കാമ്പസിലെ dark തുരുത്തുകള്‍

ഷഹറാബാനു (മഹാരാജാസ് കോളെജ്, എറണാകുളം)
സെപ്റ്റംബർ 2025
പക്വത കൈവരിക്കുകയും കാഴ്ചപ്പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്ന കൗമാര പ്രായത്തില്‍ സമൂഹം കൊടുക്കുന്ന അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ ഒരുപാടുണ്ട്. ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മാത്രമല്ല, ആവര്‍ത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ കുട്ടികള്‍ പല വഴികളും തെരഞ്ഞെടുക്കുന്നു.

ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തരുത്

ഷഹറാബാനു (മഹാരാജാസ് കോളെജ്, എറണാകുളം)

 

സമൂഹത്തില്‍ വളരെയധികം വേരാഴ്ത്തിയിരിക്കുന്ന സാമൂഹ്യ വിപത്തുകളിലൊന്നാണ് ലഹരി. ലഹരിയെ പറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം സമൂഹത്തില്‍ നടക്കാറുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായ രീതിയിലോ ശരിയായ ദിശയിലൂടെയോ അല്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്. നിരന്തരം ലഹരിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നമ്മുടെ പത്രമാധ്യമങ്ങളില്‍ നിറയുന്നുണ്ട് എങ്കിലും ശരിയായ രീതിയിലേക്ക് അന്വേഷണങ്ങള്‍ പോകാറില്ല. വിദ്യാര്‍ഥികളില്‍ നിന്നും ലഹരികള്‍ പിടിച്ചെടുക്കുന്ന വേളകളില്‍ പോലും ഇത്തരം ലഹരികളെ സമൂഹത്തിലേക്ക് എത്തിക്കുന്ന വന്‍കിട മാഫിയകളിലേക്ക് അന്വേഷണം നീളാറില്ല.  ഇരുട്ടിന്റെ മറവില്‍ യുവതലമുറയെ വീണ്ടും ലഹരിയുടെ കെണികളിലേക്ക് തള്ളിയിടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കുട്ടികള്‍ ലഹരി തെരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങള്‍ അനവധിയാണെങ്കിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനോ യഥാര്‍ഥ പ്രശ്‌നം കണ്ടെത്തി പരിഹരിക്കാനോ പലപ്പോഴും സമൂഹം തയാറാവുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. സമൂഹം പലപ്പോഴും പുതിയ തലമുറയോട് അങ്ങേയറ്റം ക്രൂരമായ രീതിയിലാണ് പെരുമാറുന്നത്. മുന്‍വിധികളോടെയാണ് അവരെ നോക്കിക്കാണുന്നത്. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും അധികമായി നേരിടേണ്ടി വരുന്ന അക്കാദമിക് സ്‌ട്രെസ്, താരതമ്യപ്പെടുത്തല്‍, ചുറ്റുമുള്ളവര്‍ വിഭാവനം ചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നു വരാനും അതിലേക്ക് ചേര്‍ത്തുവെക്കാനുമുള്ള ശ്രമം തുടങ്ങി മാനസികവും ശാരീരികവും വൈജ്ഞാനികവുമായ മാറ്റങ്ങളുണ്ടാകുകയും പക്വത കൈവരിക്കുകയും കാഴ്ചപ്പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്ന കൗമാര പ്രായത്തില്‍ സമൂഹം കൊടുക്കുന്ന അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ ഒരുപാടുണ്ട്. ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മാത്രമല്ല, ആവര്‍ത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ കുട്ടികള്‍ പല വഴികളും തെരഞ്ഞെടുക്കുന്നു.

ലഹരി നിര്‍മാര്‍ജനത്തിന് പല വഴികളുണ്ട്. അതില്‍ ഒന്ന് നിരന്തരം ബോധവത്കരണം നടത്തി വിദ്യാര്‍ഥി യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ്. രണ്ടാമതായി കുട്ടികളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവരുടെ മാനസികാരോഗ്യത്തിന് വില കല്‍പിക്കുകയും ചെയ്യുക. മൂന്നാമതായി വന്‍കിട ലഹരി മാഫിയകളിലേക്ക് കൃത്യമായ അന്വേഷണം നീളുക എന്നുള്ളതാണ്. ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യം ലഹരി ഉപയോഗിക്കുന്നവരെ മോശക്കാരനും കുഴപ്പക്കാരനുമായി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടുത്തുന്ന രീതിയാണ്. തെറ്റിന് പകരം തെറ്റുകാരനെ വെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഈ രീതി പൂര്‍ണമായും തെറ്റാണ്. പകരം അത്തരം ആളുകളെ ഈ വിപത്തില്‍ നിന്നും മോചിപ്പിക്കാനുള്ള വഴികളാണ് തേടേണ്ടത്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരും സമൂഹവും പൊതുജനങ്ങളും ഒരുമിച്ച് നിന്നാല്‍ ഒരു പരിധി വരെ ലഹരിയെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും.

