ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ. ഷിഫാനയുമായി
എന്‍.ഐ.ടി കാലിക്കറ്റില്‍ ഗവേഷകയായ ആയിഷ ഫഹ് മി നടത്തിയ അഭിമുഖം
നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജി.ഐ.ഒ നടത്തിയ പരിപാടികള്‍ പലതും ജി.ഐ.ഒ കടന്നുവന്ന ത്യാഗോജ്വലമായ നാള്‍വഴികളെ കുറിച്ച് നമ്മെ ഓര്‍മപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി താങ്കള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ ഉത്തരവാദിത്വത്തെ എങ്ങനെയാണ് കാണുന്നത്?
1984-ല്‍ കേരളത്തില്‍ രൂപംകൊണ്ട പ്രസ്ഥാനത്തിന് ഇന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഘടകങ്ങളുണ്ട്. ദേശീയ തലത്തില്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജി.ഐ.ഒയും സ്ഥാപിതമായിട്ടുണ്ട്. ആത്മാഭിമാനത്തോടെ സ്ത്രീ പ്രതിനിധാനം നിര്‍വഹിക്കാനും അനീതിക്കെതിരെ പോരാടാനും മുസ്്ലിം പെണ്ണിനെ പ്രാപ്തയാക്കിയത് ഇസ്്ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനമാണ്. പൗരോഹിത്യം സ്ത്രീയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത സാമൂഹിക ചുറ്റുപാടില്‍ ഇസ്്ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളെ കുറിച്ച് സ്ത്രീകള്‍ തന്നെ സധൈര്യം മുന്നോട്ട് വന്ന് കവലകള്‍ തോറും പ്രസംഗങ്ങള്‍ നടത്തിയും മദ്യം, ലഹരി, സ്ത്രീധനം തുടങ്ങിയ തിന്മകള്‍ക്കെതിരെ കേരളത്തിലുടനീളം സമരപോരാട്ടങ്ങള്‍ തീര്‍ത്തും ഈ വിദ്യാര്‍ത്ഥിനി പ്രസ്ഥാനം പിന്നിട്ട നാള്‍വഴികള്‍ തീര്‍ച്ചയായും 41 വര്‍ഷങ്ങള്‍ക്കിപ്പുറവും ജി.ഐ.ഒവിന് കരുത്തുപകരുന്നുണ്ട.് കാമ്പുള്ള വായനയെ പരിചയപ്പെടുത്തുന്നതില്‍ ജി.ഐ.ഒവിന്റെ മുഖപത്രമായ ആരാമം നിര്‍വഹിച്ച അനിര്‍വചനീയ പങ്കും ഈ അവസരത്തില്‍ ഓര്‍മവരികയാണ്. നാല് പതിറ്റാണ്ടിന്റെ പക്വതയും പാകതയും കൈവന്നിരിക്കുന്ന ഈ വിദ്യാര്‍ഥിനി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ വമ്പിച്ച ഉത്തരവാദിത്വമാണ് എന്നിലുള്ളത്. ഇസ്്ലാമോഫോബിയയും ലിബറലിസവും കൊടികുത്തി വാഴുന്ന പുതിയ കാലഘട്ടത്തില്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചു മാത്രമേ ജി.ഐ.ഒവിന് മുന്നോട്ടുപോവാനാവൂ.
ഏതെല്ലാം മേഖലകളിലാണ് 2025-2026 പ്രവര്‍ത്തന കാലയളവില്‍ ജി.ഐ.ഒ സവിശേഷമായി ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചിട്ടുള്ളത്?
നാല്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വടക്കന്‍ ജില്ലകളില്‍ ജില്ലാ സമ്മേളനങ്ങളും തെക്കന്‍ ജില്ലകളെ ഒരുമിച്ച് ചേര്‍ത്ത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍വെച്ച് ദക്ഷിണ കേരള സമ്മേളനവും നടത്തുകയുണ്ടായി. എന്നാല്‍, ഈ മീഖാത്തില്‍ അത്തരം വലിയ ഇവന്റുകളെക്കാള്‍ ജി.ഐ.ഒവിന്റെ പ്രാദേശിക ഘടകങ്ങളെ മുസ്്ലിം സ്ത്രീയുടെ ആത്മീയ- വൈജ്ഞാനിക ഉന്നമനത്തിനായുള്ള വേദികളാക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ജി.ഐ.ഒ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഇസ്്ലാമിനെ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും പ്രതിനിധീകരിക്കുന്നവരായി വരുംതലമുറയെ വളര്‍ത്തിക്കൊണ്ട് വരിക എന്നത് മുഖ്യ ഊന്നലുകളില്‍ പെടുന്നു. ഇസ്്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റി യഥാര്‍ഥ ഇസ്്ലാമിനെ പൊതുസമൂഹത്തിനു മുമ്പില്‍ പരിചയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനാണ് തീരുമാനം.
