പ്രവാചകന്റെ ദൗത്യം
ദേശ-കാലങ്ങള്‍ക്കതീതമായി മനുഷ്യവംശത്തിന്റെ സര്‍വോന്നതി ലക്ഷീകരിക്കുന്ന ലോകമതങ്ങളുടെ പ്രഭാപ്രസരത്തിന് ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടില്‍ സാരമായ മങ്ങലേറ്റതോടെ ഈശ്വരീയമായ മൂല്യസംഹിതകളില്‍ നിന്നകന്ന് പ്രാകൃതവും അസംസ്‌കൃതവുമായ വിശ്വാസാനുഷ്ഠാനങ്ങളിലേക്ക് മതസിദ്ധാന്തങ്ങള്‍ കൂപ്പുകുത്തി. അബദ്ധവിശ്വാസങ്ങളും ഭയാനകമായ അനാചാരങ്ങളും ദുരാചാരങ്ങളും മതങ്ങളുടെ പേരില്‍ നാമ്പെടുത്തു. മാനവികത എല്ലാ അര്‍ഥത്തിലും കുഴിച്ചു മൂടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഭൂമിശാസ്ത്രപരമായി ലോകത്തിന്റെ മധ്യഭാഗത്തുള്ള അറേബ്യന്‍ ഉപദ്വീപില്‍, അജ്ഞരും അപരിഷ്‌കൃതരുമായ മക്കാനിവാസികള്‍ക്കിടയില്‍ പ്രവാചകനായ മുഹമ്മദുര്‍റസൂലുല്ലാഹി തിരുപ്പിറവിയെടുക്കുന്നത്.
മാനവിക മൂല്യങ്ങള്‍
അഗാധമായ മനുഷ്യബന്ധങ്ങളുടെയും മാനവികമൂല്യ(Human values)ങ്ങളുടെയും വക്താവും പ്രയോക്താവുമായിരുന്നു പ്രവാചകന്‍. തനിക്ക് ഏറെ ആനന്ദം പകര്‍ന്നിരുന്ന നമസ്‌കാരത്തിനിടയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍പ്പോലും അതദ്ദേഹം പെട്ടെന്ന് അവസാനിപ്പിക്കുമായിരുന്നു. നോമ്പുകാലത്തെ ഒരു യാത്രയ്ക്കിടയില്‍ വെള്ളം കുടിക്കാനാവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാതിരുന്നവരെ കുറിച്ച് 'അവര്‍ കുറ്റവാളികളാണെന്നായിരുന്നു' പ്രവാചകൻ പറഞ്ഞത്. ഇതിലൂടെ ആരാധനയും വിശ്വാസപ്രമാണങ്ങളും അനുഷ്ഠാനങ്ങളും ആത്മപീഡനമാകരുതെന്ന് തിരുമേനി ഉദ്ബോധിപ്പിക്കുകയായിരുന്നു.
ഇസ്ലാമികതത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നാടിന്റെ നാനാഭാഗത്തും നിരവധി പണ്ഡിതന്മാരെ നിയോഗിച്ച തിരുമേനി അവര്‍ക്ക് നല്‍കിയ നിര്‍ദേശം 'ആളുകളോട് വളരെ മര്യാദയായി പെരുമാറണം. ഒരിക്കലും പാരുഷ്യം കാണിക്കരുത്. എല്ലാവരോടും സൗമനസ്യം കാണിക്കണം. ആരേയും നിന്ദിക്കരുത് എന്നായിരുന്നു. വേദവിശ്വാസികളായ പലരും നിങ്ങളോടു ചോദിക്കും: സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമാര്‍ഗം ഏതാണെന്ന്. അവരോട് പറയണം അത് ദൈവത്തിന്റെ സത്യത്തിന് സാക്ഷ്യം വഹിക്കലും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കലുമാണെന്ന്'. ഇത്തരം പ്രബോധനങ്ങളിലൂടെ ഭൗതികവും ആത്മീയവുമായി വളരെയേറെ അധഃപതിച്ചിരുന്ന അറബികളുടെ ജീവിതത്തില്‍ ഇരുപത് വര്‍ഷക്കാലംകൊണ്ട് അദ്ദേഹം വലിയ പരിവര്‍ത്തനമുണ്ടാക്കി.
