രണ്ടു വര്‍ഷം നീണ്ട ഇസ്രായേലിന്റെ വംശഹത്യക്കു ശേഷം ഗസ്സ സമാധാനത്തിലേക്ക് മടങ്ങുമ്പോഴും ഒടുങ്ങാത്ത കനലുകള്‍ ബാക്കി. ആറു വയസ്സുകാരി റജബ് ഹിന്ദിനെ എങ്ങനെ മറക്കും? മിനിറ്റില്‍ 750 മുതല്‍ 900 റൗണ്ട് വരെ വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള മെര്‍ക്കാവ ടാങ്കില്‍ ഘടിപ്പിച്ച യന്ത്രത്തോക്കിലൂടെ പായിച്ച 355 വെടിയുണ്ടകളേറ്റ കാറിലിരുന്നല്ലേ അവള്‍ അവസാന ശ്വാസം വലിച്ചത്. ജോലി ചെയ്യുന്ന നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ മേശപ്പുറത്ത് തന്റെ ഒമ്പതു മക്കളുടെ കരിഞ്ഞ മയ്യിത്തുകള്‍ കാണേണ്ടിവന്ന പീഡിയാട്രീഷ്യന്‍ ഡോ. അലാ അല്‍ നജ്ജാറിനോളം ക്ഷമയും സഹനവുമുള്ള ഒരു പെണ്ണിനെ ഗസ്സയിലല്ലാതെ മറ്റെവിടെ കാണും? ലോകം കാണ്‍കെ ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊന്ന യഹ്യ അല്‍ നജ്ജാര്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്കായി കണ്ണീര്‍ പൊഴിക്കാതെ നമുക്കെങ്ങനെ ഗസ്സയെക്കുറിച്ച് പറയാന്‍ കഴിയും?
ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ 2025 ഒക്ടോബര്‍ പത്തിലെ കണക്കനുസരിച്ച് പതിനെട്ടു വയസ്സിനു താഴെയുള്ള 20,179 കുട്ടികളെയാണ് ഇസ്രായേലി ഭീകരര്‍ ഇല്ലാതാക്കിയത്. ഉമ്മമാരടക്കം കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 10,427. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കണക്കെടുത്താല്‍ 28,000-ത്തിനു മുകളില്‍ വരുമെന്നാണ് 'യു.എന്‍ വിമന്‍' രേഖപ്പെടുത്തിയത്. കാണാതായവരിലും തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മരിച്ചു കിടക്കുന്നവരിലും എത്ര കുട്ടികളും സ്ത്രീകളും ഉണ്ടാകും!
പക്ഷേ, ഒന്നുണ്ട്. ലോകം വെറുക്കുന്ന ബെഞ്ചമിന്‍ നെതന്യാഹു എന്ന ഭീകരന്‍ വംശശുദ്ധീകരണത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ഗസ്സയിലെ ഉമ്മമാര്‍ അടുത്ത തലമുറയിലെ ധീരന്മാരെ ലോകത്തിന് സമ്മാനിക്കുകയായിരുന്നു. ബോംബുകളുടെയും മിസൈലുകളുടെയും അകമ്പടിയോടെ നടന്ന ഏറ്റവും മാരകമായ വംശഹത്യക്ക് നടുവിലായിരുന്നു അത്. 2023 ഒക്ടോബര്‍ 7-ന് ശേഷം ഗസ്സയില്‍ പിറന്നുവീണ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും ഐക്യരാഷ്ട്ര സഭാ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം ഇസ്രായേലി ആക്രമണം ആരംഭിക്കുമ്പോള്‍ ഏകദേശം അര ലക്ഷത്തോളം ഗര്‍ഭിണികള്‍ അവിടെ ഉണ്ടായിരുന്നു. ദിവസവും 180-ലേറെ പ്രസവങ്ങളാണ് നടന്നത്. 2024 ജനുവരി 25-ലെ യൂനിസെഫ് റിപ്പോര്‍ട്ട് പ്രകാരം- 2023 ഒക്ടോബര്‍ 7-നു ശേഷം ഏകദേശം 20,000 കുട്ടികള്‍ ജനിച്ചു. 2025-ലെ ആദ്യ പകുതിയില്‍ (ജനുവരി മുതല്‍ ജൂണ്‍ വരെ) ഗസ്സയിലെ ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയത് 17,000 പ്രസവങ്ങളാണ്. ഏതാണ്ട് നാല്‍പതിനായിരത്തിലേറെ ജനനങ്ങള്‍ ഇക്കാലയളവില്‍ ഗസ്സയില്‍ നടന്നിട്ടുണ്ടാകും. അതില്‍ എത്ര പേര്‍ വംശഹത്യയെ അതിജീവിച്ചുവെന്നതിന്റെ കണക്ക് ലഭ്യമല്ല.
