കഴിഞ്ഞ 40 വര്‍ഷക്കാലമായി കേരളത്തിലെ കുടുംബങ്ങളിലെ അതിഥിയാണ് ആരാമം മാസിക. ഗൗരവ വായനകള്‍ ഇല്ലാതിരുന്ന, സ്ത്രീകളുടെ വായന അത്തരം ഇടങ്ങളില്‍ മാത്രമായി ചുരുങ്ങുകയും ചുരുക്കുകയും ചെയ്ത കാലത്താണ് ഇസ്ലാമിക പ്രസ്ഥാനം 'ആരാമം' മാസികയെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. വ്യക്തി തലം മുതല്‍ കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ ബഹുമുഖ തലങ്ങളെ ഗൗരവത്തോടുകൂടി സമീപിക്കുന്ന ഒരു സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ആരാമം വഹിച്ച നിസ്തുലമായ പങ്ക് സുവിദിതമാണ്.
അല്ലാഹുവിന്റെ ദീനിനെ സംബന്ധിച്ച പരിമിതമായ ഭാവനകള്‍ക്കപ്പുറത്ത് ജീവിതത്തോളം വിശാലമായ ഇസ്ലാമിനെ മുസ്ലിം കുടുംബങ്ങള്‍ക്ക് കൃത്യമായ അളവില്‍ ആരാമം പകര്‍ന്നു നല്‍കി. ദീനിന്റെ അടിസ്ഥാന വിഷയങ്ങളില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ആര്‍ജിച്ചെടുക്കേണ്ട അടിസ്ഥാന ജ്ഞാനവും പ്രാഥമിക അറിവുകളും ലളിതവും സരളവുമായ ഭാഷയില്‍ സ്ത്രീകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ആരാമം ഏറെ പരിശ്രമിച്ചു.
ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളെയും സ്ത്രീ സമൂഹത്തിന്റെതായി ശ്രദ്ധയില്‍പ്പെടുത്തേണ്ടുന്ന നീതിപൂര്‍വകമായ നിലപാടുകളെയും ആരാമം പരിചയപ്പെടുത്തി. ഇസ്ലാം വിരുദ്ധമായ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും ചോദ്യം ചെയ്യാന്‍ ആരാമത്തിന് സാധിച്ചിട്ടുണ്ട്. പൗരോഹിത്യം ഏര്‍പ്പെടുത്തിയ വിലക്കുകളെയും അരുതുകളെയും ഇസ്ലാമിന്റെ മനോഹരമായ ജീവിത കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തി കൃത്യമായി വിശകലനം ചെയ്യുന്ന പഠനങ്ങളും എഴുത്തുകളും പ്രസിദ്ധീകരിക്കുന്നതില്‍ ആരാമം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
കഥയും കവിതയും നോവലുകളും ആരാമത്തിന്റെ ഉള്ളടക്കത്തെ കൂടുതല്‍ ജ്വലിപ്പിച്ചു നിര്‍ത്തി. ജീവിതാനുഭവങ്ങളുടെ പച്ചപ്പ് നിറഞ്ഞ അഭിമുഖങ്ങളും ഫീച്ചറുകളും 'ആരാമ'ത്തിന്റെ മുഖമുദ്രയായിരുന്നു. വായനക്കാരുടെ എഴുത്തുകളുമായി കത്തുകള്‍ അടയാളപ്പെടുത്തപ്പെട്ടു.
ഇനിയും ആരാമത്തിന് ഏറെ ചെയ്യാനുണ്ട്. വിജ്ഞാനത്തിന്റെ ബഹുമുഖ പ്രപഞ്ചം കൊച്ചു സ്‌ക്രീനില്‍ തെളിയുന്ന കാലഘട്ടമാണിത്. സത്യാനന്തര കാലത്ത് നിര്‍മിത ബുദ്ധി കാര്യങ്ങള്‍ തീരുമാനിക്കുന്ന ചരിത്രഘട്ടം. ആല്‍ഫാ ജനറേഷന്റെ ഇടം.
നെല്ലും പതിരും വേര്‍തിരിച്ച് തെളിമയാര്‍ന്ന ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന ഒരു തലമുറയെ ലക്ഷ്യം വെച്ച് മുന്നേറാന്‍ നമുക്ക് കഴിയണം. അതിന് ഗൗരവപ്പെട്ട ബോധപൂര്‍വമായ ചില വായനകള്‍ കൂടിയേ തീരൂ. അസന്തുലിതമായ പല ജീവിതകാഴ്ചപ്പാടുകളും ഇന്ന് ആണ്‍-പെണ്‍ ഭേദമില്ലാതെ സമൂഹത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ നിലനില്‍പും പ്രസക്തിയും പോലും പരസ്യമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. സന്തുലിതവും നീതിപൂര്‍വവുമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിന് വലിയ പ്രാധാന്യമുണ്ട്. അത്തരം ചിന്തകളെ വായനക്കാരിലേക്ക് എത്തിക്കുക കൂടിയാണ് ആരാമം ചെയ്യുന്നത്. ജെന്‍ഡര്‍, നീതി, മതം, വിശ്വാസം, കുടുംബം, ഉത്തരവാദിത്വം എന്നിവയെ കുറിച്ച് ലിബറലിസം പറഞ്ഞുകൊണ്ടിരിക്കുന്ന ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്ന പല വേദികളും നമുക്ക് മുന്നില്‍ സജീവമാണ്. മാറിനില്‍ക്കാനാവാത്ത വിധം പല ആശയങ്ങളും തലമുറകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. വായനയിലൂടെയും തിരുത്തലിലൂടെയും സമൂഹത്തിന്റെ പുനര്‍നിര്‍മിതിയെക്കുറിച്ച് ആലോചിക്കേണ്ടുന്ന നാളുകള്‍ കൂടിയാണിത്. ഈ ദൗത്യ നിര്‍വഹണത്തില്‍, ആരാമം വായനക്കാരായും, മറ്റുള്ളവരിലേക്ക് എത്തിച്ചു നല്‍കിയും നിങ്ങള്‍ ആരാമം ക്യാമ്പയിനില്‍ പങ്കാളികളാവുമല്ലോ. ഉന്നതമായ ലക്ഷ്യങ്ങളുമായി ഇനിയും മുന്നേറാന്‍ ആരാമത്തിന് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.