നൈതികതയുടെ ജീവസാക്ഷ്യം
പ്രശ്നപരിഹാരത്തിന് നീതിപൂര്‍വകമായ സമീപനമാണ് പ്രവാചകന്‍ കൈക്കൊണ്ടിരുന്നത്. ശത്രുക്കളെന്നോ മിത്രങ്ങളെന്നോ, വിശ്വാസികളെന്നോ അവിശ്വാസികളെന്നോ, അറബികളെന്നോ അനറബികളെന്നോ പരിഗണിക്കാതെ മാധ്യസ്ഥ്യം വഹിച്ച് തര്‍ക്കങ്ങളെല്ലാം നീതിനിഷ്ഠമായി പരിഹരിച്ച് അദ്ദേഹം മഹാ മാതൃകയായിത്തീര്‍ന്നു.
അല്ലാഹു തന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നത് താന്‍ സ്വഭാവശുദ്ധിയില്‍ പരിപൂര്‍ണത പ്രകടിപ്പിക്കാനും ഇടപാടുകളില്‍ മാന്യതയും ഉല്‍ക്കൃഷ്ടതയും കാണിക്കാനുമാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. അറേബ്യയുടെ പരമാധികാരിയായിരുന്നിട്ടും അവിടന്ന് വാക്കിലും കര്‍മത്തിലും സംശുദ്ധി പുലര്‍ത്തി. നല്ലതെന്നോ ചീത്തയെന്നോ പരിഗണിക്കാതെ എല്ലാ മനുഷ്യരെയും അവിടന്ന് ഒരുപോലെ കണ്ടു. ഹസ്തദാനം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കൈയെടുക്കുന്നതുവരെ കൈപിടിച്ചു കുലുക്കിയും പറഞ്ഞു തീരുന്നതുവരെ ചെവികൊടുത്തും ആഹാരം കഴിക്കുന്നതിനു മുമ്പ് വേലക്കാരെയും അടിമകളെയും ഏറ്റവും പാവപ്പെട്ടവരെയും ക്ഷണിച്ചും അവിടന്ന് അപരനെ ഉള്‍ക്കൊണ്ടിരുന്നു. ആത്മപ്രശംസയും പരനിന്ദയും അദ്ദേഹം വെച്ചുപൊറുപ്പിച്ചിരുന്നില്ല. ബഹുമാനാര്‍ഥം എഴുന്നേറ്റു നില്‍ക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് 'തന്നെ ബഹുമാനിക്കുന്നതിന് മറ്റുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുകയാണെങ്കില്‍ അവന്റെ സ്ഥാനം നരകത്തിലായിരിക്കു'മെന്നായിരുന്നു.
