ചോദ്യം: അടുത്തിടെ എന്റെ പ്രിയമാതാവ് മരണപ്പെട്ടു. മയ്യിത്തിന് നമസ്‌കരിക്കാന്‍ ഞാനും എന്റെ സഹോദരിമാരും തയാറെടുത്തു. എന്നാല്‍ സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കാന്‍ പാടില്ല എന്ന് എന്റെ സഹോദരനും കാരണവന്മാരും ഞങ്ങളെ കര്‍ശനമായി വിലക്കി. സ്ത്രീകളുടെ മയ്യിത്ത് നമസ്‌കാരവുമായി ബന്ധപ്പെട്ട യഥാര്‍ഥ ഇസ്്ലാമിക വിധി എന്താണ്? ചരിത്രത്തില്‍ ഇതിന് വല്ല ഉദാഹരണവും ഉണ്ടോ?
റബീഹ സലാം, പരപ്പനങ്ങാടി
സമാനമായ ചോദ്യത്തിന് ലോകപ്രശസ്ത പണ്ഡിതനും സുഊദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ഇബ്നു ബാസിന്റെ മറുപടി ഉദ്ധരിക്കാം:
'തീര്‍ച്ചയായും നമസ്‌കരിക്കാം. ജനാസക്ക് വേണ്ടിയുള്ള നമസ്‌കാരം പുരുഷനും സ്ത്രീക്കും ശറഇല്‍ നിശ്ചയിക്കപ്പെട്ടതാകുന്നു. സ്ത്രീക്ക് വീട്ടിലോ പള്ളിയിലോ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. അതിലൊന്നും ഒരു തെറ്റുമില്ല. നബി പത്നി ആഇശ(റ)യും മറ്റ് സ്വഹാബി വനിതകളും സഅ്ദുബ്നു അബീ വഖ്വാസിന്റെയും മയ്യിത്തിന് വേണ്ടി നമസ്‌കരിച്ചിട്ടുണ്ട്.''
ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ് ക്രോഡീകരിച്ച, സ്ത്രീയുടെ മയ്യിത്ത് നമസ്‌കാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന്നുള്ള മറുപടി ഇങ്ങനെ സംഗ്രഹിക്കാം:
ചോദ്യം: സ്ത്രീകള്‍ക്ക്, മയ്യിത്തിന് വേണ്ടി വീടുകളില്‍ ജമാഅത്തായി നമസ്‌കരിക്കുന്നത് അനുവദനീയമാണോ?
മറുപടി: ''മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ വീട്ടില്‍ നമസ്‌കരിക്കുന്നതില്‍ തെറ്റില്ല. അവര്‍ ഒന്നിച്ച് ജമാഅത്തായി നമസ്‌കരിക്കുന്നതാണ് ഏറെ ശ്രേഷ്ഠം. വീട്ടില്‍ വെച്ച് സ്ത്രീകള്‍ക്ക് ജനാസ നമസ്‌കാരം നിര്‍വഹിക്കാന്‍ ശര്‍ഇല്‍ അനുവാദം ഉണ്ടെന്നതിന് തെളിവ്:
'ആഇശ(റ): സഅ്ദുബ്നു അബീവഖാസ് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മയ്യിത്ത് നബി പത്നിമാര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് കൂടി നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് കൊണ്ടുപോകാനും നമസ്‌കരിക്കാനും പറഞ്ഞ് ദൂതനെ അയച്ചു. നബി പത്നിമാര്‍ അങ്ങനെ ചെയ്തു'' (മുസ്്ലിം).
ഇമാം നവവി: 'സ്ത്രീകള്‍ക്ക്, പുരുഷന്മാരോടൊപ്പം, പുരുഷ ഇമാമിനെ പിന്തുടര്‍ന്നുകൊണ്ട് നമസ്‌കരിക്കാം.''
ഇനി സ്ത്രീകള്‍ മാത്രമാണെങ്കില്‍ ഇമാം ശാഫിഈയുടെയും ഒരു കൂട്ടം പണ്ഡിതന്മാരുടെയും അഭിപ്രായം: അവര്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതാണ് നല്ലത്. ഇനി അവരില്‍ ഒരാള്‍ ഇമാമായി നമസ്‌കരിച്ചാലും അനുവദനീയമാണ്. മറ്റ് നമസ്‌കാരങ്ങളില്‍ ജമാഅത്ത് സുന്നത്തായത് പോലെ ഇതും ഗണിക്കാം.''