ദീനീ വിജ്ഞാനങ്ങളില്‍ അവഗാഹവും ആത്മീയ വളര്‍ച്ചയും സര്‍ഗാത്മകമായ കഴിവുകളും നേടി ഇസ്്ലാമിക കലാലയങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥിനികളെ തലമുറകള്‍ക്ക് ദിശാബോധം നല്‍കുന്ന പണ്ഡിത നേതൃത്വങ്ങളായി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ജി.ഐ.ഒ നടത്തിവരുന്നു. കുടുംബ- സാമൂഹിക- വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ആവശ്യാനുസരണം ഫീഡിങ് റൂമുകളും കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയകളും മതിയായ ശുചിമുറികളും വിശ്രമസ്ഥലങ്ങളും ഒരുക്കേണ്ടതുണ്ട്. ഗര്‍ഭിണികളും ചെറിയ മക്കളുള്ള വരുമായ വിദ്യാര്‍ഥിനികള്‍ക്ക് കാമ്പസുകളില്‍ ശിശുപരിപാലനത്തിന്നായി ഡേ കെയര്‍ സംവിധാനങ്ങളും വ്യാപകമാവേണ്ടതുണ്ട്. സ്ത്രീ സൗഹൃദ ഇടങ്ങളുടെ നിര്‍മിതിക്കായി ഈ മീഖാത്തില്‍ സവിശേഷ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. തൊട്ടിലുകളും കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയയും വിശ്രമമുറികളുമടങ്ങുന്ന ജി.ഐ.ഒവിന്റെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ് ഇതിനൊരു മികച്ച മാതൃകയാണ്.
ലിബറലിസത്തിനാല്‍ സ്വാധീനിക്കപ്പെടുകയും ഇസ്്ലാമിക വേഷവിധാനങ്ങളും മൂല്യങ്ങളും ഉപേക്ഷിക്കുന്നതിനും ഉള്ള കാരണം ഇസ്്ലാമിന്റെ അടിസ്ഥാനമൂല്യങ്ങളെ കുറിച്ചുള്ള അജ്ഞതയാണോ? കാമ്പസ് വിദ്യാര്‍ഥിനികളില്‍ ഇസ്്ലാമിക ധാര്‍മികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ജി.ഐ.ഒവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ?
വിജ്ഞാനത്തെ ഭൗതികമെന്നോ ആത്മീയമെന്നോ വേര്‍തിരിക്കാന്‍ സാധിക്കുകയില്ല. ഏത് അറിവും പ്രപഞ്ച നാഥനെ കണ്ടെത്താന്‍ ഉപയോഗപ്പെടുത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിനികളെപ്പോലെ തന്നെ ഫാസിസത്തോടും ലിബറലിസത്തോടും കലഹിച്ച് ഇസ്ലാമിക ഐഡന്റിറ്റി മുറുകെപ്പിടിച്ച് ഇസ്ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ മാറ്റിക്കൊടുക്കുന്ന, രാജ്യത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത യൂണിവേഴ്‌സിറ്റികളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിനികളും ജി.ഐ.ഒവിന് വലിയ മുതല്‍ക്കൂട്ടാണ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പഠിച്ച വിദ്യാര്‍ഥിനിയാണ് ഞാനും. പൊതു കാമ്പസുകളിലെ ഈ ചടുല യൗവനത്തെ 'കാമ്പസിലെ പോരാളികള്‍' എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. ആത്മാഭിമാനത്തോടെ ഇസ്ലാമിനെ പ്രതിനിധീകരിക്കാന്‍ ആര്‍ജവമില്ലാത്തവരുടെ ഹിജാബാണ് ലിബറലിസത്തിന്റെ കാറ്റ് വീശുമ്പോഴേക്കും അഴിഞ്ഞു പോവുന്നത്. ജി.ഐ.ഒ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന നൂറോളം പൊതു കാമ്പസുകള്‍ കേരളത്തിലുണ്ട്. സ്റ്റഡി സര്‍ക്കിളുകളായും പ്രത്യേക ദിനങ്ങളെ ഫോക്കസ് ചെയ്തും പല സ്വഭാവത്തില്‍ വിദ്യാര്‍ഥിനികളുടെ ആത്മീയ- വൈജ്ഞാനിക വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജി.ഐ.ഒ നടത്തിവരുന്നുണ്ട്. കഴിഞ്ഞ മീഖാത്തില്‍ പാലക്കാട് ജില്ലയിലെ മൗണ്ട് സീന കാമ്പസില്‍ സംഘടിപ്പിച്ച 'ഡിസ്‌കഴ്‌സോ മുസ്ലിമ' കാമ്പസ് കോണ്‍ഫറന്‍സ് വിഷയ വ്യതിരിക്തതയും പ്രതിഭാസാന്നിധ്യവും പ്രൊഫഷണലിസവും കൊണ്ട് വലിയ ശ്രദ്ധ നേടിയിരുന്നു.
