ആംബുലന്‍സ് ഡ്രൈവര്‍

സുമയ്യാബീവി
നവംബർ 2025

കട്ടന്‍ചായ മേശപ്പുറത്തേക്ക് വെച്ച ശബ്ദത്തിലാണ് സമദ് ഉണര്‍ന്നത്. അയാളുടെ അലാറം എന്നും അതു തന്നെയാണ്. പക്ഷേ, ഗ്ലാസ് വെച്ച ശബ്ദം ഇത്തിരി കട്ടി കൂടുതലായിരുന്നു. പുറത്തെ ശക്തമായ മഴയെ കടത്തിവെട്ടുന്നതായിരുന്നു ആ ശബ്ദം. തിരിച്ചു പോകുന്ന അവളുടെ അയഞ്ഞ മാക്സിയുടെ അറ്റം മാത്രമേ അയാള്‍ക്ക് കാണാന്‍ സാധിച്ചിരുന്നുള്ളൂ. പുതപ്പിനുള്ളില്‍ അഴിഞ്ഞു കിടന്നിരുന്ന തന്റെ കള്ളിത്തുണി തപ്പിയെടുത്തുടുത്ത് അയാള്‍ ഒരു വികാരവുമില്ലാതെ ആ ഗ്ലാസെടുത്ത് പുറത്തെ കോലായിലെ പടിയിലിരുന്ന് ചിമ്മാനടിയുടെ തണുപ്പ് കൊണ്ട് ചായ കുടിക്കാന്‍ തുടങ്ങി. പണ്ട് കട്ടച്ചോരയുടെ നിറമുണ്ടായിരുന്ന ചായയിപ്പോള്‍ തന്റെ ജീവിതം പോലെ നിറമില്ലാത്തതായി മാറാന്‍ മൂന്നാലു ദിവസം കൂടി മതിയെന്നയാള്‍ ചായ ഗ്ലാസ് നോക്കി ആലോചിച്ചിരുന്നു.

കുത്തിച്ചൊരിയുന്ന മഴയിലും കുടയിലും നിറങ്ങളില്‍ മുങ്ങിയ കോട്ടുമിട്ട് തന്റെ വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ ജോലിക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ അപ്പോഴാണയാള്‍ ശ്രദ്ധിച്ചത്. തന്റെ കൈയിലിരിക്കുന്ന ഗ്ലാസ് കൊണ്ട് അതിലൊരാളുടെ തലക്കെറിഞ്ഞ് കൊന്നിട്ട് ആ ജോലിക്ക് താന്‍ പോയാലോ എന്നടക്കം അയാളുടെ തല ചിന്തിക്കാന്‍ തുടങ്ങി. എന്തൊക്കെയായിരുന്നു ഒരു കാലത്ത്. പാലീയേറ്റീവിലെ നിന്നു തിരിയാന്‍ നേരമില്ലാത്ത ഡ്രൈവര്‍ സമദ്ക്ക, എല്ലാ രോഗികള്‍ക്കും സമദ്ക്ക, താന്‍ എല്ലാവര്‍ക്കും നല്ലത് മാത്രമല്ലേ ചെയ്തിട്ടുള്ളൂ. എന്നിട്ടെന്തിനാണീ ഇപ്പോഴുള്ള അവസ്ഥ പടച്ചോനയാള്‍ക്ക് തന്നതെന്ന് മാത്രം അയാള്‍ക്ക് മനസിലായേ ഇല്ല. ജീവിതത്തിന്റെ ഓരോ താളുകളും എപ്പോഴും മുമ്പുള്ള താളിന്റെ ബാക്കിയാവണമെന്ന് ശഠിക്കുന്നത് ശരിയല്ലല്ലോ, ചിലപ്പോള്‍ ഒറ്റയടിക്ക് കഥകള്‍ മാറ്റി പുതിയൊരു കഥ പറയാനും പടച്ചോന് തോന്നിയാലോ അല്ലേ..

തന്റെ ജീവിതം അതേപോലെ ഒരൊറ്റ പേജിലാണ് മാറി പുതിയൊരു വൃത്തിയില്ലാത്ത പേജ് കയറിവന്നത്. എന്ത് ചെയ്യാനാ, ജീവിതമായി പോയില്ലേ, അല്ലെങ്കില്‍ ആരെയെങ്കിലും കുറ്റം പറയാമായിരുന്നു. ഇനിയിപ്പോ എന്താവുമെന്നറിയാത്ത ഈ ഇരിപ്പില്‍ അവള്‍ തരുന്ന ചായയുടെ നിറം മാറി വെറും ചൂടു വെള്ളമാവുന്ന വരെ ഇരിക്കേണ്ടി വരും, അത് കഴിഞ്ഞിട്ടോ..? അറിയില്ല.. ദിവസങ്ങള്‍ കഴിഞ്ഞു, ഇന്നിപ്പോള്‍ സമദിന് ചായയിലെ ചായപ്പൊടി എണ്ണിത്തിട്ടപ്പെടുത്താം. ഇതിലും ഭേദം ചൂടു വെള്ളം തന്നെയായിരുന്നു.

'ദേ മനുഷ്യാ, നിങ്ങളെയാ കാദര്‍ക്ക വിളിക്കുന്നു.'

ഈ മനുഷ്യനിപ്പോ ചെവിയും കേള്‍ക്കാതായോ എന്നും പുലമ്പി അവള്‍ ചായ ഗ്ലാസെടുത്ത് അകത്തേക്ക് പോയി. അകത്തെ കസേരയിലിരുന്ന തോര്‍ത്തെടുത്ത് തന്റെ അമ്മിഞ്ഞ അങ്ങനെ കാദര്‍ക്കാന്റെ ഓള് കാണേണ്ടയെന്ന മട്ടില്‍ അയാള്‍ ദേഹത്ത് പുതച്ച് അവിടത്തേക്ക് നടന്നു.

'ന്താ കാദര്‍ക്കാ, ങ്ങള് വിളിച്ച്ന്ന് ഓള് പറഞ്ഞ്...'

വേറൊന്നും ചോദിക്കാനോ പറയാനോ ഇല്ലാത്തതിനാല്‍ അയാള്‍ വേഗം കാര്യം ചോദിച്ചു.

'ആ, ഞ്ഞൊന്നിവിടെ ഇരിക്ക്. ഞാന്‍ പറയാ.. നീയിപ്പോ ജോലിയില്ലാതിരിക്കല്ലേ. ന്താ ന്റെ ഉദ്ദേശം..? പണി മാണ്ടേ എനക്ക്..?'

'മ്.. മാണം.. പശ്ശെ ഒന്നുവങ്ങട് ശരിയാവ്ന്നില്ല കാദര്‍ക്ക.. ന്തേലുണ്ടേല്‍ പറ.. ഏട പോകാനും ഞാന്‍ റെഡിയാ..'

'ആ, കയിഞ്ഞേസം യൂനുസ് വിളിച്ചപ്പളാ പറഞ്ഞേ, കോയിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഒരു ആംബുലന്‍സ് ഡ്രൈവറെ മാണംന്ന്. നെന്ന വിളിച്ചിട്ട് എട്ക്ക്ന്നില്ല പറഞ്ഞ്. അതാ ഇഞ്ഞോട് പറയാമ്പറഞ്ഞേ..'

