സ്വന്തം വീട്ടുമുറ്റത്ത്,
ഒരു പെണ്‍കുട്ടി
ഏറെ പ്രതീക്ഷയോടെ
ജമന്തിപ്പൂവിന്‍ ചെടി നട്ടു.
മൊട്ടുകളില്‍ സ്വപ്നങ്ങളുള്ളത്.
വെള്ളം നനച്ച്, വളമിട്ട്,
ഒരു ചെറു ചിരിയോടെ
അത് പൂവാകുന്നതും
തലയില്‍ ചൂടുന്നതും
സ്വപ്നം കണ്ട്,
ഭാവിയുടെ ജമന്തിമണത്തില്‍
അവളൊന്നു മയങ്ങി.
പക്ഷേ,
ഉറക്കം ഞെട്ടിയുണര്‍ന്നത്
ബുള്‍ഡോസറിന്റെ ഭീകര മുരള്‍ച്ചയില്‍!
പക തീര്‍ക്കുന്ന ഭ്രാന്തനെപ്പോലെ
എല്ലാമവന്‍ വിഴുങ്ങുകയാണ്.
അതിന്റെ ഇരുമ്പു നഖങ്ങള്‍ക്കിടയില്‍
ജമന്തിപ്പൂ ഞെരിഞ്ഞമര്‍ന്നു.
കൂടെ അവളുടെ
ചിരികള്‍...
സ്വപ്നങ്ങള്‍...
ജീവിതം!
ക്രൂരതയുടെ ദംഷ്ട്രകളാല്‍, ആസ്വദിച്ചാസ്വദിച്ച്
വീടിന്റെ അവസാന തുള്ളി ചോരയും
അവന്‍ ഊറ്റിയൂറ്റിക്കുടിച്ചു.
എന്നിട്ടും,
ആ വീട്ടില്‍ തല ചായ്ക്കുന്ന മനുഷ്യരല്ലാതെ
മറ്റാരും കരഞ്ഞില്ല.
മറ്റാരുടെയുമുള്ള് പിടഞ്ഞില്ല.
യഥാര്‍ഥ്യമെന്ന് തോന്നാത്ത
നിര്‍വികാരത മാത്രം അവിടെ തങ്ങിനിന്നു.
സ്വപ്നങ്ങളെ കാറ്റില്‍ പറത്തി,
ഒന്നുമില്ലായ്മ അവസാനിപ്പിച്ച്,
അടുത്തതിനെ തേടി അത് പോയപ്പോഴും,
നിശ്ശബ്ദത മാത്രം ബാക്കി.
ചോരയുടെ മണമുള്ള നിശബ്ദത!
വറ്റത്തീര്‍ന്നിട്ടില്ലാത്ത ധൈര്യവും കൊണ്ട്
അവള്‍ നിയമത്തിന്റെ പടിവാതില്‍ക്കലേക്കോടി.
അപ്പോഴാണറിഞ്ഞത്:
നിയമം വെറും പുസ്തകത്താളുകള്‍,
ബുള്‍ഡോസറിന്റെ വിശപ്പിനെ തടയില്ല!
പലരുടെയും അടുത്തേക്കോടി.
പലരുടെ മുന്നില്‍ കൈകൂപ്പി.
പക്ഷെ, സ്വന്തം മുറ്റം കാക്കാന്‍
മൗനമാണ് നല്ലതെന്ന്
എല്ലാവരും കണ്ണുകളാല്‍ മന്ത്രിച്ചു.
ഇപ്പോള്‍, ചോദ്യങ്ങള്‍ക്ക് മറുപടി
ബുള്‍ഡോസറിന്റെ മുരള്‍ച്ച മാത്രം.
അധികാരത്തിന്റെ ഇരുമ്പുചങ്ങല!
നേരം ഇരുണ്ടപ്പോള്‍,
ബാക്കിവന്ന ജമന്തിച്ചെടി
അവള്‍ മറ്റൊരു മുറ്റത്തൊളിച്ചു നട്ടു.
ഇത്തവണ,
പേര്, വിലാസം, എല്ലാം ഭയത്തോടെ പരിശോധിച്ച് തന്നെ.
നവ'ഭാരത'ത്തിന്റെ മണ്ണില്‍,
പൗരത്വത്തിന്റെ മുറിവുകള്‍ രക്തം ചിന്തുന്നു.
സ്വത്വത്തിന് ക്ഷതമേല്‍ക്കുന്നു.
അസ്തിത്വം ചവിട്ടി മെതിക്കപ്പെടുന്നു.
പക്ഷെ, പാവം,
ജമന്തിപ്പൂക്കളെന്ത് പിഴച്ചു!