പിതാക്കളെ ചേര്‍ത്തു പിടിക്കാം

വി.പി ശൗക്കത്തലി
സെപ്റ്റംബർ 2025

'ഒരു തുള്ളി രക്തംപോലും ചിന്താതെയുള്ള കൊലപാതകമാണ് ഒറ്റപ്പെടുത്തല്‍' എന്ന് പറഞ്ഞത് ആരാണ് എന്നറിയില്ല. എന്നാല്‍, അതിന്റെ തീവ്രത മനസ്സിലേക്ക് ആണ്ടിറങ്ങിയത് പ്രവാസ ജീവിതത്തിലെ ഒരു സായാഹ്നത്തില്‍ സുഹൃത്തുക്കളുമൊത്തുള്ള കടല്‍ത്തീര നടത്തത്തിനിടയിലാണ്. 'മറുനാട്ടില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കുറെയായില്ലേ, തിരിച്ചുപോക്ക് ആലോചിക്കുന്നുണ്ടോ' എന്ന എന്റെ ചോദ്യത്തിന് പ്രായം ചെന്ന ആ സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നമ്മെയൊക്കെ ഇനി ആര്‍ക്ക് വേണം? ഉമ്മയും മക്കളുമൊക്കെ അവിടെ 'സെറ്റില്‍' ആയില്ലേ? അവരുടെ സുഖജീവിതം ശല്യപ്പെടുത്താന്‍ നാമെന്തിന് വലിഞ്ഞു കയറിച്ചെല്ലണം?'

പിതാക്കള്‍ ഒറ്റപ്പെടുത്തപ്പെടുന്നത് പ്രവാസികളുടെ മാത്രം പ്രശ്നമാണോ? അല്ലെന്നതിന് നമ്മുടെ ഇന്നത്തെ കുടുംബ ജീവിതം തന്നെ സാക്ഷിയല്ലേ? എത്രയെത്ര പിതാക്കളാണ് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വേദനകള്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ വേണ്ടത്ര നമ്മുടെ ചര്‍ച്ചകളില്‍ വരുന്നുണ്ടോ?

അവഗണിക്കപ്പെടുന്ന മാതാക്കളെപ്പറ്റിയും സ്ത്രീ ജനങ്ങളെച്ചൊല്ലിയും നമ്മുടെ പൊതുബോധവും ചര്‍ച്ചകളും സജീവമാണ്. മത-രാഷ്ട്രീയ വേദികളിലും കലാ-സാഹിത്യ-സിനിമാ രംഗങ്ങളിലും അത് ആവോളമുണ്ട്. 'ഒഴിമുറി' 'ഹൗ ഓള്‍ഡ് ആര്‍ യു' തുടങ്ങിയ സിനിമകളും, സുല്‍ത്താന്‍ വീട്', 'അറബിപ്പൊന്ന്', 'എണ്ണപ്പാടം' തുടങ്ങിയ നോവലുകളും മാതൃകേന്ദ്രീകൃതമായ മരുമക്കത്തായ കുടുംബ വ്യവസ്ഥകളും, പെണ്‍താവഴികളും പെണ്ണധികാരവും ചര്‍ച്ചയാക്കിയിട്ടുണ്ട്.' 'പേറ്റിനും ചോറ്റിനുമുള്ള യന്ത്രമോ പെണ്ണുങ്ങള്‍' എന്ന ചോദ്യം അതിനും എത്രയോ മുമ്പ് ഇസ് ലാമിക കവി അബൂസഹ് ല, തന്റെ കവിതകളിലൂടെ ഉയര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍, അത്ര തന്നെ ശക്തമായി ഗൃഹനാഥന്‍മാര്‍ അനുഭവിക്കുന്ന ഒറ്റപ്പെടുത്തലിന്റെ വേദന നമ്മുടെ സാമൂഹ്യ ചര്‍ച്ചകളില്‍ വിഷയീഭവിച്ചിട്ടുണ്ടോ?

