''താങ്കള്‍ മദീനയില്‍നിന്ന് വരികയാണല്ലേ! അവിടെ നമ്മുടെ ആളുകളുടെയൊക്കെ സ്ഥിതി എന്താ!
അവിടെ ഒരു ഹവ്വ ബിന്‍ത് യസീദിന്റെ അവസ്ഥ എന്താണെന്നറിയാമോ? താങ്കള്‍ അവരുടെ അടുക്കലെത്തുമ്പോള്‍ അവരോട് മാന്യമായി വര്‍ത്തിക്കണം. അവരോട് നമ്മുടെ സ്ഥിതികള്‍ പറയണം''. റസൂലിന്റെ ഈ വാക്കുകള്‍ ഖൈസിനെ ഏറെ ഞെട്ടിച്ചു. മദീനയിലെ ഓരോ വിശ്വാസിയെക്കുറിച്ചും ഈ റസൂലിന്നറിയുമെന്നോ! പിന്നീട് ഹവ്വയെ ഉപദ്രവിക്കില്ലെന്ന് ഉറച്ച തീരുമാനത്തോടെയാണ് അയാള്‍ മക്ക വിട്ടത്.
ഹവ്വ ബിന്‍ത് യസീദ് ബ്നു സിനാന്‍. അവര്‍ മദീനക്കാരിയായിരുന്നു. ഒന്നും രണ്ടും അഖബ ഉടമ്പടികള്‍ക്കിടയില്‍ എപ്പോഴോ ഇസ്്‌ലാം സ്വീകരിച്ച മഹതിയാണവര്‍. ആ കാലഘട്ടം വളരെ ദുരിതം പിടിച്ചതും ഏറെ സങ്കീര്‍ണവും ആയിരുന്നു. ഇസ്്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ അന്നത്തെ ആളുകള്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചിരുന്നു. അന്നത്തെ വിശ്വാസികളുടെ നാമങ്ങള്‍ അസ്സാബിഖൂനസ്സാബിഖൂന്‍ (മുമ്പെ നടന്നവര്‍) എന്ന ഗണത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഈ മഹതിയും ഈ ഗണത്തില്‍ തന്നെ. ഇവരുടെ വിവാഹം ഖൈസ്ബ്നു ഹുതൈമുമായി നടന്നു.
ഹസ്റത്ത് ഹവ്വ തന്റെ ഭര്‍ത്താവിനെ അറിയിക്കാതെ ഇസ്്‌ലാം അംഗീകരിച്ചതായിരുന്നു. ഒരിക്കല്‍ അവളുടെ ഭര്‍ത്താവ് മക്കയിലേക്ക് പോയി.
അവിശ്വാസിയായിരുന്നുവെങ്കിലും റസൂലിനെ കാണണം എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
നബി (സ) അദ്ദേഹത്തോട് നാട്ടു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. താങ്കളുടെ ഭാര്യ ഹവ്വ ബിന്‍ത് യസീദ് ഇസ്്‌ലാം സ്വീകരിച്ചിരിക്കുന്നു. അവരോട് മാന്യമായി പെരുമാറുക. ആവുന്നത്ര അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുക. ഇസ്്‌ലാം അംഗീകരിച്ചതിന്റെ പേരില്‍ അവരെ ആദരിക്കുക. എന്നെല്ലാം അദ്ദേഹം ഖൈസിനെ ഉപദേശിച്ചു. ഖൈസിനെ അദ്ദേഹം ഇസ്്‌ലാമിലേക്ക് ക്ഷണിച്ചു. എന്നാല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം, ഇപ്പോള്‍ ഞാന്‍ മദീനയിലേക്ക് പോകുന്നു എന്നാണ് ഖൈസ് മറുപടി പറഞ്ഞത്.
എന്നാല്‍, ഒരു കാര്യം ഞാന്‍ ഉറപ്പ് തരുന്നു. ഞാന്‍ എന്റെ ഭാര്യയോട് മോശമായൊന്നും പറയില്ല. അവരുടെ ഇസ്്‌ലാം പ്രവേശനം കാരണമായി അവരെ ആക്ഷേപിക്കില്ല. ഇസ്്‌ലാമിക അനുഷ്ഠാനങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ ഒരു തടസ്സമായി നില്‍ക്കുകയില്ല. ഇസ്്‌ലാമിക പ്രചാരണത്തില്‍ ഞാന്‍ അവരെ സഹായിക്കും എന്നൊക്കെ അയാള്‍ അവകാശപ്പെട്ടു. റസൂല്‍ (സ) അദ്ദേഹത്തിന്റെ വാക്കുകളില്‍ സംതൃപ്തനായി.
