(പുതിയ കാലത്തെ ശ്രദ്ധേയമായ രചനകളിലൊന്നാണ് ഈജിപ്ഷ്യന്‍ പണ്ഡിതനും അധ്യാപകനുമായ അബ്ദുല്‍ ഹലീം അബൂശുഖ (1924-1995) യുടെ 'സ്ത്രീ വിമോചനം പ്രവാചക കാലഘട്ടത്തില്‍.' ഇരുപതോളം വര്‍ഷമെടുത്താണ് അദ്ദേഹം ഇതിന്റെ രചന പൂര്‍ത്തിയാക്കിയത്. പുസ്തക രചനയിലേക്ക് അദ്ദേഹം എത്തിപ്പെട്ടത് എങ്ങനെയെന്ന് ആമുഖത്തില്‍ എഴുതുന്നുണ്ട്. ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ശൈഖ് മുഹമ്മദ് ഗസ്സാലിയും ഡോ. യൂസുഫുല്‍ ഖറദാവിയുമാണ്. ആറ് വാള്യങ്ങളുള്ള ഈ 'ഗ്രന്ഥത്തിന്റെ ഓരോ ഭാഗം പൂര്‍ത്തിയാകുമ്പോഴും, അതിന്റെ കരട് കോപ്പി തനിക്ക്വായിക്കാനായി തരാറുണ്ടായിരുന്നു എന്ന് ഡോ. ഖറദാവി അനുസ്മരിക്കുന്നുണ്ട്. വേറെയും പണ്ഡിതന്മാര്‍ ഇതിന്റെ കരട് കോപ്പി പരിശോധിച്ചിരുന്നു. പാരമ്പര്യ ധാരണകളെ വെല്ലുവിളിക്കുന്ന കൃതിയായതിനാല്‍ യാഥാസ്ഥിതിക വൃത്തത്തില്‍നിന്ന് കടുത്ത എതിര്‍പ്പും നേരിട്ടു. സ്ത്രീ വ്യക്തിത്വം ഖുര്‍ആനിലും ഹദീസിലും എന്ന വിഷയമാണ് ഒന്നാം വാള്യത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഖുര്‍ആനിലെ സ്ത്രീ വ്യക്തിത്വങ്ങളാണ് ആദ്യ അധ്യായങ്ങളില്‍. സ്ത്രീയുടെ സാമൂഹിക പങ്കാളിത്തമാണ് രണ്ടാം വാള്യത്തില്‍. മുസ് ലിം സ്ത്രീയെ കേന്ദ്രീകരിച്ചുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയും മറ്റുമാണ് പിന്നീടുള്ള വാള്യങ്ങളില്‍. ഈ ഹൃഹദ് രചനയില്‍നിന്നുള്ള ചില ഭാഗങ്ങള്‍ അടുത്ത ലക്കങ്ങളില്‍ വായിക്കാം.)
ഹദീസ് ഗ്രന്ഥങ്ങളെ ആസ്പദിച്ച് ഗഹനമായ ഒരു നബിചരിത്ര കൃതി രചിക്കണം. ഇത് എന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു. വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ മാത്രമേ അതില്‍ ഉള്‍പ്പെടാവൂ. കാരണം സീറാ കൃതികളില്‍ ഹദീസ് ഗ്രന്ഥങ്ങളിലെപ്പോലെ നിവേദനങ്ങളുടെ വിശ്വാസ്യത കണിശമായി ഉറപ്പുവരുത്തിക്കാണാറില്ല. നിവേദനങ്ങളില്‍ വിശ്വാസ്യമായവ ഏത്, ദുര്‍ബലമായവ ഏത് എന്ന് വേര്‍തിരിക്കാറുമില്ല. റസൂലിന്റെ ജീവിതം എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും അംഗീകാരങ്ങളുമൊക്കെ ഉള്ളടങ്ങിയതാണല്ലോ. മുസ്‌ലിംകള്‍ തങ്ങളുടെ ജീവിതമാതൃകയാക്കുന്നത് നബി ജീവിതമായത് കൊണ്ട് വിശ്വാസ യോഗ്യമല്ലാത്ത ഒന്നും നബിചരിത്ര കൃതികളില്‍ വന്നുകൂടാത്തതാണ്. ഇങ്ങനെയൊരു നബിചരിത്ര കൃതി എഴുതുക എന്ന ഉദ്ദേശ്യത്തോടെയാണ് പഠനം തുടങ്ങിയത്. അതിന് വേണ്ടി പ്രഗത്ഭ ഹദീസ് പണ്ഡിതന്‍ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ ശിഷ്യത്വം ഞാന്‍ സ്വീകരിക്കുകയും ചെയ്തു. സ്വഹീഹ് മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥം അതിന് ഇമാം നവവി നല്‍കിയ വ്യാഖ്യാനം മുമ്പില്‍ വെച്ചാണ് പഠനം തുടങ്ങിയത്. ഹദീസുകളിലൂടെ സംസാരമാരംഭിച്ചപ്പോള്‍, സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര കര്‍മമേഖലകളാണ് അവ ഉള്ളടങ്ങിയിട്ടുള്ളത.് വിവിധ ജീവിത മണ്ഡലങ്ങളിലെ സ്ത്രീപുരുഷ ഇടപഴക്കങ്ങളും തെളിഞ്ഞുവന്നു. അത്ഭുതപ്പെടാന്‍ കാരണമുണ്ട്. ഞാനോ പലധാരകളില്‍ പെട്ട (ഇഖ് വാനി, സലഫി, സൂഫി...) മതസംഘടനകളോ മനസ്സിലാക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ആശയങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒന്നാണ് ഹദീസുകളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞത്. മുസ്‌ലിം സ്ത്രീ വ്യക്തിത്വത്തെക്കുറിച്ചും അവള്‍ പ്രവാചക കാലഘട്ടത്തില്‍ നിര്‍വഹിച്ച സാമൂഹിക പങ്കാളിത്തത്തെക്കുറിച്ചും നമുക്കുള്ള ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.