പിതാക്കളില്‍ പലരും ഇന്ന് ഒട്ടേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. 'ആയ' കാലത്ത് സ്വന്തം വീടുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന സ്നേഹവും, ആദരവും പരിഗണനകളും പ്രായമാകുമ്പോള്‍ വേണ്ടത്ര ലഭിക്കുന്നില്ല. ഭാര്യാ-മക്കളുടെ സര്‍വ സാമ്പത്തിക ചെലവുകളും സാമൂഹ്യ സുരക്ഷിതത്വവും ഒരു കാലത്ത് പണിപ്പെട്ട് നോക്കിനടത്തിയ ഗൃഹനാഥന്‍ പെട്ടെന്ന് ഔട്ടാകുന്ന അവസ്ഥ. ഭംഗിയായും കാലത്തിന് യോജിച്ച രീതിയിലും പക്വതയോടെ വീട്ടുഭരണം നോക്കി നടത്തിയവര്‍ പിന്നെ പിന്നെ ദൈനംദിന കാര്യങ്ങളില്‍നിന്നും പ്രധാനപ്പെട്ട ചര്‍ച്ചകളില്‍നിന്നും പുറംതള്ളപ്പെടുന്ന ദുര്‍ഗതി. താനിവിടെ ഒരധികപ്പറ്റാണോ എന്നു വരെ തോന്നുന്ന സന്ദര്‍ഭങ്ങള്‍.

ചില ഗൃഹങ്ങളില്‍ പെണ്ണധികാരം പരിധിവിടുമ്പോള്‍ ബാപ്പമാര്‍ മൂലക്കിരുത്തപ്പെടുന്നു. ചിലരൊന്നും കഠിനഹൃദയരായിരിക്കില്ല, ചിലപ്പോഴൊന്നും ഉദ്ദേശ്യപൂര്‍വമായിരിക്കില്ല. എന്നാല്‍, ബാപ്പയെ വേണ്ടത്ര പരിഗണിക്കാതെയുള്ള സമീപനങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ദാമ്പത്യ ജീവിതത്തിന്റെ ചരട് പൊട്ടുന്നു. ശാരീരിക അടുപ്പങ്ങള്‍ അറിയാതെ കുറഞ്ഞു വരുമ്പോള്‍ ആണ്‍പക്ഷികള്‍ ഒറ്റക്കിരുന്ന് കുറുകേണ്ടി വരുന്നു! ഇതൊക്കെ അവരില്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ല.

ഒരിക്കല്‍ വടക്കുനിന്ന് ഒരു പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് സഹയാത്രികനായ വടക്കന്‍ സുഹൃത്ത് 'സിറ്റൗട്ട് ബാപ്പ'യെപ്പറ്റി സംസാരിച്ചത്. വീട്ടുപുതിയാപ്ല സിസ്റ്റത്തില്‍ നാല് പെണ്‍മക്കളുള്ള ഒരു തറവാട്ടു ഉമ്മക്ക് മാറിമാറി അവരുടെ 'പുതിയാപ്ല'മാരെ സല്‍ക്കരിക്കുന്ന തിരക്കില്‍ രാവേറെ ചെല്ലുംവരെയും പിന്നെ ഫജ്റ് വെളുക്കുന്നതിനു മുമ്പും പിടിപ്പത് പണിയുള്ളതിനാല്‍ സ്വന്തം ഭര്‍ത്താവ് സിറ്റൗട്ടില്‍ തന്നെ ഒറ്റപ്പെട്ടുപോകുന്നതാണ് 'സിറ്റൗട്ട് ബാപ്പ' കഥയുടെ ഇതിവൃത്തം!

വടക്കും തെക്കും വ്യത്യാസമില്ലാതെ ചില ഉമ്മമാര്‍ മക്കളെ ബാപ്പക്കെതിരെ 'വളച്ചെടുക്കുന്ന' രീതിയുമുണ്ടല്ലോ. നീരസം മക്കളുടെ മുമ്പില്‍ വെച്ച് പരാതികളായി പത്തിവിടര്‍ത്തുമ്പോള്‍ തകരുന്നത് ബാപ്പ മാത്രമല്ല, കുടുംബം തന്നെയാണെന്ന് പലരും ഓര്‍ക്കാറില്ല.

പെണ്ണധികാരം പരിധിവിട്ട് ചിലപ്പോള്‍ ഉമ്മമാരുടെ ദുര്‍വാശിയായി മാറുമ്പോള്‍ മക്കള്‍ അതിന്റെ ബലിയാടാകുന്ന അവസ്ഥകളും നാം കാണുന്നു. വീട്ടുകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബാപ്പമാര്‍ക്ക് വലിയ അധികാരമൊന്നും ഇല്ലാത്ത ഇടങ്ങളില്‍ ഉമ്മമാര്‍ ഏകാധിപതികളായി മാറുന്നു. അവരുടെ അമിതാധികാരവും ദുര്‍വാശിയും കാരണം സ്വന്തം ഭാര്യമാരുടെയും മക്കളുടെയും കാര്യത്തില്‍ പോലും ആണ്‍മക്കള്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ. ചിലപ്പോള്‍ അവരുടെ ഇംഗിതത്തിനൊത്ത് ഭാര്യമാരെ വരെ ഒഴിവാക്കേണ്ട ദുരവസ്ഥ! ഒട്ടും ന്യായീകരിക്കാന്‍ പറ്റാത്ത ഇത്തരം പെണ്ണധികാരങ്ങള്‍ സമൂഹത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പിതാവിന് 'വോയ്സ്' ഇല്ലാത്തത് ഇത്തരം പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. ഇതിലൊക്കെ ഇസ് ലാമിന്റെ വിധികള്‍ പാലിക്കാന്‍ മാതാക്കള്‍ക്ക് ബാധ്യതയില്ലേ?

