യുദ്ധങ്ങള്‍, അതിര്‍ത്തി സംഘര്‍ഷങ്ങള്‍, വംശഹത്യ, അഴിമതി, ദാരിദ്ര്യം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവ ലോകമെമ്പാടും മനുഷ്യജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ ഏതൊരാളും വിഷാദത്തിലേക്കും നിരാശയിലേക്കും വഴുതി വീഴുക സ്വാഭാവികമാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ ലോകം സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതാണെന്നും ഇത്രയധികം പ്രശ്‌നങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും പലരും പരിതപിക്കുന്നു. ഓരോ തലമുറയ്ക്കും പലതരം പ്രശ്‌നങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പുരോഗതി പ്രാപിച്ച ഈ കാലത്ത് അത്തരം പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കൂടുതല്‍ ദൃശ്യത കൈവരുന്നു എന്നു മാത്രം. ഉച്ചനീചത്വം മുമ്പും ഉണ്ടായിരുന്നു. നംറൂദിന്റെയും ഫറോവയുടെയും ഹിറ്റ്‌ലറിന്റെയുമൊക്കെ രൂപത്തില്‍ സ്വേഛാധിപതികള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തെ വിശകലനം ചെയ്യേണ്ടത് വിവിധ സമൂഹങ്ങളും വ്യക്തികളും എങ്ങനെയാണ് പ്രശ്‌നങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോയത് എന്ന നിലക്കാണ്.
നമുക്ക് മുമ്പിലുള്ള ശ്രദ്ധേയമായ കാലഘട്ടം മുഹമ്മദ് നബി(സ)യുടെ വരവിന് തൊട്ടുമുമ്പുള്ള ജാഹിലിയ്യ കാലഘട്ടവും പ്രവാചക കാലഘട്ടവുമാണ്. ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം യുദ്ധം ചെയ്തതിന്റെ ഫലമായി ദാരിദ്ര്യത്തിലും കടത്തിലും ആണ്ടുപോയ സമൂഹമാണ് മക്കയില്‍ ഉണ്ടായിരുന്നത്. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയും അവര്‍ക്കില്ലായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ആ കാലഘട്ടത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് മുഹമ്മദ് നബി (സ) തന്റെ ദൗത്യം ആരംഭിച്ചത്.
താമസിയാതെ നീതി, അനുകമ്പ, സമാധാനം, സമൃദ്ധി എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു നാഗരികതയിലേക്ക് ആ സമൂഹം പരിവര്‍ത്തിക്കപ്പെട്ടു. പ്രത്യാശയും ഊര്‍ജവും നിറഞ്ഞ പുതിയ പ്രഭാതം പൊട്ടിപ്പുറപ്പെടുന്നതിന് ലോകം സാക്ഷിയായി. ഇതിനായി ദിവ്യ വെളിപാടിന്റെ പിന്‍ബലത്തോടെ പ്രവാചകന്‍ (സ) പ്രയോഗിച്ച നിരവധി തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ ഭാവിയെക്കുറിച്ച ശുഭപ്രതീക്ഷകള്‍ ലിംഗ-വര്‍ഗ്ഗ-വര്‍ണ്ണ-പ്രാദേശിക പ്രായ ഭേദമില്ലാതെ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കി എന്നതാണ്. പ്രവാചകന്‍ തന്റെ അനുയായികളെ പ്രതീക്ഷയില്‍ നിലനിര്‍ത്തുകയും അവരുടെയും ചുറ്റുമുവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍ പകര്‍ന്നു നല്‍കിയ ഭാവിയെ കുറിച്ചുള്ള ചിന്ത കേവലം ഇഹലോകത്തിനു വേണ്ടി മാത്രമുള്ളതായിരുന്നില്ല. മറിച്ച്, മരണാനന്തര ജീവിതത്തെ കുറിച്ച് കൂടിയുള്ളതായിരുന്നു.
ഭാവിയെ കുറിച്ച പ്രതീക്ഷ
മറ്റ് ആത്മീയ നേതാക്കളില്‍നിന്ന് വ്യത്യസ്തമായി പ്രവാചകന്‍ (സ) ഈ ലോകത്ത് മനുഷ്യരുടെ നില മെച്ചപ്പെടുത്താനും ഭാവി ഭാസുരമാക്കാനും ഉതകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നല്‍കിപ്പോന്നു. മതം ചില ആരാധനാകര്‍മങ്ങള്‍ മാത്രമാണെന്ന വിശ്വാസത്തിന് വിരുദ്ധമായി ഇഹലോകത്തില്‍ മെച്ചപ്പെട്ട ജീവിതത്തിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞു. അനുയായികളുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥകള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിവരിച്ചു കൊടുത്തു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പാഠങ്ങള്‍ അവരെ പഠിപ്പിച്ചു. ഈ മാര്‍ഗനിര്‍ദേശങ്ങളുടെയെല്ലാം അടിസ്ഥാനം, അവരില്‍ മെച്ചപ്പെട്ട ജീവിതം നേടാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷ വളര്‍ത്തുക എന്നതായിരുന്നു.
ഉദാഹരണങ്ങള്‍
1) ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സംഭവങ്ങളിലൊന്നാണ് ഹുദൈബിയ സന്ധി. സഹാബികളില്‍ ഭൂരിഭാഗവും അത് ഒരു പരാജയമായിട്ടാണ് വിലയിരുത്തിയത്. എന്നാല്‍, അത് വലിയ വിജയത്തില്‍ കലാശിക്കുമെന്ന് നബി (സ) അവര്‍ക്ക് ഉറപ്പു നല്‍കി. രണ്ടു വര്‍ഷത്തിനുള്ളില്‍ രക്തച്ചൊരിച്ചിലില്ലാതെ മക്ക പിടിച്ചെടുക്കാന്‍ അവര്‍ക്കതിലൂടെ സാധിച്ചു.
2) ഖന്ദഖ് യുദ്ധവേളയില്‍ എല്ലാ അര്‍ഥത്തിലും തങ്ങളെക്കാള്‍ ശക്തരായ ഒരു സൈന്യത്തില്‍നിന്ന് മദീനയെ സംരക്ഷിക്കുന്നതിനായി കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കെ പ്രവാചകന്‍ (സ) അവര്‍ക്ക് അക്കാലത്തെ വന്‍ശക്തികളുടെ താക്കോലുകള്‍ വാഗ്ദാനം ചെയ്തു. ഭയവും വിശപ്പും ഒരുപോലെ കീഴടക്കിയ അവരുടെ അപ്പോഴത്തെ അവസ്ഥയില്‍നിന്ന് നിരാശയിലേക്ക് വഴുതിവീഴാതെ കര്‍മനിരതരായി നിലകൊള്ളാന്‍ അവര്‍ക്കത് സഹായകമായി. പ്രചോദനാത്മകമായ വാക്കുകളിലൂടെ അദ്ദേഹം ബാഹ്യ ശക്തികളുടെ ഇരകളായിമാറാതെ ചെറിയ പ്രയത്‌നങ്ങളിലൂടെ പോലും തങ്ങളുടെ അവസ്ഥ മാറ്റിയെടുക്കാന്‍ കഴിയും എന്ന ചിന്തയോടെ പ്രയത്‌നിക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കുകയാണ് ചെയ്തത്.
3) ഹിജ്‌റ വേളയില്‍ ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാം സ്വന്തമാക്കാന്‍ വേണ്ടി പ്രവാചകനെ പിടികൂടാന്‍ എത്തിയ സുറാഖക്ക് നല്‍കിയ വാഗ്ദാനമാണ് മറ്റൊന്ന്. അന്നത്തെ സൂപ്പര്‍ പവര്‍ ആയിട്ടുള്ള കിസ്‌റയുടെ വള അദ്ദേഹത്തിന് അണിയാന്‍ ലഭ്യമാക്കും എന്ന്. അത് എഴുതി നല്‍കണമെന്ന് സുറാഖ ആവശ്യപ്പെട്ടപ്പോള്‍ അതും ചെയ്തു. പ്രവാചകനും അനുയായികളും നാടും വീടും, നാളിതുവരെ തങ്ങള്‍ സമ്പാദിച്ചതുമെല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യുന്ന സന്ദര്‍ഭത്തിലാണിത് പറയുന്നത്.
4) മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു. നിങ്ങള്‍ ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന വേളയിലാണ് ലോകാവസാനത്തിന്റെ കാഹളം ഊതപ്പെടുന്നതെങ്കിലും ആ കര്‍മം നിങ്ങള്‍ തുടരുകയും തൈ നടുകയും ചെയ്യുക. പുതുജീവന്റെയും പ്രത്യാശയുടെയും ശക്തമായ ഈ പ്രതീകത്തിലൂടെ പ്രവാചകന്‍ (സ) പഠിപ്പിച്ചത് അനിവാര്യമായ സര്‍വനാശത്തിന്റെ മുന്നിലും മനുഷ്യ പരിശ്രമത്തിന് വലിയ മൂല്യമുണ്ടെന്നാണ്. ക്രിയാത്മകമായ പ്രവര്‍ത്തനം എത്ര ചെറുതാണെങ്കിലും അതൊരിക്കലും പാഴാകില്ലെന്നും വിശ്വാസികള്‍ ഒരിക്കലും നിരാശയ്ക്ക് കീഴടങ്ങരുതെന്നും ഇത് പഠിപ്പിക്കുന്നു.
മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പ്രത്യാശ
മനുഷ്യമനസ്സുകളില്‍ അല്ലാഹുവിനെ കുറിച്ച് പ്രവാചകന്‍ സൃഷ്ടിച്ച പ്രതിച്ഛായ പരമകാരുണികനും കരുണാവാരിധിയുമായ സ്രഷ്ടാവിന്റേതാണ്. വിശ്വാസികള്‍ക്കും പടച്ചവനും ഇടയില്‍ മധ്യസ്ഥരായി സ്വയം പരിചയപ്പെടുത്തുന്ന മറ്റ് ആത്മീയ ആചാര്യരില്‍നിന്ന് വ്യത്യസ്തമായി, ആളുകളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കുകയും ഒരു മധ്യസ്ഥനും ഇല്ലാതെ തങ്ങളുടെ ആവശ്യങ്ങള്‍ റബ്ബിനോട് നേര്‍ക്കുനേരെ ചോദിക്കാന്‍ അവര്‍ക്ക് കഴിയും എന്ന് പഠിപ്പിക്കുകയുമാണ് നബി (സ) ചെയ്തത്. സമൂഹത്താല്‍ തിരസ്‌കരിക്കപ്പെട്ട നിരാശരായ ദരിദ്രര്‍ക്കും അടിമകള്‍ക്കും അനാഥര്‍ക്കും സ്ത്രീകള്‍ക്കും അത് പ്രത്യാശ നല്‍കി. അല്ലാഹുവിന്റെ കാരുണ്യം മറ്റേതൊന്നിനേക്കാളും വലുതാണെന്നും അവരുടെ ഭാവി ഭൂതകാലത്തെക്കാള്‍ ശോഭനമാക്കാന്‍ അവര്‍ക്ക് അവനുമായി അടുക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം അവരെ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. അങ്ങനെ പ്രതീക്ഷയറ്റവര്‍ക്ക് അദ്ദേഹം പ്രതീക്ഷ നല്‍കി.
പരലോക ജീവിതത്തിലെ അനന്തമായ ആനന്ദം നുകരാന്‍ ആര്‍ക്കും ശ്രമിക്കാവുന്നതാണ്. ചില ഉദാഹരണങ്ങള്‍.
1) 'ആദം സന്തതികള്‍ എല്ലാവരും പാപം ചെയ്യുന്നവരാണ്. പാപികളില്‍ ഏറ്റവും ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണ്' (തിര്‍മിദി 2499) ലളിതവും എന്നാല്‍ അര്‍ഥഗര്‍ഭവുമായ ഈ പ്രവാചക വചനം അനേകം മനുഷ്യര്‍ക്ക് അവരുടെ അന്തസ്സ് വീണ്ടെടുക്കാനും പശ്ചാത്തപിക്കാനും സ്വയം മാറാനുമുള്ള അവരുടെ സന്നദ്ധതയാണ് അവരുടെ മൂല്യം നിര്‍ണയിക്കുന്നതെന്ന് വിശ്വസിക്കാനും ഉപകരിച്ചു.
2) പ്രവാചകന്റെ (സ) പ്രിയപ്പെട്ട അമ്മാവനായ ഹംസ(റ)നെ വധിച്ച വഹ്ശി ഇബ്‌നു ഹര്‍ബിന്റെ കഥയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണം. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഇസ്ലാം സ്വീകരിക്കാന്‍ മുന്നോട്ട് വന്നു. എന്നാല്‍, തന്റെ മുന്‍കാല കുറ്റകൃത്യത്തില്‍നിന്ന് തനിക്ക് മാപ്പ് ലഭിക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ (സ) അദ്ദേഹത്തിന് ഖുര്‍ആനിലെ വചനം ഓതിക്കേള്‍പ്പിക്കുകയാണ് ചെയ്തത്, ''പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയം വേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമ ദയാലുവും'' (39:53).
3) മറ്റൊരു സന്ദര്‍ഭത്തില്‍ നബി (സ) പറഞ്ഞു: 'അല്ലാഹു തന്റെ ദാസനോട് ഒരു മാതാവിനെക്കാള്‍ കരുണയുള്ളവനാകുന്നു' (ബുഖാരി 5999). നിരുപാധികമായ കരുതലിന്റെ സാര്‍വത്രിക പ്രതീകമായ മാതൃസ്‌നേഹത്തോടുള്ള ഈ താരതമ്യം അല്ലാഹുവിന്റെ സ്‌നേഹവും കരുണയും എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും പ്രാപ്യമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. പ്രത്യേകിച്ചും ബലഹീനതയുടെ നിമിഷങ്ങളില്‍.