അങ്ങനെയാണ്, നബിചരിത്രം എഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ട ഞാന്‍ പുതിയൊരു പഠന മേഖലയില്‍ എത്തിപ്പെട്ടത്.
പഠനത്തിന് ഒരു ശീര്‍ഷകവും കൊടുത്തു-പ്രവാചക കാലഘട്ടത്തിലെ സ്ത്രീ വിമോചനം (തഹ് രീറുല്‍ മര്‍അ ഫീ അസ്വ് രി രിസാല). സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും ഇസ്‌ലാമിക സംഘടനകള്‍ക്കുള്ള ധാരണകള്‍ നബി ജീവിതവുമായും ഇസ്‌ലാമിക നിയമവ്യവസ്ഥയുമായും ഒത്തുപോകുന്നില്ലെങ്കില്‍ അവ തിരുത്തപ്പെടേണ്ടത് തന്നെയാണല്ലോ. സ്ത്രീ വിഷയകമായ സത്യം മറച്ചുവെക്കുന്നത് ശരീഅത്തിലെ മറ്റേത് സത്യവും മറച്ചുവെക്കുന്നത് പോലെത്തന്നെയാണ്.
വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം തന്നെയാണിത്. അതിന് പല കാരണങ്ങളുണ്ട്.
Σ മുസ്‌ലിം സ്ത്രീ മാതാവാണ്, സഹോദരിയാണ്, ഭാര്യയാണ്, മകളാണ്. ഇവരെല്ലാമാണ് സ്ത്രീയെങ്കില്‍ അവളെക്കാള്‍ ഉന്നതസ്ഥാനീയര്‍ മറ്റാരാണ്?
Σരണ്ട് ജാഹിലിയ്യത്തുകളുടെ / അന്ധകാരങ്ങളുടെ ഇരയാണ് മുസ്‌ലിം സ്ത്രീ. ഒന്നാമത്തേത്, അന്ധമായ അനുകരണവും സ്ത്രീ വിഷയങ്ങളില്‍ അതിതീവ്രമായ നിലപാടുമാണ്. മുസ്‌ലിം പാരമ്പര്യത്തില്‍ എന്താണോ കണ്ടത് അതേ സ്വീകരിക്കൂ എന്ന കര്‍ക്കശ നിലപാട്. രണ്ടാമത്തേത്, ഇരുപതാം (ഇരുപത്തി ഒന്നാം) നൂറ്റാണ്ടിന്റെ ജാഹിലിയ്യത്താണ്. കുത്തഴിഞ്ഞ ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും നഗ്‌നതാ പ്രദര്‍ശനത്തിന്റെയും അന്ധകാരം. പാശ്ചാത്യ സംസ്‌കൃതിയെ അന്ധമായി അനുകരിക്കുന്നു. ഈ രണ്ട് അന്ധകാരങ്ങളും ദൈവിക നിയമവ്യവസ്ഥയുടെ നിരാകരണമാണ്.
Σ 'സ്ത്രീകള്‍ പുരുഷന്മാരുടെ മറുപാതികള്‍ (ശഖാഇഖ്) ആണെ'ന്ന് റസൂല്‍ (അബൂദാവൂദ്) പറഞ്ഞിട്ടുണ്ട്. ഒരു പാതിയുടെ വിജയം മറുപാതിയുടെയും വിജയമാണല്ലോ. ഒരു പാതിയുടെ എന്തെങ്കിലും കവര്‍ന്നെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കവര്‍ന്നെടുത്ത പാതി അത് തിരികെ കൊടുക്കുക. 'നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും അവനെ സഹായിക്കണം' എന്ന നബി വചനത്തിന്റെ പൊരുളും മറ്റൊന്നല്ല. ഒരു വിഭാഗത്തെ അക്രമത്തില്‍നിന്ന് തടയലും അവര്‍ക്കുള്ള സഹായമാണല്ലോ.