'ഏഹ്, ജോലിണ്ടോ..? ന്നാ പോവാലോ..?'

'ദ് ഞ്ഞ് ബിജാരിക്കുമ്പോലുള്ള ഡ്രൈവറല്ല സമദേ, ദ് നീയവ്ട തന്നെ നിക്കേണ്ടി ബരും. ന്താന്ന് ബെച്ചാ ഈ മ്മള നാട്ടില് ബന്ന് പണിയെട്ക്ക്ന്ന ബംഗാളിയേളില്ലേ, ഓല് മരിച്ചാ ഓല കൊണ്ടോണം, ഓല നാട്ട്ക്ക്. നല്ല പൈസ കിട്ടും. ചെലപ്പോ എത്ത്ന്നേടത്ത്ന്നും കിട്ടും. പശ്ശേ കൊറേ ദെവസം ഓടണ്ട്യേരും.. പറ്റോ..?'

കഴിഞ്ഞ ദിവസം താന്‍ ഗ്ലാസെറിഞ്ഞ് കൊല്ലാന്‍ നോക്കിയവരാണല്ലോ റബ്ബേ തന്റെ ജീവിതം നോക്കാന്‍ പോകുന്നതെന്നാലോചിച്ച് അയാളൊന്ന് തരിച്ചു.

'ന്തായാലും കൊയപ്പല്ല്യ, പണിയായാ മതി.'

'ആ ന്നാ നീ പ്പൊ തന്നെ യൂനുസ്ന ബിളിച്ച് ഞ്ഞ് ബരാ പറ.. ല്ലേ അത് പോയാലോ..'

'ആ..'

അതും പറഞ്ഞ് അയാളിറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ വീണ്ടും സ്വപ്നങ്ങള്‍ പൂക്കാന്‍ തുടങ്ങി. കട്ടച്ചോര നിറമുള്ള കട്ടന്‍ ചായ അയാളാലോചിച്ചു. ഭാര്യ നല്ല കുപ്പായമിട്ട് തന്റെ കൂടെ പാറപ്പള്ളിയിലിരുന്ന് വൈകുന്നേരം സൂര്യാസ്തമയം കാണുന്നതയാള്‍ സ്വപ്നം കണ്ടു.

പിറ്റേന്ന് ആറരയ്ക്ക് നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി തന്നെ അയാള്‍ പിടിച്ചു. അതിലിരിക്കുമ്പോഴൊക്കെ തന്റെ ആംബുലന്‍സ് ഡ്രൈവിംഗിനെ കുറിച്ചുള്ള ഓര്‍മകളായിരുന്നു അയാളുടെ മനസില്‍ മുഴുവന്‍. അവിടെയെത്തി യൂനുസിനെ കാണുന്നതും കാത്ത് അയാളിരുന്ന ഓരോ മിനിറ്റുകളും അയാള്‍ക്ക് മണിക്കൂറിനേക്കാള്‍ നീളമുണ്ടായിരുന്നു. എന്നാലും ജോലി കിട്ടുന്ന കാര്യമാണല്ലോ, അയാള്‍ കാത്തിരുന്നു.

'അസ്സലാമലൈക്കും..'

'വലൈക്കുമുസ്സലാം സമദ്ക്കാ.. ബാ ഇരിക്ക്.. കൊറേ നേരം ഇര്ന്നോ പൊറത്ത്. ഇത്തിരി തെരക്കായിപ്പോയി അതാട്ടോ..'

'സാരല്ല്യ.. ന്‍ക്കറിയാലോ..'

'മ്.. ഇബ്ട്ത്തേക്കൊരു ഡ്രൈവറെ മാണംന്ന് പറഞ്ഞപ്പോ ആദ്യം ന്‍ക്കി ങ്ങളെ മൊകാ ഓര്‍മായേ.. ദിത്തിരി അതികം പോണംട്ടോ.. കൊയപ്പല്യാലോ.. ഞാന്‍ ങ്ങളെ ശമ്പളം മാസത്തിലാക്കട്ട്ണ്ട് ബ്ടെ പറഞ്ഞിട്ട്. അതല്ലേ നല്ലേ,,,?'

'മ്..' അയാള്‍ക്ക് കണ്ണ് നിറഞ്ഞിട്ട് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

'ദിത്തിരി പാടാണ് ട്ടോ സമദ്ക്കാ. കാരണം, ചിലര്ടെ അഡ്രസ് പോലും മര്യായ്ക്കുണ്ടാവൂല. അപ്പോ ത്ര ദെവസത്തേക്കാ പോവ്ന്നേന്നൊന്നും ഒരു പിടിത്തോണ്ടാവ്ലാ... അതാ ഞാന്‍ മാസശമ്പളാക്കിയേ.. ഇത്തിരി റിസ്‌ക്ക്ണ്ട് ട്ടോ.. ങ്ങള് ഓക്കെ ല്ലേ..?'

'ന്തായാലും കൊയപ്പല്ല്യാ ഞാന്‍ റെഡ്യാാ...'

'മ്്.. ന്നാ വാ..'

വീട്ടിലെന്നും പോകാന്‍ പറ്റില്ല എന്നതൊഴിച്ചാ വേറെ കുഴപ്പൊന്നുല്ല. ഓള് നന്നായിരിക്കുമല്ലോ.. പിന്നെ പുതിയ സ്ഥലങ്ങളും പുതിയ മനുഷ്യന്മാരെയും ഒക്കെ കാണാലോ.. തന്റെ നേരെ വന്ന് തട്ടിയ ജോലിയെ ഒഴിവാക്കാന്‍ സമദ് ഒരുക്കമായിരുന്നില്ല. അങ്ങനെ ജോലി കിട്ടി. ആംബുലന്‍സുമായി ഓരോ ദിവസം നീങ്ങിയതല്ലാതെ ആരും മരിച്ചില്ല. ഇനി താനായി ആരെയെങ്കിലും കൊല്ലേണ്ടി വരുമോ, ജോലി ചെയ്യാതെങ്ങനെയാ ശമ്പളം വാങ്ങുന്നേ.. മൊത്തത്തില്‍ സമദിന് ആശങ്ക കൂടിക്കൂടി വന്നു.

അങ്ങനെയിരിക്കെ സമദിന്റെ ഭാഗ്യം കൊണ്ടോ ആ അന്യസംസ്ഥാന തൊഴിലാളിയുടെ ഭാഗ്യദോഷം കൊണ്ടോ ഒരാഴ്ചയായി കോളേജില്‍ കിടന്നയാള്‍ മരിച്ചു. കൊയിലാണ്ടിയിലെ ഏതോ വലിയ വീടിന്റെ വാര്‍പ്പിന്റെ സമയത്ത് രണ്ട് നിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണതാണയാള്‍. കോണ്‍ട്രാക്ടര്‍ നേരെ കോളേജിലെത്തിച്ചു. നട്ടെല്ല് പൊട്ടിയിരുന്നു. വാരിയെല്ലില്‍ ഒന്നു നേരെ തുളച്ച് കയറിയത് ഹൃദയത്തിലേക്കും. ഇത്രയും ദിവസം ജീവന്‍ നിലനിന്നത് തന്നെ മഹാഭാഗ്യം എന്നാണ് കണ്ടവരൊക്കെ പറയുന്നത്. എന്തിനാണീ മഹാഭാഗ്യം എന്ന് പറയുന്നതെന്ന് സമദിന് മനസിലായതേയില്ല. ആ മുഴുവന്‍ വേദനയും സഹിച്ച് സ്‌നേഹിക്കുന്ന ഒരു മനുഷ്യന്‍ പോലും അടുത്തില്ലാതെ ഏതോ നാട്ടില്‍ ആരും നോക്കാനില്ലാതെ വേദനിച്ച് കിടക്കുന്നതിലും നല്ലത് ആ വീണയുടനെ അയാള്‍ മരിക്കുന്നതായിരുന്നു. എന്നാലും ജീവന്‍ രക്ഷിക്കാന്‍ സമദോടും, വീണുകിടക്കുന്നതാരായാലും അവര്‍ക്ക് കൈതാങ്ങാവുകയും ചെയ്യും.