 

കൗമാരത്തിന്റെ തുരുത്തുകള്‍

 

ഫാത്തിമ ഫിദ കെ (ജെ.ഡി.ടി ഇസ്്‌ലം  കോളെജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്)

കോളേജ് കാമ്പസുകളിലെയും സ്‌കൂള്‍ ഇടനാഴികളിലേയും ഊര്‍ജസ്വലമായ യുവത്വം പലപ്പോഴും അസ്വസ്ഥാജനകമായ ഒഴുക്കിനെ മറയ്ക്കുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിക്കുന്നതിനെകുറിച്ചും ആത്മഹത്യാ ചിന്തകളും ശ്രമങ്ങളും വര്‍ധിക്കുന്നതിനെകുറിച്ചും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനസികാരോഗ്യ വിദഗ്ധര്‍ക്കും ആശങ്ക വര്‍ധിച്ചുവരുന്നുണ്ട്. ഈ പ്രവണതയുടെ പിന്നിലുള്ള വിവിധ കാരണങ്ങള്‍ മനസ്സിലാക്കുന്നത് ഫലപ്രദമായ പരിഹാരങ്ങള്‍ രൂപീകരിക്കുന്നതിനും നമ്മുടെ യുവജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും നിര്‍ണായകമാണ്.

ഈ അപകടകരമായ സാഹചര്യത്തിന് നിരവധി ഘടകങ്ങള്‍ കാരണമാകുന്നു. മികച്ച വിജയം നേടാനുള്ള അമിതമായ അക്കാദമിക് സമ്മര്‍ദ്ദം, പരാജയഭയം എന്നിവ വിദ്യാര്‍ഥികളെ അനാരോഗ്യകരമായ പ്രതിരോധ സംവിധാനങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു. ഉത്കണ്ഠാ രോഗങ്ങള്‍, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും കണ്ടെത്താതെയും ചികിത്സിക്കാതെയും പോകുന്നു. ഇത് വിദ്യാര്‍ഥികളെ മയക്കുമരുന്ന് ഉപയോഗത്തിന് സാധ്യതയുള്ളവരാക്കുന്നു. ഒന്നുകില്‍ സ്വയം ചികിത്സയുടെ രൂപത്തില്‍, അല്ലെങ്കില്‍, അവരുടെ വൈകാരിക വേദനയില്‍നിന്ന് രക്ഷപ്പെടാനുള്ള തീവ്രമായ ശ്രമമായി ഇത് മാറാം. സ്‌കൂളിലെയും കുടുംബങ്ങളിലേയും മതിയായ പിന്തുണാ സംവിധാനങ്ങളുടെ അഭാവം ഈ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ ഒറ്റപ്പെടുത്താം.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രവും സഹകരണപരവുമായ ഒരു സമീപനം ആവശ്യമാണ്. കോളെജ് കൗണ്‍സലിംഗ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നത് പരമ പ്രധാനമാണ്. വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യ സഹായവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ കഴിയുന്ന പ്രൊഫഷനുകളിലേക്ക് പ്രവേശനം ഉണ്ടെന്ന് വിദ്യാലയങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. വര്‍ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, തുറന്ന ചര്‍ച്ചകള്‍ എന്നിവയിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സഹായം തേടുന്നതിനുള്ള പ്രയാസം കുറയ്ക്കാനും, നേരത്തെയുള്ള ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വ്യായാമം, ധ്യാനം, ക്രിയാത്മകമായ വഴികള്‍ തുടങ്ങിയ ആരോഗ്യകരമായ പ്രതിരോധ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള നല്ല ബദലുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. സുപ്രധാനമായി, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ തുറന്നതും സത്യസന്ധവുമായ ആശയവിനിമയം വളര്‍ത്തുന്നത് ചെറുപ്പക്കാര്‍ക്ക് സഹായം തേടാന്‍ സുഖകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അത്യാവശ്യമാണ്.

