'ഇഫ്ളു വിത്ത് ഫലസ്തീന്‍' എന്നെഴുതിയ ബാനര്‍ കാരണം അധികാരികള്‍ക്ക് മുന്നില്‍
ദേശവിരുദ്ധരാക്കപ്പെട്ട അനുഭവം പങ്കുവെക്കുന്നു
ലോകത്താകമാനം വിദ്യാര്‍ത്ഥി സമൂഹമാണ് ഫലസ്തീന് വേണ്ടി നിരന്തരം തെരുവുകളിലേക്ക് ഇറങ്ങുകയും, ഇസ്രായേലുമായുള്ള കരാറുകളില്‍ തുടരുന്ന കാമ്പസുകളും കമ്പനികളുമൊക്കെ സ്തംഭിപ്പിക്കുകയും ചെയ്തുകൊണ്ട് ഫലസ്തീന്‍ അനുകൂല പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡിപോര്‍ട്ടേഷനും തടവറകളുമൊരുക്കിക്കൊണ്ടാണ് അതത് ഭരണകൂടങ്ങള്‍ അവരെ നേരിടുന്നത്. തെരുവുകളിലും കാമ്പസുകളിലും ഒരുപോലെ സജീവമായി അവര്‍ ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. യു.എസ്സിലും യു.കെയിലുമൊക്കെയുള്ള വിവിധ കാമ്പസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
പരസ്യമായി സയണിസ്റ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുകയും വംശഹത്യക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ വരെ വിവിധ കലാലയങ്ങളിലുള്ള വിദ്യാര്‍ത്ഥി സമൂഹം അവരുടെ സുരക്ഷിതത്വവും ഭാവിയും മാറ്റിവെച്ചുകൊണ്ട് ഫലസ്തീനു വേണ്ടി രംഗത്തിറങ്ങുമ്പോഴും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഫലസ്തീനോട് ഐക്യദാർഢ്യപ്പെട്ട കാമ്പസുകളില്‍ ഫലസ്തീന് വേണ്ടിയുള്ള മുന്നേറ്റം വലിയ രീതിയില്‍ കാണാന്‍ കഴിയില്ല.
രാജ്യത്തെ പല യൂണിവേഴ്‌സിറ്റികളും ഇസ്രായേല്‍ യൂണിവേഴ്സിറ്റികളുമായി കരാറുകള്‍ ഉണ്ടാക്കുമ്പോഴും കാലങ്ങളായുള്ള ഫലസ്തീന്‍ അനുകൂല നിലപാടുകളില്‍ നിന്നും മാറി ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ചേരുന്ന മാറ്റങ്ങള്‍ വരുത്തുമ്പോഴും അതിനെതിരെ കാമ്പസുകളില്‍നിന്ന് ഉയര്‍ന്ന് വരുന്ന ചെറുത്തുനില്‍പ്പുകളെ തുടക്കത്തില്‍ തന്നെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങള്‍ ഒരു ഭാഗത്ത് കൃത്യമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ഒരു വശത്ത് ഗവണ്‍മെന്റും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനുകളും തകൃതിയായി ഇത്തരത്തിലുള്ള പ്രോ ഫലസ്തീന്‍ മൂവ്‌മെന്റുകളെ അടിച്ചമര്‍ത്തുമ്പോള്‍ മറുവശത്ത് എ.ബി.വി.പി പോലുള്ള സംഘ് വിദ്യാര്‍ത്ഥി സംഘടനകളാണ് ഫാസിസ്റ്റ് ഭരണകൂടത്തിന് കൂട്ടായി കാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പരിപാടികളും മൂവ്മെന്റുകളുമൊക്കെ തടയിടാന്‍ അക്രമം അഴിച്ചുവിടുന്നത്.
മുദ്രാവാക്യങ്ങളെ ഭയക്കുന്ന ഉറച്ച നിലപാടുകളില്‍ അസ്വസ്ഥരാകുന്ന രാഷ്ട്രീയ സംസാരങ്ങളെ സംശയത്തോടെ കാണുന്ന സമകാലിക ഇന്ത്യന്‍ കാമ്പസുകളില്‍ ഫലസ്തീനോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് സംസാരിക്കുന്നത് പോലും അധികാരികളുടെ കണ്ണില്‍ വലിയൊരു ക്രിമിനല്‍ കുറ്റം തന്നെയാണ്. ഇതിന്റെ ബാക്കിപത്രമാണ് ഈ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി യുണിയന്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ശേഷം സംഭവിച്ചത്.