സമദ്ക്കാ, ഇത് ഒറീസയിലേക്കാണ്. നിങ്ങള്‍ കയ്യില്‍ രണ്ട് മൂന്ന് കുപ്പായം കരുതിക്കോ. അഡ്രസ് ഞാനെഴുതിതരാം. അവരുടെ നാട്ടിലേക്ക് നിങ്ങള്‍ പോകേണ്ടി വരില്ല. അതിനടുത്തുള്ള ഗ്രാമത്തില്‍ ഇയാളുടെ ബന്ധുക്കള്‍ നില്‍ക്കുമെന്നാ പറഞ്ഞത്. എന്തായാലും സൂക്ഷിക്കണേട്ടോ..

യൂനുസ് ഓടിവന്ന് പറഞ്ഞു. അതിനേക്കാള്‍ വേഗത്തില്‍ മറ്റൊരിടത്തേക്ക് പായുകയും ചെയ്തു. പറയുമ്പോള്‍ സമദിന്റെ ഇളയതാണ് യൂനുസ്. പക്ഷെ അയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സമദിന് യൂനുസിനെ ഇക്കാ എന്ന് വിളിക്കാന്‍ തോന്നും.

വഴിയില്‍ നിന്നും പെട്രോളടിക്കാനുള്ളതും ഭക്ഷണം കഴിക്കാനുള്ളതുമായ കാഷ് ഒരു കത്ത് കവറിലാക്കി ഒരാള്‍ കൈയില്‍ വെച്ച് തന്നു. രണ്ട് അറ്റന്‍ഡര്‍മാര്‍ ബോഡി ഫ്രീസറിലാക്കി ആംബുലന്‍സില്‍ കയറ്റി. പെട്ടെന്ന് സമദിന് ഭാര്യയെ ഓര്‍മ വന്നു. വിളിച്ച് പറഞ്ഞാലോ.. ഏയ് വേണ്ട പിന്നെയതൊരു ശീലമായാല്‍ പെട്ടെന്ന് പോവേണ്ടി വന്നാല്‍ പരിഭ്രമിച്ചാല്‍ ശരിയാവില്ല.

അപ്പോ ശരി അഡ്രസും അയാള്‍ടെ ബാഗും ഞാന്‍ മുന്നിലെ സീറ്റില്‍ വെച്ചിട്ടുണ്ട്. ഒരാള്‍ തിരിഞ്ഞ് നോക്കാതെ ഇതും പറഞ്ഞ് നടന്ന് പോയി.

സമദ് വണ്ടിയില്‍ കയറി

ബിസ്മില്ലാഹി തവക്കല്‍ത്തു അലള്ളാഹ്!

നിങ്ങളെന്തിനാ ബ്‌ടെ കേരളത്തിലൊക്കെ ബന്ന് പണിയെടുക്കുന്നേ., കുടുംബോല്യാ ആരൂല്യാ.. അന്യനാട്ടീ പോയി പണിയെടുക്കുന്നവരെ ആലോയ്ക്കുമ്പോളെ തന്നെ ഇന്‍കി പേട്യാ..

സമദ് ഫ്രീസറില്‍ തണുത്തുറഞ്ഞ് കിടക്കുന്ന ശവത്തിനോട് സംസാരിക്കാന്‍ തുടങ്ങി.

എന്ത് ചെയ്യാനാ ഭയ്യാ, മേരാ ഗര്‍ കീ കുച്ച് ഭീ ബഹുത്ത് ബഹുത്ത് പ്രോബ്ലം ഹേ.. പാവമാണ് സേട്ടാ. ഇവിടെ നല്ല പേസാ കിട്ടും. അതാ..

സമദ് അയാള്‍ പറയുന്ന ഉത്തരം സങ്കല്‍പിച്ച് പറഞ്ഞ് നോക്കി. ആംബുലന്‍സ് നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു. ചെക്കിംഗില്‍ പെടുമ്പോള്‍ മാത്രമാണ് ഇത്തിരി പ്രശ്‌നം. ശവം കൊണ്ടുപോകുമ്പോഴുള്ള മറ്റൊരു പ്രശ്‌നം അവയവ കൊള്ളക്കാരാണ്. വണ്ടി ആക്രമിച്ച് കീഴടക്കി ശവവുമായി മുങ്ങും. റിസ്‌കിന്റെ വ്യാപ്തി ഇച്ചിരി കൂടുതല്‍ തന്നെയാണ്.

വെയിലിന്റെ ചൂടില്‍ വണ്ടിയോടിക്കുന്ന സമദിന് താന്‍ കടലിലേക്കാണ് വണ്ടിയോടിക്കുന്നതെന്ന് തോന്നും.

മ്... നിങ്ങള്‍ക്ക് നല്ല സുഖാണല്ലോ ലേ.. ഏസി, പുതക്കാന്‍ വെള്ളത്തുണി. ബ്‌ടെ പൊറത്ത് നല്ല ചൂടാണ് ട്ടോ..

ഇന്‍ക്കിങ്ങനെ മിണ്ടിക്കൊണ്ടേയിരിക്കണം,. ഇല്ല്യേലൊരു മടുപ്പാ. അതാട്ടോ ഇങ്ങനെ..ഇങ്ങള് കാര്യാക്കണ്ടാ..

വീട്ടിലിരുന്ന ഈ ആറേഴ് മാസം പശ്ശെ ഞാന്‍ മിണ്ടീട്ടില്യാ.. അതെന്താന്നല്ലേ.. പേടിയായിരുന്നു മിണ്ടാന്‍.. ജോലിയില്ലാ.. കൈയിലഞ്ചിന്റെ പൈസയില്ലാ.. പിന്നെന്ത് മിണ്ടാനാ..ലേ..

സത്യം പറയാലോ ഭയ്യാ. മ്മള കൈയില് പൈസല്ലാന്ന് ബെച്ചാ മ്മളെ ആര്‍ക്കും ഒരു വെലേണ്ടാവൂല. അത് ഭാര്യയായാലും ശരി മക്കളായാലും ശരി നാട്ടാരായാലും ശരി. കൈയില്‍ പൈസണ്ടോ മ്മളെ എല്ലാര്‍ക്കും മാണം. എല്ലാ പരിപാടിക്കും മ്മളെ ബിളിക്കും. ഇപ്പോ ഞ്ഞ നോക്ക്. ഇന്‍ക്യെന്നെ ഞ്ഞൊരു ബെലേല്യേനു. ഇപ്പോ പണിയായിപ്പോ മിണ്ടണ കണ്ടില്ലേ..

