രാവിന്റെ ഏകാന്തതയില്‍ റബ്ബുമായി തനിച്ചിരുന്ന് കണ്ണീരൊഴുക്കുമ്പോള്‍
അകം വെടിപ്പാക്കുക മാത്രമല്ല;
അന്ത്യനാളിലെ കൊടും വെയിലില്‍
നമുക്ക് നിഴലിടാനുള്ള
തണലൊരുങ്ങുക കൂടിയാണ്.
രാത്രിയെ സംവിധാനിച്ചിട്ടുള്ളത് ശാന്തതയായാണ്. സുഖനിദ്രയാണതിന്റെ മുഖമുദ്ര. അത് നമുക്ക് ആനന്ദവും ഉന്മേഷവും നല്‍കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ ദൃഷ്ടാന്തവുമാണത്. 'രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ടു മനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി തെളിവുകളുണ്ട്' (അര്‍റൂം 23). 'അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വുവേളയുമാക്കിയതും അവന്‍ തന്നെ' (അല്‍ഫുര്‍ഖാന്‍ 47).
രാത്രിയിലെ ആനന്ദ നിദ്ര അനുഗ്രഹമായി നല്‍കിയ നാഥനോടുള്ള അടുപ്പവും കടപ്പാടും ഉറക്കത്തെക്കാള്‍ പ്രിയങ്കരമാകുന്നതിന്റെ പേരാണ് തഹജ്ജുദ് / ഖിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം). ചുറ്റുപാടുകള്‍ സുഖനിദ്രയിലായിരിക്കെ തന്റെ സ്‌നേഹനിധിയായ നാഥനോട് സല്ലപിക്കാനുള്ള നേരം രാത്രിയുടെ ഏകാന്തത തന്നെയാണ്. വിശ്വാസിക്ക് അല്ലാഹുവെക്കാള്‍ പ്രിയപ്പെട്ട മറ്റെന്തുണ്ട്? പാതിരാവില്‍ കിടക്ക വിട്ടുണരുന്ന വിശ്വാസി തന്റെ നാഥനിലേക്കണയുന്നു. നിദ്രവിട്ട് എഴുന്നേല്‍ക്കുക എന്നാണ് 'തഹജ്ജുദ്' എന്ന പദത്തിന്റെ ഭാഷാര്‍ഥം. അല്ലാഹുവിന്റെ തൃപ്തിയെയും സ്വര്‍ഗത്തെയും കുറിച്ച് ഉള്ളുലക്കുന്ന മോഹവും അവന്റെ പിണക്കത്തെയും ശിക്ഷയെയും കുറിച്ച ഭയപ്പാടും മനതാരില്‍ തെളിയുമ്പോള്‍ എത്ര മിനുസമുള്ള കിടക്കയും തീച്ചൂടായി മാറും.
'നമ്മുടെ സൂക്തങ്ങള്‍ കേള്‍പ്പിച്ച് ഉപദേശിക്കപ്പെടുമ്പോള്‍ സുജൂദില്‍ വീഴുന്നവരും തങ്ങളുടെ റബ്ബിന്റെ സ്തുതി പ്രകീര്‍ത്തിക്കുന്നവരും അഹങ്കരിക്കാത്തവരും മാത്രമാകുന്നു നമ്മുടെ സൂക്തങ്ങളില്‍ വിശ്വസിക്കുന്നത്. അവരുടെ വശങ്ങള്‍ നിദ്രാശയ്യകളില്‍നിന്ന് അടര്‍ന്നുപോരുന്നു. ആശങ്കയോടും ആശയോടും കൂടി റബ്ബിനോട് പ്രാര്‍ഥിക്കുന്നു. നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായി അവര്‍ക്കു വേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട, കണ്‍കുളിര്‍പ്പിക്കുന്ന സമ്മാനം ഒരാള്‍ക്കും അറിഞ്ഞുകൂടാ' (അസ്സജദഃ 15-17).
കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഉള്ളില്‍ തറക്കുന്ന ചോദ്യശരങ്ങള്‍ ഖുര്‍ആനിന്റെ ശൈലിയാണ്. ജ്ഞാനികളും അജ്ഞന്മാരും എങ്ങനെ ഒരുപോലെയാകും എന്ന് ഖുര്‍ആന്‍ ഒരിടത്ത് ചോദിക്കുന്നുണ്ട്. ജ്ഞാനികളുടെ അടയാളമായി അവിടെ വിവരിച്ചത് രാത്രിയുടെ ഏകാന്തതയില്‍ നാഥന് മുന്നില്‍ സാഷ്ടാംഗം നമിക്കുന്നതിനെയാണ് (അസ്സുമര്‍ 9).
'വളരെ പുണ്യമേറിയ ഇബാദത്താണ് രാത്രി നമസ്‌കാരം. അതിന് പല സവിശേഷതകളുമുണ്ട്. സ്ഥിരവും നിഷ്‌കളങ്കവുമായ ദൈവഭക്തിയാല്‍ പ്രചോദിതനായിട്ടാണ് ഒരാള്‍ ലോകം സുഷുപ്തിയിലാണ്ട സമയത്ത് എഴുന്നേറ്റ് നമസ്‌കാരത്തിലേര്‍പ്പെടുന്നത്. അതില്‍ നാട്യത്തിന്റെയോ ലോകമാന്യത്തിന്റെയോ അംശമില്ല. അടിമ ഉടമയുമായി നടത്തുന്ന രഹസ്യ സംഭാഷണമാണത്. അടിമയുടെ ശ്രദ്ധ മറ്റൊന്നിലും പതിയാത്ത സന്ദര്‍ഭം. അപ്പോള്‍ മനസ്സിനോടൊപ്പം കണ്ണും കാതും കൈകാലുകളുമെല്ലാം അല്ലാഹുവുമായി ബന്ധിക്കുന്നു. ആത്മപരിശോധനക്ക് ഇതിലും മികച്ച മറ്റൊരുപാധിയില്ല. അടിമ പൂര്‍ണമായി ദൈവ വിചാരത്തില്‍ ലയിക്കുന്ന സന്ദര്‍ഭമാണത്!' (ഖുര്‍ആന്‍ ബോധനം).
ഇബാദുറഹ്‌മാന്റെ വിശേഷണങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോഴും മുഹ്‌സിനുകളുടെ ഗുണങ്ങള്‍ വിവരിക്കുന്നിടങ്ങളിലും രാത്രി നമസ്‌കാരം സവിശേഷമായി ഖുര്‍ആന്‍ എടുത്തു പറയുന്നത് കാണാം. 'മുത്തഖീങ്ങള്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. തങ്ങളുടെ നാഥന്റെ വരദാനങ്ങള്‍ അനുഭവിക്കുന്നവരായി. അവര്‍ നേരത്തെ മുഹ്‌സിനുകളായിരുന്നുവല്ലോ. രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. അവര്‍ രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമായിരുന്നു. അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു' (അദ്ദാരിയാത്ത് 15-19).
നബി (സ) പഠിപ്പിച്ചതായി അബൂ ഹുറയ്റ (റ) പറയുന്നു: ഫര്‍ദ് നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായത് രാത്രി നമസ്‌കാരമാണ്. പ്രവാചകന്‍ തിരുമേനി (സ) തഹജ്ജുദ് കണിശതയോടെ നിര്‍വഹിച്ചിരുന്നു. പ്രവാചകര്‍ക്ക് അത് നിര്‍ബന്ധവുമായിരുന്നു. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടും കൃതജ്ഞതയും വിധേയത്വവും പ്രകടിപ്പിക്കാനുള്ള ഉപാധികൂടിയാണ് രാത്രി നമസ്‌കാരമെന്ന് റസൂല്‍ (സ) നമ്മെ പഠിപ്പിക്കുന്നു. ദീര്‍ഘ നേരമുള്ള രാത്രി നമസ്‌കാരം ചിലപ്പോള്‍ കാലിന് നീര്‍ക്കെട്ടുണ്ടാകുന്നത് വരെയും നബി (സ) തുടര്‍ന്നിരുന്നുവെന്ന് പ്രിയ പത്‌നി ആഇശ (റ) വിവരിക്കുന്നുണ്ട്. പാപങ്ങളെല്ലാം പൊറുക്കപ്പെട്ട താങ്കള്‍ ഇനിയുമെന്തിന് ഇത്രയും പ്രയാസപ്പെടുന്നുവെന്ന ആയിശ (റ)യുടെ സംശയത്തിന് പ്രവാചകരുടെ വിശദീകരണം ഇതായിരുന്നു: 'അപ്പോള്‍ ഞാന്‍ നന്ദിയുള്ള ദാസനാകാതിരിക്കണോ?' (ബുഖാരി, മുസ്ലിം).