സമാധാനം-ഐക്യം-ശാന്തി
പ്രായോഗികമായ സമാധാനസന്ദേശത്തിന്റെ സഞ്ചരിക്കുന്ന ആള്‍രൂപമായിരുന്നു മുഹമ്മദ് നബി. ദിമ്മികള്‍ (രാഷ്ട്രം/സംരക്ഷണ ബാധ്യത ഏറ്റെടുത്തവര്‍) എന്ന് അറിയപ്പെട്ട അമുസ്ലിംകളുമായി ഉണ്ടാക്കിയ ഉടമ്പടിയിലെ പ്രസക്തഭാഗങ്ങള്‍ മനസ്സിലാക്കിയാല്‍ ഐക്യത്തിനും ശാന്തിക്കുമുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാകും. 'രാജ്യത്തിലുള്ളവരെ സംരക്ഷിക്കേണ്ടതും ആക്രമണങ്ങളില്‍ നിന്ന് അവര്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ടതും മുസ്ലിംകളുടെ ബാധ്യതയാണ്. അമുസ്ലിംകള്‍ക്ക് തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാവുന്നതാണ്. അവരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കരുത്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന ഒരു കാര്യവും മുസ്ലിംകള്‍ ചെയ്യാന്‍ പാടുള്ളതല്ല' - അവിടന്ന് നിര്‍ദേശിച്ചു. സൈനിക തലം, സാമ്പത്തികം, നീതി നിര്‍വഹണം, സാമൂഹിക നന്മ തുടങ്ങിയവയിലെല്ലാം അമുസ്ലിംകള്‍ക്കും പ്രവാചകന്‍ തുല്യ സ്ഥാനം നല്‍കി. 'സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൗരന്മാരെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ, അവരുടെ മേല്‍ കഴിവിന്നതീതമായ നികുതിഭാരം കെട്ടിയേല്‍പ്പിക്കുകയോ, അവരോട് ക്രൂരമായി പെരുമാറുകയോ ആണെങ്കില്‍ അന്ത്യനാളില്‍ അവനെതിരായി ഞാന്‍ പരാതി ബോധിപ്പിക്കുന്നതാണ്, അഥവാ ഞാന്‍ അവന്റെ ശത്രുവായിരിക്കും. ഞാന്‍ വല്ലവന്റെയും ശത്രുവായിരിക്കുന്ന പക്ഷം അവനെ ഞാന്‍ പരാജയപ്പെടുത്തുന്നതാണ്'- അവിടന്ന് പ്രഖ്യാപിച്ചു.
സിറിയയിലേക്ക് പ്രവാചകന്റെ ദൗത്യവുമായി ചെന്ന ആള്‍ കൊല്ലപ്പെട്ടത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. ഇതിനു നഷ്ടപരിഹാരം നേടാന്‍ തിരുമേനി മൂവായിരത്തോളം മുസ്ലിം ഭടന്മാരുടെ ഒരു സംഘത്തെ ബസ്റയിലേക്കയച്ചു. ചില വ്യക്തമായ നിര്‍ദേശങ്ങള്‍ കൊടുത്താണ് അവരെ അയച്ചത്. അന്യമതസ്ഥര്‍ അവരുടെ ദേവാലയങ്ങളില്‍വെച്ച് പ്രാര്‍ഥിക്കുമ്പോള്‍ യാതൊരു വിധത്തിലും അവരെ ദ്രോഹിക്കരുത്, ഒരൊറ്റ സ്ത്രീയുടെയും നേരെ കൈയുയര്‍ത്തരുത്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും വൃദ്ധന്മാരെയും കൊല്ലരുത്, കൃഷിപ്പാടങ്ങള്‍ നശിപ്പിക്കരുത് എന്നിവയായിരുന്നു അവിടുന്ന് നല്‍കിയ ആഹ്വാനം. യുദ്ധത്തിന്റെ നിര്‍ണായക സന്ദര്‍ഭത്തിലാണെങ്കില്‍പ്പോലും സത്യവിശ്വാസ(ഈമാന്‍)ത്തില്‍ അടിയുറച്ച ക്രിയാത്മക നിലപാടാണ് റസൂല്‍ കൈക്കൊണ്ടത്. മതത്തില്‍ ഹിംസയില്ലാതിരിക്കട്ടെ. (ഖുര്‍ആന്‍ 2: 256), മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമരുത് (ലാ ഇക്റാഹ ഫിദ്ദീന്‍), നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റേതും (ലകും ദീനുകും വലിയ ദീന്‍) എന്നിവയുടെ അടിസ്ഥാനത്തിലാണ് അനീതിയെയും അക്രമത്തെയും മനസ്സുകൊണ്ടും നാവുകൊണ്ടും വേണ്ടി വന്നാല്‍ കൈകൊണ്ടും ചെറുക്കുന്നതിന് റസൂല്‍ ആഹ്വാനം ചെയ്തത്. തടവുകാരുള്‍പ്പെടെയുള്ളവരുടെ കായികവും മാനസികവുമായ അധ്വാനശേഷിയെ കാര്യക്ഷമമായും ഫലപ്രദമായും എങ്ങനെ വിനിയോഗിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച അവിടന്ന് മനുഷ്യവിഭവശേഷിയുടെ മികച്ച കൈകാര്യകര്‍ത്താവെന്ന (Human resource manager) വിശേഷണത്തിനും അര്‍ഹനാണ്.
