കൗമാരപ്രായക്കാര്‍ മാനസികമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളും
അതിന്റെ കാരണങ്ങളും പരിഹാരവും
വിദ്യാര്‍ഥികളിലും കൗമാരപ്രായക്കാരിലും വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ആത്മഹത്യാ പ്രവണത, അമിതമായ ദേഷ്യപ്രകടനം, അക്രമവാസന, ലഹരി ഉപയോഗം, മറ്റ് പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ്. വളര്‍ന്നുവരുന്ന തലമുറയുടെ മൊത്തത്തിലുള്ള മാനസികാരോഗ്യം വളരെ കുറവാണെന്നതിന്റെ സൂചനയാണിത്. കുട്ടികള്‍ എന്തുകൊണ്ട് അനുകമ്പയില്ലാത്തവരും, നിയമത്തെ ഭയമില്ലാത്തവരും, സഹജീവികളോട് ബഹുമാനമില്ലാത്തവരുമായി മാറുന്നു എന്നതിന് ഒറ്റക്കാരണം കണ്ടെത്താന്‍ കഴിയില്ല. അവരെ സൈക്കോപാത്തുകളെപ്പോലെ മാറ്റിനിര്‍ത്തി ചര്‍ച്ച ചെയ്യുന്നത് ശരിയായ സമീപനവുമല്ല. ഈ പ്രതിസന്ധിക്ക് പിന്നില്‍ സങ്കീര്‍ണമായ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കപ്പുറം സാമൂഹികവും സാംസ്‌കാരികവുമായ തലങ്ങളിലേക്ക് ഇത് വ്യാപിച്ചുകിടക്കുന്നു.
കൗമാരപ്രായക്കാര്‍ മാനസികമായി നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകുന്നവരാണ്. ഈ ഘട്ടത്തില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില പ്രധാന പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും:
കുടുംബ പ്രശ്‌നങ്ങളും പാരന്റിങ്ങിലെ വെല്ലുവിളികളും
ഈ കാലത്ത് പലപ്പോഴും വീടുകളില്‍ രക്ഷിതാക്കള്‍ പലതരത്തിലുള്ള സമ്മര്‍ദങ്ങളിലാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍പരമായ വെല്ലുവിളികള്‍, വ്യക്തിബന്ധങ്ങളിലെ താളപ്പിഴകള്‍ എന്നിവയെല്ലാം അവരെ പിരിമുറുക്കത്തിലാക്കുന്നു. ഈ സമ്മര്‍ദങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍, കുടുംബത്തില്‍ നിന്നുള്ള പിന്തുണയുടെ അഭാവം, അമിതമായ നിയന്ത്രണങ്ങള്‍, അവഗണന, കുട്ടികളോടുള്ള മോശം പെരുമാറ്റങ്ങള്‍ എന്നിവയെല്ലാം കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുന്നു. സുരക്ഷിതമല്ലാത്ത വീടിന്റെ അന്തരീക്ഷം കുട്ടികളെ ഒറ്റപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യും.
വീട്ടില്‍ കുട്ടികള്‍ക്ക് കണ്ടുപഠിക്കാനുള്ള ജീവിത മൂല്യങ്ങള്‍ ഉണ്ടായിരിക്കണം. സത്യസന്ധത, അനുകമ്പ, അച്ചടക്കം, ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ വാക്കുകളിലൂടെ മാത്രമല്ല, മാതാപിതാക്കളുടെ പ്രവൃത്തികളിലൂടെയും കുട്ടികള്‍ക്ക് ലഭിക്കണം. പലപ്പോഴും തെറ്റായ കൂട്ടൂകെട്ടുകളിലേക്കും ബന്ധങ്ങളിലേക്കും കുട്ടികള്‍ കടന്നുചെല്ലുന്നതിന് ഒരു പ്രധാന കാരണം രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവോ തെറ്റായ മാതൃകകളോ ആണ്. 'എന്റെ മകനെ പേടിച്ച് വീട്ടിലിരിക്കാന്‍ പറ്റുന്നില്ല' എന്ന് കരഞ്ഞു പറയുന്ന മാതാക്കളെയും, ഏക മകള്‍ എങ്ങനെ ലഹരി-സെക്‌സ് റാക്കറ്റിലെത്തിയെന്ന് ഓര്‍ത്ത് വിലപിക്കുന്ന അമ്മമാരെയും കൗണ്‍സിലിംഗില്‍ കണ്ടിട്ടുണ്ട്.
