്‍ക്കൂരയും തൂണുകളും ഏറെ മനോഹരങ്ങളായ കാഴ്ച തന്നെ. താമരയിതളുകള്‍ പോലെ തോന്നുന്ന അവയുടെ വിരിപ്പും മേലാപ്പും കമാനങ്ങളും വശ്യമനോഹരമായ രൂപഭംഗിയില്‍ നില്‍ക്കുന്നു. അവക്കിടയിലൂടെ നടക്കുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി.
പള്ളിയുടെ മേല്‍ക്കൂരയും എടുത്തുപറയേണ്ട പ്രത്യേകതകളോട് കൂടിയുള്ളതാണ്. മധ്യഭാഗത്തെ മനോഹരമായ വലിയ അര്‍ധഗോള താഴികക്കുടത്തിന്റെ ഭംഗി പറഞ്ഞറിയിക്കാന്‍ പ്രയാസം. അത്രക്ക് ആകര്‍ഷകമാണത്. പള്ളിക്കകത്ത് കയറുന്ന ഏതൊരാള്‍ക്കും അതിന്റെ ആകൃതിയിലും കരവിരുതിലും മതിപ്പു തോന്നും.
ജമാ മസ്ജിദിന്റെ വിസ്താരമുള്ള അകത്തളം അനേകം കമ്പാര്‍ട്ട്‌മെന്റുകളായി തിരിച്ചിട്ടുണ്ട്. അതിന്റെ തറയും ചിത്രപ്പണികള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ജമാ മസ്ജിദിന്റെ മുഖവാരത്ത് മനോഹരമായ ഒമ്പതു ആര്‍ച്ചുകളുണ്ട്.
പള്ളിയുടെ ഉള്‍ഭാഗത്തിന്റെ നിര്‍മിതി ഏതാണ്ട് 1565-ലാണ് നടന്നതെന്ന് കരുതപ്പെടുന്നു. പിന്നീട് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്ത് 1636-ലും പള്ളിയുടെ മോടി കൂട്ടുകയും മസ്ജിദിന്റെ കിഴക്ക് ഭാഗത്തുള്ള പ്രധാന കവാടം നിര്‍മിച്ച് കൂട്ടിച്ചേര്‍ക്കുകയും, പ്രാര്‍ഥനാ ഹാളിന്റെ തറയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ മനോഹരമാക്കുകയും ചെയ്തുവെന്നും, പള്ളിയുടെ വരാന്തയുടെ നിര്‍മാണവും ആ സമയത്ത് നടന്നതായും ചരിത്ര രേഖകള്‍ പറയുന്നു.
മസ്ജിദിലെ ഉസ്താദുമാര്‍ കാഴ്ചകളെ ഓരോന്നും പരിചയപ്പെടുത്തി വിവരണങ്ങള്‍ തരുന്നതില്‍ ഏറെ സന്തോഷവാന്മാരായിരുന്നു. അവര്‍ കുശലം പറഞ്ഞു.
അക്ഷരാര്‍ഥത്തില്‍ കാഴ്ചയുടെ വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ചരിത്ര ആരാധനാലയമാണ് ബിജാപ്പൂര്‍ ജമാ മസ്ജിദ്. മതിവരുവോളം ആ സുന്ദര കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങി പുല്‍പ്പരപ്പില്‍ അല്‍പനേരം വിശ്രമിച്ചു. തിരികെ പോരും മുമ്പ് മസ്ജിദ് സമുച്ചയത്തിലേക്ക് ഒന്നു കൂടി കണ്ണ് നട്ടു. ബിജാപ്പൂരിന്റെ മണ്ണില്‍ ജമാ മസ്ജിദ് എന്ന പൈതൃകദേവാലയം വിരിഞ്ഞ് വിരാജിച്ചു നില്‍ക്കുന്നു. എത്ര മനോഹരമായ ദൃശ്യം. ഇനിയും എന്നെങ്കിലും ഈ വഴി വരാന്‍ കഴിയണേ എന്ന പ്രാര്‍ഥനയോടെ ആ മണ്ണിനോടും കാഴ്ചകളോടും വിട പറഞ്ഞു. സഞ്ചാരികള്‍ അപ്പോഴും മസ്ജിദിലേക്ക് എത്തിക്കൊണ്ടിരുന്നു.
ചരിത്ര കുതുകികള്‍ക്കും വിശ്വാസികള്‍ക്കും കലാ സ്‌നേഹികള്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് ബിജാപ്പൂര്‍ ജമാ മസ്ജിദ്. എല്ലാ ദിവസവും രാവിലെ അഞ്ചുമണി മുതല്‍ രാത്രി ഒമ്പതു മണി വരെ മസ്ജിദില്‍ പ്രവേശനം അനുവദിക്കും.