ജമാഅത്തുമായി ചേര്‍ന്നാണോ പരിപാടികള്‍ ആസൂത്രണം ചെയ്യാറുള്ളത്? അതോ ഒരു സ്വതന്ത്ര സംഘടന എന്ന നിലക്കാണോ പ്രവര്‍ത്തിക്കുന്നത്?
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പിന്തുണയും കരുതലും ഒരു മാതൃപ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തെ ഇസ്്ലാമി നല്‍കിവരുന്നുണ്ട്. സുപ്രധാനമായ പല വിഷയങ്ങളിലും ജമാഅത്തുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കാറുമുണ്ട്. അതേസമയം ജി.ഐ.ഒ സ്വതന്ത്രമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഒട്ടനവധി പ്രോഗ്രാമുകളുമുണ്ട്. സ്വന്തമായ ഭരണഘടനയുള്ളതോടൊപ്പം ഓരോ മീഖാത്തിന്റെയും തുടക്കത്തില്‍ മത-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞശേഷം സംസ്ഥാന സമിതിയംഗങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനിക്കുന്നതാണ് ജി.ഐ.ഒവിന്റെ പോളിസി പ്രോഗ്രാമുകള്‍.
15 വയസ്സുമുതല്‍ 30 വയസ്സുവരെയുള്ളവര്‍ അണിനിരക്കുന്ന ഒരു പ്ലാറ്റ്ഫോമാണല്ലോ ജി.ഐ.ഒ. ഇത്രയും ജനറേഷന്‍ ഗ്യാപ് ഉള്ളവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമോ? പുതിയ ജനറേഷനെ കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഭരണഘടനയും പോളിസിയുമെല്ലാം അപ്‌ഡേറ്റ് ചെയ്യാറുണ്ടോ?
ജനറേഷന്റെ സവിശേഷതകളെ ജി.ഐ.ഒ പഠനവിധേയമാക്കാറുണ്ട്. ക്യാമ്പുകളും മറ്റും ആസൂത്രണം ചെയ്യുന്നതിന് മുന്നോടിയായി വിദഗ്ധരില്‍ നിന്നും അഭിപ്രായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാറുമുണ്ട്. മാറിവരുന്ന ജനറേഷന് വേണ്ടി നമ്മുടെ ആശയാദര്‍ശങ്ങളില്‍ മാറ്റം വരുത്തുകയല്ല ചെയ്യുന്നത്. മറിച്ച്, ഫലപ്രദമായ രീതിയില്‍ പുതിയ ജനറേഷനുമായി സംവദിക്കാന്‍ പുതുമയുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. അനുഭവജ്ഞാനമുള്ള പഴയ തലമുറയും കാലഘട്ടത്തിന്റെ പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ചു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറയും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും ഒരേ ലക്ഷ്യത്തിനായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അണിനിരന്നവരാണ്. പ്രാസ്ഥാനിക വഴിയില്‍ മുന്‍പേ നടന്നവരാണ് പിറകെ വരുന്നവര്‍ക്ക് വഴികാട്ടികളാവുന്നത്. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംഘടനക്കകത്തുണ്ട്. കൂടിയാലോചനയിലൂടെ ഏറ്റവും ഉചിതമായ ഒരു തീരുമാനത്തില്‍ എത്തുന്നതിനും വ്യത്യസ്ത ജനറേഷനിലുള്ളവര്‍ ഒരുമിച്ചിരിക്കുമെന്നതിലൂടെ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