ചില ചരിത്രകാരന്മാര്‍ ഇദ്ദേഹം തന്റെ വാക്കു പാലിച്ചു എന്ന് പറയുന്നു.
എന്നാല്‍ മുഹമ്മദ് ബ്നുസലാം തന്റെ തബഖാത്തില്‍ തികച്ചും വ്യത്യസ്തമായ ഒരഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അദ്ദേഹം എഴുതുന്നു: ഹവ്വാ ബിന്‍ത് യസീദിന്റെ ഭര്‍ത്താവായ ഖൈസ്, അവരുടെ ഇസ്്‌ലാം ആശ്ലേഷണം അറിഞ്ഞതായി നടിച്ചില്ല. അയാള്‍ നബിയില്‍നിന്ന് കിട്ടിയ വിവരം മറച്ചു വെച്ചു. ഇസ്്‌ലാമില്‍നിന്ന് മാറി നില്‍ക്കാന്‍ അയാള്‍ ഹവ്വയോട് ആവശ്യപ്പെട്ടു. അതനുസരിക്കുന്നില്ലെങ്കില്‍ വ്യത്യസ്ത രീതിയില്‍ താഡനപീഡനങ്ങളുണ്ടാവും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭാര്യ നമസ്‌കാരത്തില്‍ സുജൂദിലേക്ക് പോകുമ്പോള്‍ അവരെ ചവിട്ടി തള്ളിയിടുക, അടിക്കുക തുടങ്ങിയ പരാക്രമങ്ങള്‍ കാണിച്ചു. ഒരു ഘട്ടത്തില്‍ കൊന്ന് തൊലിയുരിക്കും എന്നും പറഞ്ഞു. 'നീ രണ്ട് കുറ്റം ചെയ്തിരിക്കുന്നു: ഒന്ന് ഇസ്്‌ലാം സ്വീകരിച്ചു. രണ്ട് എന്നെ അനുസരിക്കുന്നില്ല. നീ ഇസ്്‌ലാമായത് എനിക്കും കുടുംബത്തിനും അപമാനമാണ്. നിന്റെ മതം വേറെ എന്റെ മതം വേറെ. നീ തീരുമാനിച്ചോ 'ഇസ്്‌ലാമുമായി മുന്നോട്ട് പോകണോ അതോ നിന്റെ ജീവന്‍ രക്ഷിക്കണോ?'
പക്ഷേ, കരളുറപ്പുള്ള ഒരു വ്യക്തിത്വമായിരുന്നു ഹവ്വയുടേത്. ഒരു രീതിയിലും ഇസ്്‌ലാമിനെ കൈയൊഴിക്കാന്‍ അവര്‍ തയാറല്ലായിരുന്നു. തന്റെ ഭര്‍ത്താവിനോട് അവര്‍ തുറന്ന് പറഞ്ഞു: ഞാന്‍ മുഹമ്മദിന്റെ (സ) ദീനിനെ സത്യപ്പെടുത്തുന്നു. അതൊരു യാഥാര്‍ഥ്യമാണ്. അതിനാല്‍ അതിന്റെ വൃത്തത്തില്‍നിന്ന് പുറത്തുകടക്കുക വയ്യ. അവര്‍ ഭര്‍ത്താവിനെ നോക്കി പറഞ്ഞു: എനിക്കറിയാം ഒരു ഭാര്യ ഭര്‍ത്താവിനെ അനുസരിച്ച് കഴിയണം. അദ്ദേഹത്ത അനുസരിച്ചു പ്രവര്‍ത്തിക്കണം. എതിരൊന്നും ചെയ്ത് പോകരുത്. ഭര്‍ത്താവിന് ഇഷ്ടമില്ലാത്ത കാര്യത്തിലൊന്നും പോയി തലയിടരുത്.
