മനോഹരമായൊരു കഥയുണ്ട്,
കാലങ്ങളായി പാപക്കറയേറ്റ്
വാടിപ്പോയൊരു ചെടിയുടെ കഥ.
മഗ്ഫിറത്തിന്റെ തെളിനീര്‍ ചാലിച്ചു
കൊണ്ടതിനെ ആരോ വളര്‍ത്തി ഒരു
വൃക്ഷമാക്കി. ഫലം നല്‍കുന്ന,
തണലേകുന്ന, പൂ കായ്ക്കുന്നൊരു വൃക്ഷം. അതായത്, വാടിത്തളര്‍ന്ന പാപിയുടെയും അവന് മഗ്ഫിറത്തിന്റെ തെളിനീര്‍
ചാലിക്കാന്‍ എത്തുന്ന പടച്ചവന്റെയും കഥ. വാക്കുകള്‍ക്കതീതമായ
അനശ്വരമായ സ്നേഹത്തിന്റെ-
കാരുണ്യത്തിന്റെ കഥ. ഒരു
പാപിയുടെയും അവനെ
പടച്ചവന്റെയും കഥ'.
ഒരിക്കല്‍ അവന്‍ തന്റെ റബ്ബിനെ തേടി പോയി. ഇരുള്‍ മൂടിയ വഴികളിലൂടെ കണ്ണുനീരിന്റെ അകമ്പടിയുമായി, മുള്ളുകള്‍ താണ്ടി, കടല്‍ കടന്ന്, ഒടുവില്‍ അവന്‍ തന്റെ പ്രിയപ്പെട്ടവന്റെ അടുത്തെത്തി. 'എന്റെ റബ്ബേ, സ്വന്തത്തോട് തന്നെ അതിക്രമം പ്രവര്‍ത്തിച്ച നിന്റെ ഒരു അടിമയാണ് ഞാന്‍. എനിക്ക് നീ പൊറുത്തു തരണേ, എന്നെ നീ കൈ വിടല്ലേ. കലങ്ങിയ കണ്ണുകളുടെ ഭാഷയില്‍ പാപി അഭ്യര്‍ത്ഥിച്ചു. അവന്റെ വാക്കുകള്‍ പൂര്‍ത്തിയാകും മുമ്പേ ആകാശലോകങ്ങളുടെ ഉടയവന്റെ മറുപടി എത്തി.
'സ്വന്തം ആത്മാവിനോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ അടിമേ, നീ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശനാവരുത്. നിന്റെ റബ്ബ് നിനക്കെല്ലാം പൊറുത്തു നല്‍കിയിരിക്കുന്നു. നിന്നെ അവന്‍ കൈവിട്ടിട്ടില്ല, ഉപേക്ഷിച്ചിട്ടുമില്ല.' ഘനാന്ധകാരത്തിന് ശേഷം പ്രഭാതശോഭയുടെ കിരണങ്ങളേറ്റ് തിളങ്ങുന്ന പൂക്കളെ പോലെ പാപിയുടെ മുഖം തിളങ്ങി, അവന്‍ മന്ദഹസിച്ചു: 'ഹായ്, ഞാന്‍ പറഞ്ഞു തീരുന്നതിനും മുമ്പേ തന്നെ എന്റെ റബ്ബ് എല്ലാം എനിക്ക് പൊറുത്തു നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അവന്‍ എത്ര ദയാപരന്‍.'
********
പാപി താണ്ടിയ വഴികള്‍ തന്‍ നിമിത്തം -സുബ്ഹാന്റെ അടുത്തേക്ക് എടുത്ത് വെച്ച ഓരോ കാലടിപ്പാടുകളും അവന്റെ പാപങ്ങളെ മായ്ച്ചുകൊണ്ടിരുന്നു. മുകിലിന് ഖനം നിറഞ്ഞപ്പോള്‍ പെയ്ത മഴ പോല്‍ പാപഖനം മൂലം വഴിയിലൂടനീളം പൊഴിഞ്ഞ കണ്ണുനീരിന്‍ മാരിയില്‍ അവ അപ്രത്യക്ഷമായിരിക്കുന്നു. സന്തോഷത്താല്‍ അവന്‍ തുള്ളിച്ചാടി. അതോടൊപ്പം പിന്നിട്ട വഴികളിലെ കൈപ്പേറിയ ഓര്‍മകളുടെ മുമ്പില്‍ നിന്ന് കൊണ്ടവന്‍ ഇങ്ങനെ പാടി:
'ആരാണു ഞാനീ മണ്ണില്‍?
മണ്ണായിരുന്നില്ലേ ഞാന്‍?
ഇനിയും ആ മണ്ണിലേക്കല്ലോ ഞാന്‍
ആരുണ്ടെനിക്കന്നു തുണയായി?
ആരോരുമില്ലാത്തൊരാ കൂരിരുട്ടില്‍....