വര്‍ധിച്ചുവരുന്ന ഈ പ്രതിസന്ധി അവഗണിക്കുന്നത് ഒരു പോംവഴിയല്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രവണത എന്നിവ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ മനസ്സിലാക്കുന്നതിലൂടെയും പിന്തുണ നല്‍കുന്ന പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയും അവരുടെ വെല്ലുവിളികളെ മറികടക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും നമുക്ക് അവരെ സഹായിക്കാനാകും. പുതിയ പാതകള്‍ പ്രകാശിപ്പിക്കാനും ശോഭന ഭാവിയിലേക്ക് വിദ്യാര്‍ഥികളെ നയിക്കാനും അവരോട് ചേര്‍ന്നിനിന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

വിമര്‍ശനം ഉയര്‍ത്തുന്നവര്‍ തോറ്റുപോയി

 

എന്‍.ആര്‍ ഹുസൈനി (യൂനിവേഴ്‌സിറ്റി കോളെജ്, തിരുവനന്തപുരം)

മനസാക്ഷിയോട് പലപ്പോഴും സ്വയം ചോദിച്ച ചോദ്യമാണ് മനുഷ്യത്വം മരവിച്ചുവോ എന്ന്. വാര്‍ത്തകള്‍ മുഴുവന്‍ ഭീതിപ്പെടുത്തുന്നതാണ്. അമ്മയെയും അച്ഛനെയും ഉറ്റവരെയും പെറ്റവരെയും കൂട്ടുകാരനെയും കൊല്ലുന്നു. കൂട്ടമായി റാഗിങ് നടത്തുന്നു, SSLC തോറ്റതിന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയുന്നു, എന്നിങ്ങനെ തുടരുന്നു ബ്രേക്കിങ് ന്യൂസ്... മൃഗീയവും മനുഷ്യത്വരഹിതവുമായ ചെയ്തികള്‍. ബുദ്ധിശൂന്യവും അധാര്‍മികവുമായ ആത്മഹത്യകള്‍.

Attitude, aesthetic, skibidi, Rizz, XpS§n Gen Z  തുടങ്ങിയ ഭാഷകളുടെ കാലമാണ്. കരുണ, ദയ, സ്‌നേഹം, മനുഷ്യപ്പറ്റ്, വിട്ടുവീഴ്ച, ക്ഷമ തുടങ്ങിയ മൂല്യങ്ങള്‍ വെറും വാക്കുകള്‍ മാത്രമായി. സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് തലങ്ങും വിലങ്ങും കൊല്ലുന്ന 'മാര്‍ക്കോ'യുടെ attitude ആണോ Rizz? എന്നോട് തന്നെ പലയാവര്‍ത്തി ചോദിക്കേണ്ടി വന്നു. തുടര്‍ച്ചയായ ഈ അക്രമ പരമ്പരകളുടെയും ലഹരി ഉപയോഗത്തിന്റെയും കാരണങ്ങള്‍ എന്തൊക്കെയാവാം എന്ന് ചിന്തിച്ചു പരിഹരിക്കാന്‍ ശ്രമിക്കാതെ, മാധ്യമ പ്രവര്‍ത്തകരും പുതു സമൂഹവുമൊക്കെ പുതുതലമുറയെ പഴിക്കാനും കുറ്റപ്പെടുത്താനുമുള്ള ഉദ്യമത്തിലാണ്. ലഹരി ഉപയോഗത്തിന് വയലന്‍സ് പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ (പണി, ആവേശം തുടങ്ങി മാര്‍ക്കോ വരെ) ഉത്തരവാദികളാണ് എന്നതാണ് വാസ്തവം.

'Alcohol is injurious to health', 'Drugs will kill you alive'' എന്നൊക്കെ സിനിമകളില്‍ ഒരു മൂലക്ക് കാണാം. എന്നിട്ട് സ്‌ക്രീനിലെ നായകന്‍ ലഹരിയും മദ്യവും ഉപയോഗിക്കുന്നതും കാണിക്കുന്നു. സിഗററ്റ് വലിക്കാത്ത ഒരു ഹീറോ മലയാള സിനിമയില്‍ ഉണ്ടോ എന്ന് ചികഞ്ഞു പരിശോധിക്കേണ്ടി വരും. നായകന്‍ ആവണമെങ്കില്‍, റിവെഞ്ച് എടുക്കണമെങ്കില്‍, തേപ്പ് കിട്ടിയത് മറക്കണമെങ്കില്‍, എന്തിന് ഒരു പരീക്ഷ തോറ്റാല്‍ അതിന്റെ വിഷമം മാറണമെങ്കില്‍ പോലും ഒരു സിഗററ്റ് കുറ്റിയോ ഒരു പെഗ് മദ്യമോ അടിച്ചാല്‍ മതിയെന്ന് തോന്നുംവിധം ലഹരിയെ പ്രതിവിധിയായി അവതരിപ്പിക്കുന്നു. ആധുനിക ലോകത്തിന്റെ ആപ്തവാക്യമായ -'എന്റെ ശരീരം എന്റെ അവകാശം' എന്നത് ലഹരി ഉപയോഗത്തിന് വളംവെക്കുന്നുണ്ട് എന്ന് വിസ്മരിക്കരുത്. 'കട്ട ചോര കൊണ്ട് ജ്യൂസടിക്കും സോഡാ സര്‍ബത്ത്'എന്ന വരികളും കേള്‍ക്കാം.