Σ സ്ത്രീ സമൂഹത്തിന്റെ പകുതിയാണ്. രണ്ട് ശ്വാസകോശങ്ങളില്‍ പ്രവര്‍ത്തനം തകരാറിലായ ശ്വാസകോശം എന്നും പറയാറുണ്ട്. ആ പകുതിക്ക് പോരാളിയായ വിശ്വാസിയെ വളര്‍ത്തിയെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിക സമൂഹത്തെ ഉണര്‍ത്താനുള്ള യത്നങ്ങളില്‍ അവള്‍ക്ക് പങ്ക് ഇല്ലാതായിപ്പോയിരിക്കുന്നു. ആ റോള്‍ തിരിച്ച് പിടിക്കാനുള്ള സാധ്യത പറ്റെ ഇല്ലാതായിട്ടില്ല. അപ്പോള്‍ മുസ്‌ലിം സ്ത്രീയുടെ വിമോചനം എന്നത് പകുതി മുസ്‌ലിം സമൂഹത്തിന്റെ മോചനമാണ്. പുരുഷന്‍ മോചിതനായാലേ സ്ത്രീയും മോചിതയാവൂ. ഇരുവരും മോചിതരാവണമെങ്കില്‍ ദൈവിക സന്മാര്‍ഗത്തിലൂടെ ചരിക്കുക തന്നെ വേണം.
Σ വേണ്ട രീതിയില്‍ ഉദ്ബോധനവും മാര്‍ഗദര്‍ശനവും ലഭിച്ചാല്‍ ഏറ്റവും സ്വഛമായ മതബോധവും ആത്മീയതയും ഉണ്ടാവുക സ്ത്രീകള്‍ക്കാണെന്ന് നിരവധി പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ദീന്‍ പഠിക്കാന്‍ അവര്‍ക്കാണ് കൂടുതല്‍ താല്‍പര്യവും ഉത്സാഹവുമുള്ളത്. 'ഏറ്റവും നല്ല കര്‍മം ജിഹാദാണല്ലോ, ഞങ്ങള്‍ സ്ത്രീകള്‍ ജിഹാദിന് പോകട്ടേ?' എന്ന് ആഇശ(റ) റസൂലിനോട് അനുവാദം ചോദിച്ചതായി ഹദീസുകളില്‍ (ബുഖാരി) വന്നിട്ടുണ്ട്.
ഈ പുസ്തകത്തില്‍ സ്വീകരിച്ച ശൈലിയെക്കുറിച്ച് ചിലത് പറയാം. വിഷയത്തില്‍ വന്നിട്ടുള്ള ഖുര്‍ആനിക സൂക്തങ്ങളെയും പ്രബല ഹദീസുകളെയും ചേര്‍ത്തുവെച്ച് വായിക്കാനാ(ഇസ്തിഖ്റാഅ്)ണ് ശ്രമിച്ചിട്ടുള്ളത്. സ്വഹീഹ് മുസ്‌ലിമില്‍നിന്നാണ് പഠനം തുടങ്ങിയത് എന്ന് പറഞ്ഞല്ലോ. തുടര്‍ന്ന് ഞാന്‍ പതിമൂന്ന് ഹദീസ് ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ത്തു. സ്വഹീഹ് ബുഖാരി, സുനനു അബീദാവൂദ്, സുനനു തിര്‍മിദി, സുനനുന്നസാഈ, സുനനു ഇബ്നുമാജ, മാലികിന്റെ മുവത്വ, സവാഇദു സ്വഹീഹ് ഇബ്നു ഹയ്യാന്‍, മുസ്നദ് അഹ് മദ്, ത്വബറാനിയുടെ മൂന്നെണ്ണം: അല്‍കബീര്‍, അല്‍ ഔസത്വ്, അസ്സ്വഗീര്‍, മുസ് നദ് ബസ്സാര്‍, മുസ്നദ് അബീയഅ്ല എന്നിവ.
ഇന്ത്യയില്‍ ഏറ്റവും ആധികാരികമായ സ്വഹീഹ് ബുഖാരി, മുസ്‌ലിം എന്നീ രണ്ട് ഹദീസ് ഗ്രന്ഥങ്ങള്‍ മാത്രമേ എനിക്ക് അവലംബിക്കാന്‍ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കാരണം, ഈ ഹദീസ് ഗ്രന്ഥങ്ങളെയെല്ലാം അവലംബിച്ച പഠനം തയാറാക്കാന്‍ നീണ്ട വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമുണ്ട്. വായനക്കാര്‍ക്ക് എളുപ്പവും രണ്ട് ഗ്രന്ഥങ്ങളെ മാത്രം അവലംബിക്കലാവും. ആ രണ്ടുമാണല്ലോ ഏറ്റവും ആധികാരികവും.