നന്മയുടെ പുനഃസ്ഥാപനം
മനുഷ്യനിലെ മൗലികവും സാര്‍വജനീനവുമായ നന്മയെ തൊട്ടുണര്‍ത്തുകയും ഉയര്‍ത്തുകയും അതിനെ തനത് ഭാവത്തില്‍ പ്രകാശിപ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത്. ഹജ്ജ് കാലത്ത് അറേബ്യന്‍ ഗോത്രങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താറുള്ള നബി അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടും തനിക്ക് പിന്തുണയേകണമെന്നാവശ്യപ്പെട്ടുകൊണ്ടും ഇപ്രകാരം പറയുമായിരുന്നു. 'ഞാന്‍ നിങ്ങളിലേക്ക് അയയ്ക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണ്. അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക. അവനോട് ആരേയും പങ്കുചേര്‍ക്കരുത്. അല്ലാഹുവിനോടു തുല്യമായി നിങ്ങള്‍ കാണുകയും അവനോടു പങ്കുചേര്‍ക്കുകയും ചെയ്യുന്ന സര്‍വതും വര്‍ജിക്കുക. സത്യം അംഗീകരിക്കുക. എന്റെ ദൗത്യം പരിപൂര്‍ണമായി നിര്‍വഹിക്കുന്നതുവരെ എന്നെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക'. ഇങ്ങനെ മനുഷ്യനിലെ ഈശ്വരോന്മുഖമായ ഗുണഘടകങ്ങളെ സാമൂഹികനന്മയ്ക്ക് ഉപയുക്തമാകുന്ന സന്ദേശങ്ങളാണ് അവിടന്ന് പകര്‍ന്നത്. എ.ഡി. 628-ല്‍ മൗണ്ട് സീനായിലെ സെന്റ് കാതറിന്‍ ക്രിസ്ത്യന്‍ ആശ്രമത്തിലെ പുരോഹിതര്‍ക്ക് തിരുമേനി കൊടുത്ത അവകാശപ്രഖ്യാപന രേഖയില്‍ ആരാധനാസ്വാതന്ത്ര്യം, വ്യക്തിനിയമ പരിരക്ഷ, പൗരാവകാശ സംരക്ഷണം എന്നിവ ഉറപ്പു നല്‍കുന്നുണ്ട്. ഹിജ്റ പത്താം ആണ്ടില്‍ നജ്റാനില്‍ നിന്നു വന്ന ക്രൈസ്തവസംഘത്തെ നബിതിരുമേനി സ്വന്തം മസ്ജിദില്‍ താമസിക്കാന്‍ അനുവദിച്ചതും അവരവിടെ പ്രാര്‍ഥിച്ചതും മറ്റും അവിടത്തെ സഹിഷ്ണുതയുടെ മകുടോദാഹരണങ്ങളാണ്.
