അനേകം ജീവിതങ്ങളിലൂടെ കഥകള്‍ വിടരുമ്പോള്‍

കെ.സി സലീം കരിങ്ങനാട്
സെപ്റ്റംബർ 2025

തേടുന്നതെന്തും തീണ്ടാപ്പാടകലെയാവുകയും ഒരിക്കലും നിനക്കാത്തത് വന്നുഭവിക്കുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നെങ്ങനെയെല്ലാം വിടുതല്‍ നേടാനാവുമെന്നതിനെപ്പറ്റി ആലോചിച്ച് കാട്കയറുന്നവരാണ് മനുഷ്യരധികവും. അത്തരം സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടയില്‍ നിന്നാണ് സലീം കുരിക്കളകത്തിന്റെ 'എബ്രായ' എന്ന കഥാസമാഹാരം പ്രകാശിതമാവുന്നത്. വരേണ്യാധികാരസങ്കല്പങ്ങളും അധിനിവേശാപ്രമാദിത്വവും അരങ്ങ് വാഴുന്നിടത്ത് അതിനെ വിമര്‍ശനാത്മകമായി പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗമാണ് എഴുത്തുകള്‍. 'എബ്രായ'യിലൂടെ താന്‍ ജീവിക്കുന്ന കാലത്തിന്റെ കാലുഷ്യങ്ങളോട് സന്ധിയില്ലാതെ, സമരസപ്പെടാതെ തന്റെ പ്രതിഷേധം ശക്തമായ ഭാഷയില്‍ വാമൊഴിയിലൂടെ ഓരോ വരികളും വര്‍ണാഭമായി അടുക്കിവെച്ചിരിക്കുകയാണ് കഥാകൃത്ത്. 

അസഹിഷ്ണുത സാമൂഹിക ജീവിതത്തിന്റെ സകല സാധ്യതകള്‍ക്കും മുമ്പില്‍ വിഘ്‌നം സൃഷ്ടിക്കുമ്പോള്‍ എഴുത്തുകാരന് അതിനോട് സമരസപ്പെടാന്‍ സാധ്യമാവില്ലെന്ന് അനുവാചകനെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നുണ്ടത്. കാലയവനികക്കുള്ളില്‍ മറഞ്ഞുപോയതും ജീവിച്ചിരിക്കുന്നവരുമായ എല്ലാ സാഹിത്യകാരന്മാരുടെയും സൃഷ്ടികളില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പ്രാധാന്യത്തെയും സജീവമായി കാണാന്‍ സാധിക്കുന്നുണ്ട്. ആത്യന്തികമായി ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും ഓരോരോ കഥാപാത്രങ്ങള്‍ ആണല്ലോ! അവരിലുള്ള കഥാകദനങ്ങളെ ആവാഹിച്ചെടുക്കാനുള്ള വ്യതിരിക്തശേഷിയുള്ളവര്‍ അത് കഥകളും പിന്നെ പുസ്തകങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുന്നത്. സങ്കീര്‍ണതകളുടെ പരകോടിയിലെത്തി നിരര്‍ഥകവും ഫലശൂന്യവുമായ കാര്യങ്ങളിലേക്ക് ജീവിതത്തെ മാറ്റിപ്പാര്‍പ്പിക്കുന്ന പ്രത്യേക തരം പ്രതിഭാസങ്ങളിലേക്ക് ആപതിക്കാനായി കോപ്പുകൂട്ടുന്ന വരേണ്യസങ്കല്‍പങ്ങളൊക്കെ തുറന്നെതിര്‍ക്കാന്‍ 'എബ്രായ'യിലൂടെ ശ്രമിക്കുന്നുണ്ട്. നടമാടുന്ന നെറുകേടുകളിലേക്കുള്ള തുറിച്ചുനോട്ടവും അവ പുറത്തുവിടുന്ന പുഴുക്കുത്തുകളുമെല്ലാം  നാട്ടുഭാഷയിലൂടെ രസപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ ശ്രമം ശ്ലാഘനീയമാണ്.

