സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കി ഇന്‍ഫാകിന്റെ മികച്ച യൂനിറ്റിനുള്ള
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സംഗമം വെല്‍ഫെയര്‍ സൊസൈറ്റിയുടെ കോഴിക്കോട്
ജില്ലയിലെ കുന്ദമംഗലം യൂനിറ്റിന്റെ സ്വീകാര്യതയെക്കുറിച്ച്
വനിതകളുടെ വ്യക്തിത്വ വികാസത്തിനും ശാക്തീകരണത്തിനും കൂട്ടായ്മകള്‍ക്കും വേണ്ടി ഒട്ടനവധി പദ്ധതികള്‍ സംസ്ഥാനത്ത് നേതൃത്വം നല്‍കി ഒരു ദശാബ്ദമായി തലയെടുപ്പോടെ മികച്ചു നില്‍ക്കുന്ന സംഗമം വെല്‍ഫെയര്‍ സൊസൈറ്റിയുടെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം യൂനിറ്റ് ഇന്‍ഫാകിന്റെ മികച്ച യൂനിറ്റിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പലിശ രഹിത വായ്പാ സംവിധാനങ്ങള്‍ നിര്‍ധനരായ കുടുംബങ്ങളുടെ വീടെന്ന സ്വപ്നങ്ങള്‍ക്കും വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കും നിറം പകര്‍ന്നു നല്‍കി. സാമൂഹിക സേവന മേഖലകളില്‍ കൃത്യമായ ചുവടുവെപ്പുകള്‍ നടത്തി. ആഘോഷങ്ങളും ആനന്ദങ്ങളും പങ്കിടുന്ന, ആദരവുകളും അഭിനന്ദനങ്ങളും കൈമാറുന്ന ഇടപെടലുകള്‍ ജാതി-മത ചിന്തകള്‍ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി നടത്തിയ കാലഘട്ടത്തിന്റെ നാട്ടിലെ നിര്‍ണായക ചാലക ശക്തിയായ സംഗമം സൊസൈറ്റി അംഗീകാരമുള്ള ഒരു ആശ്വാസ കേന്ദ്രം കൂടിയാണ്. അയല്‍പക്ക ബന്ധങ്ങള്‍ കൂട്ടിയിണക്കുകയും അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്താണ് സേവനങ്ങള്‍ ജനഹൃദയങ്ങളില്‍ സ്വാധീനമുറപ്പിച്ചത്. കാര്യക്ഷമവും ക്രമീകൃതവുമായ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷകമാണെന്നത് സ്വീകാര്യതക്ക് ആക്കം കൂട്ടി.
അയല്‍ക്കൂട്ടങ്ങള്‍
20 അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ ആഴ്ചയില്‍ 10 രൂപയില്‍ കൂടുതലുള്ള ലഘുസമ്പാദ്യം നിക്ഷേപിക്കുകയും 30,000 മുതല്‍ ഒരു ലക്ഷം വരെ ആന്തരിക വായ്പകള്‍ പലിശ രഹിതമായി വിതരണം നടത്തുകയും ചെയ്യുന്ന രീതിയുള്ളതിനാല്‍ ബാങ്ക് വായ്പകള്‍ അടച്ചു തീര്‍ക്കല്‍, വിവാഹാവശ്യങ്ങള്‍, വീടു നിര്‍മാണം, വിദ്യാഭ്യാസ ഫീസുകള്‍ തുടങ്ങിയവക്ക് വലിയ ആശ്വാസമാണ്. ഒരു കുടുംബത്തില്‍നിന്ന് ഒരംഗം എന്ന് പരിമിതപ്പെടുത്താത്തതിനാല്‍ ഒന്നിലധികം ലോണെടുത്ത് ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനാല്‍ സംഗമത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍നിന്ന് വട്ടിപ്പലിശക്കാരുടെ ഇടപാടുകള്‍ അവസാനിച്ചത് സംഗമത്തിന്റെ അംഗീകാരമാണ്.
പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സ്റ്റാര്‍ട്ട് അപ് പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കുള്ള ശില്‍പശാല ഒരുക്കിയപ്പോള്‍ അംഗങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിക്കുന്നതിനുള്ള കച്ചവട തന്ത്രങ്ങളും ഊര്‍ജവും ലഭ്യമായി. വനിതകളുടെ സാമ്പത്തിക ശാക്തീകരണം സാമൂഹികാംഗീകാരത്തിനുള്ള അനിവാര്യതയെന്ന തിരിച്ചറിവില്‍നിന്നും ഏകദേശം എല്ലാ യൂനിറ്റുകളും ഒറ്റക്കും സംഘം ചേര്‍ന്നും വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ തയ്യാറായി. മുറുക്ക്, അവലോസ് പൊടി, ധാന്യപ്പൊടി, മസാലപ്പൊടികള്‍, അരിപ്പൊടി, മസാല ചായ തുടങ്ങിയവ വൃത്തിയിലും വിശ്വാസ്യതയിലും ഗുണമേന്മയിലും അയല്‍ക്കൂട്ടങ്ങളിലും പരിസര പ്രദേശത്തുമായി വില്‍പന ആരംഭിക്കുകയും മൊത്തം അയല്‍ക്കൂട്ട ഗ്രൂപ്പുകള്‍ അവ ഏറ്റെടുക്കുകയും ചെയ്തു. എല്‍.ഇ.ഡി ബള്‍ബു നിര്‍മാണത്തില്‍ അംഗീകൃത പരിശീലനം നേടി ആ രംഗത്തേക്കും പ്രവേശിക്കുകയുണ്ടായി.
