'ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും' -നബി വചനം.
പൂമുഖ വാതിലിന്റെ മുകളിലായി ആര്‍ക്കും എളുപ്പത്തില്‍ കാണാവുന്ന തരത്തില്‍ ഇങ്ങനെ എഴുതിയ, ദീര്‍ഘ ചതുരാകൃതിയില്‍ ഭംഗിയുള്ള കടലാസ് ഒട്ടിച്ചുവെച്ച വീട്ടില്‍ ജീവിച്ചു മരിച്ച ഫാത്തിമ എന്ന തനി നാട്ടുമ്പുറത്തുകാരിക്ക് ഇന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തീവ്ര ഹിന്ദു യോഗി ആദിത്യ നാഥിനെ അറിയുമായിരുന്നില്ല.
എങ്കിലും, റസൂലിനെ ഞാന്‍ സ്നേഹിക്കുന്നു (I love Muhammed) എന്ന് നബിദിനത്തിന് ഒരു ബോര്‍ഡ് വെച്ചതിന് കലിതുള്ളി മുസ് ലിംകള്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ തള്ളുകയും എന്നിട്ടും അരിശം തീരാഞ്ഞ് അവരുടെ വീട് ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് കളയുകയും ചെയ്ത ഈ കാലത്ത് അവരുണ്ടായിരുന്നെങ്കില്‍ യോഗിയെ ധിക്കരിക്കുന്നവരുടെ മുന്‍നിരയില്‍ത്തന്നെ അവരും ഉണ്ടാകുമായിരുന്നു. ജീവിത കാലത്ത് ഭരണകൂടങ്ങള്‍ക്ക് എതിരെ സമരം നയിച്ച നേതാവായതുകൊണ്ടല്ല അത്. മറിച്ച്, യോഗി വെറുപ്പോടെ പറഞ്ഞ മുഹമ്മദ് നബി(സ) അവരുടെ പ്രാണനായതുകൊണ്ടാണ്.
ഇനി മുതല്‍ നിങ്ങള്‍ കണ്ണ് കൊണ്ട് കാണരുത്, ശ്വാസം വലിക്കരുത്, ഭക്ഷണം കഴിക്കരുത് എന്നൊക്കെ പറയുംപോലെ ഒരിക്കലും മനുഷ്യനെ കൊണ്ട് സാധിക്കാത്ത പൊട്ടത്തരമാണ് അവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മുഹമ്മദ് നബി തിരുമേനിയെ സ്നേഹിക്കരുതെന്ന് കല്‍പ്പിക്കുന്നതും.
ആദ്യ കാഴ്ചയില്‍ തന്നെ കാരുണ്യത്തെ കുറിച്ച് സംവദിക്കുന്ന ആ വീട് അവിടേക്ക് കടന്നുവരുന്നവരുടെ മനസ്സില്‍ പെട്ടെന്ന് തന്നെ ഉണ്ടാക്കുന്ന സമാധാനത്തെയും സുരക്ഷിതത്വ ബോധത്തെയും കുറിച്ച് പിന്നീട് പലകുറി ആലോചിച്ചിട്ടുണ്ട്. അതിന്റെ ഉത്തരമെന്നോണം ഒരു പങ്ക് എനിക്കുണ്ടായിരിക്കും എന്ന ഉറപ്പില്‍ അന്നം തേടി വരുന്ന പട്ടിയെയും പൂച്ചയെയും വരെ പലപ്പോഴും അവിടെ കണ്ടിട്ടുമുണ്ട്.
പ്രവാചകന്‍ പഠിപ്പിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഫാത്തിമ ഉള്‍പ്പെടെ പലരും മനുഷ്യരെയും കവിഞ്ഞുള്ള കാരുണ്യത്തിന് ഉടമകളാവുന്നതും. അവിടം കൊണ്ട് തീര്‍ന്നിരുന്നില്ല അവരുടെ പ്രവാചക സ്നേഹം. അറുപത്തി മൂന്നാം വയസ്സില്‍ മരിക്കണം എന്നായിരുന്നു അവരുടെ പൂതി. നബി തിരുമേനി ഉണ്ടായിരുന്നതിനേക്കാല്‍ കൂടുതല്‍ കാലമൊന്നും എനിക്കീ ഭൂമിയില്‍ വേണ്ടതില്ല എന്ന ഇഷ്ടത്തിന്റെ ഏറ്റവും അങ്ങേയറ്റത്തെ ആഗ്രഹം!