ബോഡിയുള്ള ആംബുലന്‍സും വെച്ചുറങ്ങുന്നതാണ് മറ്റൊരു പ്രശ്‌നം. മിക്കവാറും അടുത്തുള്ള സര്‍ക്കാറാശുപത്രിയൊക്കെ കണ്ടെത്തി അവിടെ കിടക്കും. അതാവുമ്പോള്‍ അകത്തുള്ള ബോഡിക്കും പുറത്തുള്ള ബോഡിക്കും കുഴപ്പല്ലാതെ ഉറങ്ങാലോ..

കലഹണ്ടി ജില്ലയിലെ ഭാന്‍പൂരാണ് കക്ഷിയുടെ വീട്. ഒറ്റ ഡ്രൈവാണെങ്കില്‍ ഒരു ദിവസം കൊണ്ടെത്തും. സര്‍ക്കാര്‍ വണ്ടിയായതു കൊണ്ടും കൂടെയുള്ളത് ബോഡിയായത് കൊണ്ടും ഒന്നര ദിവസം ഓട്ടം വേണ്ടി വന്നു. ഭാന്‍പൂര്‍ പോസ്റ്റോഫീസിന് മുന്‍പില്‍ നില്‍ക്കുന്ന രണ്ട് പേരും ആംബുലന്‍സും കണ്ടപ്പോള്‍ തന്നെ സമദിന് കാര്യം മനസിലായി..

ഭയ്യാ നിങ്ങള്‍ ഭാഗ്യവാനാണ്. നിങ്ങളെ സ്വീകരിക്കാന്‍ ദാ ആളുകള്‍ വന്നിട്ടുണ്ട്.

തന്റെ ഭാഷയ്ക്കിത്തിരി മോടി കൂട്ടി സമദ് പറഞ്ഞു. ഫ്രീസറില്‍ നിന്നും സടകുടഞ്ഞെണീറ്റ് മുന്‍പിലേക്കുള്ള കുഞ്ഞു ഗ്ലാസിലൂടെ അയാള്‍ കുടുംബത്തിനെ നോക്കി സമദിനോട് പതുക്കെ ചിരിച്ചു.

***********************

 

തിരിച്ചു വരുമ്പോഴുള്ള ഒറ്റപ്പെടലാണ് സമദിനെ ഏറ്റവും കൂടുതല്‍ ഏകാന്തത അനുഭവിച്ചത്. ഒന്നു മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ആരുമില്ല. വല്ല മലയാളിക്കും ഈ അന്യ സംസ്ഥാനത്ത് നിന്നും മരിച്ചിരുന്നെങ്കില്‍ തിരിച്ചും ഒരാളായേനെയെന്ന് അയാള്‍ വെറുതെ ആലോചിക്കും.

മാസങ്ങള്‍ പോകുന്നത് പോലും സമദറിയാതെയായി. കേരളത്തിലേക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കൂടിയതോടെ സമദിന്റെ ഓട്ടവും കൂടിക്കൂടി വന്നു. ചില സ്ഥലങ്ങളിലാവുമ്പോള്‍ അടുത്തുള്ള ഗ്രാമത്തില്‍ കുടുംബക്കാര്‍ കാത്തു നില്‍ക്കും. കാരണം, കാരണമെന്തെന്നറിയാത്ത മരണവുമായി കയറി വരുന്ന സമദിനെ ഇല്ലെങ്കില്‍ ആരാ തിരിച്ചു വിടുന്നത്. ചില സ്ഥലങ്ങളില്‍ വീടു വരെ എത്തിക്കും. വീടെന്നൊന്നും പറയാന്‍ പറ്റില്ല. ഷീറ്റ് വലിച്ച് കെട്ടിയ കൂരകള്‍. കേരളത്തിലെ ഏറ്റവും പാവപ്പെട്ട തനിക്ക് പോലും ഓടിട്ട ഒരു വീടുണ്ടെന്നതില്‍ സമദ് പടച്ചവനോട് നന്ദി പറയും.

ഒരിക്കല്‍ ഹരിയാനയിലെ ഹൂദ് എന്ന സ്ഥലത്തേക്കായിരുന്നു സമദിന്റെ ആംബുലന്‍സ് യാത്ര. കക്ഷി മരിച്ചതെങ്ങനെയെന്നറിയില്ല. രാവിലെ എല്ലാവരും എഴുന്നേറ്റപ്പോള്‍ അയാള്‍ എഴുന്നേറ്റില്ല. കുറച്ച് നാളായി നല്ല സങ്കടത്തിലായിരുന്നു, വീട്ടില്‍ നിന്നും ഫോണ് വന്നിരുന്നു. ഇതാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. അന്യ സംസ്ഥാന തൊഴിലാളിയായത് കൊണ്ടും അന്വേഷിക്കാനാരുമില്ലാത്തത് കൊണ്ടും കോളേജില്‍ നിന്നും അറ്റാക്ക് എന്നെഴുതി മൃതദേഹം കൊടുത്തു വിട്ടു. ഒരു തുണ്ട് പേപ്പറിലെഴുതിയ അഡ്രസും നോക്കിയാണ് യാത്ര. ഒന്നര ദിവസത്തിന് മുകളില്‍ യാത്രയുണ്ട്, ഹുദ എന്നൊരു സ്ഥലമാണ് എഴുതി തന്നത്. അവിടെയെത്തി ആ അഡ്രസ് പലരേയും കാണിച്ചു. ആളുകള്‍ പറഞ്ഞ ഭാഗത്തെത്തിയപ്പോള്‍ അവിടെ വീടുമില്ല, ഒരു മനുഷ്യനുമില്ല. അയാള്‍ പുറത്തിറങ്ങി കുറേ തപ്പി നോക്കി. ഇതെന്തൊരു കഥ, ഇനി ഇവനേയും കൊണ്ട് ഞാന്‍ തിരിച്ച് പോകേണ്ടി വരുമോ..

അയാള്‍ വണ്ടിയില്‍ കയറി പിറകിലോട്ട് തിരിഞ്ഞ് ഫ്രീസറിലേക്ക് ഒരു നോട്ടം നോക്കി.

ന്റെ ചങ്ങായീ, നിനക്ക് സംസാരിക്കാന്‍ പറ്റുമെങ്കില്‍ നിന്നെ ഞാന്‍ തല്ലിയേനെ. എത്ര നേരായി നിന്റെ വീടും തപ്പി നടക്കാന്‍ തുടങ്ങിയിട്ട്. എല്ലാവരും പറയുന്ന സ്ഥലത്ത് തന്നെയാ നമ്മള് നിക്കുന്നേ, പക്ഷേ ഇവിടെ വീട് പോയിട്ടൊന്നുമില്ലെടോ.. നിനക്ക് വല്ലതുമറിയണോ ഇങ്ങനെ കിടന്നാല്‍ മതിയല്ലോ...

