ഖബ് ര്‍ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കു കല്‍പ്പിക്കുന്നത് കാണാറുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ എന്നിവര്‍ മരണപ്പെട്ടാല്‍ അവരുടെ ഖബ്റിനരികെ പോയി പ്രാര്‍ഥിക്കാനുള്ള അവകാശം ഇസ്‌ലാം പുരുഷനു മാത്രം നല്‍കുകയും സ്ത്രീയെ തടയുകയും ചെയ്തിട്ടുണ്ടോ?
ഖബ് ര്‍സന്ദര്‍ശനം പരലോക ചിന്ത വളര്‍ത്താന്‍ ഉപകരിക്കും എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. പരലോക ചിന്ത പുരുഷനെപ്പോലെ സ്ത്രീക്കും ഉണ്ടാവേണ്ടതല്ലേ, പിന്നെ എന്തടിസ്ഥാനത്തിലാണ് സ്ത്രീയെ തടയുന്നത്, ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഇതിനുള്ള തെളിവെന്താണ്?
സ്ത്രീകളുടെ ഖബ് ര്‍ സന്ദര്‍ശനം എന്നും വിവാദ വിഷയമാണ്. ഇസ്്‌ലാമിക പ്രമാണങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ മറുപടി പറയാം. തങ്ങളുടെ മാതാ-പിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും കുടുംബാംഗങ്ങളുടെയും ഖബ് ര്‍ സന്ദര്‍ശന വേളയില്‍ കൂടെവരുന്ന സ്ത്രീകളെ മകളാവാം, സഹോദരിയാവാം, മാതാവാകാം ഖബ്റിടത്തിന് പുറത്ത് നിര്‍ത്തി പുരുഷന്മാര്‍ പ്രാര്‍ഥിച്ചു തിരിച്ചുവരുന്ന പതിവ് കാഴ്ചയാണ്, ഈ വിഷയത്തില്‍ സമുദായത്തിനുള്ളില്‍ തുറന്ന ചര്‍ച്ചയും തീരുമാനങ്ങളും വേണമെന്ന വിചാരം ഉളവാക്കിയത്. ഈ വിഷയത്തില്‍ നബിയുടെ നിര്‍ദേശമെന്താണ്? സ്വഹാബിമാര്‍ സ്വീകരിച്ച നിലപാടെന്താണ്? മദ്ഹബിന്റെ ഇമാമുമാര്‍ എന്ത് പറഞ്ഞു?
സ്ത്രീകളുടെ ഖബ് ര്‍ സന്ദര്‍ശന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്. അത് കറാഹത്തും അനഭിലഷണീയവുമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ക്ക് തെളിവ്, ഇമാം അഹ് മദ് ഉദ്ധരിച്ച അബൂഹുറയ്റയുടെ ഹദീസാണ്. നബി (സ) പറഞ്ഞു: 'നിരന്തരം ഖബ് ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു.'' ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഈ ഹദീസ് സ്വഹീഹിന്റെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു. തരളിത ഹൃദയവും, മറമാടപ്പെട്ട വ്യക്തിയുമായുള്ള വൈകാരിക ബന്ധത്തിന്റെ പേരില്‍ കരഞ്ഞും തേങ്ങിയും പതം പറഞ്ഞും ബഹളം വെച്ചും മുറവിളി കൂട്ടിയും അരുതാത്ത അന്തരീക്ഷം സൃഷ്ടിക്കുന്ന സ്വഭാവവും സ്ത്രീകള്‍ക്കുണ്ടാവാം എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാവും ഈ നിരോധം എന്ന നിരീക്ഷണമുണ്ട്. പുരുഷന്മാര്‍ക്കെന്നത് പോലെ സ്ത്രീകള്‍ക്കും ഖബ് ര്‍ സിയാറത്ത് അനുവദനീയമാണെന്നാണ് ഹനഫീ അഭിപ്രായം. ഉദ്ധരിക്കുന്ന തെളിവ്: നബി (സ) പറഞ്ഞു: 'ഖബ് ര്‍സിയാറത്ത് ഞാന്‍ നിങ്ങള്‍ക്ക് വിലക്കിയിരുന്നു. ഇനി നിങ്ങള്‍ സന്ദര്‍ശനം നടത്തിക്കൊള്ളുക. കാരണം, അത് പരലോകചിന്ത ഉണര്‍ത്തും'' (മുസ് ലിം).