ഗസ്സയില്‍ വംശഹത്യ അതിഭീകരമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും അല്‍ അഖ്‌സ ഫ്ളഡിന്റെ രണ്ടാം വാര്‍ഷികമായ 2025 ഒക്ടോബറില്‍ ലോകത്തെമ്പാടും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഞങ്ങളും ഫലസ്തീനിലെ ജനങ്ങളുടെ ചെറുത്തുനില്പിനോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് കാമ്പസില്‍ റാലി നടത്തുന്നത്.
റാലി സമാധാനപരമായി അവസാനിച്ച ശേഷം എ.ബി.വി.പി പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച സംഘര്‍ഷത്തിലാണ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ തെലങ്കാന പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. സ്വമേധയാ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോലീസ് പരാതിയില്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ അനുകൂലിക്കുന്നതിലൂടെ ഇന്ത്യയെ അപമാനിച്ചു എന്ന തരത്തിലാണ് വിവരിച്ചിരുന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന തെലങ്കാന ഗവണ്‍മെന്റിന് കീഴിലാണ് ഇത് നടക്കുന്നത് എന്ന് കൂടെ ഇതിനോട് ചേര്‍ത്ത് വായിക്കണം.
'ഇഫ് ളു വിത്ത് ഫലസ്തീന്‍ എന്ന് പറയുന്നതെന്തിനാണ്?
ഇഫ്‌ളൂ വിത്ത് ഇന്ത്യ എന്നല്ലേ നല്‍കേണ്ടത്... നിങ്ങളെന്തിനാണ് മറ്റൊരു രാജ്യത്ത് നടക്കുന്ന പ്രശ്നത്തിനായി ഇവിടെ സംസാരിക്കുന്നത്, ഇത് നമ്മുടെ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്' എന്ന് തുടങ്ങി കേരളത്തിലെ മുസ്ലിംകളാണ് ഇവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട് എന്നുള്ള ആരോപണങ്ങള്‍ വരെ ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 'ഇഫ് ളു വിത്ത് ഫലസ്തീന്‍' എന്നെഴുതിയ ബാനറായിരുന്നു അധികാരികള്‍ക്ക് മുന്നില്‍ ഞങ്ങളെ ദേശവിരുദ്ധരാക്കി മാറ്റിയത്.
ഇതിനെ തുടര്‍ന്ന് കാമ്പസില്‍ മുഴുവന്‍ പോലീസും അഡ്മിനും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും യാതൊരു തരത്തിലുള്ള മീറ്റിംഗുകളോ പരിപാടികളോ നടത്തരുത് എന്ന് ഉദ്ദേശ്യത്തോട് കൂടി പോലീസിനെ കാമ്പസില്‍ നിയമിക്കുകയും ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി കേട്ടാലറക്കുന്ന രീതിയില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയും മറ്റു വിദ്യാര്‍ത്ഥികളെ അത് മുന്‍നിര്‍ത്തിക്കൊണ്ട് ഭയപ്പെടുത്തുകയും ചെയ്യുന്ന രീതി തന്നെയാണ് ഇവിടെയും നടന്നത്.
ഫലസ്തീനെ കുറിച്ച് സംസാരിക്കാന്‍ തന്നെ ഭയപ്പെടണം എന്ന തീരുമാനമാണ് അഡ്മിനിസ്‌ട്രേഷനും പോലീസുമൊക്കെ ചേര്‍ന്ന് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗത്തും ഇതേ സമയത്ത് തന്നെ നടന്ന ഫലസ്തീന്‍ അനുകൂല പരിപാടികളെ പോലീസും ഭരണകൂടവും എ.ബി.വി.പി.യും ആര്‍എസ്എസും പോലുള്ള സംഘ് പരിവാറിന്റെ പോഷക സംഘടനകളുടെ സഹായത്തോടുകൂടി അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. ലോകം മുഴുവനും ഫലസ്തീനെ അംഗീകരിക്കുകയും ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് തെരുവില്‍ ഇറങ്ങുകയും ചെയ്യുന്ന സമയത്ത് ഇന്ത്യയില്‍ പലയിടങ്ങളിലും സമാധാനപരമായി പോലും ഒരു ഫലസ്തീന്‍ അനുകൂല പരിപാടി നടത്താന്‍ സാധിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം.
രാജ്യസ്‌നേഹത്തില്‍ നിന്നല്ല ഈ വെറുപ്പ് വരുന്നത്, മറിച്ച് ഒരു സമുദായത്തോടുള്ള വെറിയില്‍ നിന്നും ഹിന്ദുരാഷ്ട്ര പ്രോപഗണ്ടമൂലം ജനങ്ങളുടെ ഭൗമരാഷ്ട്ര അജ്ഞതയില്‍ നിന്നുമാണ്. ഇടത് പുരോഗമന വാദം പറയുന്ന കേരളവും സംഘ്പരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതില്‍ വലിയ വ്യത്യാസമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.