ചൂഷണത്തില്‍നിന്നുള്ള വിമോചനം
വിശ്വാസപരമായ അടിമത്തത്തില്‍നിന്ന് മനുഷ്യരെ വിമുക്തനാക്കിയ പ്രവാചകന്‍ 'ഞാന്‍ നിങ്ങളെപ്പോലെ മനുഷ്യനാണെ'ന്ന് വ്യക്തമാക്കി ഇസ് ലാമില്‍ പൗരോഹിത്യമേ ഇല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. പാപമോചനത്തിനായി പുരോഹിതന്മാരുടെയും ഏതെങ്കിലും മതാധികാരസ്ഥാപനങ്ങളുടെയും മുമ്പില്‍ നിഗൂഢമായ ഏറ്റു പറച്ചിലോ കുമ്പസാരമോ നടത്തേണ്ടതില്ല. പാപം ചെയ്ത വ്യക്തി നേരിട്ട് അല്ലാഹുവിനോട് ഏറ്റു പറഞ്ഞ് മാപ്പപേക്ഷിച്ചാല്‍ മതി. പൗരോഹിത്യം പാടെ ഉപേക്ഷിച്ചതാണ് മുഹമ്മദിന്റെ മതത്തിന്റെ മറ്റൊരു സവിശേഷത. ആദരവിന് ആരാധനയുടെ നിറം ലഭിക്കാതിരിക്കാന്‍ തന്നെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ശിഷ്യന്മാാരെപ്പോലും അദ്ദേഹം വിലക്കി.
തിരുമേനിയും അനുയായികളും മക്കയിലേക്ക് വിജശ്രീലാളിതരായി തിരിച്ചെത്തിയ ഒരു സന്ദര്‍ഭം. സ്വന്തം നാട്ടില്‍ തന്നെയും അനുയായികളെയും പീഡിപ്പിച്ച നിരവധി ആളുകളുടെ മുന്നില്‍വെച്ച് തിരുമേനി ബിലാലിനോട് പറഞ്ഞു: 'ഇന്ന് നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ ദിവസമാണ്. മക്കാനഗരം സത്യത്തിന് കീഴടങ്ങിയ ഇന്നേ ദിവസം നീ ഈ പുണ്യഗേഹത്തിന്റെ മുകളില്‍ കയറി ഇസ്ലാമിന്റെ വിജയപ്രഖ്യാപനം നടത്തണം. ദൈവം മാത്രമാണ് മഹാന്‍. അവനെ മാത്രമേ നാം അനുസരിക്കൂ എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു. കൂടാതെ കഅ്ബയ്ക്കു മുകളില്‍ കയറുമ്പോള്‍ എന്റെ ചുമലില്‍ ചവിട്ടി വേണം കയറാന്‍. ചുമലില്‍ ചവിട്ടിയതിനുശേഷം ഒന്നു ചവിട്ടി ഞെരുക്കണം. അപ്പോള്‍ നിന്റെ മനസ്സില്‍ വേണ്ട വികാരം ഈ ഭൂമിയിലെ എല്ലാ ഉച്ചനീചത്വങ്ങളും മനുഷ്യര്‍ തമ്മിലുള്ള എല്ലാ വേര്‍തിരിവുകളും ഇന്നിതാ എന്റെ കാല്‍ച്ചുവട്ടിലിട്ടു ഞാന്‍ ചതച്ചരയ്ക്കുന്നു എന്നായിരിക്കണം.
സ്ത്രീത്വം ആദരണീയമാണ്
മക്കയില്‍ നബിതിരുമേനി ഇസ്ലാമിക പ്രബോധനം ആരംഭിക്കുന്ന വേളയില്‍, പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്ന വാര്‍ത്ത അറിയിച്ചാല്‍ അപമാനം സഹിച്ച് കുഞ്ഞിനെ മണ്ണിട്ടു മൂടുന്ന സമൂഹമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പെണ്മക്കളുടെ പിതാക്കന്മാര്‍ പ്രവാചകന്മാരെന്ന് ഇമാം അഹ്മദുബ്നു ഹമ്പലിന് ഒരു പെണ്‍കുഞ്ഞ് പിറന്ന അവസരത്തില്‍ നബിതിരുമേനി അരുളിയത്.
