'ഒരു അമുസ് ലിമിന്റെ പ്രിയപ്പെട്ട ഇസ്്‌ലാം' എന്നൊരു ഗ്രന്ഥം എഴുതാന്‍ എനിക്ക് പ്രധാന പ്രേരണയായത് പ്രവാചകന്റെ ജീവിതത്തെക്കുറിച്ചുള്ള വായിച്ചറിവാണ്. താന്‍ പ്രബോധനം നടത്തിയ വിശ്വാസപ്രമാണം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവാചകന്‍ പരമാവധി ശ്രദ്ധിച്ചു എന്നതു തന്നെയാണ് മുഹമ്മദ് നബിയുടെ മഹത്വം.
വാക്കും പ്രവൃത്തിയും ഒന്നാകണമെന്നു നാം പറയാറുണ്ട്. എന്നാല്‍, ബഹുഭൂരിപക്ഷവും അതു വാക്കില്‍ മാത്രം ഒതുക്കും. മറ്റുള്ളവരെ സദാചാരം ഉപദേശിക്കാന്‍ നമ്മളെല്ലാം മിടുക്കരാണ്. അതേസമയം, സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തി സമൂഹത്തിനു മാതൃകയാകാന്‍ എത്ര പേര്‍ക്കു കഴിയുന്നുണ്ട്? അങ്ങനെ സ്വയം മാതൃകയാകുന്നവരെയാണ് നാം വാക്കും പ്രവൃത്തിയുമൊത്തവര്‍ എന്നു പറയുക. മുഹമ്മദ് നബി അങ്ങനെ മാതൃകയായി ജീവിച്ചയാളായിരുന്നു.
പ്രവാചകന്റെ മാതൃകാപരമായ പ്രവൃത്തിയില്‍ പ്രഥമ സ്ഥാനം ലാളിത്യത്തിനാണ്. ഖദീജാ ബീവിയെ വിവാഹം കഴിക്കുന്നതിനു മുമ്പത്തെ കാലത്തെ ആര്‍ഭാടരഹിതമായ ജീവിതത്തിന് `അനാഥത്വ'മെന്ന കാരണം പറയാമായിരുന്നു. സമ്പന്നയായ ഖദീജയുടെ വരന് ലളിത ജീവിതമുപേക്ഷിക്കാമായിരുന്നല്ലോ.
പ്രവാചകത്വത്തിന്റെയും പ്രബോധന ജീവിതത്തിന്റെയും ആദ്യകാലത്ത് കടുത്ത പ്രതിസന്ധികളെ നേരിട്ടിരുന്നതിനാല്‍ ലളിതജീവിതമേ സാധ്യമാകൂ എന്നു വേണമെങ്കില്‍ പറയാം. മദീനയും മക്കയുമുള്‍പ്പെടെ വിസ്തൃതമായ ഭൂപ്രദേശത്തിന്റെ അധിപനായപ്പോഴോ? അപ്പോഴും ലാളിത്യം തന്നെയായിരുന്നു പ്രവാചകന്റെ മുഖമുദ്ര.
പ്രവാചകന്‍ ജീവിതാന്ത്യം വരെ താമസിച്ചത് കൊട്ടാരത്തിലോ രമ്യഹര്‍മ്യത്തിലോ ആയിരുന്നില്ല. പനമ്പട്ട മേഞ്ഞ, മഴ പെയ്താല്‍ ചോരുന്ന വീട്ടിലായിരുന്നു. പ്രാര്‍ഥിച്ച പള്ളിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. പ്രവാചകന്റെ മരണകാലത്ത് അദ്ദേഹത്തിന്റെ പരിചപോലും പണയത്തിലായിരുന്നു. നമ്മള്‍ കണ്ടുപഠിക്കേണ്ടതല്ലേ ഈ ലാളിത്യമാതൃക?
പ്രവാചകന്‍ യുദ്ധക്കൊതിയനായിരുന്നില്ല. അതേസമയം, യുദ്ധതന്ത്ര നിപുണനായ സൈന്യാധിപനായിരുന്നു. മുസ്്‌ലിംകളെ മുച്ചൂടും മുടിക്കാന്‍ ഖുറൈശികളുടെ നേതൃത്വത്തില്‍ സകലശത്രുക്കളും കോപ്പുകൂട്ടുകയാണെന്ന് അറിഞ്ഞയുടന്‍ അവര്‍ക്കു സംഘടിക്കാന്‍ അവസരം നല്‍കാതെ പോരാട്ടത്തിനു നിര്‍ബന്ധിതരാക്കാന്‍ അബു സുഫ് യാന്റെ സാര്‍ഥവാഹക സംഘത്തെ ആക്രമിച്ചത് ആ യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നു. ബദ്ർ യുദ്ധത്തില്‍ പാറക്കെട്ടുകള്‍ക്ക് ഇരുപുറവുമുള്ള തന്ത്രപ്രധാനമായ ഭാഗത്ത് സ്വന്തം സൈന്യത്തെ വിന്യസിപ്പിച്ചതും കിടങ്ങുയുദ്ധത്തില്‍ അസാമാന്യ ശക്തിയുള്ള എതിരാളികളെ നേരിടാന്‍ താവളത്തിനു ചുറ്റുഭാഗത്തും കിടങ്ങു നിര്‍മിച്ചതുമൊക്കെ നബിയുടെ യുദ്ധതന്ത്രത്തിന് ഉദാഹരണമാണ്. അക്കാലത്തെയും ഇക്കാലത്തെയും സൈന്യാധിപന്മാരില്‍ നിന്നു വ്യത്യസ്തമായി യുദ്ധമുഖത്ത് പ്രവാചകന്‍ പോരാളിയായി ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക.
ഇസ്്‌ലാമിന്റെ മുഖമുദ്രയായി പറയാറുള്ളത് സാഹോദര്യമാണ്. പ്രവാചകന്‍ ജീവിതത്തിലുടനീളം സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഖുറൈശികളുടെ നിരന്തരദ്രോഹം മൂലം മദീനയിലെത്തിയ മുസ്്‌ലിംകളും മദീനാ നിവാസികളും തമ്മില്‍ മാനസിക ഐക്യം ഉണ്ടാക്കിയെടുക്കുകയായിരുന്നു പ്രവാചകന്റെ പ്രഥമ കര്‍ത്തവ്യം. തങ്ങള്‍ക്കുള്ളതിന്റെ പാതി മക്കയില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ സഹോദരങ്ങള്‍ക്കു നല്‍കാന്‍ മദീനാവാസികള്‍ തയ്യാറാകുന്ന തരത്തിലേക്ക് ആ ഹൃദയബന്ധം വളര്‍ന്നു.
ബദ്ർ മുതല്‍ ഒട്ടേറെ യുദ്ധങ്ങള്‍ക്ക് പ്രവാചകന്‍ നേരിട്ട് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും രക്തക്കൊതിയനായിരുന്നില്ല, സമാധാനപ്രിയനായിരുന്നു പ്രവാചകന്‍. ഒട്ടേറെ വിട്ടുവീഴ്ചകള്‍ നടത്തിയ ഹുദൈബിയ സന്ധി അതിന് ഉദാഹരണമാണ്. അതിന്റെ പരിണിതഫലമായാണല്ലോ മക്ക പോരാട്ടമൊന്നുമില്ലാതെ, തികച്ചും രക്തരഹിതമായി പ്രവാചകന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.
ക്ഷമിക്കലും പൊറുക്കലും മികച്ച ശീലമാണെന്നു നമ്മള്‍ പറയും. അതു പ്രാവര്‍ത്തികമാക്കാന്‍ എത്ര പേര്‍ക്ക് കഴിയാറുണ്ട്? അവിടെയാണ് പ്രവാചകന്റെ മാതൃക. മക്ക പ്രവാചകന്റെ അധീനത്തിലായപ്പോള്‍ പണ്ട് തന്നെ ദ്രോഹിച്ച ഖുറൈശികളോടെല്ലാം പകരം വീട്ടാമായിരുന്നു. പ്രവാചകന്‍ അതു ചെയ്തില്ല. യുദ്ധത്തില്‍ കൊല്ലപ്പെട്ട തന്റെ മാതുലന്റെ കരള്‍ പിഴുത് വിഴുങ്ങാന്‍ ശ്രമിച്ച ഹിന്ദിനോടുപോലും 'നിന്നോടു പൊറുത്തിരിക്കുന്നു` എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം.
ഇസ്്‌ലാം വിമര്‍ശകര്‍ അതിനിശിതമായി കുറ്റപ്പെടുത്തുന്നത് മുഹമ്മദ് നബിയുടെ 'വിഷയാസക്തി'യെക്കുറിച്ചാണ്. ഇസ്്‌ലാമില്‍ പുരുഷന് പരമാവധി അനുവദിക്കപ്പെട്ടത് നാലു വിവാഹം മാത്രമാണെങ്കിലും മുഹമ്മദ് അതില്‍ എത്രയിരട്ടി വിവാഹം കഴിച്ചു എന്നാണ് അവരുടെ ചോദ്യം. സാങ്കേതികാര്‍ഥത്തില്‍ അതു ശരിയാണ്. എന്നാല്‍, അത് കാമസംപൂര്‍ത്തി ലക്ഷ്യംവെച്ചായിരുന്നു എന്നു പറയാനാകുമോ? പ്രവാചകന്‍ വിവാഹം കഴിച്ചവരില്‍ മിക്കവരും യുദ്ധത്തില്‍ മരിച്ച മുസ്്‌ലിം യോദ്ധാക്കളുടെ വിധവകളായിരുന്നു. അവര്‍ ചെറുപ്പക്കാരികളുമായിരുന്നില്ല.
തങ്ങളുടെ ആചാരത്തിനും വിശ്വാസത്തിനുമെതിരായ പ്രബോധനം നടത്തിയ ആരംഭകാലത്ത് മുഹമ്മദിനെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ഖുറൈശി പ്രമാണിമാര്‍ ആകര്‍ഷകമായ പ്രലോഭനങ്ങള്‍ നല്‍കുന്നുണ്ട്. `ചോദിക്കുന്നത്ര സമ്പത്തുതരാം, ഭരണാധികാരം തരാം, അപ്സര തുല്യരായ കന്യകമാരെ എത്ര വേണമെങ്കിലും തരാം' എന്നൊക്കെയായിരുന്നു വാഗ്ദാനം.
വിഷയാസക്തനായ ഒരാള്‍ തീര്‍ച്ചയായും അവ സര്‍വാത്മനാ സ്വീകരിക്കുകയല്ലേ ചെയ്യുക. പ്രവാചകന്‍ നല്‍കിയ മറുപടി, 'എന്റെ ഒരു കൈയില്‍ സൂര്യനെയും മറു കൈയില്‍ ചന്ദ്രനെയും വെച്ചു തന്നാല്‍പ്പോലും ഞാന്‍ എന്റെ വിശ്വാസത്തില്‍ നിന്നു പിന്മാറില്ല' എന്നായിരുന്നു.