യോഗി ആദിത്യ നാഥിന് അറിയാഞ്ഞിട്ടാണ്, ഇരുട്ടത്തേക്കിറങ്ങുമ്പോള്‍ കൈയിലൊരു ടോര്‍ച്ചിന്റെ വെളിച്ചം ഉണ്ടാകുന്നത് പോലെ, വിശക്കുമ്പോള്‍ കഴിക്കാന്‍ വീട്ടില്‍ ആഹാരമുണ്ട് എന്നതു പോലെ, ദാഹം തീര്‍ക്കാന്‍ ഇഷ്ടം പോലെ വെള്ളമുണ്ട് എന്നത് പോലെ,
ശുദ്ധവായു കിട്ടുന്നുണ്ട് എന്നത് പോലെ തന്നെയുള്ള ആശ്വാസമാണ് ജീവിതത്തിന് വഴി കാണിക്കാന്‍ മുഹമ്മദ് നബി(സ)യുണ്ട് എന്നത്.
മുസ് ലിംകള്‍ക്ക് മാത്രമല്ല പ്രവാചകന്റെ തണലുള്ളത്. മുഴുവന്‍ മനുഷ്യര്‍ക്കുമാണ്. അത് മനസ്സിലാവണമെങ്കില്‍, പലിശകൊണ്ട് ജീവിതം താറുമാറായ ഒരാളോട് പലിശ തീരെയും പാടില്ലെന്ന് പറയുന്ന നേതാവിനോട് എന്ത് വികാരമാണ് തോന്നുക എന്ന് വെറുതെ ഒന്ന് ചോദിച്ചാല്‍ മതി.
അടിമയെ പോലെ ഇകഴ്ത്തപ്പെടുന്നവനോട് 'മനുഷ്യരൊക്കെ സമന്മാരാണ്' എന്ന് പഠിപ്പിച്ച പരിഷ്‌കര്‍ത്താവിനെ അവരെങ്ങനെ ഹൃദയത്തില്‍ കൊണ്ടുനടക്കുമെന്ന് അന്വേഷിച്ചാല്‍ മതി.
തിരിച്ചൊരു നന്ദി വാക്കു പോലും പ്രതീക്ഷിക്കാതെ സകാത്തിന്റെയും സ്വദഖയുടെയും സഹായം കിട്ടുന്ന മനുഷ്യരോട് കുറച്ച് നേരം മിണ്ടിയാല്‍ മതി. മനുഷ്യരോട് ചീത്ത സ്വഭാവം കാണിച്ചിട്ട് ദൈവത്തിന് ആരാധന ചെയ്തിട്ട് കാര്യമില്ല എന്ന നബിയുടെ അധ്യാപനം വായിച്ചാല്‍ മതി.
കൃഷി ചെയ്യണമെന്ന്, മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കണമെന്ന്, അയല്‍ക്കാരോട് ഏറ്റവും നന്നായി പെരുമാറണമെന്ന്, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ആഹാരം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന്, ഉണ്ടാക്കിയതിന്റെ ഒരു പങ്ക് അവര്‍ക്കും സന്തോഷത്തോടെ കൊടുക്കണമെന്ന്, ഭാര്യയോട് ഏറ്റവും ഭംഗിയില്‍ പെരുമാറുന്നവനാണ് ഏറ്റവും നല്ല മനുഷ്യന്‍ എന്ന്, കോപത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ് മല്ലയുദ്ധം ചെയ്ത് ജയിക്കുന്നവനേക്കാള്‍ ശക്തന്‍ എന്ന്, നീതി പാലിക്കുമ്പോള്‍ കുടുംബ ബന്ധത്തോട് അന്യായമായി പക്ഷം ചേരരുതെന്ന് തുടങ്ങി, പ്രവാചകന്‍ പഠിപ്പിച്ച നൂറായിരം നല്ല കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ മതി.