ആല്‍ഫ ജനറേഷനെ മനസ്സിലാക്കാത്ത പാരന്റിംഗ് രീതികളും ഇതിന് ഒരു കാരണമാണ്. കുട്ടികളെ എന്തോ 'സംഭവം' എന്ന് പറഞ്ഞ് അമിതമായി വാഴ്ത്തുന്നതും, അവര്‍ മോശമാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതും തെറ്റാണ്. പകരം, രക്ഷിതാക്കള്‍ 'ആല്‍ഫ പാരന്റ്' ആയി സ്വയം നവീകരിക്കുകയും, കുട്ടികളുമായി ഗുണമേന്മയുള്ള സമയം (Qualtiy time) ചെലവഴിക്കുകയും വേണം. മക്കള്‍ എന്തെങ്കിലും പ്രശ്‌നവുമായി വന്നാല്‍ അവരെ കുറ്റപ്പെടുത്താതെ, കൂടെ നിന്ന് അവരെ കേള്‍ക്കാനും ആ പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി കാണിച്ചുകൊടുക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. എന്ത് പ്രശ്‌നത്തില്‍ പെട്ടാലും തുറന്നുപറയാനുള്ള ഇടം രക്ഷിതാക്കളുമായി കുട്ടികള്‍ക്കുണ്ടാവണം.
പഠന സമ്മര്‍ദവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും
പരീക്ഷകളിലെ ഉയര്‍ന്ന മാര്‍ക്കിനായുള്ള അമിത സമ്മര്‍ദം, മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനുള്ള തീവ്ര മത്സരം, മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അമിതമായ പ്രതീക്ഷകള്‍ എന്നിവ കുട്ടികളില്‍ വലിയ മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും നയിച്ചേക്കാം. എല്ലാവര്‍ക്കും ഒരുപോലെയുള്ള പഠനരീതികളോ ലക്ഷ്യങ്ങളോ ഉണ്ടാവില്ല എന്ന യാഥാര്‍ഥ്യം മാതാപിതാക്കള്‍ ഉള്‍ക്കൊള്ളണം.
ലഹരിയുടെ വ്യാപകമായ ലഭ്യതയും ഉപയോഗവും
ലഹരിയുടെ ഉപയോഗം, പ്രത്യേകിച്ച് രാസലഹരി വസ്തുക്കളായ എം.ഡി.എം.എ, കൊക്കൈന്‍, എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവയുടെ സുലഭമായ ലഭ്യത, ഈ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. നിയമങ്ങളുടെ പഴുതുകളുപയോഗിച്ച് നാട്ടിന്‍പുറങ്ങളില്‍ പോലും ഇത്തരം ലഹരിവസ്തുക്കള്‍ ലഭ്യമാണ്. സ്‌കൂള്‍ കുട്ടികളാണ് പലപ്പോഴും ഇത്തരം ലഹരിവസ്തുക്കളുടെ ഉപഭോക്താക്കള്‍. അടുത്തിടെ രാസലഹരി-സെക്‌സ് റാക്കറ്റിന്റെ ഇരയാക്കപ്പെട്ട ചില കുട്ടികളുമായി കൗണ്‍സിലിംഗ് നടത്തേണ്ടി വന്നപ്പോള്‍ മനസ്സിലായത്, പലരും മോശം പാരന്റിംഗ്, സാമ്പത്തിക പ്രയാസങ്ങള്‍, പ്രതികൂല സാമൂഹിക ചുറ്റുപാടുകള്‍ എന്നിവയില്‍ നിന്നുള്ളവരായിരുന്നു എന്നതാണ്. ഈ റാക്കറ്റില്‍ പെട്ട് പലരാലും പീഡിക്കപ്പെട്ടും ലഹരി കാരിയറാക്കിയും മാറ്റിയ വിദ്യാര്‍ഥിനിയുടെ തളര്‍ന്നിരിക്കുന്ന മാതാവും തീരാവേദനയാണ്. പതിനേഴുകാരനായ ഒരു കൗമാരക്കാരന്‍, കൗണ്‍സിലിംഗിന് ശേഷം എം.ഡി.എം.എ ഉപയോഗം നിര്‍ത്തിയെങ്കിലും, വിത്ത്‌ഡ്രോവല്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മദ്യപാനം ശീലമാക്കിയെന്ന് പറഞ്ഞു. 'ഞങ്ങള്‍ ഫ്രണ്ട്സ് എല്ലാവരും 8-ാം ക്ലാസ് മുതല്‍ മദ്യപിക്കാറുണ്ട്, അത് പ്രശ്‌നമൊന്നുമില്ലല്ലോ, നിയമവിരുദ്ധമല്ലല്ലോ' എന്ന അവന്റെ വാദം ഈ വിഷയത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. രാസലഹരിക്കെതിരെ പോരാടുന്ന സര്‍ക്കാര്‍ തന്നെ മറ്റൊരു വശത്ത് മദ്യപാനം അനുവദനീയമാക്കുന്നത് ഈ വിരോധാഭാസം തുറന്നുകാട്ടുന്നു.