ശവത്തിനോട് തന്റെ അരിശവും പറഞ്ഞ് വണ്ടിയെടുത്തതേയുള്ളൂ. ഒരു പെണ്ണ് ഓടി വന്ന് വണ്ടിക്കു മുന്നേലേക്ക് ചാടി. സമദിന്റെ കാല്‍ ബ്രേക്കിലേക്ക് പാഞ്ഞത് കൊണ്ട് ഒന്നും സംഭവിച്ചില്ല. വണ്ടിയില്‍ നിന്നുമിറങ്ങി പച്ച മലയാളത്തില്‍ വെപ്രാളത്തിലെന്തൊക്കെയോ സമദ് പറയാന്‍ തുടങ്ങി. അപ്പോഴാണ് സമദവളെ ശ്രദ്ധിച്ചത്. കൈകൂപ്പി നിന്ന് വണ്ടിയിലേക്ക് നോക്കി കരയുന്നു. എന്തൊക്കെയോ അവള്‍ പറയുന്നുണ്ട്,

ന്ത് പണിയാ ന്റെ പെങ്ങളേ കാണിച്ചേ, ഇപ്പോ ഞാന്‍ രണ്ട് ശവങ്ങളുമായി പോകേണ്ടി വന്നേനെ..

അവളെന്തൊക്കെയോ തന്നോട് പറയുന്നുണ്ടെന്ന് സമദിന് മനസിലായി. രണ്ടു ദിവസമായി ഇയാളേയും കൊണ്ട് നടക്കാന്‍ തുടങ്ങിയ മൊത്തം അരിശവും അയാളിലുണ്ടായിരുന്നിട്ടും എന്തോ പന്തികേട് തോന്നി അയാള്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആ പെണ്ണ് കരഞ്ഞ് ആംബുലന്‍സിന്റെ പിറകിലേക്ക് നോക്കുന്നത് കണ്ടപ്പോള്‍ അയാളുടെ ആരോ ആണെന്നയാള്‍ക്ക് തോന്നി. താന്‍ പലരോടും ചോദിച്ചപ്പോള്‍ അതറിഞ്ഞ് ഓടി വന്നതാവും. അയാള്‍ പിറകിലെ വാതില്‍ തുറന്ന് കാണിച്ചതും അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

ആ പെണ്ണ് പറയുന്ന കാര്യങ്ങള്‍ മൊത്തത്തില്‍ അയാള്‍ക്ക് മനസിലായില്ലെങ്കിലും അവളുടെ ചലനങ്ങളില്‍ നിന്നും ആംഗ്യങ്ങളിലൂടെയും താന്‍ കുടുങ്ങിയെന്നയാള്‍ക്ക് മനസിലായി. അയാളുടെ കാമുകിയോ ഭാര്യയോ ആവാനാണ് സാധ്യത. ബാക്കിയാരുമില്ല. ഇനി താന്‍ തന്നെ അടക്കം ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്.

സാര്‍ സാര്‍ വിളിച്ച് തന്റെ വണ്ടി തുറന്ന് തരാന്‍ അവള്‍ പറയുന്നുണ്ട്. എന്തായാലും തീരുമാനമാക്കാതെ തനിക്ക് തിരിച്ച് പോകാനാവില്ലല്ലോ.. അതുകൊണ്ട് അയാള്‍ വണ്ടി തുറന്ന് കൊടുത്തു. അവള്‍ പറയുന്ന വഴികളിലൂടെ വണ്ടിയോടിക്കൊണ്ടിരുന്നു. കരഞ്ഞ് കരഞ്ഞ് അവള്‍ തളര്‍ന്നിട്ടുണ്ട്, തന്റെ വണ്ടിയിലിരുന്ന വെള്ളം സമദ് അവള്‍ക്ക് നേരെ നീട്ടി. ആദ്യം വേണ്ട എന്ന് കാണിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ കുറച്ച് കുടിച്ചു. അങ്ങനെ ആരോരുമില്ലാത്ത ആ മനുഷ്യന്റെ ദഹനവും തന്റെ കൈകൊണ്ട് നിര്‍വഹിച്ച് ആ പെണ്ണിനെ പറഞ്ഞ സ്ഥലത്തിറക്കി അയാള്‍ മടങ്ങുമ്പോള്‍ സാധാരണയേക്കാള്‍ അയാള്‍ അസ്വസ്ഥനും വിഷാദനുമായിരുന്നു.

അയാള്‍ നേരെ കോളേജിലേക്ക് പോകാതെ തന്റെ വീട്ടില്‍ വണ്ടി നിര്‍ത്തി. ഇല്ലെങ്കില്‍ അയാളുടെ ഹൃദയം പോകുന്ന വഴി നിന്നു പോകുമെന്നയാള്‍ക്ക് തോന്നി,

ന്താപ്പോ കോളേജിലേക്ക് പോയില്ലേ ങ്ങള്..?

ആകെ ന്തോ പോലെണ്ടല്ലോ, ഒന്നും കഴിച്ചില്ലേ ങ്ങള്..?

പറഞ്ഞ് മുഴുവനാക്കുന്നതിന് മുമ്പേ അവള്‍ സമദിന്റെ കരവലയത്തിലായിപ്പോയി. അവളെ വിടാതെ കുറച്ച് നേരം സമദ് കെട്ടിപ്പിടിച്ചു നിന്നു. എന്താണവളോട് പറയേണ്ടതെന്നൊന്നും അയാള്‍ക്കറിയില്ലായിരുന്നു, പക്ഷെ ആ ആലിംഗനത്തില്‍ തന്നെ അവള്‍ക്കത് മനസിലായിരുന്നു.

എടീ..

മ്..

അവള്‍ അയാളുടെ നെഞ്ചിലേക്ക് മൂളി..

ഇത്തവണ ഞാന്‍ കൊണ്ടുപോയാള്‍ക്ക് ആരുമില്ലായിരുന്നു. അയാളുടെ വീടും എല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അവസാനം ഞാനയാളെയും കൊണ്ട് തിരിച്ചു പോരാന്‍ നേരത്ത് ഒരുത്തി വന്നെന്റെ മുന്നില്‍ ചാടി.

അല്ലാഹ്, ങ്ങളോളെ കുത്തിയോ..

അയാളുടെ നെഞ്ചില്‍ നിന്നും തല പൊക്കി അവള് പെട്ടെന്ന് പേടിയോടെ ചോദിച്ചു.

ല്ലെടീ. ഓള്‍ക്ക് ഓനെയറിയാ.. ഓന്റെ പെണ്ണുങ്ങളാ തോന്നുന്നു, അവസാനം ഞാനും ഓളും കൂടെയാ ആ ബോഡി കത്തിച്ചേ.. അപ്പോ ന്‍ക്കി നിന്ന ഓര്‍മ വന്ന്. ഞാനെങ്ങാന്‍ മരി...

അയാളുടെ വായ അവള്‍ മുറുക്കെ പൊത്തിപ്പിടിച്ച് നെഞ്ചിലേക്ക് അമര്‍ന്ന് കിടന്നു.

തിരിച്ച് കോഴിക്കോടെത്തിയപ്പോഴാണ് പോകാന്‍ റെഡിയായി പുതിയൊരാള് കാത്തിരിക്കുന്നുണ്ടെന്ന് സമദിന് മനസിലായത്. വന്ന സമയത്ത് ആരെങ്കിലും മരിച്ചിരുന്നെങ്കിലെന്നാഗ്രഹിച്ചതാലോചിച്ച് സമദിന് നിരാശ തോന്നി..