ആദ്യമായി സ്ത്രീക്ക് സ്വത്തവകാശം നിശ്ചയിച്ചത് നബിതിരുമേനിയാണ്. ആവശ്യമായ മഹ് ര്‍ കൊടുക്കാതെ അവിഹിതമായ സമ്പത്ത് സ്ത്രീപക്ഷത്തുനിന്നും വിവാഹവേളയില്‍ ആവശ്യപ്പെടുന്നത് തെറ്റാണെന്ന് അവിടന്ന് പറഞ്ഞു. പ്രവാചകന്‍ തന്റെ മകളോടു കാണിച്ച സമീപനം അറബികളില്‍ സാരമായ മാറ്റം വരുത്തി. പ്രവാചകപുത്രിക്ക് അലിയുടെ ഭാഗത്തുനിന്ന് വിവാഹാലോചന വന്നപ്പോള്‍ അവിടന്ന് പറഞ്ഞത് ''ഫാത്തിമയ്ക്ക് സമ്മതമെങ്കില്‍' എന്നായിരുന്നു. സെമിറ്റിക്ക് പാരമ്പര്യം പൊതുവായും അറബി പാരമ്പര്യം വിശേഷിച്ചും അനുവദിച്ച ബഹുഭാര്യാത്വം (Polygamy) ഇസ്ലാമിന്റെ കാലത്ത് വ്യാപകമായി നടപ്പാക്കപ്പെട്ടിരുന്നില്ല. തന്റെ യൗവനത്തിലെ ഭാര്യയായ ഖദീജയുടെ മരണശേഷം സാമൂഹിക-രാഷ്ട്രീയ പ്രേരണകളാലും യുദ്ധത്തില്‍ കൊല്ലപ്പെട്ട അനുചരന്മാരുടെ വിധവകളെ സംരക്ഷിക്കുന്നതിനുമാണ് അദ്ദേഹം തുടര്‍ന്നുള്ള പതിനൊന്ന് വിവാഹബന്ധങ്ങളിലേര്‍പ്പെട്ടത്. യുദ്ധത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട സ്ത്രീകളെ സംരക്ഷിക്കുന്നതിനുവേണ്ടി അന്നത്തെ സവിശേഷ സാഹചര്യത്തില്‍ അനുവര്‍ത്തിക്കാന്‍ തിരുമേനി ആഹ്വാനം ചെയ്ത ബഹുഭാര്യാത്വം തുല്യനീതിയിലും പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ്. ധനം ദൈവം ഏല്‍പിച്ച സൂക്ഷിപ്പുമുതലാണെന്നും അത് നല്ല മാര്‍ഗത്തില്‍ ചെലവഴിച്ചാല്‍ അതിന്റെ യജമാനനായ ദൈവത്തോട് നന്ദികാണിക്കുകയാണെന്നുമായിരുന്നു റസൂല്‍ പറഞ്ഞത്. അധ്വാനിക്കുന്നവന്റെ വിയര്‍പ്പുതുള്ളികള്‍ അടങ്ങും മുമ്പ് ന്യായമായി വേതനം അവന് വിലപേശാതെ നല്‍കണമെന്നും, പരസ്യമായി ദാനം നല്‍കുന്നതിനെക്കാള്‍ രഹസ്യമായി നല്‍കുന്നതാണ് കൂടുതല്‍ അഭിലഷണീയമെന്നും, വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈപോലും അറിയാതിരിക്കണമെന്നും അവിടന്ന് ആവശ്യപ്പെട്ടു. ഭൂപരിഷ്‌ക്കരണമെന്ന ആശയം അവിടത്തെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നടപ്പാക്കിയതോടെ ഭൂമിയുടെ ഉടമസ്ഥാവകാശവും സംരക്ഷണച്ചുമതലയും സാധാരണക്കാരുടെ കൈകളിലെത്തി.
കുടുംബബന്ധങ്ങള്‍
സദാചാര സിദ്ധാന്തങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മികാധ്യാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന കുടുംബജീവിതത്തിനും വ്യക്തിബന്ധങ്ങള്‍ക്കുമാണ് പ്രവാചകന്‍ ഊന്നലേകിയത്.