ഇരുപത്തിയഞ്ചുകാരി തസ്‌നീമിന്റെ ഗര്‍ഭകാലഘട്ടത്തിലെ അവസാന ആഴ്ചകളിലാണ് വംശഹത്യയുടെ ആദ്യ ബോംബുകള്‍ വര്‍ഷിച്ചത്, 2023 ഒക്ടോബര്‍ 7-ന്. ഏഴു മാസം ഗര്‍ഭിണിയായിരുന്ന തസ്‌നീം രണ്ടാമത്തെ കുഞ്ഞിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഗസ്സയില്‍ ഇസ്രായേലിന്റെ നിരീക്ഷണത്തിനും വ്യോമാക്രമണങ്ങള്‍ക്കും ഇടയിലായിരുന്നു തസ്‌നീമിന്റെ ചെറുപ്പകാലം. കുട്ടികള്‍ക്ക് ജീവിക്കാന്‍ ലോകത്തെ ഏറ്റവും അപകടം പിടിച്ച പ്രദേശമെന്ന് യൂനിസെഫ് വിശേഷിപ്പിച്ച ഭീകരാന്തരീക്ഷത്തിലേക്കാണ് തന്റെ കുഞ്ഞ് പിറന്നു വീഴാന്‍ പോകുന്നതെന്ന് ഒക്ടോബര്‍ 7-ന് ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ അവളറിഞ്ഞു. മകന്‍ ഇസ്സുദ്ദീനൊപ്പമാണ് തസ്‌നീം പ്രസവത്തിനായി ആശുപത്രിയില്‍ പോയത്. അവിടെ വന്‍ തിരക്ക്. വൈദ്യുതി വന്നും പോയും കൊണ്ടിരുന്നു. നഴ്‌സുമാരെ കണ്ടുകിട്ടാന്‍ പ്രയാസം. മണിക്കൂറുകളോളം വേദന സഹിച്ച് പ്രസവിച്ചപ്പോള്‍ കുടിവെള്ളം പോലുമില്ല. ഡയപ്പറുകളുടെ കാര്യം പറയുകയും വേണ്ട. വിശന്നുകൊണ്ട് അവള്‍ മകനെ മുലയൂട്ടി. അത് 2023 ഡിസംബര്‍ 25 ആയിരുന്നു.
