അധ്യാപനം എങ്ങനെ സമര്‍പ്പണബോധത്തോടെയും ആസ്വാദ്യകരമായും മികവുറ്റതാക്കിത്തീര്‍ക്കാം എന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതരികയാണ് സുമയ്യ ടീച്ചര്‍. ശ്രീ എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ഥം എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ നടപ്പിലാക്കിയ 2025-ലെ 'ഭാരതീയം' അവാര്‍ഡ് ജേതാവാണ് ഇവര്‍.
എം. അബ്ദുല്‍ ഖാദര്‍ കുഞ്ഞ്, ടി.കെ റുഖിയ അധ്യാപക ദമ്പതികളുടെ മൂത്ത മകളായി ഫോര്‍ട്ടുകൊച്ചിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂളില്‍. അക്വിനാസ് കോളേജിലും, തുടര്‍ന്ന് ഗവണ്‍മെന്റ് ഇടപ്പള്ളിയില്‍ രണ്ടു വര്‍ഷത്തെ ടീച്ചേഴ്സ് ട്രെയിനിങ്ങും പൂര്‍ത്തിയാക്കിയത് ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റിന്റെ അവാര്‍ഡും വാങ്ങിയാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തിയതുകൊണ്ട് ഗുരുക്കന്മാരുടെ അരുമ ശിഷ്യയായി മാറി. പാസ് ഔട്ടായ വര്‍ഷം തന്നെ -MMOVHS-ല്‍ 1993-ല്‍ സര്‍വീസ് ആരംഭിച്ചു.
ജീവനുള്ള ചലിക്കുന്ന ക്ലാസ് ആയിരിക്കണം തന്റേതെന്ന് നിര്‍ബന്ധ ബുദ്ധി ഉള്ള ടീച്ചര്‍ കളികളും മത്സരങ്ങളും കഥകളും പാട്ടുകളും ഗെയിമുകളുമായി പഠനാന്തരീക്ഷം ഉല്ലാസമാക്കി മാറ്റുന്നതിനിടെയാണ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥമുള്ള 'ഭാരതീയം' അവാര്‍ഡ് തേടിയെത്തിയത്.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളിലും, ഭിന്നശേഷിക്കാരിലും മികവുറ്റ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രത്യേക വൈഭവം ടീച്ചര്‍ക്കുണ്ടായിരുന്നു. അത് രക്ഷിതാക്കള്‍ക്ക് പ്രതീക്ഷയായി.
പ്രളയം, കൊറോണ തുടങ്ങിയവക്ക് ശേഷം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുന്ന ഗവണ്‍മെന്റിന്റെ പദ്ധതികളില്‍ ടീച്ചറും തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപനത്തില്‍ എന്നും ഗവേഷണ തല്‍പരതയോടെ മുന്നേറുകയും, പുതിയ തന്ത്രങ്ങള്‍ കണ്ടെത്തുകയും, ക്ലാസ് മുറികളില്‍ പരീക്ഷിക്കുകയും അതിന്റെ ഗുണദോഷങ്ങള്‍ സഹ അധ്യാപകരുമായി ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന രീതി കൂടുതല്‍ ആത്മവിശ്വാസമുള്ള അധ്യാപികയായി മാറാന്‍ ടീച്ചറെ സഹായിച്ചു.
പൊതു വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് 25 വര്‍ഷമായി DRG (ഡിസ്ട്രിക് റിസോഴ്സ് ഗ്രൂപ്പ്) ആയി പ്രവര്‍ത്തിച്ചുവരികയും ഉപജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. പ്രധാനാധ്യാപിക ആയതിനുശേഷവും പരിശീലകയായി തുടരുന്ന അപൂര്‍വം ചില അധ്യാപകരില്‍ ഒരാളാണ് സുമയ്യ ടീച്ചര്‍.
എല്ലാ കുട്ടികള്‍ക്കും കഥ കേട്ടുറങ്ങാന്‍ അവസരം ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയായ മുത്തശ്ശിച്ചെല്ലം, കമ്യൂണിക്കേഷന്‍ സ്‌കില്‍ വര്‍ധിപ്പിക്കാന്‍ show & Tell, ജി.കെ വര്‍ധിപ്പിക്കാന്‍ Cool Quiz, പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് വായന അനായാസകരമാക്കാന്‍ വായനാ വസന്തം, കലാരംഗത്ത് കുട്ടികളെ മാറ്റുരച്ച് തിളക്കമാര്‍ന്നതാക്കാന്‍ Tallent Hunt, എല്‍.എസ്.എസ് പരിശീലനം തുടങ്ങിയവ തന്റെ വിദ്യാലയത്തില്‍ നടപ്പാക്കി വിജയം വരിച്ച പ്രവര്‍ത്തനങ്ങളാണ്.
വിദ്യാര്‍ഥികളുടെ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ടീച്ചര്‍ അവരുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ട്.
മികച്ച അധ്യാപക അവാര്‍ഡ്. മികച്ച ലീഡര്‍ഷിപ്പ് അവാര്‍ഡ്, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയതിന് മൗലാനാ ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ശ്രീ. കെ. ജൈനി അനുസ്മരണ അവാര്‍ഡ് എന്നിവ ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്.
മികച്ച അധ്യാപിക, സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തക, കൗണ്‍സലര്‍, സ്ത്രീ ശാക്തീകരണ പോരാളി, മോട്ടിവേറ്റര്‍, മെന്റര്‍, സംഘാടക, പ്രകൃതി സംരക്ഷക തുടങ്ങി എല്ലാ മേഖലകളിലും കൈയൊപ്പ് ചാര്‍ത്തിയ ടീച്ചര്‍ക്ക് എല്ലാ വിധ പിന്തുണയുമായി ഇണ കബീര്‍ദാസ് കൂടെയുണ്ട്. അദ്ദേഹം KAMCO അത്താണിയില്‍ നിന്ന് റിട്ടയേഡ് ആയ ഡെപ്യൂട്ടി മാനേജറാണ്. മിദ് ലാജ്, ആദില്‍, ഫിദ ഫാത്തിമ എന്നിവരാണ് മക്കള്‍.