പ്രവാചകത്വത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ നബി (സ)യോട് അല്ലാഹു രാത്രി നമസ്‌കാരം നിഷ്‌കര്‍ശിച്ചിരുന്നു (അല്‍ മുസ്സമ്മില്‍). അബ്ദുല്ലാഹിബ്‌നു സലാം (റ) പറയുന്നു: 'റസൂല്‍ (സ) ആദ്യമായി മദീനയിലെത്തിയപ്പോള്‍ ജനങ്ങള്‍ കൂട്ടമായി തിരുമേനിയുടെ അടുത്തേക്കോടി വന്നു. അക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ അവിടുത്തെ മുഖത്ത് സൂക്ഷിച്ചുനോക്കുകയും വ്യക്തമായി കണ്ടു മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അതൊരു വ്യാജം പറയുന്നവന്റെ മുഖമല്ലെന്ന് എനിക്ക് ബോധ്യപ്പെടുകയുണ്ടായി.' അദ്ദേഹം തുടര്‍ന്നു: 'അങ്ങനെ തിരുമേനിയില്‍നിന്നു ഞാനാദ്യമായി കേട്ട വചനം ഇതായിരുന്നു: മനുഷ്യരേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക; അന്നം നല്‍കുക, ബന്ധങ്ങള്‍ ചേര്‍ക്കുക, രാത്രി ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങള്‍ നമസ്‌കരിക്കുക. എന്നാല്‍, സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം.'
ജിബ് രീല്‍ (അ) നബി തിരുമേനിയോട് പറഞ്ഞതായി സഹ്ലുബ്‌നു സഅ്ദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെയാണ്: 'താങ്കള്‍ അറിയുക, സത്യവിശ്വാസിയുടെ മഹത്വം രാത്രി നമസ്‌കാരവും അവന്റെ പ്രതാപം പരാശ്രയമില്ലാതിരിക്കലുമത്രെ.' സല്‍മാനുല്‍ ഫാരിസി (റ) രാത്രി നമസ്‌കാരത്തെ കുറിച്ച് പ്രവാചകനില്‍നിന്ന് കേട്ടതായി വിവരിക്കുന്നണ്ട്: 'നിങ്ങള്‍ രാത്രി നമസ്‌കാരം പതിവാക്കുക. എന്തുകൊണ്ടെന്നാല്‍ അത് നിങ്ങള്‍ക്ക് മുമ്പുള്ള സജ്ജനങ്ങളുടെ ശീലവും നിങ്ങളുടെ നാഥനുമായി നിങ്ങളെ അടുപ്പിക്കുന്നതും പാപങ്ങളെ മായ്ചു കളയുന്നതും കുറ്റങ്ങളെ തടയുന്നതും ശരീരത്തില്‍നിന്ന് രോഗത്തെ അകറ്റുന്നതുമത്രെ.'
