ജീവിത രീതിയും വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ആചാര്യന്മാരെ അനുധാവനം ചെയ്യലും ഓരോ ജനതക്കും വ്യത്യസ്തമാണ്. വ്യത്യസ്തതകളെ മാനിക്കുക എന്നത് വലിയൊരു ജനാധിപത്യ ബോധവും സാമൂഹിക സന്തുലിതാവസ്ഥക്ക് അനുഗുണമായ മാനവിക മൂല്യവുമാണ്. 'നിങ്ങളെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കി സൃഷ്ടിച്ചത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്' എന്ന് പഠിപ്പിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അതൊരു ദൈവികമായ ബാധ്യതയുമാണ്. അതുപോലെ, വിശ്വാസ-ആചാര രീതികളും ആരാധനാ സമ്പ്രദായങ്ങളും പരസ്പരം വിലയിരുത്തലുകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കുക എന്നത് ജ്ഞാനതൃഷ്ണയുടെ ഭാഗവും പരസ്പരം അറിയാനുള്ള മാര്‍ഗവുമാണ്. ഇസ്ലാമിനെയും മുഹമ്മദ് നബിയെയും ഖുര്‍ആനിനെയും കൂടുതല്‍ വായിക്കപ്പെടുന്ന കാലം കൂടിയാണ്.
നിഷ്പക്ഷ ബുദ്ധ്യായുള്ള വായന ദൈവത്തിന്റെ ഏകത്വത്തിലേക്കും ദൈവികമായ ജീവിത രീതിയിലേക്കും സത്യാന്വേഷകരെ എത്തിച്ചിട്ടുമുണ്ട്. മാറി വരുന്ന പാശ്ചാത്യ കുടുംബ സംവിധാനങ്ങള്‍ അതിനു സാക്ഷിയാണ്. എന്നാല്‍, ബോധപൂര്‍വ ഇകഴ്ത്തലുകള്‍ക്കും അരോചക വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നതും പ്രവാചകനും അദ്ദേഹത്തെ അനുധാവനം ചെയ്യുന്നവരുമാണ്. സമുദായമെന്ന നിലക്ക് അപഹസിക്കപ്പെടേണ്ടവരാണ് മുസ്ലിംകള് എന്ന പൊതുബോധ നിര്‍മിതിയാണ് ഇതിനു കാരണം. ഇത് ബോധപൂര്‍വമായും ആസൂത്രിതമായും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധി ധിപത്യ-മതേതരത്വ സങ്കല്പത്തിനകത്ത് ഭരണകൂട പരിരക്ഷയായും സ്പോണ്‍സേഡ് പ്രോഗ്രാമുമായാണ് ഈ നെറികേടുകള്‍ ആവര്‍ത്തിക്കുന്നത്. മുസ്ലിമിന്റെ ഭാഷയും വേഷവും മതം ഉള്‍ക്കൊള്ളുന്ന ജീവിത വീക്ഷണങ്ങള്‍ അപ്പാടെ നിന്ദ്യമാണെന്നു വരുത്തി വൈവിധ്യങ്ങള്‍ ശിഥിലമാക്കാനുള്ള വഴികള്‍ പലവിധത്തില്‍ നടക്കുന്നു.
മാര്‍ഗദര്‍ശകനായി കാണുന്ന പ്രവാചകനെ സ്മരിക്കാനോ സ്നേഹിക്കാനോ പാടില്ലെന്ന പരിഹാസ്യമായ വാദം പോലും ഇത്തരക്കാര്‍ ഉയര്‍ത്തുകയാണ്. എന്നാല്‍, ജ്ഞാനേന്ദ്രിയങ്ങളെല്ലാം അടച്ചുവെച്ചവരും അവര്‍ പറയുന്നതു മാത്രം കേള്‍ക്കേണ്ടി വരുന്ന ഹതഭാഗ്യരായ മനുഷ്യരും മാത്രമല്ല ഇവിടെയുള്ളതെന്നും നിരന്തരമായ പഠന-മനന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഉണ്ടെന്നുള്ളത് മതേതര ഇന്ത്യയുടെ പ്രതീക്ഷയും ആശ്വാസവുമാണ്.
അവരുടെ പ്രവാചകനെ കുറിച്ച വായന വിസ്തൃതമാണ്. അത്തരം വായനയിലേക്ക് ആരാമം വാതില്‍ തുറക്കുകയാണ്.