ഇനി ഇങ്ങനെയൊന്നും പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തിലും ബാപ്പമാര്‍ തളര്‍ന്നു പോകുന്ന അവസ്ഥകളുണ്ടല്ലോ. ഭാര്യയുടെ പെട്ടെന്നുള്ള മരണം അതില്‍ പ്രധാനമാണ്. ഭര്‍ത്താവ് മരിച്ച ഭാര്യക്ക് മക്കളിലൂടെയും മറ്റും ഒട്ടൊക്കെ അതിജീവിക്കാനാകും. എന്നാല്‍, ഭാര്യ മരിച്ച ഭര്‍ത്താവിന് തുടര്‍ന്നുള്ള ജീവിതം അത്ര എളുപ്പമല്ലല്ലോ. കുടുംബത്തിന്റെ വലിയ പരിഗണന അര്‍ഹിക്കുന്ന സംഗതിയാണത്. വാര്‍ധക്യ പരിചരണത്തിന്റെ പലവഴികള്‍ നാം ഉപയോഗപ്പെടുത്തണം. വര്‍ധിച്ചുവരുന്നു മക്കളുടെ വിദേശ പഠനയാത്രക്ക് ഒട്ടേറെ ഭൗതിക നേട്ടങ്ങളുണ്ടെങ്കിലും മാതാപിതാക്കള്‍ക്ക് അതേല്‍പ്പിക്കുന്ന പരിക്കുകളും നമ്മുടെ സജീവ ശ്രദ്ധയില്‍ വരണം.

പിതാക്കള്‍ക്ക് ഇസ് ലാമില്‍ 'ഗൃഹനാഥന്റെ' സ്ഥാനമുണ്ടല്ലോ. (മാതാക്കള്‍ക്ക് ഗൃഹനാഥയുടെ സ്ഥാനമുള്ളതു പോലെത്തന്നെ). എന്നാല്‍, കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹിക-സുരക്ഷിതത്വ സംസ്‌കരണ കാര്യങ്ങളില്‍ പിതാവിന് കൂടുതല്‍ നേതൃബാധ്യതകളുണ്ട്. 'വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്ന് രക്ഷിക്കുവിന്‍' (അത്തഹ് രീം 6) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. ഇതിനൊക്കെപ്പറ്റിയ സാഹചര്യം വീട്ടില്‍ ഉണ്ടാകണം. സൂറത്ത് അല്‍ഫുര്‍ഖാന്‍ 74-ാം ആയത്തില്‍ പറയുന്നതു പോലെ, 'നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങളുടെ കണ്ണ് കുളിര്‍പ്പിക്കേണമേ. ഞങ്ങളെ നീ ഭക്തന്മാരുടെ നേതാവാക്കേണമേ'. പിതാവിന്റെ നേതൃപരമായ ഉത്തരവാദിത്വം ഇതിലും വ്യക്തം. മൂസാ(അ)യുടെ മദ് യന്‍ യാത്രയില്‍ ശുഐബ് നബി(അ)യുടെ പെണ്‍മക്കള്‍ വെള്ളത്തിന്റെ കാര്യത്തില്‍ സഹായം തേടുമ്പോള്‍ പ്രത്യേകം പറയുന്നത്, 'ഞങ്ങളുടെ പിതാവ് പടുവൃദ്ധനാണ്' എന്നാണല്ലോ. പിതൃ പരിചരണത്തിന്റെ ഉദാത്ത മാതൃകയുണ്ടിതില്‍. 'മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കണം' എന്ന് ഊന്നിപ്പറഞ്ഞ ഖുര്‍ആന്‍, അവരില്‍ ഒരാളോ രണ്ടുപേരോ നിങ്ങളുടെ അടുക്കല്‍ വാര്‍ധക്യം പ്രാപിക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ മക്കളെ പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. ഇതിലൊന്നും പിതാക്കളെ അവഗണിക്കരുത് എന്നാണ് പറഞ്ഞു വരുന്നത്.