4) അബൂദര്‍റ്(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലൂടെ നബി (സ) തന്റെ അനുയായികളെ പഠിപ്പിച്ചത്, അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളുണ്ടെന്നും ആരും തങ്ങളുടെ അവസ്ഥയില്‍ നിരാശപ്പെടേണ്ടതില്ലെന്നുമാണ്. സമ്പന്നരായ ആളുകള്‍ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതോടൊപ്പം സമ്പത്തില്‍നിന്ന് ചെലവഴിക്കുന്നതിലൂടെ തങ്ങളെക്കാള്‍ കൂടുതല്‍ പ്രതിഫലം നേടാന്‍ അര്‍ഹരാകുന്നു എന്ന് ചില അനുയായികള്‍ പരിതപിച്ചപ്പോഴാണ് അവരെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്: ''തസ്ബീഹും തക്ബീറും തഹ് ലീലും എല്ലാം സ്വദഖയാണ്. നന്മ കല്‍പ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും സ്വദഖയാണ്. ഭാര്യമാരുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുന്നതും സ്വദഖയാണ്.'' സ്വഹാബികള്‍ അത്ഭുതം കൂറിയത്രെ; ഞങ്ങളുടെ ശാരീരിക ആവശ്യം പൂര്‍ത്തീകരിക്കുന്നതിനും പ്രതിഫലമോ എന്ന്? അപ്പോള്‍ നബി (സ) ചോദിച്ചത്രേ; നിങ്ങള്‍ കാണുന്നില്ലേ, ആരെങ്കിലും അനുവദനീയമല്ലാത്ത മാര്‍ഗത്തില്‍ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ശിക്ഷ ലഭിക്കില്ലേ? അതുപോലെ നിങ്ങള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നതായിരിക്കും.
പ്രവാചക അധ്യാപനത്തിന്റെ സാരാംശം തന്നെ, മരണത്തോടെ ഈ ജീവിതം അവസാനിക്കുന്നില്ല എന്നതും പരലോകത്ത് നീതിയിലും സമാധാനത്തിലും നിത്യാനന്ദത്തിലും അധിഷ്ഠിതമായ ഒരു ജീവിതം കാത്തിരിക്കുന്നുണ്ട് എന്നുമുള്ള പ്രത്യാശയാണ്. ഈ പ്രതീക്ഷയാണ് വിശ്വാസികളെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് തങ്ങള്‍ക്കും ഇതര മനുഷ്യര്‍ക്കും നീതി ലഭ്യമാക്കുന്നതിനുള്ള പോരാട്ടത്തില്‍ സധൈര്യം മുന്നോട്ടു പോകാനും അതിനായി ജീവന്‍ ഉള്‍പ്പെടെ എന്തും ത്യജിക്കാനും പ്രാപ്തരാക്കുന്നത്. നേരെ മറിച്ച്, സ്രഷ്ടാവിന്റെ ശക്തിയിലും കാരുണ്യത്തിലും വിശ്വാസമില്ലാത്തതിനാല്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഭയവും ആശയക്കുഴപ്പവും സദാ പിടികൂടുന്നതു മൂലം കണ്‍മുന്നില്‍ കാണുന്ന അതിക്രമങ്ങള്‍ക്ക് നേരെ ശബ്ദിക്കാനോ അവക്കെതിരെ ചെറുവിരല്‍ അനക്കാനോ സാധ്യമാകാതെ പോകുന്നു. ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. പ്രവാചകന്‍ (സ) മാനവരാശിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം ശുഭപ്രതീക്ഷയും ലക്ഷ്യബോധവും അന്തസ്സും ശുഭാപ്തി വിശ്വാസവുമാണെന്ന് പറയാന്‍ കഴിയും. സ്വയം നന്മയിലേക്ക് മാറാനുള്ള മനുഷ്യന്റെ കഴിവില്‍ വിശ്വാസം ജനിപ്പിച്ച്, അനീതിയിലും അജ്ഞതയിലും നിരാശയിലും കഴിഞ്ഞു കൂടിയിരുന്ന ഒരു സമൂഹത്തിലേക്ക് അദ്ദേഹം വെളിച്ചം കൊണ്ടുവന്നു. ആ വെളിച്ചമാകട്ടെ, മക്കയിലോ മദീനയിലോ മാത്രം തങ്ങിനിന്നില്ല. ഭൂഖണ്ഡങ്ങള്‍ താണ്ടി ലോകത്തിന്റെ മുക്കിലും മൂലയിലും എത്തി വ്യക്തികളെയും സമൂഹങ്ങളെയും ഒരുപോലെ മാറ്റിമറിച്ചു.