ഇത്തവണ ഉത്തര്‍പ്രദേശുകാരനാണ് തന്റെ ട്രാവല്‍ പാര്‍ട്ട്‌നര്‍. പോകുന്നതിന് മുമ്പേ അഡ്രസ് ഒന്ന് നോക്കിയ അറ്റന്‍ഡര്‍ ഇത്തിരി സംശയത്തോടെ സമദിനെ നോക്കി.

സമദേ, നീ ഒറ്റയ്ക്ക് പോവണ്ട, ഞാന്‍ കൂടെ വരാം..

അതെന്താപ്പോ പുതിയൊരു ശീലം..

ഞാനല്ലേ എന്നും പോകുന്നത്..? ങ്ങളെന്തിനാണേട്ടാ ഈ സമയത്ത് കൂടെ, അതും ഇത്രയും ദൂരം..?

സമദേ ആ സ്ഥലം ഇന്‍ക്കറിയാ.. ത്തിരി കൊയപ്പം പിടിച്ച സ്ഥലാ.. റിസ്‌ക്കുണ്ട്.

ഐശെരി, അപ്പോ ത്രേം കാലം ഞാന്‍ പോയത് ബിമാനത്തിലായ്‌നാ..? ങ്ങക്കെന്താ ഏട്ടാ... സമദ് ചിരിച്ചു.

അല്ലെടാ വര്‍ഗീയ കലാപങ്ങളൊക്കെ നടക്കുന്ന സ്ഥലാ.. നിന്നെ കണ്ടാ ഓല് ചെലപ്പോ ബെച്ചേക്കൂല..

ഐനിഞ്ചെ പേരും അഡ്രസും പറയാനല്ലല്ലോ ഞാന്‍ പോന്നേ.. ഓല കൂട്ടത്തിലൊരാള് മരിച്ചിട്ട് അതും കൊണ്ടല്ലേ..

അതാണ് കൂടുതല്‍ പ്രശ്‌നം. നീ വാശി പിടിക്കല്ല. ഞാന്‍ വരാാ.

മാണ്ട ഏട്ടാ, ഇനിപ്പോ ഇന്‍ക്കെന്തേം പറ്റിയാലും ഒരാള് നോക്കി ബരാന്‍ ബേണ്ടേ.. ങ്ങള് ബ്‌ടെ നിന്നോളീ ഞാന്‍ പോയി ബരാ.. ചിരിച്ചോണ്ട് സമദ് വണ്ടിയിലേക്ക് കയറി.

ന്നാ നിക്ക്. ഞാനവര്‌ടെ വീട്ടുകാരെ വിളിച്ച് നീ വരുന്നത് പറയാം. അവരോട് അടുത്തുള്ള ഗ്രാമത്തിലെങ്ങാന്‍ ആംബുലന്‍സുമായി നിക്കാന്‍ പറയാ.. നീ അവ്‌ടെയെത്തുമ്പോ ഇബ്‌ടെത്തെ നമ്പറിലേക്കൊന്ന് വിളിക്ക്. ഞാനപ്പളേക്കും സെറ്റാക്കി ബെക്കാ,

ആ അങ്ങനെ ബല്ല നല്ല കാര്യോം ചെയ്യെന്റേട്ടാ.. ന്നാ ശരി, ബന്നിട്ട് കാണാ.. ഇതും പറഞ്ഞ് സമദ് വണ്ടിയെടുത്തു.

വണ്ടിയെത്ര ഓടിച്ചിട്ടും ഇത്തവണ സ്ഥലമെത്താത്ത പോലൊരു തോന്നല്‍ സമദിന് വന്നു.

നീ കേട്ടോ ഈ നാരാണേട്ടന്‍ ന്തൊക്കോ പറഞ്ഞെന്നെ പേടിപ്പിച്ച് ന്റെ ചങ്ങായീ, അതാലോയ്ച്ച്ട്ടാ തോന്നുന്നു, ബണ്ടിയങ്ങട് നീങ്ങുന്നില്ല. ങ്ങള നാട്ടാരെന്താ ന്നെ പിടിച്ച് തിന്നോ, ഞാനിങ്ങളേം കൊണ്ടല്ലേ പോകുന്നേ.. ന്ത് ചെയ്യാനാ, ഞമ്മള് പണ്ട് പാലിയേറ്റീവില്‍ പണിയെടുക്കുന്ന കാലത്ത് ഒരു കെടപ്പിലായ കാക്കണ്ടായിരുന്നു. അയാള്‍ക്ക് കൊറേ ദെവസായിട്ട് വയറ്റ്ന്ന് പോന്നില്ല. അങ്ങനെ ഞമ്മളെല്ലാരും കൂടെ അയാളെ പൊരേ പോയി. ആശിറും നേഴ്‌സും കൂടെ അയാള്‍ടെ മൂലത്തിലേക്കൊരു ഗുളിക തിരുകി വെച്ച്. കുടുങ്ങി ക്കിടന്ന മൊത്തം അവര്‌ടേം ന്റേം മേത്തേക്ക് തെറിച്ച്. ഞങ്ങളവസാനം അവ്ട്ന്ന് കുളിച്ചിട്ടാ തിരിച്ച് പോന്നേ..

ഞാനിതെന്തിനാ നിന്നോട് പറഞ്ഞേ ന്നല്ലേ.. അന്ന് ആശിര്‍ പറഞ്ഞ ഒരു കാര്യം പറയാനാ.. അതായത് മലം ചുമക്കുന്നവനാണ് മനുഷ്യന്‍. രണ്ടൂസം തൂറാന്‍ പറ്റാഞ്ഞാ എല്ലാം തീര്‍ന്ന്. അപ്പളാ ഇന്നാട്ടാരൊക്കെ മതവും ജാതിയുമൊക്കെ പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും വെട്ടിക്കീറുന്നേ..

അത് സെറിയാ ചേട്ടാ, നിങ്ങള്‍ കൊറേ മനുസരെ കണ്ടത് കൊണ്ടാ, എന്റെ നാട്ടില്‍ അവര്‍ ബഹുത് പാവം ഹേ, അവര്‍ക്ക് വെട്ടാനും കുത്താനുമേ അറിയുള്ളൂ..

സമദ് ചിരിച്ചു. ന്നിട്ട് മറുപടി പറയാനൊരുങ്ങി.

അത് ശരിയാ, അതിലൊരാള്‍ക്ക് വെട്ടുമ്പോള്‍ തൂറാന്‍ മുട്ടിയാ മതി. തീര്‍ന്നില്ലേ എല്ലാം.. രണ്ട് പേരും കൂടെ കുറേ ചിരിച്ചു.