ശൈഖ് ഇബ്നു ഉസൈമിനോട് ഇതേ ചോദ്യം ഉന്നയിച്ചു.
ചോദ്യം: ''സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം അനുവദനീയമാണോ?''
മറുപടി: 'അനുവദനീയമാണ്. പള്ളിയിലായാലും വീട്ടിലായാലും സ്ത്രീക്ക് മയ്യിത്ത് നമസ്‌കാരം അനുവദനീയമാണ്.''
ചോദ്യം: സ്ത്രീക്ക് മയ്യിത്ത് നമസ്‌കാരം വീട്ടിലാണോ പള്ളിയിലാണോ നല്ലത്?''
മറുപടി: ''വീട്ടില്‍ വെച്ചുള്ള നമസ്‌കാരമാണ് സ്ത്രീക്ക് ശ്രേഷ്ഠം. ഇനി പുറത്ത് പോയി പുരുഷന്മാര്‍ക്ക് ഒപ്പം നമസ്‌കരിക്കുന്നതിലും തെറ്റില്ല. എന്നാല്‍ അത് നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെയാണ് അഭികാമ്യം.'' (മജ്മൂഉല്‍ ഫതാവാ: 17/114)
ചോദ്യം: 'ഹറമില്‍ മയ്യിത്ത് നമസ്‌കാരത്തിന് ആഹ്വാനം ഉണ്ടാകുമ്പോള്‍ സ്ത്രീക്ക് അതില്‍ പങ്കുകൊള്ളാമോ? സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരം കറാഹത്താണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.''
മറുപടി: 'സ്ത്രീക്ക് മയ്യിത്ത് നമസ്‌കാരം ഹറമിലാകട്ടെ, അല്ലാത്തിടത്താവട്ടെ നിര്‍വഹിക്കാം. അതില്‍ ഒരു കറാഹത്തുമില്ല. കറാഹത്ത് ജനാസയെ അനുഗമിക്കുന്നതും നിരന്തര സന്ദര്‍ശനവുമാണ്.''
ചോദ്യം: മയ്യിത്ത് നമസ്‌കാരം ഒന്നില്‍ കൂടുതല്‍ തവണ നിര്‍വഹിക്കുന്നത് അനുവദനീയമാണോ?
സമീപത്തെ പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്ത് നമസ്‌കരിച്ചു. അടുത്തുള്ള മറ്റൊരു പള്ളിയിലാണ് മറമാടല്‍. അവിടെയും നമസ്‌കാരമുണ്ട്. അവിടെയും എനിക്ക് പങ്കെടുക്കാമോ?
മറുപടി: 'ആവര്‍ത്തിച്ചുള്ള മയ്യിത്ത് നമസ്‌കാരം അനുവദനീയമാണ്. നമസ്‌കരിക്കാന്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുമെന്ന് പരിഗണിച്ചും കൂടുതല്‍ ആളുകളുടെ പ്രാര്‍ഥനയും ശഫാഅത്തും കിട്ടുമെന്ന് ചിന്തിച്ചും ഒരാള്‍ വീണ്ടും അതേ മയ്യിത്തിന്, നമസ്‌കരിക്കണമെന്നാഗ്രഹിച്ചാല്‍ ശര്‍ഇല്‍ അതിന്ന് ഒരു തടസ്സവും ഇല്ല. ഈ ചോദ്യത്തിന് ഇബ്നുബാസ് നല്‍കിയ മറുപടി:
അതില്‍ യാതൊരു തെറ്റുമില്ല. ഒരാള്‍ നമസ്‌കരിച്ചു. പിന്നെ വീണ്ടും കുറെ ആളുകള്‍ നമസ്‌കരിക്കാന്‍ വന്നു. അവരോടൊപ്പം ഖബറിന്നരികെ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തുവെന്നിരിക്കട്ടെ. തെറ്റില്ല; മറ്റ് നമസ്‌കാരങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലെ തന്നെ. ഒരാള്‍ സാധാരണ നമസ്‌കാരം ഒരിടത്ത് നമസ്‌കരിച്ചു. പിന്നീട് മറ്റൊരു പള്ളിയിലും നമസ്‌കാരം നടക്കുന്നത് അയാള്‍ കണ്ടെന്നിരിക്കട്ടെ. അയാള്‍ക്ക് അവരോടൊപ്പം വീണ്ടും നമസ്‌കരിക്കാം. നബി(സ) അങ്ങനെ അനുവാദം നല്‍കിയിട്ടുണ്ട്. ആവര്‍ത്തനത്തില്‍ തെറ്റില്ല.''