ആദ്യ ബോംബുകള്‍ വീഴുമ്പോള്‍ മറ്റെല്ലാവരെയും പോലെ ദുആ അതിജീവനത്തിനായുള്ള ശ്രമത്തിലായിരുന്നു. 2024 ജനുവരി 14-ന് അവളെയും തേടി സയണിസ്റ്റുകളുടെ ബോംബുകളെത്തി. അവ വീടിന്റെ ജനലുകള്‍ തകര്‍ത്തു, ചുവരുകളില്‍ വിള്ളലുകള്‍ വീഴ്ത്തി. അവള്‍ക്ക് പരിക്കേറ്റില്ലെങ്കിലും വൈകാരികമായ ആഘാതം വലുതായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം കുടുംബം പലായനം ചെയ്യുന്നതിനിടയിലാണ് ദുആ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പെട്ടെന്ന് സംഭവിക്കാവുന്ന മരണത്തെക്കുറിച്ച നിരന്തരമായ ഭയത്തില്‍, ഉദരത്തില്‍ വളരുന്ന കുഞ്ഞുമായി ജീവിക്കുമ്പോള്‍, ബോംബുകളുടെ ശബ്ദം രാത്രികളില്‍ അവളെ ഞെട്ടിയുണര്‍ത്തും. വംശഹത്യ തുടങ്ങി ഒരു വര്‍ഷം പിന്നിട്ട് 2024 ഒക്ടോബര്‍ 28-ന് പ്രസവ വേദന ആരംഭിച്ചപ്പോള്‍ വലിയ തിരക്കുള്ള ആശുപത്രിയിലാണ് ദുആ എത്തിപ്പെട്ടത്. പുളയുന്ന വേദനക്കിടയില്‍ അവള്‍ നേര്‍ത്ത മെത്ത മുറുകെ പിടിച്ചു. മകന്‍ ഹുസ്സാം പിറന്നുവീണത് മരണത്തിലേക്കായിരുന്നില്ലെന്ന് മാത്രം. പിഞ്ചോമനയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു, വിശപ്പിനെയും ഭയത്തെയും അതിജീവിച്ച് ദുആ മുലയൂട്ടി.
ദി ന്യൂ ഹ്യൂമാനിറ്റേറിയന്‍ എന്ന അന്വേഷണാത്മക വെബ് പോര്‍ട്ടലിലാണ് (2024 മാര്‍ച്ച് 4) ഉപരോധത്താല്‍ പട്ടിണിയിലായ ഗസ്സയിലെ കുട്ടികള്‍ പുല്ലു തിന്നാണ്് ജീവന്‍ നിലനിര്‍ത്തുന്നതെന്ന അന്വേഷണ റിപ്പോര്‍ട്ട് ആദ്യം വായിച്ചത്.
വടക്കന്‍ ഗസ്സയിലെ നിരവധിയാളുകള്‍ അതിജീവനത്തിനായി പുല്ല് കഴിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കന്നുകാലി തീറ്റ പോലും കിട്ടാതെ വന്നപ്പോഴാണ് അവസാന ആശ്രയമെന്ന നിലയില്‍ പുല്ലു തിന്നാന്‍ തുടങ്ങിയത്. ഗോതമ്പ് മാവ് കിട്ടാതായപ്പോള്‍ പിണ്ണാക്ക് ഉള്‍പ്പെടെയുള്ള കാലിത്തീറ്റ പൊടിച്ച് റൊട്ടിയുണ്ടാക്കാന്‍ തുടങ്ങി. അതിനും ക്ഷാമം വന്നതോടെയാണ് പുല്ല് തിന്നാന്‍ തുടങ്ങിയത്.
ബൈത് ഹനൂനിലെ മുഹമ്മദ് അല്‍ മാദൗന്റെ രണ്ടു വയസ്സുള്ള മകള്‍ സിലയ്ക്ക് നല്‍കാന്‍ പാല്‍ കിട്ടിയില്ല. 'കടുത്ത നിര്‍ജലീകരണം കാരണം അവള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കന്നുകാലികളുടെ തീറ്റ ഉപയോഗിച്ചുണ്ടാക്കിയ റൊട്ടി ചവയ്ക്കുന്നത് എളുപ്പമാക്കാന്‍ വെള്ളത്തില്‍ കുതിര്‍ത്ത് നിര്‍ബന്ധിച്ച് അവള്‍ക്ക് നല്‍കി. കുഞ്ഞ് രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. പോഷകാഹാരക്കുറവ് കാരണം ദിവസവും പുതിയ മരണങ്ങളെക്കുറിച്ച് കേള്‍ക്കുന്നു, സില അടുത്ത ഇരയാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു' - മാദൗന്‍ പറഞ്ഞു.