വിദ്യാര്‍ത്ഥി ജീവിതത്തിലെ ചെറു കാര്യങ്ങള്‍ പോലും അസഹനീയമായി തോന്നുകയും ആത്മഹത്യാ പ്രേരണ നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ വിമര്‍ശനം ഉയര്‍ത്തുന്ന ഓരോ മനുഷ്യനും അവരെ ചേര്‍ത്തുപിടിക്കുന്നതില്‍ തോറ്റുപോയി എന്ന് വേണം മനസ്സിലാക്കാന്‍. ധാര്‍മിക മൂല്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നതല്ലാതെ ഇതിനൊരു പ്രതിവിധി ഉണ്ടെന്ന് തോന്നുന്നില്ല. പിടിച്ചുവെച്ച വടി ടീച്ചര്‍മാര്‍ക്ക് തിരിച്ചു കൊടുത്താല്‍ ഇജ്ജാതി കുരുത്തക്കേടുകള്‍ മാറുമെന്ന് വിശ്വസിക്കുന്നില്ല. സ്‌നേഹം കൊടുക്കുക, അനുഭവിപ്പിക്കുക, ലഹരിയുടെ ലഭ്യത ഇല്ലാതാക്കുക, മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുക, അക്രമ വാസനയുള്ളവരെ തുടക്കത്തിലേ നന്നാക്കുക, എല്ലാറ്റിനുമുപരി അവരെ ചേര്‍ത്ത് പിടിക്കുക.

 

സിനിമ ഒരു കാരണമാണ്

- അമാന അബ്ദുല്‍ അസീസ് (ഐ.ഐ.സി.എം പ്രഫഷനല്‍ കാമ്പസ്, മൂവാറ്റുപുഴ, അയവന)

മുതിര്‍ന്നവര്‍ മാത്രമേ ലഹരി ഉപയോഗിക്കൂ എന്നായിരുന്നു ചെറുപ്പത്തില്‍ എന്റെ ധാരണ. ഒരു ദിവസം ഞാനും കൂട്ടുകാരും സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ ഭാഗമായി ലഹരിയുടെ ഉപയോഗം തടയാന്‍ വേണ്ടിയുള്ള കാമ്പയിന്‍ പ്രോത്സാഹിപ്പിക്കുന്നതിനു ഒരു പ്രോഗ്രാം നടത്തി. ആ സന്ദര്‍ഭത്തില്‍ വയസ്സായ ഒരു കൃഷിക്കാരന്‍ സിഗരറ്റ് വലിക്കുകയായിരുന്നു. അദ്ദേഹത്തിനോട് ഈ കാമ്പയിന്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം 'പണി കഴിഞ്ഞ് ജസ്റ്റ് വലിക്കുന്നു' എന്ന് നിസ്സാര മട്ടില്‍ പ്രതികരിക്കുകയായിരുന്നു. ഒരുപക്ഷേ, അറിവില്ലാത്തത് കൊണ്ടാകാം. പക്ഷേ, യുവജനങ്ങളില്‍ ഇന്നിത് വ്യാപിക്കുന്നത് അറിവില്ലായ്മ കൊണ്ടല്ല. യുവതലമുറയില്‍ ഇത് കൂടുന്നതിന് കാരണം കൂട്ടുകെട്ടിലൂടെയാണ്. നല്ല സൗഹൃദത്തിന്റെ അഭാവം. കൂട്ടുകാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുകയാണെങ്കില്‍ അത് സാധാരണമാണെന്ന് നമുക്ക് തോന്നിത്തുടങ്ങും.