പ്രതിവിധികളും കൂട്ടായ പരിവര്‍ത്തനവും
ഈ ഗുരുതരമായ സാഹചര്യത്തെ നേരിടാന്‍ വ്യക്തിഗത തലത്തിലും സാമൂഹിക തലത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത് കുട്ടികളുടെ മാത്രം വിഷയമായി കാണാതെ ഒരു സാമൂഹിക പ്രശ്‌നമായി കണ്ട് പരിഹാരം കാണാന്‍ ശ്രമിച്ചാലേ ഫലമുണ്ടാവൂ. ഒരുമിച്ച്, വിവിധ തലങ്ങളില്‍ നിന്നുള്ള ശ്രമങ്ങളിലൂടെ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ.
വീടിനകത്ത് തുറന്ന ആശയവിനിമയത്തിനുള്ള സാഹചര്യം: കുട്ടികള്‍ക്ക് വീട്ടില്‍ എന്ത് പ്രശ്‌നവും തുറന്നുപറയാനുള്ള സാഹചര്യം ഉണ്ടാകണം. അവര്‍ക്ക് നല്ല മാതൃകകള്‍ ഉണ്ടാവണം. അവരെ കുറ്റപ്പെടുത്താതെ, അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. കുട്ടികളുടെ അഭിപ്രായങ്ങളെ മാനിക്കുകയും വേണം.
മീഡിയ നിയന്ത്രണവും പാരന്റല്‍ മോണിറ്ററിംഗും: കുട്ടികള്‍ മീഡിയകളില്‍ കാണുന്ന ഉള്ളടക്കങ്ങളില്‍ കൃത്യമായ രക്ഷാകര്‍തൃ മേല്‍നോട്ടവും നിയന്ത്രണവും ആവശ്യമാണ്. അക്രമങ്ങളെയും തെറ്റായ സന്ദേശങ്ങളെയും സാധാരണവല്‍ക്കരിക്കുന്ന ഉള്ളടക്കങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കണം.
സ്‌കൂളുകളില്‍ ബോധവല്‍ക്കരണം: ആഴ്ചയില്‍ ഒരു പിരീഡ് കുട്ടികളുടെ മാനസികാരോഗ്യം, ഡിജിറ്റല്‍ മീഡിയ ഉപയോഗം, ലഹരിയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ക്കായി മാറ്റിവയ്ക്കണം. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും വിദഗ്ധരുടെ സഹായത്തോടെ നടപ്പാക്കുകയും വേണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഇടപെടലുകള്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, സാധിക്കുമെങ്കില്‍ വാര്‍ഡുതലത്തില്‍ തന്നെ മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ സമൂഹത്തിലും ചര്‍ച്ചാ വിഷയമാവണം. ഇവിടെ പോലീസും എക്‌സൈസും ഉള്‍പ്പെടെയുള്ളവരുടെ സഹകരണം ഉറപ്പാക്കണം. ലഹരിയുടെ ലഭ്യത കുറയ്ക്കുന്നതിനും ബോധവല്‍ക്കരണം നല്‍കുന്നതിനും ഇവരുടെ പങ്ക് നിര്‍ണായകമാണ്.
സാമൂഹിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുക: കുട്ടികള്‍ക്ക് സാമൂഹികമായ ഒത്തുചേരലുകള്‍ക്കും കളിക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കണം. കൂട്ടായ്മകളും ക്ലബ്ബുകളും രൂപീകരിച്ച് അവരുടെ സാമൂഹിക കഴിവുകള്‍ മെച്ചപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കണം. ഇത് കോവിഡാനന്തരമുള്ള സാമൂഹിക ഒറ്റപ്പെടല്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
'എന്റെ ശരീരം എന്റെ ഇഷ്ടം' (My bodies is my choice) പോലുള്ള ലിബറല്‍ ക്യാമ്പയിനുകള്‍, ലൈംഗികതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ച് സമൂഹം കൂടുതല്‍ ശ്രദ്ധിക്കണം. ലജ്ജയില്ലാത്ത കോണ്ടന്റുകള്‍ കുട്ടികളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും, സമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനും സാധ്യതയുണ്ട്. മദ്യക്കച്ചവടത്തിന്റെ വ്യാപനവും രാസലഹരിയുടെ അതിപ്രസരവും കണ്ടില്ലെന്ന് നടിച്ച്, ഉപരിപ്ലവമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുന്നത് ശരിയായ സമീപനമല്ല. കൊറോണയെ പാത്രം കൊട്ടി ഓടിച്ചതുപോലെ സുംബ ഡാന്‍സ് കളിച്ച് ലഹരി മുക്തമാക്കുന്ന പരിഹാസ്യമായ നടപടികളല്ല, മറിച്ച്, യാഥാര്‍ഥ്യബോധത്തോടെയുള്ളതും സുതാര്യവുമായ പ്രവര്‍ത്തനങ്ങളാണ് ഈ വിഷയത്തില്‍ ആവശ്യം. നിയമങ്ങള്‍ കര്‍ശനമാക്കുകയും ലഹരിയുടെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരികയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മഹല്ല് സംവിധാനങ്ങളുടെയും മുസ്ലിം സമുദായത്തിന്റെയും പങ്ക്
ഈ വിഷയത്തില്‍ മഹല്ല് സംവിധാനവും മുസ്ലിം സമുദായവും കുറച്ചുകൂടി ഗൗരവമായി ഇടപെടേണ്ടതുണ്ട്. സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാന്‍ മഹല്ലുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. ലഹരി ഉപയോഗം, തെറ്റായ കൂട്ടുകെട്ടുകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാനും, കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഒരുക്കാനും, ശരിയായ ജീവിതരീതികളെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും മഹല്ലുകള്‍ക്ക് സാധിക്കും. യുവജനങ്ങളെ ക്രിയാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഈ സാമൂഹിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കും.