ഖൈറുര്‍റംലി ഈ ഹദീസിനെക്കുറിച്ച് പറയുന്നത്: 'സന്ദര്‍ശനം സ്ത്രീകളുടെ ദുഃഖവും കരച്ചിലുമൊക്കെ കൂട്ടാനും പഴയ പതിവുകളൊക്കെ ആവര്‍ത്തിക്കാനുമാണ് ഉതകുന്നതെങ്കില്‍ അനുവദനീയമാവില്ല. അതാണ് 'നിരന്തരം ഖബ് ര്‍ സന്ദര്‍ശനം നടത്തുന്ന സ്ത്രീകളെ ശപിച്ചിരിക്കുന്നു' എന്ന ഹദീസിന്റെ വിവക്ഷ. മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടിയുള്ള പ്രാര്‍ഥനയുദ്ദേശിച്ചാണ് സന്ദര്‍ശനമെങ്കില്‍ തെറ്റില്ല.'' 'ഇനി നിങ്ങള്‍ സന്ദര്‍ശിച്ചുകൊള്ളുക' എന്ന് സൗബാന്‍ ഉദ്ധരിച്ച ഹദീസ് മുന്‍നിര്‍ത്തി, സന്ദര്‍ശനം കറാഹത്തല്ല എന്ന് ഇമാം അഹ് മദുബ്നു ഹമ്പല്‍ അഭിപ്രായപ്പെട്ടതായി ഇബ്നു ഖുദാമ രേഖപ്പെടുത്തുന്നു. റൂയാനി അല്‍ ബഹറില്‍ രേഖപ്പെടുത്തിയത്, ശാഫിഈയുടെ അഭിപ്രായവും ഇങ്ങനെയുണ്ടെന്നാണ്. അനഭിലഷണീയമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍, ഖബറിനടുത്ത് പോയി അരുതാത്ത കാര്യങ്ങളൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഖബ് ര്‍ സിയാറത്ത് ആവാമെന്ന് ഇമാം നവവിയും അഭിപ്രായപ്പെടുന്നു. 'ഇനി നിങ്ങള്‍ സന്ദര്‍ശിച്ചുകൊള്ളൂ' എന്ന നബിയുടെ അനുവാദം വ്യക്തമാക്കിയ സൗബാന്റെ ഹദീസിനാണ് പ്രസക്തിയെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. 'ഇനി നിങ്ങള്‍ സന്ദര്‍ശിച്ചുകൊള്ളൂ' എന്ന നബിയുടെ വാക്കുകള്‍ സ്ത്രീക്കും പുരുഷനും ഒരുപോലെയുള്ള അനുവാദമാണ്. പരലോക വിചാരം ഉണ്ടാക്കുമെന്ന കാരണം ഇരുവിഭാഗത്തിനും ബാധകമായതാണ്. അബ്ദുല്ലാഹിബ്നു അബീമുലൈകയില്‍നിന്ന് ഹാകിമും അഥ്റമും ഉദ്ധരിക്കുന്ന ഒരു സന്ദര്‍ഭം: 'ആഇശ(റ) ഒരു ദിവസം മഖ്ബറയില്‍നിന്ന് വരികയാണ്. ഞാന്‍ അവരോട് ചോദിച്ചു: 'ഉമ്മുല്‍ മുഅ്മിനീന്‍! എവിടെനിന്നാണ് വരുന്നത്?' അവര്‍ പ്രതിവചിച്ചു: 'എന്റെ സഹോദരന്‍ അബ്ദുര്‍റഹ് മാന്‍ ഇബ്നു അബീബകറിന്റെ ഖബര്‍ സന്ദര്‍ശിച്ചു വരികയാണ്. അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: ''നബി (സ) ഖബര്‍ സിയാറത്ത് വിലക്കിയിരുന്നില്ലേ?'' അവര്‍: 'ശരിയാണ്. പിന്നെ ഖബ്റുകള്‍ സന്ദര്‍ശിക്കാന്‍ കല്‍പിക്കുകയാണുണ്ടായത്'' (അല്‍ബാനി; സ്വഹീഹ്).
മുസ് ലിം ഉദ്ധരിക്കുന്ന ആഇശയുടെ മറ്റൊരു ഹദീസ്: ആഇശ നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഖബ് ര്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്താണ് പറയേണ്ടത്? നബി പറഞ്ഞു:
'മുസ് ലിംകളും മുഅ്മിനുകളുമായി, ഖബ്റിടങ്ങളില്‍ കഴിയുന്നവരേ, നിങ്ങള്‍ക്ക് സലാം; നേരത്തെ പോയവരെയും ഇനി പോകാനിരിക്കുന്നവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.''