പാതിരാവിലെ നമസ്‌കാരവും പ്രാര്‍ഥനയും തടസ്സങ്ങളില്ലാതെ സ്വീകരിക്കപ്പെടുമെന്നും ഉത്തരം നല്കപ്പെടുമെന്നും റസൂല്‍ (സ) അറിയിക്കുന്നു. അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'അനുഗ്രഹങ്ങളുടയവനും ഉന്നതനുമായ അല്ലാഹു എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്ക് ഇറങ്ങി വരും. അവന്‍ ചോദിക്കും: എന്നെ വിളിച്ചു പ്രാര്‍ഥിക്കുവാനാരുണ്ട്? ഞാനവന് ഉത്തരമേകാം. എന്നോട് ചോദിക്കാനാരുണ്ട്? ഞാനവന് നല്‍കാം. എന്നോട് പാപമോചനം അര്‍ഥിക്കാനാരുണ്ട്? ഞാനവന് പൊറുത്തു കൊടുക്കാം.' അല്ലാഹു സ്‌നേഹിക്കുകയും തന്റെ സന്തോഷം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗം ആളുകളെ കുറിച്ച് റസൂല്‍ തിരുമേനി (സ) പരിചയപ്പെടുത്തുന്നു. രണ്ടും രാത്രി നമസ്‌കാരം പതിവാക്കിയവരാകുന്നു.
ഖിയാമുല്ലൈല്‍ / തഹജ്ജുദ് ലഘുവായ രണ്ടു റക്അത്തുകള്‍ കൊണ്ടാരംഭിക്കുകയും തുടര്‍ന്ന് ഉദ്ദേശിച്ചത്ര നമസ്‌കരിക്കുകയും ഒറ്റ (വിത്‌റ്) കൊണ്ടവസാനിപ്പിക്കുകയുമാണ് വേണ്ടത്. ലഘുവായിട്ടാണെങ്കിലും പതിവായി ചെയ്യുന്ന കര്‍മങ്ങളാണ് അല്ലാഹുവിനിഷ്ടം. അതിനാല്‍ തന്റെ കഴിവനുസരിച്ചു നമസ്‌കരിക്കുകയും അത് പതിവാക്കുകയും ചെയ്യുന്നതാണ് ഉത്തമം.
രാത്രി നമസ്‌കാരത്തിനായി ദമ്പതികള്‍ പരസ്പരം വിളിച്ചുണര്‍ത്തണമെന്നും കുടുംബത്തെ അതിന് പ്രേരിപ്പിക്കണമെന്നും നബി (സ) പഠിപ്പിക്കുന്നു.
തഹജ്ജുദ് ഒരു ആത്മീയ യാത്രയാണ്. അല്ലാഹുവിലേക്കുള്ള രാപ്രയാണം. രാജാധിരാജനോടുള്ള സ്വകാര്യ സംഭാഷണം, പ്രവാചകരോടുള്ള സ്‌നേഹത്തിന്റെ അനുകരണം, ആത്മീയമായ ശക്തിപ്പെടല്‍, പാപമോചനം... ഇതെല്ലാം പാതിരാവിലെ പ്രാര്‍ഥനയിലും കണ്ണീരിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഖുര്‍ആനിന്റെ ആശയം ഗ്രഹിച്ചും ചിന്തിച്ചും സാവകാശത്തില്‍ പാരായണം ചെയ്യാന്‍ സാധിക്കുന്നത് രാത്രി നമസ്‌കാരത്തിലാണ്. അല്ലാഹുവിന്റെ വചനങ്ങളെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ചേര്‍ത്തുവെക്കാന്‍ അതിലൂടെ സാധിക്കുന്നു.
പകല്‍ പലതരം തിരക്കുകളില്‍ കഴിയുന്ന നമ്മള്‍, രാവുകളില്‍ ഈ ആത്മീയ വിരുന്നിലേക്ക് ക്ഷണിക്കപ്പെടുന്നുണ്ട്. തിരക്കിട്ട ജീവിതത്തില്‍നിന്ന് അല്‍പം മാറി രാത്രിയുടെ ഇരുളില്‍ തന്റെ റബ്ബിനൊപ്പം ഒറ്റക്ക് സന്ധിക്കാനും സംവദിക്കാനുമുള്ള സന്ദര്‍ഭമാണ് രാത്രി നമസ്‌കാരം. അത് പകലിലെ നമ്മുടെ ഭാരം ലഘൂകരിക്കും. അഥവാ അവ നിഷ്പ്രയാസം നിര്‍വഹിക്കാനുള്ള ആത്മബലം രാത്രി നമസ്‌കാരം പ്രദാനം ചെയ്യുന്നു.