പലിശയും വ്യഭിചാരവും പാടില്ല, ആരോടും ദേഷ്യപ്പെടരുത്, മുതിര്‍ന്നവരെ ബഹുമാനിക്കണം, മറ്റുള്ളവരുടെ ആത്മാഭിമാനത്തെയും വിശ്വാസങ്ങളെയും ആദരിക്കണം, തൊഴിലാളിക്ക് വിയര്‍പ്പ് വറ്റും മുമ്പ് കൂലി കൊടുക്കണം ഇങ്ങനെ തിരുനബി പറഞ്ഞതില്‍ ഏതിന്റെ പേരിലാണ് മനുഷ്യനായി പിറന്നൊരാള്‍ക്ക് അല്ലാഹുവിന്റെ ദൂതരോട് ഇഷ്ടക്കേട് തോന്നുക?!
മുമ്പും പല പ്രമാണികളായ വമ്പന്മാരും റസൂലിനെ വെറുപ്പിക്കാനും കൊന്ന് കളയാനും നോക്കിയിട്ടുണ്ട്. അന്ന് അവര്‍ നേരില്‍ കണ്ടത് ഉര്‍വത് ഇബ്നു മസ്ഊദ് എന്ന മുസ് ലിം അല്ലാത്ത ഒരാള്‍ ഇങ്ങനെ പറഞ്ഞു വെക്കുന്നുണ്ട് ചരിത്രത്തില്‍:
'കിസ്രാ, കൈസര്‍, നജ്ജാശി തുടങ്ങി പല രാജാക്കന്മാരെയും ഞാന്‍ ദൂത് പോയി കണ്ടിട്ടുണ്ട്. പക്ഷേ, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ പരിഗണിക്കുന്നത് പോലെ പ്രജകള്‍ സ്നേഹിക്കുന്ന ഒരു രാജാവിനെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം ഒരു കാര്യം കല്‍പ്പിച്ചാല്‍ അത് അതേപോലെ അനുസരിക്കുന്നതില്‍ അവര്‍ മത്സര ബുദ്ധി കാണിക്കുന്നു. നബി പറയുന്നത് അവര്‍ അങ്ങേയറ്റം ശ്രദ്ധയോടെ കെട്ടിരിക്കുന്നു. ഇനി, മുഹമ്മദ് അംഗശുദ്ധി വരുത്തുന്ന വെള്ളം പോലും അവര്‍ കോരിയെടുത്ത് തങ്ങളുടെ ദേഹത്ത് പുരട്ടുമായിരുന്നു.'
സ്വഹാബത്ത് ഇങ്ങനെയാണ് നബി തങ്ങളോട് പറഞ്ഞത്:
''അല്ലാഹുവിന്റെ ദൂതരേ, ഇത് നിങ്ങളുടെ കൈയിലുള്ള ഞങ്ങളുടെ സമ്പത്താണ്. അതില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എടുക്കുക, നിങ്ങള്‍ ആഗ്രഹിക്കുന്നത് അതില്‍ നിന്ന് ഉപേക്ഷിക്കുക. നിങ്ങള്‍ അതില്‍ നിന്ന് എടുക്കുന്നത് നിങ്ങള്‍ ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് കടല്‍ കാണിച്ചുതന്നാല്‍, ഞങ്ങള്‍ നിങ്ങളോടൊപ്പം അത് മുറിച്ചുകടക്കും, ഞങ്ങളില്‍ ആരും പിന്നില്‍ നില്‍ക്കില്ല.''
അല്ലാഹുവാണ് സത്യം, ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമയുള്ളവരും കണ്ടുമുട്ടുമ്പോള്‍ സത്യസന്ധരുമാണ്. അതിനാല്‍ അല്ലാഹുവിന്റെ ദൂതരേ, ദൈവം നിങ്ങളോട് കല്‍പ്പിച്ചിടത്തേക്ക് ഞങ്ങളോടൊപ്പം പോവുക.'
പ്രവാചകന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞ അദ്ദേഹത്തിന് ശേഷം വന്ന ഇന്നത്തെ മുസ് ലിമിനും അത് തന്നെയേ പറയാനുള്ളൂ... 'ഞങ്ങളുടെ ജീവനെക്കാളും സ്വത്തിനേക്കളും ദുനിയാവിനോടുള്ള ഇഷ്ടത്തേക്കാളും ഞങ്ങള്‍ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു' -We love prophet Muhammed.