ലഹരിയെ നോര്‍മലൈസ് ചെയ്യുന്ന കാലമാണിത്. സിഗരറ്റ് വലിക്കുന്ന ഫോട്ടോ, കള്ള് കുപ്പി സ്റ്റോറി ഇടുക ഇതൊക്കെ വെറും നിസ്സാരം, അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന തെറ്റിദ്ധാരണ പല യുവതക്കിടയിലുമുണ്ട്. ഞങ്ങളുടെ സ്‌കൂളില്‍ ലഹരിയെ സംബന്ധിച്ച പലവിധ ക്ലാസ്സുകള്‍ നടന്നിട്ടുണ്ട്. പക്ഷേ, ഭൂരിഭാഗവും അത് ഗൗരവമായി കാണുന്നില്ല. ഞങ്ങളുടെ ഇടയിലുള്ളവര്‍ തന്നെ അത് ഉപയോഗിക്കുന്ന വിവരം കൂടെയുള്ളവര്‍ക്കും അറിയാം. പക്ഷേ, അതിനെ അവര്‍ സാധാരണ രീതിയായി കണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് സിനിമ ഇതിനൊരു കാരണമാണ്. ഇപ്പോഴത്തെ ഏത് മാസ് മൂവി കണ്ടാലും അതിലെ നായകന്‍ തന്നെ സിഗരറ്റോ ബിയറോ എന്തെങ്കിലുമൊക്കെ ഉപയോഗിക്കുന്നവര്‍ ആയിരിക്കും. ഇതൊരു ആകാംക്ഷയോടെയായിരിക്കും ആദ്യം ഉപയോഗിച്ചു തുടങ്ങുന്നത്. പിന്നീടത് ഒഴിവാക്കാന്‍ പറ്റാതായി മാറും. നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉണ്ടാകും. മയക്കുമരുന്നിന് അടിമയാവാന്‍ വേറെയും കാരണങ്ങള്‍ ഉണ്ടാകാം, ഏകാന്തത, കുടുംബ പ്രശ്നങ്ങള്‍, ജോലി ഭാരം തുടങ്ങിയ പോലെ. ഈ ഡ്രഗ്സിന്റെ ഏറ്റവും വലിയ പ്രശ്നം എല്ലാം പെട്ടെന്ന് വേണം എന്ന ചിന്തയും കൂടിയാണ്. ഇന്‍സ്റ്റന്റ് ആയിരിക്കണം എല്ലാം. ഡ്രഗ്സ് ഇന്‍സ്റ്റന്റ് ഹാപ്പിനസ് തരും. പക്ഷേ, ഭാവിയില്‍ അത് തീരാ ദുഃഖമാണ് സമ്മാനിക്കുക.

 

മിഥ്യാ സന്തോഷത്തിന്റെ കുടുക്ക്

- ഹര്‍ഷ ദാസ് (ജെ.ഡി.ടി ഇസ്്‌ലാം കോളെജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്)

തിരക്കേറിയ നഗരങ്ങള്‍ മുതല്‍ ശാന്തമായ ഗ്രാമപ്രദേശങ്ങള്‍ വരെ, ലോകത്തിന്റെ എല്ലാ കോണുകളിലും, മയക്കുമരുന്നുകള്‍ നിശബ്ദമായി ജീവിതത്തെ കീഴ്്‌പ്പെടുത്തുന്നു. മയക്കുമരുന്ന് നമ്മള്‍ മിക്കവരും വാര്‍ത്തകളിലും സിനിമകളിലും സ്‌കൂളിലും സംഭാഷങ്ങളിലും കേട്ടിട്ടുള്ള വാക്കാണ്. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെയും നമ്മുടെ വികാരങ്ങളെയും ചിന്തകളെയും സ്വാധീനിക്കുന്നു. മരുന്നുകള്‍ രണ്ട് മുഖങ്ങളുള്ള വാളാണ്. ശരിയായ രീതിയില്‍ ശരിയായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ ജീവന്‍ രക്ഷിക്കുന്ന അതേ മരുന്ന് തന്നെ ജീവന്‍ നശിപ്പിക്കും. വിനോദത്തിനോ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ഒരു തമാശയായി ചിലര്‍ ഉപയോഗിക്കുന്നു. ജീവിതത്തിലെ സമ്മര്‍ദ്ദം, ദുഃഖം എന്നിവയില്‍നിന്ന് കുറച്ചുനേരത്തെ മറവിക്കായി മറ്റു ചിലര്‍ ഇതിനെ ആശ്രയിക്കുന്നു. എന്തായാലും ഒരിക്കല്‍ ഇതിന്റെ പിടിയില്‍ പെട്ടാല്‍ അതില്‍നിന്ന് രക്ഷപ്പെടുക വളരെ പ്രയാസമാണ്. മയക്കുമരുന്ന് തലച്ചോറിന്റെ രാസപ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നു. ആദ്യം ചിലര്‍ക്ക് അമിതോത്സാഹം, വ്യാജ സന്തോഷം, എന്നിവ തോന്നാം. എന്നാല്‍, കുറച്ച് സമയം കഴിഞ്ഞാല്‍ ആ സന്തോഷം ഇല്ലാതാകും, അതേ അനുഭവം വീണ്ടും നേടാന്‍ കൂടുതല്‍ മയക്കുമരുന്ന് വേണമെന്ന ചിന്ത ജനിക്കും. 

