നൂറുല്ലാഹ്...

നജീബ് കീലാനി
സെപ്റ്റംബർ 2025

(പൂര്‍ണ്ണചന്ദ്രനുദിച്ചേ....39)

 

ഇക് രിമയുടെ കൈ വാള്‍പിടിയിലേക്ക് നീണ്ടു.

''ഇല്ല, മുഹമ്മദിനും കൂട്ടര്‍ക്കും കീഴടങ്ങുന്ന പ്രശ്നമില്ല.''

പിന്നില്‍ ഭാര്യയുണ്ട്, ഉമ്മു ഹകീം. അവള്‍ ഇക് രിമയുടെ കൈപിടിച്ച് താഴ് മയായി അപേക്ഷിച്ചു.

''നിങ്ങള്‍ നിങ്ങളോടും നിങ്ങളുടെ മകനോടും കാരുണ്യം കാണിക്ക്. ആ മനുഷ്യന്‍ സത്യമാര്‍ഗത്തിലാണ്. നമ്മള്‍ എന്തെല്ലാം അതിക്രമങ്ങളാണ് അദ്ദേഹത്തോട് കാണിച്ചത്.''

ഇക് രിമ അവളെ ഊക്കോടെ തള്ളിമാറ്റി.

''ശപിക്കപ്പെട്ടവളേ, സത്യവും അസത്യവും പോയി തുലയട്ടെ. ഞാനിപ്പോള്‍ അതെപ്പറ്റിയൊന്നുമല്ല ചിന്തിക്കുന്നത്. എന്റെ ഹൃദയത്തില്‍ കലിപ്പും വിദ്വേഷവും നുരക്കുകയാണ്. മുഹമ്മദ് എന്റെ പിതാവിനെയും ബന്ധുക്കളെയും കൊന്നു. ഞങ്ങളുടെ ആത്മാഭിമാനം ചളിയിലിട്ട് ചവിട്ടിത്തേച്ചു. ആ മുഹമ്മദ് ജയിച്ച് വന്നാല്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ല.''

അവള്‍ കരഞ്ഞു. ശ്വാസം തടസ്സപ്പെട്ടു. പിന്നെ സംസാരിച്ചപ്പോള്‍ സമചിത്തത വീണ്ടെടുത്തിരുന്നു.

''അങ്ങനെയല്ല. മുഹമ്മദിന്റെ വിജയം മുഴുവന്‍ അറബ് ലോകത്തിനും അഭിമാന നിമിഷമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാശമാണ്, വഴികാട്ടുന്ന പ്രകാശം. എന്തൊരു നല്ല സ്വഭാവമാണ്! അത്രയും സ്വഭാവ മഹിമ മറ്റാര്‍ക്കുണ്ട്!''

ഇക് രിമ മുഖം തിരിച്ചു കളഞ്ഞു.

''എനിക്കിത്തരം വര്‍ത്തമാനങ്ങള്‍ കേള്‍ക്കണ്ട. എന്റെ രക്തം ചിന്താം എന്നാണല്ലോ മൂപ്പര്‍ പറഞ്ഞിരിക്കുന്നത്.''

''ഞാന്‍ ഉറപ്പിച്ചു പറയാം. റസൂല്‍ താങ്കള്‍ക്ക് മാപ്പ് തരാതിരിക്കില്ല.''

''അതെങ്ങനെ?''

''എനിക്ക് ഉറപ്പുണ്ട്.''

''ഞാന്‍ അബൂജഹലിന്റെ മകനാണ്. മുഹമ്മദിന്റെ അനുയായികളോട് വീറോടെ പൊരുതിയവനാണ്. ബക് ര്‍ ഗോത്രക്കാരെ ഇളക്കിവിട്ട് പ്രശ്നമുണ്ടാക്കിയവനാണ്. ഞാന്‍ ഇക് രിമ, എന്നെപ്പോലുള്ളവര്‍ക്ക് മാപ്പ് കിട്ടില്ല.''

ഇക് രിമ വിഷയം മാറ്റാന്‍ നോക്കി.

''അവരെന്റെ പിതാവിനെയല്ലേ കൊന്നുകളഞ്ഞത്.''