മുആവിയ ഇബ്നു ഹൈദ (റ) ഒരിക്കല്‍ നബി(സ)യുടെ അരികില്‍ വന്ന്, 'മനുഷ്യരില്‍ എന്റെ സഹവാസത്തിന് ഏറ്റവും അര്‍ഹര്‍ ആരാണെന്ന്' ചോദിച്ചപ്പോള്‍ ആദ്യത്തെ മൂന്ന് തവണയും തന്റെ മാതാവിനോട് എന്നും നാലാം തവണ പിതാവിനോട് എന്നും പറഞ്ഞ ഹദീസ് സുവിദിതമാണ്. എന്നാല്‍, പലരും ഇതിലെ വാചകങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിക്കാതെ, 'സഹവാസം' എന്ന വാക്കിന് (സ്വുഹ്ബത്ത്) കടപ്പാട് എന്ന് അര്‍ഥം കല്‍പിക്കുന്നു. തെറ്റാണിത്. പിതാവിനേക്കാള്‍ മാതാവാണ് മക്കളുടെ സഹവാസത്തിന് കൂടുതല്‍ അര്‍ഹ എന്നത് നേരാണ്. പൊതുവില്‍ മാതാവിന്റെ ശാരീരിക-മാനസിക ശക്തിയില്ലായ്മയാണ് അതിന്റെ ഒരു കാരണം. മറ്റു ചില പണ്ഡിതര്‍ ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ (3 കാര്യങ്ങള്‍) മാതാവ് പ്രത്യേകം വഹിച്ചതാണെന്നും അതിനാല്‍ തന്നെ ആദ്യത്തെ മൂന്ന് സഹവാസ ബാധ്യത ഉമ്മയോടാണെന്നും വിശദീകരിക്കുന്നു.

'സ്വര്‍ഗം മാതാവിന്റെ കാലിനടിയിലാണെ'ന്ന ഹദീസാണ് തെറ്റിദ്ധരിക്കപ്പെട്ട മറ്റൊന്ന്. സംഭവം ഇങ്ങനെയാണ്: ജാഹിമത്തുസ്സുലമി എന്ന സ്വഹാബി നബി(സ)യുടെ അരികില്‍ വന്ന് എനിക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും തിരുദൂതരുടെ അഭിപ്രായമറിയാനാണ് ഞാന്‍ വന്നത് എന്നും അറിയിക്കുന്നു. നബി (സ): 'തനിക്ക് ഉമ്മയുണ്ടോ' എന്ന് അന്വേഷിക്കുന്നു. ഉമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്ന് അറിയിച്ചപ്പോള്‍, 'തീര്‍ച്ചയായും സ്വര്‍ഗം അവരുടെ കാലുകള്‍ക്കടിയിലാണ്' എന്ന് തിരുദൂതര്‍ പറയുന്നു. ഉമ്മയെ സേവിക്കുക, അവരുടെ തൃപ്തിനേടുക, അതാണ് താങ്കളുടെ ഇപ്പോഴത്തെ സ്വര്‍ഗവഴി എന്നാണ് റസൂല്‍ (സ) ഉദ്ദേശിച്ചത് എന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ഇവിടെ നബി (സ) അന്വേഷിച്ചത് ഉമ്മയെക്കുറിച്ചാണ് (ഒരു പക്ഷേ, പിതാവിനെക്കുറിച്ചും മറ്റും അറിയുന്ന പ്രവാചകന്റെ പ്രത്യേക ചോദ്യമായിരിക്കാം). അതിനാല്‍ ഉമ്മയെക്കുറിച്ച് മാത്രം പറഞ്ഞു. അല്ലാതെ പിതാവിനെ അവഗണിച്ചതല്ല. ''പിതാവ് സ്വര്‍ഗവാതിലിന്റെ മധ്യത്തിലാണ്' എന്ന തിര്‍മിദിയും ഇബ്നു മാജയും അഹ് മദും ഉദ്ധരിച്ച ഹദീസ് വേറെത്തന്നെ വന്നിട്ടുണ്ടല്ലോ. ഇതിലും മാതാപിതാക്കള്‍ ഉദ്ദേശ്യമാണെന്ന് ശൈഖ് അല്‍ബാനി വിശദീകരിച്ചിട്ടുണ്ട്. ''മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി, അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം' എന്ന ഹദീസുകൂടി ഇതിനോട് ചേര്‍ത്തു വായിക്കുക. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media