എക്കാലത്തും പ്രസക്തമായ ഇസ്ലാമിന്റെ അടിസ്ഥാന ആശയാദര്‍ശങ്ങള്‍ തന്നെയാണ് ജി.ഐ.ഒയും പിന്തുടരുന്നത്. എന്നാല്‍, ഓരോ മീഖാത്തിലെയും പോളിസിയും പ്രോഗ്രാമുകളും രൂപീകരിക്കുമ്പോള്‍ കൂടിയാലോചനകളിലൂടെ കാലികപ്രസക്തമായ മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. സംസ്ഥാന-ജില്ലാ നേതാക്കളില്‍ വലിയൊരു വിഭാഗം കുടുംബിനികളാവുന്നതോടൊപ്പം തന്നെ വിദ്യാര്‍ഥിനികളും ഉദ്യോഗാര്‍ഥികളുമാണ്. അതുകൊണ്ട് സാധാരണ പ്രവര്‍ത്തകരിലുണ്ടാകുന്ന മാറ്റങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാനാവുന്നുമുണ്ട്. വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ മുസ്ലിം സ്ത്രീകള്‍ കൈവരിക്കുന്ന നേട്ടങ്ങളെ വളരെ പോസിറ്റീവ് ആയാണ് മനസ്സിലാക്കുന്നത്. അതോടൊപ്പം കുടുംബവ്യവസ്ഥയില്‍നിന്നും ഒളിച്ചോടാനുള്ള കാരണങ്ങളായി പഠനവും ജോലിയും വഴിമാറി പോവുകയുമരുത്.
വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികളെ ഏത് രീതിയിലാണ് അഡ്രസ് ചെയ്യുന്നത്?
പഠനം, ജോലി തുടങ്ങിയ ആവശ്യാര്‍ഥമോ കുടുംബത്തോടൊപ്പമോ വ്യത്യസ്ത നാടുകളില്‍ താമസമാക്കിയ വിദ്യാര്‍ഥിനികള്‍ക്ക് ജി.ഐ.ഒവിനെ അടുത്തറിയാനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. അതിന്റെ പ്രാഥമികഘട്ടമെന്ന നിലയിലാണ് ജി.സി.സി രാജ്യങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കായി ജൂലൈ മാസത്തില്‍ 'ഹൊറൈസണ്‍' എന്ന പേരില്‍ ഒരുക്കിയ നാല് ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ്. വരും വര്‍ഷങ്ങളില്‍ വിപുലമായി മറ്റു പ്രവാസി വിദ്യാര്‍ഥികളിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച റാലിയും പ്രതിഷേധസംഗമവും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. മുന്‍പ് സി.എ.എ, എന്‍.ആര്‍.സി വിഷയത്തിലും ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമെല്ലാം ജി.ഐ.ഒ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതായി കാണാം. ഫലസ്തീന്‍ വിഷയമടക്കം നിലവിലെ സാമൂഹിക സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഭേദഗതി നിയമമായാലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലകളും; ബുള്‍ഡോസര്‍ രാജും കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളടക്കമുള്ളവയും ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയുടെ തുടര്‍ച്ചയാണ്. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇസ്്ലാമോഫോബിയയുടെ പ്രചാരകരായി മാറുന്നു. യു.എ.പി.എ ചുമത്തി വര്‍ഷങ്ങളായി തടവറയില്‍ കഴിയുന്ന മുസ്ലിം ചെറുപ്പക്കാരുടെയും ആക്റ്റിവിസ്റ്റുകളുടെയും കുടുംബങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവരുന്നത്. അനീതിക്കിരയാവുന്ന ആദിവാസി-ദളിത് നൂനപക്ഷങ്ങളടക്കമുള്ള മുഴുവന്‍ മനുഷ്യരോടും ചേര്‍ന്നുകൊണ്ടാണ് പ്രവര്‍ത്തനം.
ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ വംശഹത്യാ പദ്ധതികള്‍ക്കു മുന്നില്‍ മൗനികളായിരിക്കുക എന്നത് വലിയ കുറ്റകൃത്യമാണെന്നതില്‍ തര്‍ക്കമില്ല. നിരാശക്ക് പകരം സാധ്യമാകും വിധം വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് സമുദായത്തിന്റെ വിശ്വാസപരമായ ഉത്തരവാദിത്വം കൂടിയാണ്. അതുകൊണ്ട് തന്നെ ALTOGETHER TO GAZA എന്ന പേരില്‍ ദീര്‍ഘകാല ക്യാമ്പയിന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രാര്‍ഥനാ സദസ്സുകള്‍, ബോയ്‌ക്കോട്ട് കാമ്പയിന്‍, ഐക്യദാര്‍ഢ്യ പരിപാടികള്‍, പ്രതിഷേധസംഗമങ്ങള്‍ തുടങ്ങിവ നടത്തണമെന്നാഗ്രഹിക്കുന്നു.
ജി.ഐ.ഒവിന്റെ കലാ-സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
തുടക്കകാലം മുതലേ സര്‍ഗവേദി വകുപ്പിന് കീഴില്‍ സംസ്ഥാന- ജില്ലാ തലങ്ങളിലെല്ലാം കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരാറുണ്ട്. 2012, 2014 വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച 'തര്‍ത്തീല്‍' ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തപ്പെട്ട ആദ്യത്തെ മത്സരമായി. 'ക്യാന്‍വാസ് സ്‌കാര്‍ഫ്' പെയിന്റിംഗ് എക്‌സിബിഷന്‍, കലിമ സാഹിത്യ മത്സരങ്ങള്‍, പര്‍വാസ് ആര്‍ട്ട് ഫെസ്റ്റ്, 'നേര്‍ കാഴ്ചകള്‍' മജ്ലിസ് ഡ്രാമ ഫെസ്റ്റ്, 'താത്തകുട്ടികളുടെ പാട്ട്' സംഗീത നാടകം, ബാബരി ധ്വംസന വാര്‍ഷിക ദിനത്തില്‍ ഇറക്കിയ റാപ്പ് മ്യൂസിക് ആല്‍ബം 'ഖതര' തുടങ്ങിയ കലാസൃഷ്ടികള്‍ സര്‍ഗവേദി അണിയിച്ചൊരുക്കിയിട്ടുണ്ട്. വ്യത്യസ്ത വര്‍ക്ക്‌ഷോപ്പുകള്‍ക്ക് പുറമെ, വിവിധ വിഷയങ്ങളില്‍ പുറത്തിറക്കിയിട്ടുള്ള ഗാന സമാഹാരങ്ങളും ജി.ഐ.ഒവിന്റെതായുണ്ട്. മലബാറിലെ ധീര വനിത മാളു ഹജ്ജുമ്മയെ വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും ആവിഷ്‌കരിച്ച 'മാളുഹജ്ജുമ്മ' ആല്‍ബം മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
വീട്, കുടുംബം, വിദ്യാഭ്യാസം, മറ്റു ഉത്തരവാദിത്വങ്ങള്‍?
മലപ്പുറം ജില്ലയിലെ എടയൂരാണ് സ്വദേശം. സുബൈര്‍-ഫാത്തിമ ദമ്പതികളുടെ മകളും ഏഴ് വയസ്സുകാരന്‍ സയാന്‍ മുഹമ്മദിന്റെ ഉമ്മയുമാണ്. ഇസ്്ലാമിക മൂല്യങ്ങളും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറകളും എന്നില്‍ രൂപപ്പെടുത്തിയത് അല്‍ മദ്രസത്തുല്‍ ഇസ്്ലാമിയ എടയൂര്‍, ഐ.ആര്‍.എച്ച്.എസ് എടയൂര്‍ എന്നീ സ്ഥാപനങ്ങളാണ്. എം.ഇ.എസ്.കെ.വി.എം കോളേജ്- എം.ഇ.എസ് അസ്മാബി കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദ- ബിരുദാനന്തര പഠനം. പത്തിരിപ്പാല മൗണ്ട് സീന കോളേജില്‍ വൈസ് പ്രിന്‍സിപ്പലായി ജോലി ചെയ്യുന്നു. ഏറെ ഇഷ്ടമുള്ള അധ്യാപന ജോലിയോടൊപ്പം പി.എച്ച്.ഡി സ്വപ്നവും ഉള്ളിലുണ്ട്. ജി.ഐ.ഒവിന്റെ പ്രാദേശിക-ഏരിയ ജില്ലാ തലങ്ങളില്‍ വ്യത്യസ്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിരുന്നു. 2021-2022ല്‍ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു.
λ