''യുദ്ധം അങ്ങനെയാണ്, ഇക് രിമാ. ആരൊക്കെ വാളേന്തിയോ അവര്‍ മരണത്തെ നേര്‍ക്കുനേര്‍ കാണേണ്ടി വരും. എത്രയോ മുസ് ലിംകളുടെ രക്തം ചിന്തിയ നിങ്ങളുടെ പിതാവിനെ മുസ് ലിംകള്‍ വെറുതെ വിടുമെന്നാണോ നിങ്ങള്‍ കരുതിയത്?''

അവള്‍ക്ക് കാലുകൊണ്ട് ഒരു തട്ടുകൊടുത്തു ഇക് രിമ.

''മാറി നില്‍ക്ക്. കീഴടങ്ങണമെന്ന് ലോകത്തുള്ള മുഴുവനാളുകള്‍ വന്നു പറഞ്ഞാലും ഞാന്‍ കീഴടങ്ങില്ല.''

വാള്‍ ഊരിപ്പിടിച്ച് തെരുവിലേക്ക് ചാടിയിറങ്ങി ഇക് രിമ...

മറ്റൊരിടത്ത്, ഹുവൈരിസ് വീട്ടിനകത്ത് ഇരിപ്പുറക്കാതെ നടക്കുകയാണ്. മുഖത്ത് ഒട്ടും തെളിച്ചമില്ല. ഭ്രാന്തന്റെ നോട്ടമാണ്.

''യുദ്ധം തന്നെ, പിടഞ്ഞു വീണ് ചലനം നിലക്കുന്നത് വരെ. അബൂസുഫ് യാന്‍ ആരെ വേണമെങ്കിലും വിളിച്ചോട്ടെ. ഇന്നുമുതല്‍ അയാളുടെ അഭിപ്രായത്തിന് കീഴൊതുങ്ങുന്ന പ്രശ്നമില്ല.''

അയാളുടെ ഭാര്യ വല്ലാതെ പേടിച്ച നിലയിലാണ്. അവള്‍ മുന്നറിയിപ്പായി പറഞ്ഞു.

''വലിയൊരു കുഴിയിലേക്കാണ് നിങ്ങള്‍ നിങ്ങളെ ചാടിക്കുന്നത്. മാപ്പ് കിട്ടാനുള്ള അവസരം അങ്ങനെ നിങ്ങള്‍ നഷ്ടപ്പെടുത്തുന്നു.''

പിശാചിനെപ്പോലെ അയാള്‍ പൊട്ടിച്ചിരിച്ചു.

''നീ പറയുന്ന ഈ മാപ്പ് കൊടുക്കലുണ്ടല്ലോ, അതിനേക്കാള്‍ വൃത്തികെട്ടതായി, അതിനേക്കാള്‍ ശപിക്കപ്പെട്ടതായി മറ്റൊന്നുമില്ല. മുഹമ്മദിന് വിധേയപ്പെട്ടുള്ള ജീവിതം, എനിക്ക് വെറുപ്പാണത്.''

ഭാര്യ ഇന്നുവരെ അയാളോട് കടുപ്പിച്ച വാക്കുകളൊന്നും പറഞ്ഞിട്ടില്ല. ഇന്നവള്‍ക്ക് അതിന് ധൈര്യമുണ്ടായി.

''എന്റെ അഭിപ്രായത്തില്‍ ഇത് തനി മണ്ടത്തരമാണ്.''

ഹുവൈരിസ് അവളുടെ നീണ്ടമുടിയില്‍ കുത്തിപ്പിടിച്ച് ഇടിക്കാനും ചവിട്ടാനും തുടങ്ങി; കാളയെപ്പോലെ അമറാനും.

''ഒരുമ്പെട്ടവളേ, ഇതൊക്കെ പറയാന്‍ നിനക്ക് നാവ് പൊങ്ങിയോ?''

അവളും വിട്ടുകൊടുക്കുന്നില്ല.

''മരണത്തിനും നിങ്ങള്‍ക്കുമിടയില്‍ കേറി നില്‍ക്കാനാണ് ഞാന്‍ നോക്കിയത്. നിങ്ങളുടെ ജീവന് വേണ്ടി.''

''ഇത് പെണ്ണുങ്ങളുടെ ദിവസമല്ല... മുഹമ്മദിന്റെ മകളോട് വളരെയധികം ക്രൂരത ഞാന്‍ ചെയ്തിട്ടുണ്ട്.''