ഒരാള്‍ ഒരാദര്‍ശമോ ഒരു മതമോ വിട്ട് മറ്റൊന്ന് സ്വീകരിച്ചാലും ഭാര്യാഭര്‍ത്താക്കന്മാര്‍ വേര്‍പിരിഞ്ഞാലും മാതാപിതാക്കളോട് അവഗണനയില്ലാതെ നല്ല നിലയില്‍ പെരുമാറാനാണ് അവിടന്ന് ആവശ്യപ്പെട്ടത്. നബിയെ നിരാകരിക്കുകയും വെറുക്കുകയും ചെയ്ത ജനതയോട് അദ്ദേഹം കാണിച്ച ഹൃദയവിശാലത അനുകരണീയമാണ്. ഇരുപതു വര്‍ഷക്കാലം പല വിധത്തില്‍ പീഡിപ്പിക്കുകയും തന്നെയും അനുയായികളെയും എതിരിടുകയും ചെയ്ത ഖുറൈശികളോട് 'ഈ ദിവസം നിങ്ങളുടെ മേല്‍ യാതൊരു പ്രതികാരവുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്' എന്നാണ് അവിടന്ന് പറഞ്ഞത്. പത്ത് മുസ്ലിംകളെ അക്ഷരാഭ്യാസം ചെയ്യിക്കാമെന്ന വാഗ്ദാനത്തില്‍ ശേഷിക്കുന്നവരെയെല്ലാം അവിടന്ന് വിമോചിതരാക്കി. അവര്‍ക്ക് മാപ്പേകിയെന്നു മാത്രമല്ല, അവരുടെ സംരക്ഷണം മുസ്ലിംകള്‍ ഏറ്റെടുക്കുമെന്നും പ്രവാചകനരുളി. തന്നെ കൊലപ്പെടുത്താന്‍ നിയോഗിച്ചിരുന്ന അമീറിന് മാപ്പേകുന്നതിനോടൊപ്പം പ്രതിജ്ഞയുടെ പ്രതീകമായി സ്വന്തം തലപ്പാവ് എടുത്തുകൊടുക്കുകയും ചെയ്തു. മരിച്ചു വീണ ഹംസയുടെ കരള്‍ പറിച്ചെടുത്ത് ചവച്ചുതുപ്പിയ അബുസുഫ്യാന്റെ പത്നി ഹിന്ദിനും പ്രവാചകന്റെ പുത്രി സൈനബയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒട്ടകപ്പുറത്തു നിന്നും തള്ളിയിട്ട ഹാബറിനും തിരുമേനി മാപ്പേകി. മരിച്ചു കഴിഞ്ഞാല്‍പ്പോലും മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹം എഴുന്നേറ്റുനിന്ന് മൃതശരീരങ്ങളെ ആദരിച്ചു.
പ്രവാചകന്‍ ആരെയും ശാസിക്കില്ല. തന്നോട് തെറ്റ് ചെയ്തവരോട് പ്രതികാരം കാണിക്കുകയുമില്ല. അദ്ദേഹം എല്ലാ ദൂഷ്യങ്ങളില്‍ നിന്നും അകന്നു നിന്നിരുന്നു. ഭൃത്യനെയോ അടിമയെയോ മൃഗങ്ങളെയോ തല്ലുകപോലും ചെയ്തിരുന്നില്ല. വീട്ടുജോലിയില്‍ സഹായിക്കും, വസ്ത്രം അലക്കും. ആടുമാടുകളെ തീറ്റിക്കും. നമസ്‌കാരത്തിന് സമയമാകുമ്പോള്‍ എല്ലാം നിര്‍ത്തിവെച്ച് പള്ളിയില്‍ പോയി നമസ്‌കരിക്കും. എപ്പോഴും പുഞ്ചിരിക്കും. എന്തു ഭക്ഷണം കൊടുത്താലും കുറ്റം പറയില്ല. ഇഷ്ടമാണെങ്കില്‍ കഴിക്കും, അല്ലെങ്കില്‍ കഴിക്കില്ല' എന്നാണ് പ്രവാചകന്റെ ജീവിതചര്യകളെ കുറിച്ച് അദ്ദേഹത്തിന്റെ പത്നി ആയിശ സാക്ഷ്യപ്പെടുത്തുന്നത്.
