ലീഡ് ഹെര്‍ ഷിപ് വനിതാ എന്‍.ജി.ഒ. കോണ്‍ഫറന്‍സ്

സുബൈദ യു.വി
നവംബർ 2025

രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ കഴിയുന്ന വനിതാ നേതൃത്വത്തിന്റെ നിശ്ശബ്ദമായ ഒരു പ്രഖ്യാപനമായിരുന്നു ഹംദര്‍ദ് സര്‍വകലാശാലയില്‍ 'ലീഡ് ഹെര്‍ ഷിപ് '(Lead Her ship) എന്ന പേരില്‍  നടന്ന രണ്ട് ദിവസത്തെ വനിതാ എന്‍.ജി.ഒ സമ്മേളനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്ത്രീകള്‍ അവരുടെ അനുഭവങ്ങളും എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളിലെ കാഴ്ചപ്പാടുകളും പങ്കുവെച്ച ലീഡ് ഹെര്‍ ഷിപ് ഒരു സമ്മേളനം മാത്രമല്ല, ഹൃദയങ്ങളുടെ യാത്രയും ആഗ്രഹങ്ങളുടെ പ്രകാശനവുമായിരുന്നു. രാജ്യത്തെ മാറ്റത്തിന്റെ ഹൃദയമിടിപ്പ് ലോകം മുഴുവന്‍ കേള്‍ക്കാന്‍ അവസരമൊരുക്കിക്കൊടുത്തു കൊണ്ടുള്ളതു കൂടിയായിരുന്നു 2025 ഒക്ടോബര്‍ 8,9 തീയതികളിലായി നടന്ന ലീഡ് ഹെര്‍ ഷിപ് വനിതാ എന്‍.ജി.ഒ കോണ്‍ഫറന്‍സ് - ട്വീറ്റ് (TWEET - The Women Education and Empowerment Trust)  ഫൗണ്ടേഷനും ഹംദര്‍ദ് സര്‍വകലാശാലയും ചേര്‍ന്നു സംഘടിപ്പിച്ച രണ്ടു ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40-ലധികം എന്‍.ജി.ഒകളും 210 വനിതാ നേതാക്കളും പങ്കെടുത്തു. 'ലീഡര്‍ഷിപ് എന്ന വാക്കിനുള്ളില്‍ 'ഹെര്‍' (HER) ഉള്‍പ്പെടുത്തിയത് കവിതാസ്പദമായ വാക്കിനെക്കാള്‍ ഒരു രാഷ്ട്രീയ പ്രതിബദ്ധതയാണ് കാണിക്കുന്നത്. പ്രശ്‌നങ്ങളുടെ ചുഴലിക്കാറ്റിലും ബുദ്ധിമുട്ടുകളുടെ പ്രളയത്തിലും ധൈര്യത്തോടെ കപ്പലിനെ നയിക്കാന്‍ കഴിയുന്ന ക്യാപ്റ്റന്‍ സ്ത്രീയാണെന്ന് തെളിയിക്കുന്നതായിരുന്നു സമ്മേളനത്തിലെ സ്ത്രീ പ്രാതിനിധ്യവും സംഘാടനവും. ഇത് സ്ത്രീ നേതൃത്വത്തിനുള്ള ശക്തവും കാലോചിതവുമായുള്ള പ്രോത്സാഹനമാണ് എന്നതില്‍ സംശയമില്ല. വനിതാ നേതൃത്വത്തിലുള്ള എന്‍.ജി.ഒകളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുക, അവരുടെ നേതൃശേഷി മെച്ചപ്പെടുത്തുക, എന്‍.ജി.ഒകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, നിയമവശങ്ങള്‍, ധനസമാഹരണം, പങ്കാളിത്ത വികസനം, സാമൂഹിക ഇടപെടല്‍ തുടങ്ങിയ വെല്ലുവിളികളെ സ്ത്രീകള്‍ക്ക് വിജയകരമായി നേരിടാന്‍ സഹായിക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു സംഗമത്തിന്റെ ഉദ്ദേശ്യം. 'Navigating Change, Driving Impact' എന്നതായിരുന്നു രണ്ട് ദിവസം നടന്ന Lead Her Ship എന്ന എന്‍.ജി.ഒ സമ്മേളനത്തിന്റെ ആശയം.