രാത്രി എഴുന്നേല്‍ക്കുന്നതും ദീര്‍ഘനേരം നിന്നു നമസ്‌കരിക്കുന്നതും നമ്മുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായതല്ല. വിശ്രമത്തിലേക്കും മയക്കത്തിലേക്കും പോകാനാണ് മനസ്സ് കൊതിക്കുക. മനസ്സിന്റെയും ശരീരത്തിന്റെയും ആഗ്രഹങ്ങളെ ഒതുക്കിനിര്‍ത്തി അല്ലാഹുവിലേക്ക് ഉണരുന്നതോടെ സ്വമനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം നേടിയെടുക്കാന്‍ നമുക്ക് സാധിക്കുന്നു. പാതിരാവിലെഴുന്നേറ്റ് അംഗശുദ്ധി വരുത്തി നമസ്‌കരിക്കുന്ന ഒരാള്‍ അത്യന്തം ഉന്മേഷത്തോടെയും ആത്മസംതൃപ്തിയോടെയുമായിരിക്കും പ്രഭാതത്തെ വരവേല്‍ക്കുന്നത്. ആ പകലിനെ മുഴുവന്‍ ഊര്‍ജസ്വലമാക്കാന്‍ അതു ധാരാളം. ജീവിതത്തിന് ചിട്ടയും നിയന്ത്രണവുമുണ്ടാകും. ഉറക്കത്തെ ആത്മനിയന്ത്രണംകൊണ്ട് വരുതിയിലാക്കാനാവുന്നവന് തന്റെ ദൗര്‍ബല്യങ്ങളെ വിശ്വാസത്തിന്റെ പരിധിയിലേക്ക് ചേര്‍ത്തു നിര്‍ത്താനും ദീനീ മാര്‍ഗത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ സഞ്ചരിക്കാനും അനായാസം സാധിക്കും.
ആരോരുമില്ലാതെ തനിച്ചിരിക്കുന്ന നേരത്ത് സര്‍വ കാര്യങ്ങളുമറിയുന്ന നാഥന്റെ മുന്നില്‍ ഉള്ള് തുറക്കാനും അകം ശുദ്ധീകരിക്കാനും പാതിരാവിലെ പ്രാര്‍ഥനയിലൂടെ സാധിക്കുന്നു. അത് നമുക്ക് നല്‍കുന്ന ആശ്വാസം തെല്ലൊന്നുമല്ല. മനസ്സിനെ വരിഞ്ഞു മുറുക്കുന്ന സങ്കടങ്ങള്‍ കൂടൊഴിഞ്ഞു പോകും. പ്രപഞ്ചനാഥന്റെ സ്‌നേഹാര്‍ദ്രമായ കരവലയത്തില്‍ ദുഃഖവും നിരാശയും മാഞ്ഞില്ലാതാകും. എന്തെന്നില്ലാത്ത മനശ്ശാന്തി ലഭിക്കും. അവനെക്കുറിച്ചോര്‍ക്കുമ്പോഴാണ് ഹൃദയം ശാന്തമാകുന്നതെന്ന് അവന്‍ തന്നെ വിളംബരപ്പെടുത്തിയതാണല്ലോ. രാവിന്റെ ഏകാന്തതയില്‍ റബ്ബുമായി തനിച്ചിരുന്ന് കണ്ണീരൊഴുക്കുമ്പോള്‍ അകം വെടിപ്പാക്കുക മാത്രമല്ല; അന്ത്യനാളിലെ കൊടും വെയിലില്‍ നമുക്ക് നിഴലിടാനുള്ള തണലൊരുങ്ങുക കൂടിയാണ്.