നിനക്കറിയോ ഞമ്മള് പാലിയേറ്റീവിലായിരുന്നപ്പോ നല്ല രസായിരുന്നു. ഒരു കുടുംബം പോലെ.. എല്ലാരും ഒരേ മനസുള്ളോര്.. ആശിര്‍ നല്ല കോമഡിയാ.. ഓന്‍ മറ്റേ ഫിസിയോ തെറാപിസ്റ്റാ.. ഓനൊക്കെള്ളപ്പോ നല്ല രസായിരുന്നു. എല്ലാ വീട്ടിലും ഞമ്മളെത്തും. എല്ലാര്‍ക്കും ഭക്ഷണമുണ്ടെന്നുറപ്പ് വരുത്തും. ഓരോ കിടപ്പിലായവരും സമാധാനത്തിലാണെന്നുറപ്പ് വരുത്തും. ആ ഒരു കാര്യം പറഞ്ഞേരാ.. ഞമ്മളെ ഒരു രോഗീന്റെ ബീട്ടിലെ പൂജാ മുറീലില്ലേ ഞമ്മളെ പാലിയേറ്റീവിലെ കുട്ട്യള്‍ടെ ഫോട്ടാ ബെച്ചേ. അയാള് പറയുന്നേ അയാളെ ദൈവം ഓരാന്നാ.. ഒന്നാലോയ്ച്ച് നോക്ക്. അപ്പളാ ഓരോ നാട്ടില്‍ ദൈവത്തിനും മാണ്ടി അടി നടക്കുന്നേ.. ങ്ങളെ നാട്ടാരോട് മലയാളം പടിക്കാന്‍ പറ, ന്നാ ഞാന്‍ ദൊക്കെ ഓല്‍ക്ക് പറഞ്ഞോട്ക്കാ....

ആ ദാ മ്മളെത്താനായി ട്ടോ.. ഞാനൊന്ന് നാരാണേട്ടനെ വിളിച്ചിട്ട് ബരാ.. ഏടേം പോല്ലേ..

അയാള്‍ കോളേജിലേക്ക് വിളിച്ച് നാരാണേട്ടനെ അന്വേഷിച്ചു. കുറച്ച് നേരം കഴിഞ്ഞ് അപ്പുറത്ത് വിളി കേട്ടു.

എടാ സമദേ.. ഞാന്‍ ഓലെ കൊറേ ബിളിച്ചോക്കി കിട്ടീല്യ. നീയൊന്ന് സൂക്ഷിച്ച് പോണേട്ടോ..

ശരി ഏട്ടാ..

സമദ് വണ്ടിയില്‍ കയറി, നീയെന്നെ കൊലയ്ക്ക് കൊടുക്ക്വോ ഭയ്യാ... ന്നും ചോയ്ച്ച് വണ്ടിയെടുത്തു. മുന്നോട്ട് പോകുന്തോറും അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറുന്നത് സമദിന് മനസിലാവുന്നുണ്ടായിരുന്നു. ന്താടാ നിന്റെ നാട്ടില് ന്നെ കൊല്ലോ..?

സത്യത്തില്‍ ഉള്ളിലെവിടെയോ ആ വിജനമായ സ്ഥലത്തൂടെ പോകുമ്പോള്‍ സമദിന് ചെറിയ ഭയം കയറി വരാന്‍ തുടങ്ങിയിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ ചുറ്റുമുള്ള എല്ലാം മാറി.. മൊത്തം കത്തിക്കരിഞ്ഞ സ്ഥലമായി. സമദ് ശരിക്കും ഭയന്നു.

മോനേ, ഞാന്‍ പറഞ്ഞതൊന്നും നീ കാര്യാക്കണ്ടാ.. നിന്റെ ആള്‍ക്കാരോടൊന്ന് ന്തേലും പറഞ്ഞാ മനസിലാവൂല്ല്യാലോ..

ന്താ ചെയ്യാ..

വണ്ടിയുടെ വേഗത വല്ലാതെ കുറയാന്‍ തുടങ്ങി. മുന്നിലതാ റോഡ് ബ്ലോക്ക് ചെയ്ത് വൈക്കോല്‍ കൂനകള്‍ കത്തി കിടക്കുന്നു..

യാ റബ്ബേ ഞാനിനിയെന്താ ചെയ്യാ.. വണ്ടി നിര്‍ത്തി ഒരു നിമിഷം സമദ് അന്തിച്ച് നിന്നു. തന്റെ ജോലി തീര്‍ക്കാതെ താനെങ്ങനെ മടങ്ങും. ഞാനാര്‍ക്കും ഇതുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ.. ഓരോ ആളുകളേയും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുകയും മരിച്ചവരെ അവരുടെ ബന്ധുക്കളെ കാണിക്കാനുള്ള ആഗ്രഹവും നിറവേറ്റുകയുമല്ലേ തന്റെ ദൗത്യം. അത് താന്‍ എത്ര ഭംഗിയായി ചെയ്യുന്നുണ്ട്, അപ്പോ പടച്ചോനെന്നെ കൈവിടില്ല..

സമദ് സ്വയം പടച്ചോനില്‍ ഭരമേല്‍പിച്ച് വണ്ടി വളച്ച് അടുത്ത വഴിയിലേക്ക് തിരിയാന്‍ ശ്രമിച്ചു. അവിടെയുള്ള ഓരോ മണല്‍തരിയും സമദിനോട് തിരിച്ച് പോകാന്‍ പറയുന്നത് പോലെ സമദിന് തോന്നാന്‍ തുടങ്ങി. ഇത്തവണ പോകുന്ന വഴിയില്‍ ദൂരെയായി കുറച്ചാളുകളെ സമദിന് കാണാം. അവര്‍ വണ്ടിയ്ക്കരികിലേക്കോടി വരുന്നത് കണ്ട് അവര്‍ തന്നെ സഹായിക്കാനല്ല, അവരെ സഹായിക്കാനായി എന്നോട് പറയാനാണെന്നയാള്‍ക്ക് മനസിലായി. വണ്ടി നിര്‍ത്തി. ഒരു പ്രായമുള്ള മനുഷ്യന്‍. അയാളെ കണ്ടപ്പോള്‍ മരിച്ച് പോയ സമദിന്റെ ഉപ്പയെ അയാള്‍ക്കോര്‍മ വന്നു. അതേപോലെയുണ്ട്. താടിയുടെ നിറം ഉപ്പ മൈലാഞ്ചിയിട്ട് ചുവപ്പിക്കും, ഇയാള്‍ടേത് വെളുത്തതാണ് എന്ന് മാത്രം. അയാള്‍ തന്റെ കണ്‍മുന്നില്‍ വന്ന് കൈകൂപ്പി എന്തൊക്കെയോ പറയുന്നുണ്ട്. അയാള്‍ടെ പിറകിലായി ഒരു പ്രായമായ സ്ത്രീയും മറ്റൊരു സ്ത്രീയും അവരുടെ കൈയില്‍ ഒരു കുഞ്ഞുമുണ്ട്. സമദ് വണ്ടിയില്‍ നിന്നിറങ്ങി പുറകിലെ വാതില്‍ തുറന്ന് കാണിച്ച് കൊടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് അടുത്തുള്ളത് ശവമായാലെന്താ ആത്മാവായാലെന്താ കാര്യം. അവരൊന്നാകെ അതിലേക്ക് ഓടിക്കയറി ഒളിച്ചിരുന്നു. സമദ് വാതിലടച്ച് കിട്ടിയ വഴികളിലൂടെയൊക്കെ പാഞ്ഞു പോയി. അത്രയും ആളുകളതിലുണ്ടായിട്ടും സമദിനൊരക്ഷരം മിണ്ടാന്‍ സാധിച്ചിട്ടില്ല. വണ്ടിയോടിക്കുന്ന നേരം മുഴുവന്‍ പടച്ചോനെ വിളിച്ചോണ്ടിരിക്കുകയായിരുന്നു സമദ്. അവസാനം ഒരു വരണ്ടുണങ്ങിയ ഒരു വലിയ പറമ്പിന്റെ അടുത്ത് റോഡ് തീര്‍ന്നു. സമദ് വണ്ടി നിര്‍ത്തി അവിടെ പ്രശ്‌നമില്ലെന്ന് കണ്ട് പുറകിലെ വാതില്‍ തുറന്നതും അതില്‍ നിന്നും അവര്‍ ഓടിയിറങ്ങി ശര്‍ദിക്കാന്‍ തുടങ്ങി.