ദല്‍ഹി ഹംദര്‍ദ് സര്‍വകലാശാലയിലെ പ്രൊഫസറും സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ്, സെന്റര്‍ ഫോര്‍ ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ചെയര്‍പേഴ്‌സനുമായ ഡോ. റെഷ്മ നസ്രീന്‍ സ്വാഗത പ്രഭാഷണം നടത്തി. സ്ത്രീകളുടെ മുഴുവന്‍ കഴിവുകളും തിരിച്ചറിയാനും അത് സമൂഹത്തില്‍ പ്രാപ്തമാക്കാനുമുള്ള പ്രോത്സാഹനത്തിനുമാണ് സംസാരത്തില്‍ അവര്‍ ഊന്നല്‍ നല്‍കിയത്. സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന നൂതനമായ ആശയങ്ങളും അവര്‍ പങ്കുവെച്ചു.

ട്വീറ്റ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ റഹ്‌മത്തുന്നിസ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ വിശദീകരിച്ചു: പരസ്പരം സഹകരിക്കുക, ആശയങ്ങള്‍ പങ്കിടുക, ആശയസംവാദവും പരസ്പര സഹായ സഹകരണവും വഴി സ്ത്രീകളെ ശക്തരാക്കുക തുടങ്ങി എന്‍.ജി.ഒ ഭാരവാഹികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ നിയമാനുസൃതമായി മുന്നോട്ട് പോകാനും നേതൃഗുണങ്ങള്‍ വികസിപ്പിക്കാനും ഉതകുന്ന സെഷനുകള്‍ സംഘടിപ്പിക്കുക, സ്ത്രീകളുടെ കഴിവുകള്‍ തിരിച്ചറിയാനും കാര്യക്ഷമമായി ഉപയോഗിക്കാനും പരിശീലനം നല്‍കുക തുടങ്ങിയവയാണ്് ഈ സംഗമം ആഗ്രഹിക്കുന്നത്. എന്‍.ജി.ഒകള്‍ സാമ്പത്തികമായി പ്രതിബദ്ധവും സുതാര്യവുമാകണം. അവരുടെ സഹായം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാന്യമായും സ്വയംപര്യാപ്തമായും ജീവിക്കാന്‍ സഹായമാകേണ്ടതിനും പരസ്പര പഠനത്തിനും നെറ്റ് വര്‍ക്കിംഗിനുമുള്ള വേദിയുമായാണ് ഈ സമ്മേളനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അനുഭവങ്ങള്‍ പങ്കിടാനും പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍, സ്വതന്ത്ര ഏജന്‍സികളുമായി സഹകരിക്കാനുള്ള വഴികള്‍ അന്വേഷിക്കാനും സമ്മേളനം കൊണ്ട് സാധ്യമായി'- അവര്‍ പറഞ്ഞു.

സാമൂഹ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, എന്‍.ജി.ഒ പ്രവര്‍ത്തകര്‍ സാദാ രാഷ്ട്രീയ നേതാക്കളെപ്പോലെ പെരുമാറരുതെന്നും, കരുണയും സാമൂഹ്യസേവന മനോഭാവവുമാണ് ഉണ്ടാവേണ്ടതെന്നും വിഭവങ്ങള്‍ കുറവാണെങ്കിലും, നാം കഴിയുന്നതെല്ലാം ചെയ്യുകയാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രതിനിധി ശാഇസ്ത റഫ്അത് സൂചിപ്പിച്ചു.

സമ്മേളനം ഉദ്ഘാടനം ചെയ്തത് ജാമിഅ ഹംദര്‍ദ് വൈസ് ചാന്‍സലര്‍ ഡോ. അഫ്ഷര്‍ ആലം ആയിരുന്നു. ''സ്ത്രീകള്‍ നയിക്കുന്ന എന്‍.ജി.ഒകളെ ലക്ഷ്യമിട്ടാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഒരേ വേദിയില്‍ കൊണ്ടുവരുന്നതിലൂടെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. വിവിധ തരത്തിലുള്ള ഫണ്ടിനായി അപേക്ഷിക്കുമ്പോഴും രജിസ്റ്റര്‍ ചെയ്യുമ്പോഴുമുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള മാര്‍ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. 'Lead Her Ship' എന്ന പേര് തന്നെയാണ് ഈ പരിപാടിയുടെ ലക്ഷ്യവും ആശയവും വ്യക്തമാക്കുന്നത്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള വനിതകളും ഇവിടെ എത്തിയിട്ടുണ്ട്. ഇത്രയും വൈവിധ്യമുള്ള സ്ത്രീകളെ ഒരേ വേദിയില്‍ കാണുന്നത് തന്നെ ഒരു വിജയമാണ്. എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം യഥാര്‍ത്ഥ ഗുണഭോക്താക്കളായ വനിതകള്‍ക്ക് പ്രയോജനകരമാകണം. ഓരോ പെണ്‍കുട്ടിക്കും ആത്മാഭിമാനത്തോടും സ്വയംപര്യാപ്തതയോടും കൂടി ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കണം.'' സാമ്പത്തിക ഉത്തരവാദിത്വത്തെയും സുതാര്യതയെയും കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഡോ. പ്രാചി കൗള്‍ (ഡയറക്ടര്‍ (ഇന്ത്യ), Shastri Indo-Canadian Institute) ഇന്ത്യന്‍ വനിതകള്‍ക്ക് കാനഡയിലെ സാമൂഹ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ സംസാരത്തിലൂടെ തുറന്നുകൊടുത്തു. ''സ്വന്തം നാട്ടിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ബന്ധം നിലനിര്‍ത്തുമ്പോള്‍ നമുക്ക് യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നിരിക്കാന്‍ സാധിക്കും. അതിലൂടെ നല്ല തീരുമാനങ്ങള്‍ എടുക്കാനാകും''- അവര്‍ പറഞ്ഞു.

