നഷ്ടങ്ങള്‍ എന്ന മനോദുഃഖം

ടി. മുഹമ്മദ് വേളം
ജനുവരി 2025
'ക്ഷമാലുക്കളെ സന്തോഷ വാര്‍ത്തയറിയിക്കുക' എന്നുപറഞ്ഞു കൊണ്ടാണ് പരീക്ഷണത്തെക്കുറിച്ച വാക്യം അല്ലാഹു അവസാനിപ്പിക്കുന്നത്. അഥവാ നഷ്ടങ്ങളെ പരീക്ഷണങ്ങളായി തിരിച്ചറിഞ്ഞ് ക്ഷമ അവലംബിക്കുന്നവര്‍ക്ക് സന്തോഷകരമായ പര്യവസാനങ്ങളുണ്ട്.

നമ്മെ മാനസികമായി ഏറ്റവും പ്രയാസപ്പെടുത്തുന്ന പ്രശ്‌നമാണ് നഷ്ടങ്ങള്‍ എന്നത്. നഷ്ടങ്ങള്‍ പല തരത്തിലാവും. ചെറിയ പണനഷ്്ടം മുതല്‍ പ്രിയപ്പെട്ടവരുടെ മരണം വരെ ഇതില്‍ ഉള്‍പ്പെടും. നഷ്്ടങ്ങളെക്കുറിച്ച് നമുക്കുണ്ടാവേണ്ട ഒന്നാമത്തെ ബോധ്യം നഷ്ടങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ജീവിതം എന്നതാണ്. എല്ലാ ജീവിതങ്ങളും അങ്ങനെയാണ്. 'സമ്പൂര്‍ണമായി നഷ്ടങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതം ആര്‍ക്കും സാധ്യമല്ല. നഷ്ടം ജീവിതത്തിന്റെ ഭാഗമാണ്. ഈ സത്യം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ നഷ്്ടങ്ങള്‍ ഉണ്ടാക്കുന്ന ദുഃഖത്തിന് ആശ്വാസമുണ്ടാവും. നഷ്ടത്തിന്റെ അനുഭവത്തെ  വൈകാരികതയില്‍ നോക്കിക്കാണുന്നതിനു പകരം അല്‍പ്പം തത്ത്വചിന്താപരമായി നോക്കിക്കാണുക.

നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഏതു ജീവിയും ശ്രമിക്കും. മനുഷ്യനും ശ്രമിക്കേണ്ടതുമാണ്. ഇല്ലെങ്കില്‍ ജീവിതം മൊത്തം ഒരു നഷ്ടമായി കലാശിക്കും. നഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള നിരന്തരമായ ശ്രമമാണ് ജീവിതം എന്നുപോലും പറയാം. പക്ഷേ, എത്ര  ഒഴിവാക്കാന്‍ ശ്രമിച്ചാലും ഏതു ജീവിതത്തിലും  നഷ്ടങ്ങള്‍ സംഭവിക്കും. നഷ്ട്ങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളും അതിലെ വിജയങ്ങളും പരാജയങ്ങളുമാണ് ജീവിതം

വിജിയിക്കാനുള്ള പരിശ്രമം ജീവിതത്തിന്റെ ആവേശമാണ്. പക്ഷേ, തോല്‍ക്കുകയും ചെയ്യുമെന്നത് ജീവിതത്തെക്കുറിച്ച് ഉണ്ടാവേണ്ട യാഥാർഥ്യ ബോധമാണ്. വൈകാരികതകളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. പക്ഷേ, വികാരം കൊണ്ടു മാത്രം ജീവിക്കാന്‍ കഴിയില്ല. ഒരല്പം നിസ്സംഗതയും നിര്‍വികാരതയും ചേര്‍ത്തു മാത്രമേ ജീവിതത്തെ സമതുലിതമാക്കാന്‍ കഴിയൂ. മകന്‍ മരിച്ച തീരാത്ത സങ്കടവുമായി വന്ന അമ്മയോട് നിങ്ങളുടെ ദുഃഖം ഞാന്‍ ശമിപ്പിച്ചു തരാം, അതിന് നിങ്ങള്‍ കുറച്ചു കടുക് വാങ്ങി വരണം, മരണം നടക്കാത്ത വീട്ടില്‍നിന്ന് എന്നു പറഞ്ഞ ബുദ്ധ കഥ പ്രസിദ്ധമാണല്ലോ. വളരെയെളുപ്പം എന്നു കരുതിയാണ് ആ സ്ത്രീ തന്റെ ഉദ്യമത്തിനിറങ്ങിയത്. പോകപ്പോകെ അവര്‍ക്കു മനസ്സിലായി ഇതൊരു അസാധ്യ കാര്യമാണെന്ന്. കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍, എല്ലായിടത്തും മരണങ്ങള്‍ നടക്കുന്നുണ്ടെന്ന മഹാ പൊരുളും അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ബോധവതിയായി ബുദ്ധന്റെയടുക്കല്‍ തിരിച്ചെത്തി. നഷ്്ടങ്ങള്‍ ജീവിതത്തിന്റെ അനിവാര്യ ഭാഗമാണെന്ന ബോധോദയമാണത്.

അറബികളെ കുറിച്ച് പറയാറുണ്ട്, അവര്‍ ഇത്തരമൊരു ബോധോദയത്തില്‍ ഒരു സമൂഹമെന്ന നിലക്കുതന്നെ ജീവിക്കുന്നവരാണെന്ന്. എത്ര പ്രിയപ്പെട്ടവരുടെ അകാലത്തിലുള്ള മരണവും അവരെ ഒരു പരിധിക്കപ്പുറം ദുഃഖിതരാക്കാറില്ല. അത് ദൈവനിശ്ചയമാണെന്ന് മനസ്സിലാക്കി ക്ഷമയെ ഒരു സംസ്‌കാരമായി വികസിപ്പിച്ചവരാണവര്‍. വിധിവിശ്വാസം വികാരങ്ങളെ സമതുലിതമാക്കുന്നത് ഇങ്ങനെയാണ്.

നഷ് ടങ്ങളെ നാം ജീവിതം മുഴുവന്‍ ചുമന്നു നടക്കരുത്. അതിനെ വഴിയില്‍ ഉപേക്ഷിച്ച് നാം പുതിയ സാധ്യതകളിലേക്ക് നടക്കണം. പണം നഷ് ടപ്പെട്ടവര്‍  കിട്ടില്ലെന്നുറപ്പായാല്‍ അവിടെ സ്തംഭിച്ചു നില്‍ക്കുന്നതിന് പകരം വീണ്ടും പണമുണ്ടാക്കാന്‍ മുന്നോട്ടുപോകണം. ഇണയെ നഷ്ടപ്പെട്ടവര്‍ ഹതാശരായി അവിടെത്തന്നെ ഇരിക്കുന്നതിന് പകരം പുതിയ ഇണയെ കണ്ടെത്തി ജീവിതനൗകയെ മുന്നോട്ട് നയിക്കണം. ജീവിതം നമുക്ക് നിരന്തരം നല്‍കുന്ന സന്ദേശം അര്‍ഥപൂര്‍ണമായി ജീവിക്കുക എന്നതാണ്, അതിനു തടസ്സം ആകുന്ന എന്തിനെയും നിഗ്രഹിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നാണ്.

നഷ് ടങ്ങള്‍ പരീക്ഷണമാണെന്ന ആശയം ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്: 'വിശ്വാസികളേ, ഭയം കൊണ്ടും  വിശപ്പുകൊണ്ടും ധനനഷ്ടം കൊണ്ടും ആള്‍നഷ്്ടം കൊണ്ടും കായ്കനികളുടെ നഷ്്ടം കൊണ്ടും നാം നിങ്ങളെ പരീക്ഷിക്കും. ക്ഷമാലുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'(അല്‍ബഖറ 155). നഷ്ടങ്ങള്‍ ദൈവിക നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് ഇവിടെ അല്ലാഹു പറയുന്നത്. അതുകൊണ്ടുതന്നെ അത് ഭൂമിയിലെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്. മാത്രമല്ല, ഇത് ദൈവത്തിന്റെ പരീക്ഷണമാണ് എന്നുമാണ് ഇവിടെ പറയുന്നത്. ഇതിന്റെ തൊട്ടുമുകളിലെ വചനം, "ദൈവമാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് മരിച്ചവര്‍ എന്ന് നിങ്ങള്‍ പറയരുത് അവര്‍ ജീവിച്ചിരിക്കുന്നവരാണ്; നിങ്ങള്‍ അറിയുന്നില്ലെന്നു മാത്രം എന്നതാണ്. ഈ വാക്യങ്ങള്‍ അവതരിച്ചത് ബദ് ർ യുദ്ധത്തില്‍ 14- മുസ്ലികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ്. നഷ് ടങ്ങള്‍ പരീക്ഷണങ്ങളാണെന്നുമാണ് അല്ലാഹു പറയുന്നത്. ക്ഷമാലുക്കളെ സന്തോഷവാര്‍ത്തയറിയിക്കുക എന്നു പറഞ്ഞുകൊണ്ടാണ് പരീക്ഷണത്തെക്കുറിച്ച വാക്യം അല്ലാഹു അവസാനിപ്പിക്കുന്നത്. അഥവാ നഷ് ടങ്ങളെ പരീക്ഷണങ്ങളായി തിരിച്ചറിഞ്ഞ് ക്ഷമ അവലംബിക്കുന്നവര്‍ക്ക് സന്തോഷകരമായ പര്യവസാനമുണ്ട്. അവരില്‍ നഷ് ടങ്ങള്‍ പുണ്യങ്ങളായി പരിണമിക്കുന്നുണ്ട്. നഷ് ടങ്ങളെ നേട്ടങ്ങളാക്കി മാറ്റുന്ന മാന്ത്രിക വിദ്യയുടെ പേരാണ് സത്യവിശ്വാസം. അതാണ് പ്രവാചകന്‍ പറഞ്ഞത്: വിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരമാണ്. വിപത്തുകളില്‍ അവര്‍ ക്ഷമിക്കുന്നു. അത് അവര്‍ക്ക് പുണ്യകരമായിത്തീരുന്നു. നേട്ടങ്ങളില്‍ അവര്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. അതും അവര്‍ക്ക് പുണ്യമായി രേഖപ്പെടുത്തപ്പെടുന്നു. പരീക്ഷണം എന്നത് ജീവിതത്തിന്റെ ഏറ്റവും മികച്ച തലക്കെട്ടും അടിക്കുറിപ്പുമാണ്. മനുഷ്യ ജീവിതത്തില്‍ അല്ലാഹു നിക്ഷേപിച്ച അര്‍ഥവെളിച്ചമാണത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media