ഓരോ ദിവസം കഴിയുന്തോറും നശിച്ച് കൊണ്ടിരിക്കുന്ന ശവവും ഒരു നിമിഷം കൂടെ കിട്ടിയാല്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ഒരേ സ്ഥലത്തിരുത്തിയാണ് താന്‍ ചീറിപ്പാഞ്ഞതെന്ന് സമദപ്പോഴാണോര്‍ത്തത്. പാച്ചിലിനിടയില്‍ ഫ്രീസറിന്റെ വയറ് വിട്ടുപോയിരിക്കുന്നു. ശവം ചീഞ്ഞു നാറാന്‍ തുടങ്ങിയതാണ് സംഭവം.

ആത്മാവില്ലാത്ത ശരീരം വെറും പൊള്ളയാണ്. അത് നശിക്കാനായി ആര്‍ത്തി പൂണ്ടിരിക്കുന്ന ഒന്ന് മാത്രമാണ്. ആ വൃദ്ധനും സമദും കൂടെ ആ പറമ്പില്‍ ആറടി മണ്ണുകുത്തി ആ ശവം അവിടെ ഖബറടക്കി. എല്ലാവരും പ്രാര്‍ഥിച്ചു. സ്ത്രീകള്‍ ആംബുലന്‍സിന് പുറകില്‍ നിന്ന് എല്ലാം നോക്കി അവരും അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.

സമദിനോട് കുറേ നന്ദി പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ച് അയാള്‍ക്ക് വേണ്ടി പടച്ചവനോടെന്തോ പ്രാര്‍ഥിച്ച് വൃദ്ധനും കുടുംബവും അവിടെ നിന്നും എങ്ങോട്ടോ നടന്നകന്നു..

അയാളെ ഖബറടക്കാനായിരിക്കും പടച്ചോന്റെ വിധി. അതും ഈ നാട്ടില്‍. അതിനാവും ഒരു നിമിത്തം പോലെ അവര്‍ വന്നുകയറിയത്. പേര് പോലും അറിയാത്ത ആരൊക്കെയോ തന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന നിമിഷങ്ങളാലോചിച്ച് സമദ് തിരിച്ച് പോകാന്‍ ഒരുങ്ങി. കൂടെയുണ്ടായിരുന്ന മരിച്ചവരും ജീവിച്ചവരും ഇറങ്ങിപ്പോയ ആ വണ്ടിയിപ്പോള്‍ മോര്‍ച്ചറിയേക്കാള്‍ ഭീകരത സമദിനെ തോന്നിപ്പിച്ചു. എന്നാലും താനും ആ കയറി വന്നവരും തമ്മിലുള്ള ഭാഷാന്തരം ഒരു ശവം കൊണ്ടില്ലാതായതിന്റെ അത്ഭുതം സമദിനെ ചിരിപ്പിച്ചു. ഏതൊക്കെയോ മതത്തിലുള്ളവര്‍, ഏതൊക്കെയോ സമുദായത്തിലുള്ളവര്‍, ഏതോ ഭാഷ സംസാരിക്കുന്നവര്‍, ഏതോ സംസ്‌കാരത്തില്‍ ജീവിക്കുന്നവര്‍.. പക്ഷേ, മരിച്ചവരെ മറവ് ചെയ്യാന്‍ മണ്ണിനിതൊന്നും ഒരു പ്രശ്‌നമേ അല്ലല്ലോ.. പരസ്പരം ഒന്നും മനസിലായില്ലെങ്കിലും മരിച്ചവരെ എന്തു ചെയ്യണമെന്നതിന് ഭാഷാന്തരമില്ലെന്നാലോചിച്ച് സമദിന് മനുഷ്യനായതില്‍ അഭിമാനം തോന്നി,

ഹൈവേയിലേക്ക് കയറിയപ്പോഴാണ് ശരിക്കും സമദിന് ആശ്വാസമായത്. പിന്നെ നാടെത്താനുള്ള പരിഭ്രാന്തിയായിരുന്നു സമദിന്.

തന്റെ ജീവിതത്തില്‍ താന്‍ ചെയ്യുന്ന ജോലിയും അതിനോടനുബന്ധിച്ച് വരുന്ന മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച് പോകുന്നതാലോചിച്ചിട്ട് ശരിക്കും അയാള്‍ക്ക് അത്ഭുതം വന്നു. ജീവിതത്തില്‍ എല്ലാവര്‍ക്കും പടച്ചവന്‍ ഓരോ ജോലി അവരെ ഏല്‍പ്പിച്ചിട്ടുണ്ടാകും, അത് ഭംഗിയായി ചെയ്യാന്‍ അവരെ കൊണ്ട് സാധിക്കുക എന്നതാണല്ലോ ഈ ലോകത്ത് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം.

ഒരിക്കല്‍ തന്റെ ഭാര്യ അയാളോടതിനെ കുറിച്ച് പറഞ്ഞതയാളോര്‍ത്തു. സമദ്ക്കാ ഇങ്ങള്‍ക്ക് പണി കിട്ടാതെ ഇവിടെ ഇരിക്കുമ്പോള്‍ ഇങ്ങളാലോയ്ക്കാറില്ലേ, റബ്ബേ ന്ത് പണി കിട്ട്യാലും ഞാന്‍ ചെയ്യുംന്ന്. ങ്ങളാലോയ്‌ച്ചോക്ക്യേ ങ്ങള്‍ക്ക് മാണ്ടി പടച്ചോനൊരു പണി ഏട്യോ ബെച്ചിട്ട്ണ്ടാവും അത് ചെയ്യാനാ ഇങ്ങളെ ഇപ്പോ ബ്ടങ്ങനെ ഇര്‌ത്ത്യേക്ക്‌ന്നേ...

ശരിയാ, ഓരോ നാട്ടിലും താന്‍ ചെയ്യുന്ന പ്രവൃത്തികളാലോചിക്കുമ്പോള്‍ അതിന് വേണ്ടിയാണ് പടച്ചോന്‍ തന്നെ ഇത്രയും കാലം വെറുതെ ഇരുത്തിയതെന്ന് സമദിന് മനസിലായി. സമദ് അതാലോചിച്ച് ചിരിച്ച് വണ്ടിയുമായി കോഴിക്കോട്ടേക്ക് പാഞ്ഞു....

 

വര: സ്വാലിഹ അഷ്റഫ്

 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media