..... ....... ........
ഒരിക്കല്‍, ഒരു നിലാവൊത്ത രാത്രിയില്‍ മനുഷ്യരെല്ലാം നിദ്രയില്‍ ആണ്ടുപോയ നിമിഷം തന്റെ ഇച്ഛയെ ഉറക്കിക്കി കിടത്തിക്കൊണ്ട് പാപി എഴുന്നേറ്റിരുന്നു, അവന്റെ ഇലാഹിനോട് പ്രധാനപ്പെട്ട എന്തോ ഒന്ന് പറയണം. അതിന് ഈ അര്‍ധരാത്രി തന്നെ ഉചിതം. മനസ്സിലും ശരീരത്തിലും പറ്റിപ്പിടിച്ച കറകളെ വുദുവിലൂടെ കഴുകിക്കളഞ്ഞു. ശേഷം മുസല്ല വിരിച്ച് നേരെ നിന്നു. ഇലപൊഴിയും കണക്കുള്ള മൃദുലമായ സ്വരത്തില്‍ കൈ കെട്ടികൊണ്ട് അവന്‍ പറഞ്ഞു: 'അള്ളാഹു അക്ബര്‍.'
രാത്രിയില്‍ മിന്നി മറയുന്ന മിന്നാമിനുങ്ങുകള്‍ കൂട്ടിന് വെളിച്ചമായി വന്നു തേങ്ങി കരയുന്ന പാപിയുടെ കണ്ണുനീര്‍ ഉറങ്ങി കിടക്കുന്ന ഭൂമിയുടെ മേല്‍ തീ മഴ എന്നോണം വര്‍ഷിച്ചു. മണിക്കൂറുകള്‍ പിന്നിട്ടു. സുജൂദില്‍ നിന്നും അവന് ഉയരാന്‍ സാധിക്കുന്നില്ല. മനസ്സ് അതിന് അനുവദിക്കുന്നില്ല എന്ന് വേണം പറയാന്‍. സുജൂദില്‍ വെച്ച് അല്ലാഹുവിനോട് ഏറെ അടുത്തായിരിക്കുമല്ലോ. അതുകൊണ്ട് തന്നെ സുജൂദില്‍ അവനൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. അവിടെനിന്ന് മാറിയാല്‍ ദുനിയാവിന്റെ ചതിക്കുഴിയില്‍ താന്‍ വീണുപോയേക്കുമോ എന്ന വിഭ്രാന്തി ആയിരിക്കാം അവനെ സുജൂദില്‍ തന്നെ തുടരാന്‍ പ്രേരിപ്പിച്ചത്. എന്താണ് പറയേണ്ടതെന്നോ എങ്ങനെ പറയണമെന്നോ അറിയാതെ അവന്‍ സ്തംഭിച്ചു നില്‍ക്കുകയാണ്, വാക്കുകള്‍ കിട്ടുന്നില്ല, പകരം കണ്ണുനീരാണ് സംസാരിക്കുന്നത്.
അല്ലാഹുവിനോട് അവന്‍ സത്യം ചെയ്തതാണ്, ഇനി സ്വേച്ചക്ക് വഴങ്ങില്ല എന്ന്. പക്ഷെ തുടര്‍ച്ചയായി അവന്‍ അത് ലംഘിക്കുന്നു. 'വീണ്ടും എങ്ങനെ അല്ലാഹുവിന്റെ മുമ്പില്‍ ക്ഷമ ചോദിച്ചു ചെല്ലും? അവന്‍ എത്ര തവണയായി ഈ പാപിക്ക് അവസരം നല്‍കുന്നു, ഇനിയുമെത്ര തവണ കൂടി ഞാന്‍ അവനെ ബുദ്ധിമുട്ടിക്കും? ഇവിടെയാകുമ്പോള്‍ അവനോട് ഏറെ അടുത്തായിരിക്കും. മനസ്സിലേക്കുള്ള ബാഹ്യശക്തികളുടെ നുഴഞ്ഞുകയറ്റം എന്തായാലും ഇവിടെ സാധ്യമല്ല.' ഇനിയുള്ള കാലമത്രയും സുജൂദില്‍ തുടരാന്‍ പാപി തീരുമാനിച്ചു. വിചിത്രമായ അവന്റെ ഈ വാദം, നിഷ്‌കളങ്കമായ ഒരു മനുഷ്യന്റെ വേവലാതിയായേ പടച്ചോന്‍ കണക്കാക്കിയുള്ളു. അല്ലാഹുവിനെ കുറിച്ച് ഇങ്ങനെ ആണോ തന്റെ അടിമ കരുതിയിരിക്കുന്നതെന്നോര്‍ത്ത് അവന്‍ പുഞ്ചിരിച്ചു.
