കാബേജ് കോളിഫ്ളവര്‍ കാരറ്റ് ബീറ്റ്റൂട്ട് ബ്രോക്കോളി മുതലായവ ഗ്രോ ബാഗുകളിലോ നിലത്തോ കൃഷി ചെയ്യാം. ഗ്രോ ബാഗിലാണെങ്കില്‍ ഏറ്റവും അടിയിലായി കരിയിലകള്‍ ഇട്ടു കൊടുക്കാം. പോട്ടിംഗ് മിശ്രിതം ഗ്രോ ബാഗിന്റെ പകുതി വരെ നിറക്കണം. മണ്ണ,് ഉണങ്ങി പൊടിച്ച ചാണകം, മണ്ണിര കമ്പോസ്റ്റ്, ഒരു പിടി എല്ലുപൊടി, ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി ചേര്‍ക്കണം. ഒരു ഗ്രോ ബാഗിന് 50 ഗ്രാം കുമ്മായം ചേര്‍ത്തു കൊടുക്കണം. കുമ്മായം നടുന്നതിന് 15 ദിവസം മുമ്പെങ്കിലും മണ്ണുമായി ചേര്‍ത്തു കൊടുക്കുന്നതാണ് ഉത്തമം. ഗ്രോ ബാഗിന്റെ നടുവിലായി ഒരു ചെറിയ കുഴിയെടുത്ത് അതില്‍ തൈകള്‍ നടാവുന്നതാണ്. മൂന്ന് നാല് ദിവസം തണല്‍ നല്‍കണം. ആഴ്ചയിലൊരിക്കല്‍ ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കാം. ഇടയ്ക്ക് ജൈവ സ്ളറിയും ഫിഷ് അമിനോ ആസിഡും കൊടുക്കാം. സ്യൂഡോമോണാസ് തളിച്ചു കൊടുക്കുന്നതും നല്ലതാണ്. രാസവളം ഉപയോഗിക്കുന്നവര്‍ക്ക് ഫാക്ടംഫോസ് 10 ഗ്രാം, പൊട്ടാഷ് 5 ഗ്രാം എന്ന തോതില്‍ ആഴ്ചയിലൊരിക്കല്‍ കൊടുക്കാം.
നിലത്താണ് നടുന്നതെങ്കില്‍ നല്ല സൂര്യപ്രകാശം കിട്ടുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലമാണ് ഉത്തമം. അര അടി താഴ്ചയും ആവശ്യമായ നീളവും ഉള്ള ചാലുകള്‍ എടുത്ത് ഉണക്കിപ്പൊടിച്ച ചാണകം അല്ലെങ്കില്‍ ജൈവവളം/ കമ്പോസ്റ്റ് സെന്റ് ഒന്നിന് 100 കിലോഗ്രാം തോതില്‍ നല്‍കി ചാലിന്റെ മുക്കാല്‍ ഭാഗം മൂടണം. ഈ ചാലുകളില്‍ ഒന്നര അടി ഇടവിട്ടാണ് തൈകള്‍ നടേണ്ടത്. കാലുകള്‍ തമ്മില്‍ രണ്ടര അടി അകലവും വേണം. നട്ട് മൂന്ന് നാല് ദിവസം തണല്‍ നല്‍കണം. നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ ആദ്യ വളപ്രയോഗം നടത്താം. ജൈവവളമാണ് ഉപയോഗിക്കുന്നതെങ്കില്‍ കടലപ്പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് മുതലായവ 50 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ നല്‍കാം. ശേഷം മണ്ണ് കയറ്റിക്കൊടുക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ വളപ്രയോഗം ആവര്‍ത്തിക്കണം. മണ്ണ് കയറ്റി കൊടുക്കുകയും വേണം. ജൈവസ്ലറി, ഫിഷ് അമിനോ എന്നിവയും നല്‍കാം.
രാസവളമാണ് പ്രയോഗിക്കുന്നതെങ്കില്‍ സെന്റ് ഒന്നിന് രണ്ട് കിലോഗ്രാം രാജ്ഫോസ് അടിവളത്തോടൊപ്പം നല്‍കണം. ഒരു സെന്റിന് ഒരു കിലോഗ്രാം യൂറിയ, ഒരു കിലോഗ്രാം പൊട്ടാഷ് എന്നിവ പല തവണകളായി നല്‍കണം. കളകള്‍ നീക്കം ചെയ്തുകൊടുക്കുകയും മണ്ണ് കയറ്റിക്കൊടുക്കുകയും വേണം.
മഴ തീരെ ലഭിക്കുന്നില്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. തൈകള്‍ നട്ട് ഒന്നര മാസം ആകുമ്പോള്‍ കോളിഫ്ളവര്‍ വിരിഞ്ഞു തുടങ്ങും. നട്ട് രണ്ട് മാസം ആകുമ്പോള്‍ കാബേജും വിളവെടുക്കാം.
കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വിത്ത് പാകിയാണ് കൃഷി ചെയ്യേണ്ടത്. 20 സെന്റീമീറ്റര്‍ ഉയരത്തില്‍ ഒരടി വീതിയില്‍ തടങ്ങള്‍ എടുത്താണ് വിത്ത് പാകേണ്ടത്. വിത്തിടുന്നതിന് മുമ്പ് ജൈവവളം ഒരു സെന്റിന് 100 കിലോഗ്രാം തോതില്‍ നല്‍കണം. ഗ്രോബാഗുകളിലും ചെയ്യാം. കല്ലുകള്‍ ഇല്ലാത്ത മണ്ണാണ് ഉത്തമം. വേരുകള്‍ നന്നായി വളരുമ്പോള്‍ മണ്ണ് കയറ്റിക്കൊടുക്കണം.നട്ട് രണ്ടുമൂന്നു മാസത്തിനുള്ളില്‍ വിളവെടുക്കാം.
കീടനാശിനി
ഇല തീനി പുഴുക്കള്‍, സ്പോടൊപ്റ്റം ലിറ്റിയൂറ മുതലായവ ഇലകള്‍ തിന്ന് നശിപ്പിക്കുന്നുണ്ടെങ്കില്‍ വേപ്പെണ്ണ സോപ്പ് എമല്‍ഷന്‍ തളിച്ചു കൊടുക്കാം. ഇലകളില്‍ കറുത്ത കുത്തുകളായി ഇലകള്‍ കരിഞ്ഞു പോകുന്ന രോഗം കാണുകയാണെങ്കില്‍ സ്യൂഡോ മോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി തളിച്ചു കൊടുക്കാവുന്നതാണ്.