'ഖബ്റുകള്‍ നിരന്തരം സന്ദര്‍ശിക്കുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചു' എന്ന നബിയുടെ പ്രസ്താവനയെകുറിച്ച് ഖുര്‍തുബിയുടെ അഭിപ്രായമിങ്ങനെ: 'ഹദീസില്‍ പറഞ്ഞ ശാപം അധികം അധികം ഖബ് ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കാണ് 'സുവ്വാറാത്ത്' എന്നു പറഞ്ഞതില്‍നിന്ന് മനസ്സിലാക്കേണ്ടത്. 'സാഇറാത്ത്' എന്നതിന് പകരം ''സുവ്വാറാത്ത്'' എന്നാണല്ലോ പ്രയോഗിച്ചിട്ടുള്ളത്.'' യുവതികള്‍ക്ക് സന്ദര്‍ശനം ആവാമോ എന്നാണ് ചോദ്യമെങ്കില്‍, പൊതുവായ അനുവാദത്തിന്റെ പരിധിയില്‍ അവരും ഉണ്ട് എന്നാണ് മറുപടി. ആ പദപ്രയോഗം വൃദ്ധകളെ മാത്രം ഉദ്ദേശിച്ചല്ല എന്ന് വ്യക്തം. നബി മരിക്കുമ്പോള്‍ യുവത്വത്തിന്റെ നിറവിലായിരുന്നു പത്നി ആഇശ. അപ്പോഴാണല്ലോ അവര്‍ സഹോദരന്റെ ഖബ് ര്‍ സന്ദര്‍ശിച്ചുവരുന്നത് സ്വഹാബി കണ്ടത്.
ശാഫിഈ മദ്ഹബില്‍ പ്രാബല്യം സ്ത്രീകളുടെ ഖബ് ര്‍ സന്ദര്‍ശനം കറാഹത്താണ് എന്ന അഭിപ്രായത്തിനാണ്. തീരെ ഹറാമും അല്ല, തീര്‍ത്തും അനുവദനീയവുമല്ല. സ്ത്രീകള്‍ ഖബ് ര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടാക്കിയേക്കാവുന്ന അനഭിലഷണീയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് അത്. ഖതീബുശ്ശര്‍ബീനി: 'സ്ത്രീകള്‍ക്ക് സിയാറത്ത് കറാഹത്താണ്. കാരണം അവര്‍ കരയും, ശബ്ദമുയര്‍ത്തും. ലോലഹൃദയരായ അവരില്‍നിന്ന് ഇവ സ്വാഭാവികമായും സംഭവിക്കും.'' ഇബ്നു ബാസിനെ പോലെയുള്ള പണ്ഡിതന്മാര്‍ 'നബി ഖബ് ര്‍ സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശപിച്ചിരിക്കുന്നു' എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സിയാറത്ത് ഹറാം ആണെന്ന് വിധിക്കുന്നു.
ചുരുക്കത്തില്‍, സ്ത്രീകളുടെ ഖബ് ര്‍ സന്ദര്‍ശനം സംബന്ധിച്ച ഭിന്നാഭിപ്രായങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം: വിഷയത്തില്‍ മൂന്ന് അഭിപ്രായങ്ങളാണുള്ളത്.
* ഒന്ന്: സ്ത്രീകള്‍ക്ക് ഖബ് ര്‍സിയാറത്ത് കറാഹത്താണ്. ശാഫിഈ, ഹമ്പലി, ഹനഫികളിലും മാലികികളിലും ഒരു വിഭാഗം- ഇങ്ങനെ കരുതുന്നവരാണ്.
തെളിവ്: അബൂഹുറയ്റ: 'നിരന്തരം ഖബ് ര്‍ സന്ദര്‍ശനം നടത്തുന്ന സ്ത്രീകളെ നബി ശപിച്ചു.'' നിരോധം വ്യക്തം.
* നിരോധം കറാഹത്തായി ധരിക്കാവുന്ന തെളിവ്:
അനസ്(റ): 'ഖബ്റിനരികില്‍ ഇരുന്ന് കരയുന്ന സ്ത്രീയെ ശ്രദ്ധയില്‍ പെട്ട റസൂല്‍: 'നീ അല്ലാഹുവിനെ സൂക്ഷിക്കുക, ക്ഷമ കൈക്കൊള്ളുക.' നബി അവരെ തടയാഞ്ഞതില്‍നിന്ന് മനസ്സിലാക്കാവുന്നത്, കറാഹത്തിന്റെ പരിധിയിലാണ് വരിക എന്നാണ്.
* ഖബ് ര്‍ സന്ദര്‍ശനവേളയില്‍ പ്രാര്‍ഥിക്കേണ്ടത് എന്തെന്ന പത്നി ആഇശയുടെ അന്വേഷണത്തിന് നബി വിശദമായ പ്രാര്‍ഥനാ രൂപം പഠിപ്പിച്ചുകൊടുത്തു. നിരുപാധികം നിരോധമായിരുന്നെങ്കില്‍ നബി അത് സൂചിപ്പിക്കുമായിരുന്നുവല്ലോ.
* ഉമ്മു അത്വിയ്യ: ''ജനാസകളെ അനുഗമിക്കുന്നതില്‍നിന്നും നബി ഞങ്ങളെ തടഞ്ഞു.''