മയക്കുമരുന്ന് ശരീരത്തെ ബാധിക്കുമ്പോള്‍, അതിന്റെ ആഘാതം മനുഷ്യന്റെ സാമൂഹിക ജീവിതത്തിലും വ്യക്തമായി പ്രകടമാകുന്നു. ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും പെരുമാറ്റത്തിലും ബന്ധങ്ങളിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു. അവര്‍ അമിതമായി പ്രകോപനം കാണിക്കാം. ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യം പ്രകടിപ്പിക്കാം. ഇതുകാരണം കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരെ ഒഴിവാക്കാന്‍തുടങ്ങും. മയക്കുമരുന്ന് അടിമത്തം ശക്തമാകുമ്പോള്‍ പണം കിട്ടാന്‍ ചെറിയ കള്ളങ്ങള്‍, വഞ്ചന, മോഷണം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നത് പോലും 'തെറ്റല്ല' എന്ന് തോന്നിത്തുടങ്ങും. മനസ്സിനെ ബാധിക്കുന്നതുകൊണ്ട് കരുണ, സഹാനുഭൂതി, കുറ്റബോധം തുടങ്ങിയ വികാരങ്ങള്‍ ക്ഷയിക്കും.

മയക്കുമരുന്നില്‍ നിന്നും വിട്ടുമാറുന്നത് എളുപ്പമല്ലെങ്കിലും സാധ്യമാണ്. പുനരധിവാസ കേന്ദ്രങ്ങള്‍, കൗണ്‍സലിംഗ്, കുടുംബ-സുഹൃത്തുക്കളുടെ പിന്തുണ, ആരോഗ്യമുള്ള ജീവിതശൈലി ഇവ വലിയ സഹായം ചെയ്യും. ജീവിതം ഒരു അമൂല്യ സമ്മാനമാണ്.  ഒരു 'ഇല്ല' പലപ്പോഴും ഒരു ജീവിതം രക്ഷിക്കും.

 

-----------------------------------------------------------------------

വിളിക്കൂ അരികിലുണ്ട്

 

ആന്റി-റാഗിംഗ് ഹെല്‍പ്‌ലൈന്‍

റാഗിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നം നിങ്ങള്‍ നേരിടുന്നുണ്ടോ? എങ്കില്‍, നിങ്ങള്‍ക്ക് UGC ആന്റി-റാഗിംഗ് ഹെല്‍പ്‌ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1800-180-5522 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.

Email: helpline@antiragging.in

antiragging.in

 

പിങ്ക് പോലീസ് 1515

വുമണ്‍ ഹെല്‍പ്‌ലൈന്‍ 1091, 9995399953

ആംബുലന്‍സ് 108

ഫയര്‍ സ്റ്റേഷന്‍ 101

മിത്ര വുമണ്‍ ഹെല്‍പ്‌ലൈന്‍ 181 

പോലീസ് സ്റ്റേഷന്‍ 100 / 112

 

ചൈല്‍ഡ് ഹെല്‍പ്‌ലൈന്‍

ഫോണ്‍: 0471 2324939

Email : childwelfarekerala@gmail.com

childwelfare.kerala.gov.in

 

സംസ്ഥാന ബാലാവകാശ 

കമ്മീഷന്‍ 1098

ഫോണ്‍: 471-2326603/04/05

Email : childrights.cpcr@kerala.gov.in

kescpcr.kerala.gov.in

 

എ.ഡി.ജി.പി പോലീസ് ആസ്ഥാനം

എ.ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍

0471-2314440

0471-2322032

keralapolice.gov.in

 

ലഹരി മുക്തി (വിമുക്തി)

ടോള്‍ ഫ്രീ: 14405  

വാട്‌സ്ആപ്പ്: 9061178000

vimukthi.kerala.gov.in

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media