സ്ത്രീകള്‍ നയിക്കുന്ന എന്‍.ജി.ഒകളുടെ പുനരാവിഷ്‌കരണം; മുന്നോട്ടുള്ള വഴികള്‍ (Road ahead: Reinventing Women led NGOs)എന്ന സെഷനില്‍ ദല്‍ഹിയിലെ മാര്‍ഗ് (MARG) സംഘടനയില്‍ നിന്നുള്ള അഡ്വ. സന സിദ്ധീഖി, എന്‍.ഡി ടിവിയിലെ സീനിയര്‍ ന്യൂസ് ആങ്കറായ ഗാര്‍ഗി റാവത്ത്, റൈറ്റ് വാക് ഫൗണ്ടേഷന്റെ (Right Walk Foundation)സ്ഥാപകയും സി.ഇ.ഒയുമായ സമീന ബാനു എന്നിവര്‍ സംസാരിച്ചു.

എന്‍.ജി.ഒകളുടെ ധനസമാഹരണം (Fundraising for NGOs)എന്ന സെഷനിൽ പ്രൊഫ. (ഡോ.) എം. അഫ്ഷാര്‍ ആലം, (വൈസ് ചാന്‍സലര്‍, ഹംദര്‍ദ് സര്‍വകലാശാല) അധ്യക്ഷനായിരുന്നു. സെഷനില്‍ റോബിന്‍ തോമസ് (അസോസിയേറ്റ് ജനറല്‍ മാനേജര്‍, HCL ഫൗണ്ടേഷന്‍), സാജിദ് എം. (ഡയറക്ടര്‍, Vision 2026) എന്നിവര്‍ പങ്കെടുത്തു.

ഈ സെഷൻ എന്‍.ജി.ഒകളുടെ ധനസമാഹരണത്തിനുള്ള തന്ത്രപരമായ സമീപനങ്ങള്‍ മനസ്സിലാക്കാനും, സുതാര്യതയും സാമൂഹിക ഫലപ്രാപ്തിയും തമ്മിലുള്ള ബന്ധം തിരിച്ചറിയാനുമുള്ള വേദിയായി.

'നിയമപരമായി ശക്തമായ എന്‍.ജി.ഒകളെ നിര്‍മിക്കല്‍' എന്ന സെഷന് അധ്യക്ഷത വഹിച്ചത് അഡ്വ. സര്‍വര്‍ റസാ (ലീജിസ് ലീഗല്‍ (Legislegal)ആയിരുന്നു. സി.എ ഗുല്‍സാര്‍, കരിഷ്മ മാലിക്, ഡോ. സഖി ജോണ്‍, നൗഫല്‍ പി.കെ (സി.ഇ.ഒ, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍) എന്നിവര്‍ പങ്കെടുത്തു.

രണ്ട് ദിവസത്തെ പരിപാടി പരസ്പര പഠനത്തിനും നെറ്റ് വര്‍ക്കിംഗിനുമായി രൂപകല്‍പന ചെയ്തതായിരുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളാണ് പങ്കെടുത്തത്. തങ്ങളുടെ പ്രവര്‍ത്തനപരിചയങ്ങള്‍ പങ്കുവെച്ച് പുതിയ അവസരങ്ങള്‍ തേടാനുള്ള വേദിയായിരുന്നു ഇത്. കേരളം, തെലങ്കാന, ആന്‍ഡമാന്‍, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ സ്ത്രീകള്‍ക്ക് വ്യത്യസ്ത സംസ്‌കാരങ്ങളും വിദ്യാഭ്യാസ രീതികളും പരിചയപ്പെടാനും പഠിക്കാനുമുള്ള അവസരമായി ഇത് പ്രയോജനപ്പെട്ടു.

സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖരായ ടി. ആരിഫ ലി, ഡോ. അഫ്ഷര്‍ ആലം, ശാഇസ്ത റഫ്അത്, ഡോ. ആഭ റാണി എന്നിവരുടെ പ്രസംഗങ്ങള്‍ സേവനത്തിന്റെ യഥാര്‍ഥ ആശയം വെളിപ്പെടുത്തുന്നവയായിരുന്നു. സമ്മേളനത്തിന്റെ ഏറ്റവും തീവ്രവും സ്പര്‍ശനീയവുമായ സന്ദേശം ഇതായിരുന്നു: നശ്വരമായ രണ്ട് 'F'കളില്‍നിന്ന് അകലെയിരിക്കുക Fame (കീര്‍ത്തി), Finance (സമ്പാദ്യം). പകരം ശാശ്വതമായ മൂന്നു 'D'കളെ ജീവിതത്തിന്റെ അടിസ്ഥാനമാക്കി നിലനിര്‍ത്തുക Dare (ധൈര്യം), Dream (സ്വപ്നം), Dedicate (അര്‍പ്പണം). ഈ വാക്കുകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയത്, നേതൃത്വം അധികാരത്തിനായല്ല, ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.

രണ്ടുദിവസം നടന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകളുടെ നേതൃത്വത്തിലുള്ള എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം വിശദീകരിച്ചു. റജീന ബീഗം (WINGS-Women Initiative to Nurture Growth of Society), ഹബീബു റഹ്‌മാന്‍ (Model Village Trust MVT), കൃതി അഗര്‍വാള്‍ (SEWA- Self  Employed Women's Aossciation), അഡ്വ. ഹമ ബീഗം (SBF - Society for Bright Future), ആയിഷ സുമൈര്‍ (Girl up India).

കേരളത്തില്‍ നിന്ന് റജീന ബീഗം, ഡോ. സുഹറ, സുബൈദ യു.വി, ഡോ. ഫെസീന, റഹ്‌മത്ത് (WINGS), അഡ്വ. സഫിയ ഖാന്‍ (Our India Foundation), ഫൗസിയ (Cochin Empowerment Foundation), ഫാത്തിമ വി.കെ (Friends Forum) എന്നിവര്‍ പങ്കെടുത്തു.

ആശ്രയമറ്റ മനുഷ്യരുടെ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച കുറേ വലിയ മനുഷ്യരോടൊപ്പം രണ്ട് ദിവസം ചെലവഴിച്ചത് ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. ലീഡ് ഹെര്‍ ഷിപ് 2025 വിജയകരമായി സമാപിച്ചെങ്കിലും, അതില്‍ തെളിഞ്ഞ പ്രകാശം എന്നും വെളിച്ചം നല്‍കുന്നതാണ്. കരുണയോടും ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി മുന്നേറുന്ന സ്ത്രീ ശക്തിയാണ് ലോകത്തെ മാറ്റാനുള്ള യഥാര്‍ഥ ശക്തിയെന്ന് ഈ സമ്മേളനം തെളിയിച്ചു.

ട്വീറ്റ് ഫൗണ്ടേഷന്‍ (TWEET - The Women Education and Empowerment Trust) ചെയര്‍പേഴ്‌സന്‍ റഹ്‌മത്തുന്നിസ ടീച്ചറുടെ നേതൃത്വത്തില്‍ ട്വീറ്റ് ഡയറക്ടര്‍ ഷര്‍നാസ് മുത്തുവും ഹംദര്‍ദ് സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും സന്നദ്ധ സേവകരായ മറ്റു വിദ്യാര്‍ഥികളുടെയും കൂട്ടായ ആസൂത്രണവും പരിശ്രമവും രണ്ടു ദിവസത്തെ പരിപാടി മികവുറ്റതാക്കി.

ഹംദര്‍ദ് സര്‍വകലാശാലയുടെ അതുല്യമായ അതിഥി സത്കാരവും, അതോടൊപ്പം Scholars Guest Houseല്‍ ലഭിച്ച സൗകര്യപ്രദമായ താമസസൗകര്യവും സമ്മേളനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഭാവിയിലും ഇത്തരത്തിലുള്ള വേദികള്‍ കൂടുതല്‍ ഉണ്ടാകട്ടെയെന്നും, വനിതാ ശാക്തീകരണത്തിന്റെ ഈ യാത്ര തുടര്‍ന്നുകൊണ്ടിരിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media