ഗാസ: പറഞ്ഞുതീരാത്ത കഥകള്‍ (My Father Was a Freedom Fighter: Gaza's Untold Story) എന്ന പുസ്തകത്തില്‍ ഗസ്സയിലെ ഏറ്റവും ജനപ്രീതിയുള്ള ഭക്ഷണമായ ഫലാഫില്‍ വിറ്റ് സുഊദി അറേബ്യ വരെയെത്തിയ ഉപ്പാപ്പയെക്കുറിച്ച് ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ റംസി ബാറൂദ് എഴുതിയിട്ടുണ്ട്. ഫലാഫിലും ചൂടുള്ള ഖുബ്‌സും സുലൈമാനിയുമില്ലാത്ത ദിനം അവര്‍ക്ക് സങ്കല്‍പിക്കാനാവില്ല.
2025 മാര്‍ച്ചില്‍ ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ലംഘിക്കുകയും ജനങ്ങളെ കടുത്ത ഉപരോധത്തിലാക്കുകയും ചെയ്തപ്പോള്‍ പട്ടിണി കാരണം കടലാമയുടെ മാംസവും അവര്‍ ഭക്ഷിച്ചു. എട്ടാഴ്ചയായി ഉപരോധം തുടരുകയും മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന ഇസ്രായേല്‍ പട്ടാളത്തിന്റെ ഭീകരതയിലും പൊറുതിമുട്ടിയാണ് ജീവന്‍ നിലനിര്‍ത്താന്‍ കടലാമയുടെ മാംസം ആഹരിക്കാന്‍ ചിലരെങ്കിലും നിര്‍ബന്ധിതരായത്. മെഡിറ്ററേനിയന്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്കു നേരെ മിക്കവാറും എല്ലാ ദിവസവും ഇസ്രായേലി പട്ടാളക്കാര്‍ വെടിവെക്കും. ചിലര്‍ കൊല്ലപ്പെടും, മറ്റു ചിലര്‍ക്ക് പരിക്കേല്‍ക്കും. പട്ടിണി മാറ്റാനുള്ള ഏക ആശ്രയവും തടയപ്പെട്ടതോടെയാണ് കരക്ക് അടിയുന്ന ആമകളെ ഭക്ഷണത്തിനായി ഗസ്സക്കാരില്‍ ചിലര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മറ്റു വഴികള്‍ അടഞ്ഞപ്പോഴാണ്് ആമകളെ ഭക്ഷിക്കാന്‍ തുടങ്ങിയതെന്ന് മല്‍സ്യത്തൊഴിലാളി അബ്ദുല്‍ ഹലീം പറഞ്ഞു. ആമകളെ ഇത്രയും കാലം വളര്‍ത്തിയ അനുഭവമാണ് യമീന്‍ അബൂ അമൂറ എന്ന ബാലന്റേത്. അവയ്ക്ക് കാരറ്റും കക്കിരിയും നല്‍കി സംരക്ഷിച്ചുപോന്ന യമീന്, അവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ചിന്തിക്കാനാവുന്നില്ല.
ഗസ്സയിലെ വംശഹത്യ മാനവ ചരിത്രത്തില്‍ രേഖപ്പെട്ടു കഴിഞ്ഞു. ഈ പ്രബുദ്ധ നൂറ്റാണ്ടില്‍ ഇത് സംഭവിക്കാന്‍ അനുവദിച്ചതോര്‍ത്ത് ഭാവി ചരിത്രകാരന്മാര്‍ തലകുനിക്കും. ഇരകള്‍ തന്നെ തത്സമയം അത് ലോകത്തിനു മുന്നിലെത്തിച്ചിട്ടും പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്നവര്‍ അത് തടയാതിരുന്നത് എന്തുകൊണ്ടെന്ന് അവര്‍ ചോദിക്കും. ഈ വംശഹത്യക്കാലത്ത് ഗസ്സയിലെ ഉമ്മമാര്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ നാളെ ലോകത്തോട് ചോദിക്കുന്നതും ഇതു തന്നെയായിരിക്കും. യൂനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞതുപോലെ 'മനുഷ്യരാശിയുടെ ഏറ്റവും ഇരുണ്ട അധ്യായങ്ങളുടെ റെക്കോര്‍ഡുകളെ ഗസ്സ തകര്‍ത്തു. മനുഷ്യരാശി ഇപ്പോള്‍ വേഗത്തില്‍ മറ്റൊരു അധ്യായം എഴുതണം.'
സംഭവിക്കാന്‍ അനുവദിച്ചു എന്നതില്‍ മാത്രമല്ല, പാശ്ചാത്യ ശക്തികളുടെ നിരന്തരമായ പിന്തുണയോടെ തുടരാന്‍ അനുവദിച്ചു എന്നതു കൂടിയാണ് ഗസ്സ വംശഹത്യയുടെ ഏറ്റവും ഭയാനകമായ വശം. മുപ്പത് വര്‍ഷം തികഞ്ഞ ബോസ്‌നിയയിലെ സ്രെബ്രെനീത്സ വംശഹത്യ 1995 ജൂലൈയിലെ ഏതാനും ഭീകരമായ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചപ്പോള്‍ അത് വേഗത്തിലുള്ള പാശ്ചാത്യ ഇടപെടലിന് കാരണമായി. സ്രെബ്രെനീത്സയേക്കാള്‍ കുറഞ്ഞത് പത്തിരട്ടിയെങ്കിലും മനുഷ്യരെയാണ് സയണിസ്റ്റ് ഭീകരര്‍ ഇല്ലാതാക്കിയത്.
'സ്ലോട്ടര്‍ഹൗസ്-ഫൈവ്' എന്ന നോവലില്‍ അമേരിക്കന്‍ എഴുത്തുകാരന്‍ കേര്‍ട്ട് വോണെഗട്ട്, എണ്‍പത് വര്‍ഷം മുമ്പ് രണ്ട് രാത്രികളില്‍ നടന്ന ഡ്രെസ്ഡന്‍ ബോംബാക്രമണത്തെ 'യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല' എന്നാണ് വിശേഷിപ്പിച്ചത്. രണ്ടു വര്‍ഷമായി നമ്മുടെ കണ്‍മുന്നില്‍ നടന്ന വംശഹത്യയെപ്പറ്റി അദ്ദേഹം എന്ത് പറയുമായിരുന്നു എന്ന് ആലോചിച്ചുപോകുന്നു. വംശഹത്യക്ക് മുമ്പുതന്നെ ഗസ്സ ജീവിക്കാന്‍ കൊള്ളാത്ത ഒരിടമായിരുന്നെങ്കില്‍, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ തലവന്‍ പറഞ്ഞതുപോലെ അതിപ്പോള്‍ 'ഭൂമിയിലെ നരകത്തേക്കാള്‍ മോശമാണ്.'
ഗസ്സയിലെ മുഴുവന്‍ ജനതയും അധിനിവേശത്തിനു കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. എന്നാല്‍, ഇന്ന് പതിനെട്ട് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കടുത്ത ഉപരോധ കാലത്ത് ജനിച്ചവരാണ്. ഉപരോധവും പട്ടിണിയും ബോംബും കൂട്ടക്കൊലകളും കണ്ടാണ് അവര്‍ വളര്‍ന്നത്. വംശഹത്യയുടെയും ക്ഷാമത്തിന്റെയും നാളുകളില്‍ പിറന്നുവീണ കുഞ്ഞുങ്ങളുടെ വഴികാട്ടിയായി അവരുണ്ടാകും. അധിനിവേശകര്‍ക്കും വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചവര്‍ക്കുമെതിരെ ഭാവി പോരാട്ടങ്ങള്‍ക്ക് ഇനി നേതൃത്വം കൊടുക്കുന്നത് അവരായിരിക്കും.