കഴിഞ്ഞ കാലങ്ങളില്‍ നടപ്പുരീതികളെപ്പോലെ കൊണ്ടുനടന്നിരുന്ന എല്ലാത്തരം അധഃസ്ഥിതികളുടെയും അടിവേരറുക്കാന്‍ പാകത്തിലുള്ളതാണ് പുസ്തകത്തിലെ കഥകള്‍. ആധുനികതയുടെ എല്ലാ ആഭാസങ്ങളും ജീവിതത്തിലേക്ക് ആവാഹിച്ച് ഒടുക്കം കുറ്റബോധത്തിന്റെയും നഷ്ടബോധത്തിന്റെയും അമിത ഭാരവും പേറി ജീവിതം തള്ളിനീക്കേണ്ടിവരുന്ന ദുരവസ്ഥകള്‍ സംജാതമാകുന്നതാണ് ഈ കാലുഷ്യകാലത്തെ വേട്ടയാടുന്ന ഒരു പ്രശ്‌നം. 'എബ്രായ'യിലെ കഥകള്‍ എത്രമാത്രം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെടുക അതിനുള്ളില്‍ പറയാതെ പറയുന്ന രാഷ്ട്രീയം മുഖേനയാണ്. പച്ചയായ ജീവിതാനുഭവങ്ങളും സാധാ നാട്ടുമൊഴിയും എല്ലാം ലയിപ്പിച്ച് വിസ്മയിപ്പിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ കഥാകൃത്ത് ചെയ്യുന്നത്.

മനുഷ്യരനുഭവിക്കുന്ന വേദനകളുടെ വേരാഴങ്ങള്‍ സലീം കുരിക്കളകത്തിന്റെ കഥകളില്‍ മുഴച്ച് കാണും. മാനവികതയുടെ സര്‍വമാനങ്ങളും അടര്‍ന്ന് വീണ് അരാഷ്ട്രീയതയുടെ അടിവേരുകളായി അധിനിവേശം നടത്തുന്ന തരത്തിലേക്ക് സാഹചര്യങ്ങളെല്ലാം സന്നിവേശിക്കുമ്പോള്‍ സന്താപത്തോടെ നില്‍ക്കുന്നതിന് പകരം കഴിയുംവിധം ജീവിതം പ്രതിരോധാത്മകമാക്കി ക്രമപ്പെടുത്തുകയാണ് വേണ്ടത്. മനുഷ്യരനുഭവിക്കുന്ന വ്യതിരിക്തമായ, എന്നാല്‍, കേട്ടാലറച്ച് പോവുന്ന അനീതികളും അധര്‍മങ്ങളും അപ്രമാദിത്വത്തിന്റെ ഉപരിതലത്തിലെത്തി നില്‍ക്കുമ്പോള്‍ നമുക്കെങ്ങനെ മൗനം പാലിക്കാനാവും? മൗനം വാചാലമാകുന്നിടത്ത് അസഹിഷ്ണുതയുടെ നാനാതരം വൈവിധ്യങ്ങള്‍ പെറ്റ് പെരുകും. ഇനിയും ഒരുപാട് 'എബ്രായ'കള്‍ ജീവിതം ഇങ്ങനെ കല്ലിച്ച് പോവുമ്പോള്‍ പിറവിയെടുക്കും. സമൂഹത്തില്‍ നടമാടുന്ന നെറികേടുകള്‍ക്ക് കാഴ്ചക്കാരാവുന്നതിന് പകരം അതിനെ എങ്ങനെയെല്ലാം ഉന്മൂലനം ചെയ്യാനാവുമെന്നതിനെ പ്രതിയാണ് ആലോചനകളത്രയും ആവശ്യമായി വരുന്നത്. മനുഷ്യജീവിതത്തിന്റെ ഭൂത-വര്‍ത്തമാന-ഭാവികളിലെ അരുതായ്മകളെ അരുക്കാക്കാന്‍ ഇനിയും ഒരുപാട് 'എബ്രായ' പ്രകാശിതമാവേണ്ടി വരും.

എബ്രായ കഥകൾ
സലീം കുരിക്കളകത്ത്
₹180
ചിന്ത പബ്ലിഷേഴ്സ്
ദേശാഭിമാനി ബുക്ക്ഹൗസ്

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media