പക്ഷേ ഒന്നു മനസ്സിലാക്കുക' ഈ കാര്യങ്ങള്‍ എല്ലാം തന്നെ ഇഹലോകവുമായി ബന്ധപ്പെട്ടതാണ്. എനിക്കുറപ്പാണ് ഇസ്്‌ലാം ശരിയായ മതമാണ്, മുഹമ്മദ് മുസ്തഫ അല്ലാഹുവിന്റെ പ്രവാചകനും. അല്ലാഹുവിനെ വിശ്വസിക്കുക റസൂലിനെ പിന്തുടരുക. ഉപദ്രവം എത്ര ശക്തമാണെങ്കിലും ഇസ് ലാമിന്റെ കാര്യത്തില്‍ എനിക്കതൊന്നും പ്രശ്നമല്ല. ഏതൊരു പ്രതിസന്ധിയെയും ഞാന്‍ നേരിടും. എന്റെ ഇസ് ലാം പ്രവേശം താങ്കളെയും താങ്കളുടെ കുടുംബത്തെയും ഒരിക്കലും അസ്വസ്ഥപ്പെടുത്തേണ്ടതില്ല. മറിച്ച്, അത് താങ്കള്‍ക്ക് ഗുണകരമായേക്കാം. ഞാന്‍ എന്റെ ജീവന്‍ നല്‍കിയും ഇസ് ലാമിനെ നിലനിര്‍ത്തും. എന്റെ മേല്‍നോട്ടക്കാരന്‍ താങ്കളല്ല. അല്ലാഹുവാണ്. ഇസ് ലാം സത്യസന്ധമാണ്. അതുകൊണ്ടുതന്നെ അത് വിജയിക്കുകയും ചെയ്യും. ദൈവം എന്നെ സഹായിച്ചുകൊള്ളും. ഞാന്‍ ദൈവത്തില്‍ എല്ലാം അര്‍പ്പിക്കുന്നു. അവസാനത്തെ അത്താണി അവനല്ലോ.
ഹവ്വായുടെ വാക്കുകള്‍ വളരെ ശക്തവും വ്യക്തവുമായിരുന്നു. അതില്‍ ഖൈസും തെല്ലൊന്ന് പതറി. ഖൈസ് തന്റെ തീരുമാനത്തില്‍നിന്ന് മെല്ലെ പിന്നോട്ടടിച്ചു. ഇത് ഹിജ്റക്ക് മുമ്പുള്ള സംഭവമാണ്.
ഖൈസിന് മക്കയില്‍ പോകേണ്ടി വന്നപ്പോഴാണ് തിരുമേനിയെ കണ്ടുമുട്ടുന്നതും ലേഖനാരംഭത്തില്‍ പറഞ്ഞ സംസാരം നടക്കുന്നതും. റസൂല്‍ തിരുമേനിയാകട്ടെ മദീനയിലെ തന്റെ മുസ് ലിം സഹോദരന്മാരെ കുറിച്ച് പൂര്‍ണമായ വിവരം ശേഖരിച്ചുവെച്ചിരുന്നു. ഹവ്വ - ഖൈസ് ദമ്പതികളുടെ കാര്യത്തിലും അതെ. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് റസൂല്‍ ഖൈസിനെ കണ്ട നേരം ഉപദേശം നല്‍കിയതും റസൂലിനെ കുറിച്ച് അയാള്‍ അത്ഭുതപ്പെട്ടതും!
ഹവ്വ -ഖൈസ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ടായിരുന്നു - യസീദും സാബിതും. രണ്ടുപേരും നബിയുടെ അനുചരന്മാരായിരുന്നു. യസീദ് നബിയോടൊപ്പം ഉഹുദ് യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന് 12-ഓളം പരിക്കുകളേല്‍ക്കുകയുണ്ടായി.
ഞാന്‍ മക്കയില്‍ വെച്ച് നിങ്ങളുടെ നബിയെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം നല്ല സുന്ദരനും മാന്യനുമാണ്. ഇങ്ങനെ ഒരാളെ മുമ്പ് ഞാന്‍ കണ്ടിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ഖൈസ് ഭാര്യയോട് പറഞ്ഞിരുന്നതായും പറയപ്പെടുന്നു. അന്ന് മുതല്‍ ഹവ്വക്ക് അല്‍പം ആശ്വാസം കിട്ടിയതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. റസൂല്‍ തിരുമേനി ഹിജ്റ ചെയ്ത് മദീനയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മഹതിയും ഉണ്ടായിരുന്നു. അന്‍സാരി വനിതകളില്‍ ആദ്യമായി ബൈഅത്ത് ചെയ്യാനും ഹവ്വക്ക് അവസരം ലഭിച്ചു. ഹവ്വയുടെ രണ്ട് മക്കള്‍ക്കും തിരുനബിയുടെ പാഠശാലയില്‍ പഠിച്ചുവളരാന്‍ അവസരം ലഭിച്ചു. ഹവ്വയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍നിന്ന് ലഭ്യമല്ല.