പിന്നെ വെല്ലുവിളിക്കും മട്ടില്‍ അയാള്‍ തന്റെ വിളറിയ മുഖം ഉയര്‍ത്തി.

''ഞാന്‍ മുഹമ്മദിനെ വെറുക്കുന്നു. നിയതി എനിക്ക് അവസരമൊരുക്കിത്തന്നാല്‍ മുഹമ്മദിനെ ഞാന്‍ വധിച്ചിരിക്കും.''

വിയര്‍ത്തൊലിക്കുന്ന നെറ്റിത്തടം അയാള്‍ തുടച്ചുകൊണ്ടിരുന്നു.

''ഒറ്റപ്പെട്ടുപോയാലും മുഹമ്മദിനെതിരെ പോരാടുമെന്ന് എന്റെ ആളുകള്‍ക്ക് ഞാന്‍ വാക്കുകൊടുത്തതാണ്.... ആ വാക്ക് ഞാന്‍ ലംഘിക്കില്ല. ആണുങ്ങളുടെ വാക്ക് എന്താണെന്ന് നിനക്കറിയുമോ?''

അവള്‍ അയാളെ കോപത്തോടെ തുറിച്ചുനോക്കി.

''പതിനായിരം പേര്‍ മക്കയുടെ കവാടത്തില്‍ ചെന്നു മുട്ടുന്നു; മുഹമ്മദിന്റെ നേതൃത്വത്തില്‍ അബൂസുഫ് യാന്‍ തലകുനിച്ചു കഴിഞ്ഞു. അബ്ബാസ് താന്‍ ഇസ് ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചു. മക്കയിലെ പ്രമാണിമാര്‍ സ്വന്തം വീടുകളില്‍ ഒളിവിലാണ്. എന്നിട്ട് നിങ്ങള്‍ ഒറ്റയ്ക്ക് വിറയ്ക്കുന്ന കൈകളുമായി ഈ മലവെള്ളപ്പാച്ചിലിനെ തടുക്കാന്‍ ചെല്ലുന്നു!''

അവളുടെ നേരെ തുപ്പി, വാള്‍ ഉറയില്‍ നിന്നൂരി അയാള്‍ പുറത്തേക്ക് ചാടിയിറങ്ങിപ്പോയി.

കുറച്ചപ്പുറത്ത് ഹിന്ദ്, അബൂസുഫ് യാന്റെ ഭാര്യ മുഖത്തടിച്ചുള്ള നിലവിളി ഇപ്പോഴും നിര്‍ത്തിയിട്ടില്ല. വസ്ത്രങ്ങളൊക്കെ കീറിപ്പറിച്ചിട്ടുണ്ട്. ഉച്ചത്തില്‍ അവള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്: ''കേള്‍ക്കുന്നതൊക്കെ സത്യമാണോ അബൂസുഫ് യാന്‍? മുഹമ്മദ് മക്കയില്‍ കടക്കുകയോ, നിങ്ങളെല്ലാവരും തലകുനിച്ച് മുഹമ്മദിന്റെ ദീനില്‍ കൂടുകയോ? ഞാന്‍ ഉണര്‍ന്നിരിക്കുകയാണോ, അതോ സ്വപ്നം കാണുകയോ? നിങ്ങള്‍ക്കെങ്കിലും മാനവും തറവാടിത്തവും കാക്കാന്‍ വാളെടുത്ത് ഇറങ്ങാമായിരുന്നില്ലേ? നിങ്ങളുടെ സ്വന്തക്കാരെയല്ലേ അവര്‍ കൂട്ടക്കൊല ചെയ്തത്?

ഇതുപോലൊരു മാനക്കേട് ഇനി വരാനുണ്ടോ?''

അബൂസുഫ് യാന്‍ അല്‍പനേരം തലതാഴ്ത്തിനിന്നു. പിന്നെ അവള്‍ക്ക് നേരെ മുഖമുയര്‍ത്തി. നിശ്ചയദാര്‍ഢ്യം ആ മുഖത്ത് പ്രകടമായി.

''എപ്പോള്‍ യുദ്ധം ചെയ്യണം, എപ്പോള്‍ വാള്‍ ഉറയിലിടണം എന്ന് അബൂസുഫ് യാന് അറിയാം. നിന്റെ വായൊന്ന് പൂട്ട്. ഇനിയൊരക്ഷരം മിണ്ടിയാല്‍ എന്റെ ഈ വാള്‍ നിന്റെ കഴുത്തിലുണ്ടാവും.''

അവള്‍ ഭ്രാന്തിയെപ്പോലെ പൊട്ടിച്ചിരിച്ചു.

''ഹേ, ധീര വീര യോദ്ധാവേ.....''

പൊട്ടിച്ചിരി ഉടനെ ആര്‍ത്തലച്ചിലേക്ക് വഴിമാറി.

''പുകഞ്ഞു കത്തുന്ന ഈ കോപം എന്റെ ഹൃദയത്തെ നക്കിത്തുടക്കും. എന്റെ രക്തം ചിന്താന്‍ മുഹമ്മദ് അനുമതി കൊടുത്തിട്ടുണ്ട്. മുഹമ്മദിനെപ്പോലെ മറ്റൊരാളെയും ഞാനിത്രയധികം വെറുത്തിട്ടില്ല. സ്വയം ജീവനൊടുക്കുകയല്ലാതെ എന്റെ മുമ്പില്‍ വേറെ മാര്‍ഗമില്ല.''

അബൂസുഫ് യാന്‍ ശാന്തനായിക്കഴിഞ്ഞിരുന്നു. പതിഞ്ഞ ശബ്ദത്തിലാണ് സംസാരം പുറത്ത് വന്നത്. നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു.

''എത്ര നല്ല മനുഷ്യനാണ് മുഹമ്മദ്. നമ്മള്‍ അദ്ദേഹത്തെ കണ്ടമാനം ദ്രോഹിച്ചു, പിന്നെ നാടുകടത്തി. എന്തൊക്കെ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ തൊടുത്തുവിട്ടത്! പക്ഷേ, അദ്ദേഹം മാന്യത കൈവിട്ടില്ല. ആ ഉത്കൃഷ്ട സ്വഭാവങ്ങള്‍ക്ക് ഒരു പോറലുമേറ്റില്ല. നമ്മളാണെങ്കില്‍ ദുന്‍യാ പൂജകരായി നിരന്തരം അദ്ദേഹത്തെ കടന്നാക്രമിച്ചുകൊണ്ടിരുന്നു. ജൂത ഗോത്രങ്ങളുമായി നാം കരാറുണ്ടാക്കി; അദ്ദേഹത്തെ അടിക്കാന്‍ മാത്രം. ഇതിന്റെയെല്ലാം ഏറ്റവും മുന്നില്‍ ഞാനായിരുന്നല്ലോ. നിനക്കറിയുമോ അദ്ദേഹം എന്നെ എങ്ങനെയാണ് സ്വീകരിച്ചതെന്ന്? അദ്ദേഹത്തിന്റെ അനുയായികള്‍ എന്നെ കൊല്ലാന്‍ ഇരമ്പി വന്നതാണ്. പക്ഷേ, അദ്ദേഹം അവരെ തടഞ്ഞു. കേക്കണോ പെണ്ണേ, എന്നോട് അദ്ദേഹം പുഞ്ചിരിക്കുക വരെ ചെയ്തു. ആ മുഖത്ത് ഞാന്‍ വെറുപ്പിന്റെയോ നീരസത്തിന്റെയോ ഒരംശം പോലും കണ്ടില്ല. ഞാന്‍ ഇസ് ലാം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം കാണണം. ബദ്റില്‍ വിജയിച്ചപ്പോള്‍ പോലും അദ്ദേഹം അത്ര സന്തോഷിച്ചിട്ടുണ്ടാവില്ല.''

കൊല്ലപ്പെട്ട പിതാവിന്റെ, സഹോദരന്റെ, അമ്മാവന്റെ, മകന്റെ പേര് വിളിച്ചു പറഞ്ഞ് ഹിന്ദ് വീണ്ടും ആര്‍ത്തലക്കാന്‍ തുടങ്ങി. അബൂസുഫ് യാന്‍ ഒച്ചയുയര്‍ത്തേണ്ടി വന്നു.

''നിര്‍ത്ത്. ഇല്ലെങ്കില്‍...''

അവള്‍ കരച്ചില്‍ നിര്‍ത്തി. അമ്പരപ്പോടെ അബൂസുഫ് യാന്റെ മുഖത്തേക്ക് നോക്കി. അബൂസുഫ് യാന്‍ ശബ്ദം താഴ്ത്തി, എന്നാല്‍ വളരെ വേഗത്തില്‍ ഇത്രയും പറഞ്ഞു: ''ഹിന്ദേ, നിനക്ക് മാപ്പ് നല്‍കുന്ന കാര്യം ഞാന്‍ അദ്ദേഹവുമായി സംസാരിക്കാന്‍ പോവുകയാണ്. അല്ലാഹുവിലും അവന്റെ ദൂതനിലും അദ്ദേഹത്തിന് അവതീര്‍ണമായ കിതാബിലും നിനക്ക് വിശ്വസിച്ചുകൂടേ?''

അവള്‍ കണ്ണുനീര്‍ തുടച്ചു. മുഖത്തിപ്പോള്‍ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല. ഹൃദയമിടിപ്പ് സാധാരണ നിലയിലായി അവിടെ ആശ്വാസം വന്നു നിറയുന്ന പോലെ.

മുഹമ്മദിന്റെ സൈന്യം നാല് ഭാഗങ്ങളില്‍ കൂടിയും മക്കയിലേക്ക് കടന്നിരിക്കുകയാണ്. മക്ക ആയുധമെടുക്കാതെ സമ്പൂര്‍ണമായി കീഴടങ്ങുകയാണ്. പക്ഷേ, തെക്കന്‍ ദിശയില്‍ ചില ഉരസലുകളുണ്ട്. ആ ഭാഗത്ത് കൂടി വരുന്നത് ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള സൈനിക ദളമാണ്. ഖാലിദിനെ നേരിടുന്നത് മുന്‍കാല പോരാട്ടങ്ങളില്‍ ഖാലിദിനോട് തോളോട് തോള്‍ ചേര്‍ന്ന് ഉണ്ടായിരുന്ന ഇക് രിമതുബ്നു അബീജഹല്‍. ഇക് രിമയോടൊപ്പം സ്വഫ് വാനുബ്നു ഉമയ്യ, ഹുവൈരിസ്, വഹ്ശി ഉള്‍പ്പെടുന്ന വെറുപ്പുല്‍പാദക സംഘവുമാണ്. അവരാണ് ചെറുത്ത് നോക്കുന്നത്.

ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ വേണ്ടി വന്നുള്ളൂ തെക്കന്‍ ഭാഗത്തുള്ള ഒറ്റപ്പെട്ട ഈ ചെറുത്ത് നില്‍പ് അവസാനിപ്പിക്കാന്‍. ഇക് രിമയും സ്വഫ് വാനും യമനിലേക്ക് രക്ഷപ്പെടാന്‍ ആ ഭാഗത്തേക്ക് ഓടി; വഹ്ശി ത്വാഇഫിന് നേരെയും.

ഭയന്നു വിറച്ച് ഹുവൈരിസ് എത്തിയത് ലുഅ്ലുഅയുടെ വീട്ടില്‍. അവൾ വാതില്‍ തുറന്നുകൊടുത്തെങ്കിലും മുഖത്ത് ഒട്ടും തെളിച്ചമില്ല.

''പ്രിയേ, എന്റെ അവസാന കോട്ടയായ നിന്നിലേക്ക് ഞാന്‍ വന്നിരിക്കുകയാണ്. ഞാന്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയതാണ്. പക്ഷേ, അവര്‍ നാലുപാട്നിന്നും വളഞ്ഞു.'' അവള്‍ സ്വരം കടുപ്പിച്ചാണ് പറഞ്ഞത്. ''എന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകണം.''

ഹുവൈരിസ് നിസ്സഹായനായി അവളെ നോക്കി.

''ഒടുവിലത്തെ പ്രതീക്ഷയാണ് നീ. സകല അപമാനങ്ങളും പേറി ഞാനിതാ ഒറ്റയ്ക്ക് നില്‍ക്കുന്നു. അവര്‍ എനിക്ക് പിന്നിലുണ്ട്. വിശാലമായ ഈ ഭൂമി എനിക്കിപ്പോള്‍ വളരെ ഇടുങ്ങിയതാണ്.''

പിന്നീട് കേട്ടത് അവളുടെ അലര്‍ച്ചയാണ്.

''എന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോ.''

അയാള്‍ അവളുടെ കാലില്‍ വീണു.

''മുഹമ്മദിനെ വകവരുത്താനുള്ള എല്ലാം ഞാന്‍ ഒരുക്കിയിട്ടുണ്ട്. എനിക്ക് ഒരവസരവും കൂടി തരണം.''

അവള്‍ പൊട്ടിച്ചിരിച്ചു. പരിഹാസം നിറഞ്ഞ ചിരി.

''മണ്ടത്തരങ്ങളുടെ കാലം കഴിഞ്ഞു. നിനക്ക് അദ്ദേഹത്തെ തൊടാന്‍ കഴിയില്ല. അദ്ദേഹം ജീവിക്കണമെന്നാണ് ദൈവനിശ്ചയം. കീടമേ, മുഹമ്മദിനെ വെല്ലുവിളിക്കാന്‍ നീയാര്? മറിച്ച് നിന്നെ കൊന്നാല്‍ വലിയ പ്രയോജനങ്ങള്‍ ഉണ്ട് താനും.''

കുനിഞ്ഞ് നില്‍ക്കുന്ന ഹുവൈരിസിന് ലുഅ്ലുഅ കാല് കൊണ്ട് ഒരു തട്ട് കൊടുത്തു. അയാള്‍ അമ്പരപ്പോടെ പിന്നോട്ടേക്കാഞ്ഞു.

''പിഴച്ചവളേ, ആദ്യം മുഹമ്മദ് നിന്നെ തട്ടും.''

ഒട്ടും പതര്‍ച്ചയില്ലാതെയാണ് അവളുടെ മറുപടി.

''മുഹമ്മദ് സ്ത്രീകളെയും മര്‍ദിതരെയും വധിക്കില്ല.''

''പക്ഷേ, നിനക്ക് അദ്ദേഹത്തോട് വെറുപ്പാണല്ലോ.''

''ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ലോകത്ത് മറ്റാരെയും ഞാനിപ്പോള്‍ അത്രയധികം സ്നേഹിക്കുന്നില്ല.''

അയാളുടെ നോട്ടത്തില്‍ പക നിറഞ്ഞു.

''മുഹമ്മദ് ഇതുപോലുള്ള വൃത്തികെട്ട സ്ഥലങ്ങളിലേക്ക് വരികയില്ല.''

''എനിക്ക് അദ്ദേഹത്തില്‍ വിശ്വസിക്കാമല്ലോ, പുതിയൊരു ജീവിതം തുടങ്ങാമല്ലോ...

ഏതായാലും നിന്റെ കാര്യത്തില്‍ അദ്ദേഹം ഇറക്കിയ ഉത്തരവ് ഞാന്‍ തന്നെ നടപ്പാക്കുകയാണ്. നല്ലൊരു തുടക്കമാവട്ടെ, നല്ലൊരു ജീവിതത്തിന്.'' ഇതും പറഞ്ഞ് ലുഅ്ലുഅ അരയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന കഠാര ഊരിയെടുത്ത് ഹുവൈരിസിനെ കുത്താനാഞ്ഞു.

അപ്പോള്‍ അവള്‍ ഒരു ശബ്ദം കേട്ടു.

''നിങ്ങള്‍ അത് ചെയ്യേണ്ടതില്ല. നിങ്ങള്‍ക്കു വേണ്ടി ഞങ്ങളത് ചെയ്യാം.''

ഹുവൈരിസിനെ പിടികൂടാനായി വന്നവരാണ്. അവര്‍ ഹുവൈരിസിനെ പിടിച്ച് റസൂലിന്റെ അടുത്തേക്ക് കൊണ്ടുപോവുകയാണ്. വഴിയിലുടനീളം അയാള്‍ ഭീഷണിപ്പെടുത്തുകയും വൃത്തികേടുകള്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു...

അങ്ങനെ ഹുവൈരിസ് കൊല്ലപ്പെട്ടു.

മക്കയിലെന്താണ് സ്ഥിതി! മനസ്സില്‍ ശത്രുതയും അഹന്തയും കുശുമ്പും വിദ്വേഷവും കൊണ്ടു നടന്നിരുന്ന പ്രമാണിമാര്‍ റസൂലിന്റെ മുമ്പില്‍ തലകുനിച്ച് നില്‍ക്കുകയാണ്. റസൂലിന്റെ തീരുമാനം കാക്കുകയാണ്.

റസൂല്‍ അവരോട് ചോദിച്ചു:

''നിങ്ങളെ ഞാന്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്?''

അവര്‍ പറഞ്ഞു:

''നല്ലത് മാത്രം. മാന്യനായ സഹോദരന്‍, മാന്യനായ സഹോദരന്റെ പുത്രന്‍.''

പരിപാവനമായ ആ കൈ ആകാശത്തേക്കുയര്‍ന്നു.

''പോകൂ. നിങ്ങള്‍ സ്വതന്ത്രരാണ്.''

മക്കയുടെ ദിഗന്തങ്ങള്‍ തക്ബീറുകള്‍കൊണ്ട് പ്രതിധ്വനിച്ച ദിവസം.

വലിയ തിരക്കാണ്. എന്നാലും ഉമ്മു ഹകീം എങ്ങനെയൊക്കെയോ റസൂലിന്റെ സന്നിധിയിലെത്തി താന്‍ ഇസ് ലാം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അവള്‍ക്ക് ഒരു ആവശ്യം ഉണര്‍ത്തിക്കാനുണ്ട്. തന്റെ ഭര്‍ത്താവ് ഇക് രിമക്ക് റസൂല്‍ മാപ്പ് കൊടുക്കണം. റസൂല്‍ സമ്മതം മൂളിയ ഉടന്‍ ഉമ്മു ഹകീം പുറത്ത് കടന്ന് ധൃതിയില്‍ യമന്‍ ഭാഗത്തേക്ക് തിരിച്ചു. ഇക് രിമയും കൂട്ടുകാരനും യമനിലേക്ക് കടല്‍ കടക്കുന്നതിന് മുമ്പ് അവിടെ എത്തണം.

ഇപ്പോഴിതാ അബൂസുഫ് യാനും എത്തിക്കഴിഞ്ഞു. കൂടെ ഭാര്യ ഹിന്ദുമുണ്ട്. ഭാര്യ ഹിന്ദിന് വേണ്ടി ശിപാര്‍ശ ചെയ്യാന്‍ വന്നതാണ്. ആ ശിപാര്‍ശയും റസൂല്‍ സ്വീകരിച്ചു.

അങ്ങനെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ഒരു മഹായുദ്ധം ആഹ്ലാദാരവങ്ങള്‍ക്ക് വഴിമാറി.

ബിലാല്‍ കഅ്ബയുടെ മുകള്‍ തട്ടിലേക്ക് കയറി

''അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍''

ഒപ്പം വന്ന മദീനക്കാരായ അനുയായികളില്‍ ചിലര്‍ ഒരിടത്ത് കൂടിയിരിക്കുന്നുണ്ട്.

ഒരാള്‍ക്ക് ചെറിയൊരു സംശയം.

''റസൂല്‍ സ്വന്തം നാട്ടില്‍ എത്തിയല്ലോ.

ഇനി ഇവിടെത്തന്നെയാകുമോ താമസം?''

റസൂല്‍ ഇത് കേള്‍ക്കുന്നുണ്ട്. അവിടുന്ന് അങ്ങോട്ടേക്ക് ചെന്നു.

''എന്താണിപ്പറയുന്നത്. ജീവിച്ചത് നിങ്ങളോടൊപ്പമല്ലേ. മരിക്കുന്നതും നിങ്ങളോടൊപ്പം തന്നെയായിരിക്കും.''

മക്കാ വിജയം. ചരിത്രത്തിലെ അനശ്വര വിജയഗാഥകളിലൊന്ന് ഇവിടെ പൂര്‍ണമാവുകയാണ്. ആ വീരഗാഥ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പ്രയാണം ചെയ്തുകൊണ്ടിരിക്കും.

നൂറുല്ലാഹ്- ആ ദിവ്യപ്രകാശം ദിഗന്തങ്ങളിലേക്ക് പടര്‍ന്നുകൊണ്ടേയിരിക്കും.

 

(അവസാനിച്ചു) 

വിവ: അഷ്‌റഫ് കീഴുപറമ്പ്

വര: നൗഷാദ് വെള്ളലശ്ശേരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media