ഒരുമിച്ചുള്ള കൂട്ടായ ശ്രമങ്ങള്‍: മഹല്ല് അടിസ്ഥാനത്തില്‍ പ്രോജക്ടുകള്‍ കൊണ്ടുവരികയും സ്‌കൂള്‍, വീട്, സമൂഹം എന്നിങ്ങനെ പല തലങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ഈ വലിയ പ്രതിസന്ധിക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ സാധിക്കൂ. നമ്മുടെ കുട്ടികള്‍ക്ക് സ്‌നേഹവും പിന്തുണയും നല്‍കി അവരുടെ നല്ലൊരു ഭാവിക്കായി നമുക്ക് കൈകോര്‍ക്കാം.
സാമൂഹിക ഇടപെടലുകളുടെ അഭാവം
നല്ല സൗഹൃദബന്ധങ്ങള്‍ രൂപപ്പെടുത്തി ജീവിതത്തെയും സമൂഹത്തെയും യാഥാര്‍ഥ്യബോധത്തോടെ കണ്ടുതുടങ്ങേണ്ട ചെറുപ്രായത്തില്‍, കോവിഡ് അടച്ചിരിപ്പിന്റെ ഒരുതരം തടവിലൂടെയാണ് ഈ കുട്ടികളെല്ലാം കടന്നുപോയത്. ആ കാലത്തെ അരക്ഷിതാവസ്ഥ കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെപ്പറ്റി അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. ഇന്ന് കുട്ടികള്‍ക്ക് പൊതുവെ സാമൂഹികമായ ഒത്തുചേരലുകള്‍ക്ക് അവസരങ്ങള്‍ കുറവാണ്. കല്യാണങ്ങള്‍, മരണവീടുകള്‍ എന്നിവിടങ്ങളില്‍ പോലും കുട്ടികള്‍ പോകുന്നത് കുറവാണ്. സ്‌കൂള്‍, ട്യൂഷന്‍, മറ്റ് പരിശീലനങ്ങള്‍ എന്നിങ്ങനെ മറ്റൊന്നിനും അവര്‍ക്ക് സമയം കിട്ടുന്നില്ല. ഇത് സാമൂഹികമായ ഒറ്റപ്പെടലിനും സാമൂഹിക കഴിവുകളുടെ കുറവിനും വഴിവെക്കുന്നു. എന്‍ഗേജ്‌മെന്റുകള്‍ ഇല്ലാത്ത അവസ്ഥ കുട്ടികളെ മടുപ്പിക്കുകയും ജീവിതത്തില്‍ ലക്ഷ്യബോധമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും ഡിജിറ്റല്‍ ലോകത്തിന്റെ സ്വാധീനവും
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം, അവയില്‍ വരുന്ന സെന്‍സര്‍ ചെയ്യപ്പെടാത്ത ഉള്ളടക്കങ്ങള്‍, വാര്‍ത്തകളിലും സിനിമകളിലും സാധാരണവല്‍ക്കരിക്കപ്പെടുന്ന അക്രമങ്ങള്‍ എന്നിവയെല്ലാം കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതില്‍ നിന്ന് ശരിയും തെറ്റും വേര്‍തിരിച്ചെടുക്കാനുള്ള സാവകാശമില്ലായ്മയും, ഇതിലൊന്നും കാര്യമായ നിയന്ത്രണമില്ലാത്ത രക്ഷാകര്‍ത്താക്കളും സ്ഥിതി ഗുരുതരമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ നെഗറ്റീവ് അനുഭവങ്ങളും സൈബര്‍ ബുള്ളിയിംഗും കുട്ടികളില്‍ വിഷാദത്തിനും ആത്മഹത്യാ ചിന്തകള്‍ക്കും ഇടയാക്കാം.