ഇരുട്ട് ഇരുട്ടിന്മേല്‍ ഇരുട്ടായി മാറി. മിന്നാമിനുങ്ങുകള്‍ മാഞ്ഞുപോയി. ഇപ്പോള്‍ താനും തന്റെ റബ്ബും മാത്രമേ ഈ രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നുള്ളു എന്ന് പാപി ചിന്തിച്ചു. ആകെ ഒരു നിശബ്ദത. പാപിയുടെ കരച്ചിലിന്റെ ഗീതം മാത്രം സ്വരരാഗങ്ങള്‍ മാറി മാറി ഏതോ ഒരു ശോകഗാനം കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു. ഭൂമി അതൊന്നും വകവെക്കാതെയുള്ള നിദ്രയിലാണ്. ഗാഡനിദ്ര. പെട്ടെന്ന്, എന്തോ ഒന്ന് ഒരശരീരി എന്നോണം പാപിയുടെ നാവില്‍ മന്ത്രിക്കപ്പെട്ടു. വളരെ മനോഹരമായ ഒന്ന്. ഇതിനു മുമ്പേ എവിടെയോ കേട്ടു മറന്ന ഒരു രാഗം. ആദ്യമായി താന്‍ അല്ലാഹുവിനെ അനുഗമിച്ചപ്പോള്‍ അവന്‍ തന്നോട് പറഞ്ഞ അതെ വാക്കുകള്‍.
'സ്വന്തം ആത്മാവിനോട് അതിക്രമം കാണിച്ച എന്റയടിമേ, നീ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശനാവാതിരിക്കുവിന്‍. തീര്‍ച്ചയായും അവന്‍ നിനക്ക് മാപ്പ് നല്‍കും. നീ നിരാശനാവരുത്. അതങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പാപിയുടെ മനസ്സില്‍ മുഴങ്ങാന്‍ തുടങ്ങി, ഒരു കല്പനയെന്ന പോലെ.
'ഈ വാക്യങ്ങള്‍....ആരാണ് ഇതിപ്പോള്‍ എന്റെ നാവില്‍ കൊണ്ടുവന്നിട്ടത്? എന്തുകൊണ്ടാണ് ഇതിങ്ങനെ ആവര്‍ത്തിക്കപ്പെടുന്നത്? ആരാണ് എന്റെ നാവിനെ ഇപ്പോള്‍ ചലിപ്പിച്ചത്?
അതെ, ഇത് അത് തന്നെ, സിംഹസനത്തിനുടയവനായ അല്ലാഹുവില്‍ നിന്നും ഈ പാപിക്കായുള്ള സന്ദേശം. അതെ, എന്റെ റബ്ബെനിക്ക് ഒരവസരം കൂടി നല്‍കിയിരിക്കുന്നു. ഒരിക്കല്‍ കൂടി എന്റെ കണ്ണുനീര്‍ എന്റെ പാപങ്ങളെ കഴുകിക്കളഞ്ഞിരിക്കുന്നു. ആകാശഭൂമികള്‍ സാക്ഷി, എന്റെ റബ്ബിതാ ഒരവസരം കൂടി എനിക്ക് നല്‍കിയിരിക്കുന്നു'.
സന്തോഷത്താല്‍ താന്‍ സുജൂദിലാണെന്ന കാര്യം തന്നെ അവന്‍ മറന്നു. ആഹ്ലാദത്താല്‍ അവന്‍ തുള്ളിച്ചാടി. തീര്‍ച്ചയായും അവന്‍ മാപ്പു നല്‍കും. ഇതാ അവനെനിക്ക് ഒരവസരം കൂടി തന്നിരിക്കുന്നു. തീര്‍ച്ചയായും അവനെത്ര പരിശുദ്ധന്‍.' ഈ മന്ത്രം അവന്‍ ആ രാവ് മുഴുവന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഇരുട്ട് വീണ്ടും ഇരുട്ടിന്മേല്‍ ഇരുട്ടായി.
ഗാഢ നിദ്രയിലാണ്ട ഭൂമി ഒരു കുലുക്കവുമില്ലാതെ തന്റെ കൂര്‍ക്കംവലി തുടര്‍ന്നുകൊണ്ടേയിരുന്നു. മാഞ്ഞുപോയ മിനുങ്ങുകള്‍ തിരികെ വന്നു, പാപിയുടെ സന്തോഷത്തില്‍ പങ്കെടുക്കാന്‍. അവയുടെ പ്രകാശം കൂടുതല്‍ ശോഭയോടെ മിന്നിത്തിളങ്ങി. പാപിയുടെ മനസ്സ് പോലെ. ചുറ്റിനും എന്തെന്നില്ലാത്ത പ്രകാശം. എവിടെയും വെളിച്ചം. വെളിച്ചത്തിനു മേല്‍ വെളിച്ചം.
അപ്പോള്‍ ആരോ ദൂരെ നിന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: 'വെളിച്ചത്തിന് എന്തൊരു വെളിച്ചം!'
''സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ''. (39:53)