പകല്‍ സമയങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സഹോദരിമാര്‍ അഭിരുചിക്കനുസൃതമായി ജോലികള്‍ ഭാഗിച്ചെടുത്ത്, ആസ്വാദ്യകരമായാണ് ഉല്‍പന്നങ്ങള്‍ തയാറാക്കുന്നത്. അവരവരുടെ തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപണന സാധ്യത ഏറെ സൗകര്യപ്രദമാണ്. ഉല്‍പന്നങ്ങള്‍ തികയാത്ത സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. മുഴുവന്‍ അംഗങ്ങളുമടങ്ങുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ സഹായം പരസ്യത്തിനും വിപണനത്തിനും ഏറെ ഗുണം ചെയ്യുന്നു. കൂടാതെ വര്‍ഷത്തില്‍ മെഗാ വിപണന മേളയും ഒരുക്കുന്നത്, ഇടനിലക്കാരില്ലാതെ നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയില്‍ ഉപഭോക്താവിന് ലഭ്യമാക്കാനും നിര്‍മാതാവിന് ലാഭം കിട്ടുന്നതിനും ഏറെ ഗുണകരമാണ്. പണിയായുധങ്ങളായ കൈക്കോട്ട്, ചട്ടി, പിക്കാസ്, വാട്ടര്‍ ടാങ്കുകള്‍ തുടങ്ങിയ സാധനങ്ങള്‍ വാടകക്ക് നല്‍കുന്ന ഷോറൂം ആരംഭിച്ചത് വേറിട്ട വഴി അന്വേഷിച്ചായിരുന്നു.
വനിതകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി 50-ലധികം മെഷീനുകള്‍ സൗജന്യമായി വിതരണം നടത്തി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നൂറോളം വനിതകള്‍ രക്തദാനത്തിന് സന്നദ്ധരായി വന്നത് സാമ്പത്തിക അഭിവൃദ്ധി എന്നപോലെ സാമൂഹിക അഭിവൃദ്ധി എന്ന ലക്ഷ്യത്തോടെയായാിരുന്നു, വയനാട് പ്രകൃതി ദുരന്തത്തില്‍ ഒന്നരലക്ഷത്തിലധികം രൂപയാണ് സംഗമം സമാഹരിച്ച് നല്‍കിയത്.
പാലിയേറ്റീവ് രംഗത്തെ മറക്കാതിരുന്ന സംഗമം സൊസൈറ്റി കിടപ്പുരോഗികളുടെ താങ്ങും തണലുമാണ്. എയര്‍ ബെഡുകള്‍, വീല്‍ ചെയറുകള്‍, വാക്കറുകള്‍ തുടങ്ങി അവശ്യ സാധനങ്ങള്‍ക്ക് സംഗമത്തെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. കാര്‍ഷിക മേഖലയില്‍ നൂതനാശയങ്ങളുമായാണ് പുരയിട കൃഷി സംരംഭങ്ങള്‍. ഒരേ ദിവസം വിത്തിറക്കി നിശ്ചിത കാലയളവില്‍ വിളവുകള്‍ നടത്തി കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കൃഷിയോട് ആഭിമുഖ്യപ്പെടാന്‍ എല്ലാ അംഗങ്ങളും തയാറായി.
സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി തൊഴിലന്വേഷകരുടെ ബയോഡാറ്റ ശേഖരിക്കുകയും സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി സഹകരിച്ച് തൊഴിലുറപ്പ് നല്‍കുകയും ചെയ്യുന്ന സംവിധാനത്തിലൂടെ വിശ്വസ്തരായ ജോലിക്കാരെ തേടി സംഗമത്തെ പൊതുരംഗത്തുള്ളവര്‍ കൂടി സമീപിക്കുന്ന രീതിയിലേക്ക് മാറ്റി. സാംസ്‌കാരിക രംഗത്തെ ഒരു കുതിപ്പാണ് സംഗമം ലൈബ്രറി.
വിപണന തന്ത്രങ്ങളാണ് സംഗമത്തിന്റെ മുതല്‍ക്കൂട്ട്. വിശ്വാസ്യമായ രീതിയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ മുഴുവന്‍ അംഗങ്ങളും അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ആകര്‍ഷകമായി പരസ്യം ചെയ്യുന്നു. രണ്ട് മുഴുസമയ സ്റ്റാഫിന്റെ സേവനത്തോടെ ദിവസവും സാമ്പത്തിക വിനിമയങ്ങള്‍ സജീവമായി നടക്കുന്നു. യൂനിറ്റുകളെ ചലിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിന് നല്ല സാമൂഹിക ബന്ധങ്ങള്‍ക്കൊപ്പം ഇന്‍ഫാകിന്റെ സംവിധാനങ്ങളുമായി സൊസൈറ്റി കൈകോര്‍ക്കുന്നു.