ദൈവത്തിന്റെ നല്ല കൂട്ടുകാരന്‍ സുഹൃത്തുക്കളെ സ്നേഹിക്കുന്നവനും അയല്‍ക്കാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനും ഏത് ഘട്ടത്തിലും അയല്‍വാസിയുടെ ഒരവകാശവും കവര്‍ന്നെടുക്കാത്തവനുമാണെന്ന് അവിടന്ന് അരുളിച്ചെയ്തു. വൈകാരികത മുറ്റിയ ഒരു തീരുമാനവും പ്രവാചകന്‍ കൈക്കൊണ്ടിരുന്നില്ല.
മാനവരാശിയോടു മാത്രമല്ല, ഈശ്വരസൃഷ്ടികളായ വൃക്ഷലതാദികളിലും പക്ഷിമൃഗാദികളിലും പ്രവാചകന്‍ കാരുണ്യം വര്‍ഷിച്ചിരുന്നു. 'ഈ ഉഹുദ് പര്‍വതത്തെ നാം സ്നേഹിക്കുന്നു. അത് നമ്മെയും സ്നേഹിക്കുന്നു' എന്നാണ് അവിടന്ന് അരുളിയത്. ധീരതയോടൊപ്പംതന്നെ റസൂല്‍ ഏറെ അലിവുള്ളവരുമായിരുന്നു. തിരുനയനങ്ങള്‍ വളരെ പെട്ടെന്ന് ഈറനണിയുകയും മനസ്സ് തേങ്ങുകയും ചെയ്യുമായിരുന്നു. ബലഹീനരോടും മിണ്ടാപ്രാണികളോടും മയത്തോടെ വര്‍ത്തിക്കാന്‍ കല്പിച്ചിരുന്നു. സ്രഷ്ടാവിനെ സ്നേഹിക്കുന്നുവോ, എങ്കില്‍ നിങ്ങളുടെ സമസൃഷ്ടങ്ങളെ സ്നേഹിക്കണമെന്നായിരുന്നു അവിടത്തെ ഉപദേശം. കുതിരകളുടെ വാലും കുഞ്ചിരോമങ്ങളും മുറിക്കുന്നതും അവയുടെ ചുമലില്‍ കനത്ത ഭാരം കയറ്റുന്നതും മൃഗങ്ങള്‍ക്ക് ആഹാരം കൊടുക്കാതിരിക്കുന്നതും പ്രവാചകന്‍ വിലക്കിയിരുന്നു.
അത്ഭുതസിദ്ധികള്‍ കാണിക്കാതെയും വേദനകളില്‍ പങ്കുചേര്‍ന്നും തൊഴിലാളികള്‍ക്കൊപ്പം പണിയെടുത്തും വിശക്കുന്നവന്റെ വിശപ്പാറ്റിയും രോഗികള്‍ക്ക് സാന്ത്വനമേകിയും കടക്കാരുടെ ബാധ്യതകള്‍ തീര്‍ത്തും സകല ജീവജാലങ്ങളെയും സ്നേഹിച്ചും മാതൃകാപരമായ ജീവിതം അവിടന്ന് കെട്ടിപ്പടുത്തു.
ആഗോളീകരണം, മൂലധന ദുഷ്പ്രഭുത്വം, കിടമത്സരങ്ങള്‍, വിതരണത്തിലെ അസമത്വം, കരാര്‍ ലംഘനം, അമിതമായ ചൂഷണം എന്നിവയ്ക്ക് മേല്‍ക്കൈയുള്ള ഇന്നത്തെ വിവരസാങ്കേതിക യുഗത്തില്‍ തിരുമേനി നിര്‍ദേശിച്ച ആചാര വിചാരങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും പ്രസക്തിയേറെയാണ്.