സന്ദര്‍ശനം അനുഗമിക്കുന്നത് പോലെയാണ്. അതിനാല്‍ അത് രണ്ടും കറാഹത്തായി ഗണിക്കാം.
* രണ്ട്: സ്ത്രീകള്‍ക്ക് ഖബ് ര്‍ സിയാറത്ത് ഹറാമാണ്. ഹനഫികളിലും ശാഫിഈകളിലും ഒരു വിഭാഗം അങ്ങനെ കരുതുന്നു. ഇബ്നു തൈമിയ്യ, ഇബ്നു ബാസ്, ഇബ്നു ഉസൈമീന്‍ തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.
തെളിവ്: അബൂഹുറയ്റ: 'നിരന്തരം ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ നബി ശപിച്ചു.'
സ്ത്രീകളുടെ പൊതു സ്വഭാവവും അതുളവാക്കിയേക്കാവുന്ന അഹിതകരമായ അനുഭവങ്ങളും മുന്നില്‍ വെച്ചാവും ഈ നിര്‍ദേശം. സന്ദര്‍ശന വേളയില്‍ സ്ത്രീകളില്‍ നിന്നുണ്ടാവുന്ന വൈകാരിക പ്രകടനങ്ങളും കരച്ചിലുമെല്ലാം ഉണ്ടാക്കുന്ന അനഭിലഷണീയ ദൃശ്യങ്ങളും, അത് സ്ത്രീകളിലും പുരുഷന്മാരിലും ഒക്കെ ഉണ്ടാക്കുന്ന ദുഷ്ഫലങ്ങളും പരിഗണിച്ചാണ് നിരോധം. ദുഷ്പരിണിതികള്‍ ഉളവാക്കിയേക്കാവുന്ന മാര്‍ഗങ്ങള്‍ അടയ്ക്കുകയെന്നതാണ് ശരീഅത്തിന്റെ രീതി. ആ നിരീക്ഷണമാണ് ഹറാമായി ഗണിച്ചതിന് പിന്നില്‍.
മൂന്ന്: സ്ത്രീകള്‍ക്ക് ഖബ് ര്‍ സിയാറത്ത് അനുവദനീയമാണ്.
ഹനഫികളില്‍ ഒരു വിഭാഗം, മാലികികളിലും ശാഫിഈകളിലും ഒരു വിഭാഗം ഈ അഭിപ്രായം ഉള്ളവരാണ്. ഇമാം അഹ്‌മദിന്റെ ഒരു അഭിപ്രായവും ഇങ്ങനെയാണ്. ഖുര്‍തുബി, ശൗകാനി എന്നിവരും സിയാറത്ത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്.
തെളിവ്: ബുറൈദ(റ): നബി പറഞ്ഞു: 'നേരത്തെ ഞാന്‍ നിങ്ങള്‍ക്ക് ഖബ് ര്‍ സിയാറത്ത് നിരോധിച്ചിരുന്നു. ഇനി നിങ്ങള്‍ സന്ദര്‍ശിച്ചുകൊള്ളുക.''
നേരത്തെയുള്ള നിരോധം ദുര്‍ബലപ്പെടുത്തി. ഈ അനുവാദം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമാണെന്ന് അനുവദിക്കുന്ന വിഭാഗം സമര്‍ഥിക്കുന്നു. 'സന്ദര്‍ശനം പരലോക ചിന്ത ഉളവാക്കും' എന്ന് നബി ഉണര്‍ത്തിയിരിക്കെ അത് ഇരു വിഭാഗത്തിനും ആവശ്യമാണല്ലോ.
സഹോദരന്റെ ഖബ് ര്‍ സന്ദര്‍ശിച്ച നബി പത്നി ആഇശയുടെ വിശദീകരണവും ഇതിന് ഉപോല്‍ബലകമായി ഉണ്ട്.
സ്ത്രീകള്‍ സന്ദര്‍ശന വേളയില്‍ പാലിക്കേണ്ട ചിട്ടകളും മര്യാദകളും പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു:
* സന്ദര്‍ശനം അല്ലാഹുവിന്റെ പ്രീതിമാത്രം ഉദ്ദേശിച്ചാവണം. മരണ-പരലോക ചിന്തകള്‍ ഉണര്‍ത്തണം.
* മഖ്ബറയില്‍ അടക്കവും ഒതുക്കവും അച്ചടക്കവും വേണം. ഉറക്കെ കരയാനോ ബഹളം കൂട്ടാനോ ശബ്ദം ഉയര്‍ത്താനോ പാടില്ല.
* പുരുഷന്മാരുമായി കൂടിക്കലരാന്‍ പാടില്ല.
* ശരീര ഭാഗങ്ങള്‍ എല്ലാം മറച്ചുകൊണ്ട് വേണം സന്ദര്‍ശനം.
(അവലംബം: മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ)