കൃത്യമായ രോഗനിര്‍ണയം, സമയത്തുള്ള ചികിത്സ, ശുഭ ചിന്തകള്‍, ഈശ്വര വിചാരം, ചിട്ടയായ ജീവിതം, വ്യായാമം ഇതെല്ലാമുണ്ടെങ്കില്‍ കാന്‍സറിനെ നമുക്ക് തോല്‍പിക്കാം. ഇത് പറയുന്നത് തമിഴ്‌നാട്ടിലെ സേലം സ്വദേശിയായ 84-കാരി ഭാമ സുബ്രഹ്‌മണ്യന്‍. കാല്‍ നൂറ്റാണ്ടു കാലമായി കാന്‍സറിനെ കൂസലില്ലാതെ നേരിട്ട അമ്മക്കരുത്തിന്റെ പ്രതീകമാണിവര്‍.
1941-ല്‍ തമിഴ്നാട്ടിലെ സേലത്ത് ജനിച്ചുവളര്‍ന്ന് 19 വയസ്സില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവും മൂന്ന് മക്കളും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബം പോറ്റി, വാര്‍ധക്യത്തില്‍ സുഖജീവിതം നയിക്കുമ്പോഴാണ് ഈ അമ്മക്ക് കാന്‍സര്‍ വരുന്നത്. അതിനെ ചെറുത്തു തോല്‍പിച്ചെന്നു മാത്രമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കെടുത്തുവരുന്നു. യു.എ.ഇയില്‍ നടന്ന Protect your mom എന്ന അന്തര്‍ദേശീയ കാന്‍സര്‍ സംഘടനയിലെ അതിഥി കൂടിയായിരുന്നു ഇവര്‍.
വേണ്ടത് ആശങ്കയല്ല,
ആത്മധൈര്യം
25 വര്‍ഷമായി കാന്‍സറിനെ അതിജീവിക്കുന്ന ഒരാളാണ് ഞാന്‍. മൂന്നുതവണ കാന്‍സര്‍ വന്ന് മുക്തി നേടി. ആദ്യം ഭയം തോന്നിയെങ്കിലും പിന്നെ ചിന്തിച്ചപ്പോള്‍ എന്നെക്കാള്‍ പ്രായംകുറഞ്ഞ കൊച്ചു കുഞ്ഞുങ്ങളും കൗമാരക്കാരും വിവാഹം കഴിഞ്ഞവരും കുഞ്ഞുങ്ങളുള്ള മാതാപിതാക്കളും എല്ലാം ഈ അവസ്ഥയിലൂടെ പോകുന്നവരാണെന്ന് മനസ്സിലായി. എനിക്ക് ആദ്യം കാന്‍സര്‍ ഉണ്ടെന്നറിയുമ്പോള്‍ 60 വയസ്സായിരുന്നു. അന്നേ നാല് കൊച്ചുമക്കളുണ്ട്. ഈ പ്രായത്തില്‍ ഇനി എന്ത് എന്ന ചിന്തയാണ് പിന്നീട് തോന്നിയത്. എന്തുവന്നാലും നേരിടാം എന്ന ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അതായിരുന്നു എന്നെ ഇതുവരെ എത്തിച്ച പ്രധാന ഘടകം.
അതിരാവിലെ ഉണര്‍ന്ന് കാപ്പി കുടിക്കും. പിന്നെ പത്രം വായന. പത്തു പതിനഞ്ച് മിനിറ്റങ്ങനെ പോകും. സ്‌പോര്‍ട്‌സ്, രാഷ്ട്രീയം തുടങ്ങിയ എല്ലാ വാര്‍ത്തകളും വായിക്കും. അതിനുശേഷം 20, 25 മിനിറ്റ് കൃത്യമായി നടക്കാന്‍ പോകും. 93 വയസ്സായ ഭര്‍ത്താവ് പി.എ സുബ്രഹ്‌മണ്യത്തിനൊപ്പമാണ് നടത്തം. തിരിച്ചുവന്ന് പ്രഭാത ഭക്ഷണം. തുടര്‍ന്ന് ഒരു മണിക്കൂറോളം വിശ്രമം. ഇതെല്ലാം എന്നും നിര്‍ബന്ധമായി ചെയ്യും.
ഏതാണ്ട് ഒരു പത്ത് പത്തരയോടുകൂടി കുളിയും നാമജപവും. പ്രാര്‍ഥന, ധ്യാനം അങ്ങനെയുള്ള ആധ്യാത്മിക കാര്യങ്ങള്‍ക്കായി ആ സമയം നീക്കിവയ്ക്കും. ഞാന്‍ നല്ല ദൈവ വിശ്വാസിയാണ്. ഒരിക്കലും പ്രാര്‍ഥനകള്‍ മുടക്കില്ല. സമയമെടുത്തു തന്നെ അതെല്ലാം ചെയ്യും. അത് വലിയൊരു ശക്തിയാണ് നമുക്ക്. പിന്നീട് ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആണ്. ഒരു മണിക്ക് മുന്‍പ് ഭക്ഷണം കഴിച്ചിരിക്കും. ശേഷം ടി.വി കാണാനിരിക്കും. രണ്ട് രണ്ടരമണിയോളം അതങ്ങനെ നീണ്ടുപോകും. പിന്നീട് 5 മണി വരെ വീണ്ടും വിശ്രമ സമയമാണ്. അതിനിടയിലും നാമജപത്തിനും ആധ്യാത്മിക കാര്യങ്ങള്‍ക്കും സമയം കണ്ടെത്തും. ഭര്‍ത്താവുമൊന്നിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കും.
വൈകിട്ട് ആറ് ആറരയോടു കൂടി അരമണിക്കൂര്‍ വീണ്ടും നടത്തം. അങ്ങനെ ദിവസത്തില്‍ ഒരു മണിക്കൂര്‍ നടത്തം ഉറപ്പായും ഉണ്ടാകും. അത് ഒരിക്കലും മുടക്കാറില്ല. വൈകിട്ടത്തെ നടത്തത്തിനൊപ്പം ചിലപ്പോള്‍ മക്കളും ഉണ്ടാകും. വീണ്ടും തിരിച്ചുവന്ന് ടി.വിയിലെ വാര്‍ത്തകളും വിശേഷങ്ങളും കാണും. രാത്രി എട്ടേകാല്‍ എട്ടരയോടുകൂടി അത്താഴം കഴിക്കും. ഒമ്പതര പത്തുമണിക്ക് മുന്‍പായി ഉറങ്ങുകയും ചെയ്യും. ഇതാണ് നിത്യേനയുള്ള ചിട്ട. ഇത് കൃത്യസമയത്ത് ചെയ്യുന്ന കാര്യങ്ങള്‍ ആണ്.
കാന്‍സര്‍ വന്നാല്‍ ഡോക്ടറെ കണ്ട് മുടങ്ങാതെ മരുന്ന് കഴിക്കണം. ഒരേ ഡോക്ടറെ തന്നെ സ്ഥിരമായി കാണുക. അവര്‍ പറയുന്ന ചികിത്സാരീതികളും ഉപദേശങ്ങളും നിര്‍ദേശങ്ങളും അനുസരിക്കുക. റേഡിയേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കാതെ ധൈര്യത്തോടെ അതിലേക്ക് പോവുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളൊക്കെ ധാരാളം ഉണ്ടാകാം. അതൊന്നും നമ്മുടെ ആത്മവിശ്വാസം കെടുത്തരുത്. നമുക്ക് അസുഖം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ, അത് തീര്‍ച്ചയായും മാറും എന്നുള്ള രീതിയില്‍ ശുഭ ചിന്തയോടെ മുന്നോട്ട് പോവുക. വേറെ യാതൊന്നിലും ശ്രദ്ധിക്കരുത്. എല്ലാം ശരിയാകും, എനിക്കൊന്നുമില്ല എന്ന് എപ്പോഴും മനസ്സില്‍ ഉറപ്പിച്ചു പറയണം. എല്ലാവരും സപ്പോര്‍ട്ട് ചെയ്താലും നമ്മുടെ മനോധൈര്യവും തന്നെയാണ് ഏറ്റവും പ്രാധാനം.
എന്റെ അനുഭവമാണ് പറയുന്നത്. ഞാന്‍ കാല്‍ നൂറ്റാണ്ടായി കാന്‍സറിനോട് പൊരുതി അതിജീവിച്ച ഒരാളാണ്. നിരാശപ്പെടാതെ ചികിത്സക്കൊപ്പം ജീവിതം ക്രമപ്പെടുത്തി. എന്റെ ഈ അപ്രോച്ചില്‍ ഡോക്ടര്‍മാര്‍ എന്നെ അഭിനന്ദിക്കുമായിരുന്നു.
ക്രിക്കറ്റിനോട് വലിയ കമ്പമാണ്. എല്ലാത്തരം സ്‌പോര്‍ട്‌സും ഇഷ്ടമാണ്. പതിനേഴാം വയസ്സുമുതല്‍ ക്രിക്കറ്റ് കമന്ററികള്‍ കേള്‍ക്കുമായിരുന്നു. അന്നൊക്കെ ടി.വി ഇല്ലാത്ത കാലമാണ്. റേഡിയോ കമന്ററികളാണ് കേള്‍ക്കുന്നത്. എല്ലാ കളിക്കാരെയും എനിക്ക് നന്നായറിയാം. മിക്കവാറും എല്ലാം മാച്ചുകളും ഇപ്പോഴും കാണും. പിന്നെ പാട്ട് ഇഷ്ടമാണ്. പ്രത്യേകിച്ചും കര്‍ണാടക സംഗീതം. അത് കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ വലിയ ആശങ്കകള്‍ ഇല്ല.
കീമോ ചെയ്ത സമയങ്ങളില്‍ മുടി പോയിരുന്നു. അപ്പോഴും ഞാന്‍ തമിഴ്‌നാട്ടില്‍ ഉള്ളപ്പോള്‍ നിത്യേന അമ്പലങ്ങളില്‍ പോകുമായിരുന്നു. അത്യാവശ്യം യാത്രകള്‍ ചെയ്തിരുന്നു. വിഗ്ഗ് ഇല്ലാതെ തന്നെയായിരുന്നു പോയിരുന്നത്. നമുക്ക് വേണ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും അവരോട് സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മനസ്സിനും സന്തോഷം കിട്ടും.
പോരാട്ടത്തിന്റെ നാളുകള്‍
2000-ത്തില്‍ ആദ്യം ക്യാന്‍സര്‍ വരുമ്പോള്‍ ബ്രസ്റ്റ് കാന്‍സര്‍ രണ്ടാം ഘട്ടമായിരുന്നു. അന്ന് 40 റേഡിയേഷനും ഏഴ് കീമോയും ചെയ്തു. അടയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍ പേഴ്‌സണ്‍ ഡോ. ശാന്തയായിരുന്നു ചികിത്സിച്ചത്. അന്ന് ഞാന്‍ അമ്മായിയമ്മയെ കൂടി നോക്കുന്ന സമയമായിരുന്നു. എനിക്ക് മൂന്ന് മക്കളാണ്. രണ്ട് പെണ്ണും ഒരാണും. എല്ലാവരും പുറത്താണ്. എങ്കിലും അവരെല്ലാം മാറി മാറി നോക്കുമായിരുന്നു. നാട്ടില്‍ ആയിരുന്നപ്പോള്‍ ഭര്‍ത്താവ് സുബ്രഹ്‌മണ്യം തന്നെയാണ് കാര്യങ്ങള്‍ നോക്കിയത്.
രണ്ടാമത് കാന്‍സര്‍ വരുന്നത് പരോട്ടിക് ഗ്ലാന്റിലാണ്, 2002-ല്‍. സെക്കന്‍ഡ് സ്റ്റേജ് ആയിരുന്നു. അടയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ രവികുമാര്‍ ആയിരുന്നു അന്ന് സര്‍ജറി ചെയ്തത്. ആ റേഡിയേഷന്‍ കഴിഞ്ഞപ്പോള്‍ വായില്‍ ഒരു ചെറിയ സിസ്റ്റ് വന്നു. പക്ഷേ, അത് കാന്‍സര്‍ ആയിരുന്നില്ല. അത് എടുത്തു കളഞ്ഞു.
അതുകഴിഞ്ഞതോടെ സിംഗപ്പൂര്‍ ഉള്ള മൂത്ത മകള്‍ മീരയുടെ അടുത്തേക്ക് പോയി. ഇടക്ക് ഇളയ മകള്‍ ചിത്രയെ കാണാന്‍ ജപ്പാനിലേക്ക് പോകും. എല്ലാവര്‍ഷവും യു.എ.ഇയില്‍ മകന്‍ കൃഷ്ണനോടൊപ്പം ഒരു മാസം താമസിക്കാറുണ്ടായിരുന്നു. പിന്നെ അത് മൂന്നു മാസമാക്കി. ഇപ്പോഴും മകനോടൊപ്പമാണ്. മരുമകള്‍ ഗീതയും എല്ലാറ്റിനും ഒപ്പമുണ്ട്.
അങ്ങനെ മാറിമാറി നിന്ന് കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു.
മൂന്നാമത് കാന്‍സര്‍ വരുന്നത് 2022-ല്‍ ആണ്. 80 വയസ്സുള്ളപ്പോള്‍. സ്പൈനല്‍ കോഡില്‍. ഫോര്‍ത്ത് സ്റ്റേജ് ആയിരുന്നു. ബാംഗ്ലൂര്‍ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടര്‍ സി.എന്‍ പാട്ടീലിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. സര്‍ജറി ചെയ്തില്ല. തെറാപ്പികള്‍ മാത്രമാണ് ചെയ്തത്. 8 റേഡിയേഷനും ചെയ്തു. പിന്നീട് ഒരു ഇഞ്ചക്ഷന്‍ എടുത്തു. എല്ലാമാസവും എടുത്തിരുന്നത് ഇപ്പോള്‍ മൂന്നുമാസത്തില്‍ ഒന്നായി കുറഞ്ഞു. അതിനുശേഷം ടെസ്റ്റ് ചെയ്തപ്പോള്‍ കാന്‍സറിന്റെ സെല്ലുകള്‍ ശരീരത്തില്‍ ഇല്ലെന്നുള്ള അവസ്ഥയിലാണ്.
കരുതലിലാണ് കാര്യം
കീമോ ചെയ്യുന്ന സമയത്ത് ശരീരത്തിന് വേദനയും പലവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടും. കയ്യിലും കാലിലും നീര് വന്ന് വീര്‍ക്കും. ആ സമയത്ത് എന്റെ മക്കളും മരുമക്കളും എപ്പോഴും കൂടെ നിന്ന് ആശ്വസിപ്പിക്കുമായിരുന്നു. അവര്‍ എന്റെ കാര്യത്തില്‍ വളരെ ജാഗരൂകരാണ്. അവരുടെ ശ്രദ്ധ കൊണ്ടും കൂടിയാണ് ഞാന്‍ ഇന്ന് കുഴപ്പമില്ലാതെ ഇരിക്കുന്നത്.
കാന്‍സര്‍ വന്നാല്‍ നമ്മള്‍ ഒന്നില്‍ നിന്നും മാറി നില്‍ക്കരുത്. സാധാരണ രോഗം പോലെ കരുതുക. ഡോക്ടേഴ്‌സ് നിര്‍ദേശിക്കുന്ന ഭക്ഷണക്രമങ്ങള്‍ തുടരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും നമുക്ക് വേണ്ടപ്പെട്ടവരുമൊക്കെ നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ ആയിരിക്കണം. കാന്‍സര്‍ രോഗ ചികിത്സയില്‍ സമൂഹത്തിനും പ്രത്യേക പങ്കാളിത്തമുണ്ട്. അവര്‍ കാന്‍സര്‍ രോഗികളോട് സഹതാപത്തോടെ പെരുമാറാതെ അവരെ സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഏറ്റവും വലിയ കാര്യം.
ഞാന്‍ നല്ല ദൈവവിശ്വാസിയാണ്. എനിക്ക് നല്ല ആത്മവിശ്വാസവും ഉണ്ട്. മൂന്നാമത്തെ കാന്‍സര്‍ വരുമ്പോള്‍ കുറച്ച് പേടിച്ചു പോയിരുന്നു. അത് കാന്‍സറിന്റെ നാലാം ഘട്ടമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഡോക്ടേഴ്‌സിനും ഭയമുണ്ടായിരുന്നു. പക്ഷേ, ഈശ്വരാനുഗ്രഹം കൊണ്ട് അതു കഴിഞ്ഞിപ്പോള്‍ മൂന്നാമത്തെ വര്‍ഷമാണ്.
ഇന്ന് എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ സ്വന്തമായിട്ടാണ് ചെയ്യുന്നത്.
യാത്ര ചെയ്യാനും പുറത്തു പോകാനും സിനിമ കാണാനും ഞാന്‍ സമയം കണ്ടെത്തുന്നുണ്ട്. കാന്‍സര്‍ വന്നാല്‍ പുറത്തിറങ്ങാന്‍ പറ്റുന്ന അവസ്ഥയാണെങ്കില്‍ അടച്ചു കെട്ടി വീട്ടിലിരിക്കാതെ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്യണം. നമുക്ക് ധൈര്യമുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല.