സ്ത്രീയെ പുരുഷന്റെ ഇണ എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. 'അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു തന്നു എന്നത്; അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' (30:21).
സ്ത്രീ-പുരുഷന്മാരുടെ അവകാശ ബാധ്യതകളെ തുലനപ്പെടുത്തുകയും ചെയ്യുന്നു. 'സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരിലുള്ള അവകാശങ്ങള്‍ പോലെത്തന്നെ. പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമുണ്ട്. അല്ലാഹു അജയ്യനും യുക്തിജ്ഞനുമാണ്' (2:228).
ബഹുഭാര്യത്വത്തിന് പരിധിയും നിയന്ത്രണവും കൊണ്ടുവരുന്നു. 'അനാഥകളോട് നീതി കാണിക്കാനാവില്ലെന്ന് ആശങ്കിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഇഷ്ടമാകുന്ന രണ്ടോ മൂന്നോ നാലോ സ്ത്രീകളെ വിവാഹം ചെയ്യാം. എന്നാല്‍, അവര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുകയാണെങ്കില്‍ അപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വേള്‍ക്കാവൂ'' (4:3).
അതേ അധ്യായത്തില്‍ അല്ലാഹു ഇങ്ങനെയും പറയുന്നുണ്ട്: 'ഭാര്യമാര്‍ക്കിടയില്‍ പരിപൂര്‍ണമായി നീതി പാലിക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ ആഗ്രഹിച്ചാലും അത് സാധിക്കുകയില്ല. അതിനാല്‍ സപത്നിയെ ബന്ധനസ്ഥയായി മുടക്കിയിടും വണ്ണം ഒരു പത്നിയിലേക്ക് പൂര്‍ണമായി ചായാതിരിക്കുക' (4:129).
വിവാഹമോചനത്തിനും നിയന്ത്രണം കൊണ്ടുവരുന്നു. 'ത്വലാഖ് രണ്ട് തവണ മാത്രം. അനന്തരം ഭാര്യയെ ന്യായമായ രീതിയില്‍ നിലനിര്‍ത്തുകയോ മാന്യമായി പിരിച്ചയക്കുകയോ ചെയ്യേണ്ടതാണ്. അവരെ പിരിച്ചയക്കുമ്പോള്‍ അവര്‍ക്ക് നല്‍കിയതില്‍നിന്ന് ഒന്നും തിരിച്ചെടുക്കാവതല്ല- ദമ്പതിമാരിരുവരും അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുകയില്ലെന്ന് ആശങ്കിച്ചാലൊഴിച്ച്. ഇനി ദൈവിക നിയമങ്ങള്‍ പാലിക്കാന്‍ കഴിയുകയില്ലെന്ന് വധൂവരന്മാര്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്‍കി മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല' (2:229).
വിവാഹമോചിതയുടെയും വിധവയുടെയും അവകാശങ്ങള്‍
(എ) വിവാഹമോചിതയായ ശേഷം വീണ്ടും വിവാഹത്തിലൂടെ ഒന്നിക്കാനുള്ള അവകാശം.
'നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചെയ്യുകയും അവര്‍ കാത്തിരിപ്പ് കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ പിന്നെ അവര്‍ തെരഞ്ഞെടുക്കുന്ന ഭര്‍ത്താക്കന്മാരെ വിവാഹം ചെയ്യുന്നത് നിങ്ങള്‍ മുടക്കാവതല്ല; അവര്‍ പരസ്പരം തൃപ്തിപ്പെട്ട് നല്ല രീതിയിലാണ് അത് ചെയ്യുന്നതെങ്കില്‍' (2:232).
(ബി) വിവാഹമോചിതയായ ശേഷം സ്വന്തം കുഞ്ഞിനെ മുലയൂട്ടാനുള്ള അവകാശം. 'മാതാക്കള്‍ അവരുടെ കുഞ്ഞുങ്ങളെ രണ്ട് വര്‍ഷം പൂര്‍ണമായി മുലയൂട്ടാം; മുലകുടി പ്രായം മുഴുവന്‍ മുലയൂട്ടണമെന്ന് അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍. ആ അവസരത്തില്‍ മാതാക്കള്‍ക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കുന്നതിന് പിതാക്കള്‍ ബാധ്യസ്ഥരായിരിക്കും. എന്നാല്‍, ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ ബാധ്യതകള്‍ ചുമത്താവതല്ല. കുട്ടി തന്റേതാണെന്ന കാരണത്താല്‍ ഒരു മാതാവ് ദ്രോഹിക്കപ്പെട്ടുകൂടാ. കുട്ടി അയാളുടേതാണെന്ന കാരണത്താല്‍ പിതാവും ദ്രോഹിക്കപ്പെട്ടുകൂടാ. മുലയൂട്ടുന്നവളോട്, കുട്ടിയുടെ പിതാവിനുള്ള അതേ ബാധ്യതകള്‍ അയാളുടെ അനന്തരാവകാശികള്‍ക്കും ഉണ്ടായിരിക്കും' (2:233).
(സി) മുന്‍ ഭര്‍ത്താവുമായി ആലോചിച്ച് കുട്ടിയുടെ മുലകുടി നിര്‍ത്താനുള്ള അവകാശം. 'ഇനി ഇരു കൂട്ടരും കൂടിയാലോചിച്ച് ഉഭയ സമ്മതത്തോടെ മുലകുടി മാറ്റാന്‍ നിശ്ചയിച്ചാല്‍ അപ്രകാരം ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. ഇനി മറ്റൊരു സ്ത്രീയെക്കൊണ്ട് നിങ്ങളുടെ കുട്ടികളെ മുലയൂട്ടണമെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അതിനും വിരോധമില്ല. അവര്‍ക്ക് നിശ്ചയിച്ച പ്രതിഫലം മാന്യമായി കൊടുത്തേക്കണമെന്ന് മാത്രം' (2:233).
(ഡി) കാത്തിരിപ്പ് കാല(ഇദ്ദ)ത്തിന് ശേഷം പുതിയ ഭര്‍ത്താവിനെ തേടാനുള്ള അവകാശം. 'നിങ്ങളില്‍നിന്ന് മരിച്ചു പോകുന്നവരുടെ ശേഷിച്ചിരിക്കുന്ന ഭാര്യമാര്‍, നാലു മാസവും പത്തു നാളും സ്വയം വിലക്കി നിര്‍ത്തേണ്ടതാകുന്നു. അവരുടെ കാത്തിരിപ്പ് കാലം പൂര്‍ത്തിയായാല്‍ പിന്നീട് സ്വന്തം കാര്യത്തില്‍ ന്യായമായ രീതിയില്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് അതിന്റെ ഒരു ഉത്തരവാദിത്വവുമില്ല' (2:234). സ്വന്തം കാര്യത്തില്‍ ന്യായമായ രീതിയില്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കുക' എന്ന ഖുര്‍ആനിക പ്രയോഗത്തിന് തഫ്സീര്‍ ജലാലൈനിയില്‍ നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്: അലങ്കാരങ്ങള്‍ അണിയുന്നതിനെക്കുറിച്ചും ഭര്‍ത്താവിനെ അന്വേഷിക്കുന്നതിനെക്കുറിച്ചുമാണ് ഈ പരാമര്‍ശം.
നിരപരാധിത്വം ഉറപ്പിക്കുന്നതിലും പ്രതിജ്ഞയുടെ സാധ്യതയിലും തുല്യത. 'സ്വന്തം ഭാര്യമാരുടെ പേരില്‍ (വ്യഭിചാര) കുറ്റമാരോപിക്കുകയും അതിന് തങ്ങളല്ലാതെ മറ്റു സാക്ഷികളില്ലാതിരിക്കുകയും ചെയ്താല്‍, അവരില്‍ ഓരോരുത്തരും താന്‍ സത്യമാണ് പറയുന്നത് എന്ന് അല്ലാഹുവില്‍ ആണയിട്ട് നാല് വട്ടം മൊഴികൊടുക്കുക. അഞ്ചാം വട്ടം, താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തന്റെ മേല്‍ ദൈവശാപമുണ്ടാകട്ടെ എന്നും പറയണം. അയാളുടെ ആരോപണം കള്ളമാണെന്ന് അല്ലാഹുവില്‍ ആണയിട്ട് നാല് വട്ടം അവള്‍ നല്‍കുന്ന മൊഴി, അവളില്‍നിന്ന് ശിക്ഷ തടുക്കുന്നതാകുന്നു. അഞ്ചാം വട്ടം, അയാളുടെ ആരോപണം സത്യമാണെങ്കില്‍ തന്റെ മേല്‍ ദൈവകോപം ഉണ്ടാവട്ടെ എന്നും അവള്‍ പറയണം' (24:6-9).
അനന്തരാവകാശത്തില്‍ പങ്കാളിത്തം. സ്വത്ത് ഓഹരിവെക്കുന്നതിന്റെ തത്ത്വം വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറഞ്ഞതായാലും ശരി, കൂടിയതായാലും ശരി' (4:7). ഓരോ അവകാശിക്കും അവകാശി മകനാകട്ടെ മകളാകട്ടെ, മാതാവാകട്ടെ പിതാവാകട്ടെ, ഭര്‍ത്താവാകട്ടെ ഭാര്യയാകട്ടെ, സഹോദരിയാവട്ടെ സഹോദരനാവട്ടെ എത്ര നല്‍കണമെന്ന ഓഹരിവിഹിതം ഖുര്‍ആന്‍ കൃത്യമായി പറഞ്ഞുതന്നിട്ടുണ്ട്. അധ്യായം നാല് അന്നിസാഇല്‍ 11,12,176 സൂക്തങ്ങളിലാണ് ഈ വിവരണം വന്നിട്ടുള്ളത്.
അടിച്ചമര്‍ത്തപ്പെടുന്നവരല്ലെങ്കില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ആവശ്യമെങ്കില്‍ വിശ്വാസ സംരക്ഷണാര്‍ഥം ദേശം വിട്ടുപോകല്‍ (ഹിജ്റ) ബാധ്യതയായി വരുന്നുണ്ട്. 'തങ്ങളോട് തന്നെ അതിക്രമം പ്രവര്‍ത്തിച്ചവര്‍, അവരുടെ ജീവന്‍ പിടിച്ചെടുക്കാന്‍ വരുമ്പോള്‍ മലക്കുകള്‍ ചോദിക്കും: നിങ്ങള്‍ എന്തവസ്ഥയിലായിരുന്നു? അവര്‍ പറയും: ഭൂമിയില്‍ ഞങ്ങള്‍ അവശന്മാരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു. മലക്കുകള്‍ ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വെടിഞ്ഞ് പലായനം ചെയ്തുകൂടായിരുന്നോ?... എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ നിസ്സഹായരും പലായനം ചെയ്യുന്നതിന് മാര്‍ഗമോ ഉപായമോ കണ്ടെത്താന്‍ കഴിയാത്തവരുമായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അല്ലാഹു പൊറുത്തു കൊടുത്തേക്കാം... (4:97-100).
റസൂലിന്റെ പിതൃസഹോദര പുത്രന്‍ അബ്ദുല്ലാഹിബ്നു അബ്ബാസ് പറയുന്നു: 'ഞാനും എന്റെ മാതാവും അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. ഞാനൊരു അടിച്ചമര്‍ത്തപ്പെട്ട കുട്ടിയും അവര്‍ ഒരു അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയും ആയിരുന്നു' (ബുഖാരി).
ഈ ഖുര്‍ആനിക സൂക്തങ്ങളില്‍, സ്ത്രീകളെ മാത്രം അടിച്ചമര്‍ത്തപ്പെട്ടവരായി എടുത്തു പറയുന്നില്ലെന്നും, സ്ത്രീയും പുരുഷനും ഒരുപോലെ അടിച്ചമര്‍ത്തലിന് വിധേയരാവാമെന്നാണ് സൂചിപ്പിക്കുന്നതെന്നും അസ്സൈനുബ്നു മുനീര്‍ വിശദീകരിക്കുന്നുണ്ട്.
മദീനയിലേക്കുള്ള ഹിജ്റയില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം. അവരുടെ പ്രതിബദ്ധത പരീക്ഷിച്ചറിയുന്നു. 'ഓ, വിശ്വസിച്ചവരേ, വിശ്വാസിനികള്‍ ദേശത്യാഗം ചെയ്തു നിങ്ങളുടെ അടുത്ത് എത്തിയാല്‍, അവരെ പരീക്ഷിച്ച് നോക്കേണ്ടതാകുന്നു! (60:10). മുസ് ലിമത്തായി ജീവിക്കാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കാനും മാത്രമാണ് തങ്ങളുടെ ഈ പലായനമെന്നും മറ്റൊരു ലക്ഷ്യവും ഇതിന് പിന്നിലില്ലെന്നും പ്രതിജ്ഞ ചെയ്യലാണ് ഈ സൂക്തത്തില്‍ പറഞ്ഞ 'പരീക്ഷ.'
പ്രവാചകനുമായി പ്രതിജ്ഞ ചെയ്യുന്നതില്‍ പങ്കാളിത്തം. 'ദൈവദൂതരേ, വിശ്വാസികളായ സ്ത്രീകള്‍ താങ്കളുടെ അടുക്കല്‍ വന്ന്, അവര്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും മക്കളെ കൊല്ലുകയില്ലെന്നും, അവരുടെ കൈകാലുകള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വ്യാജവും കെട്ടിച്ചമക്കുകയില്ലെന്നും, യാതൊരു സല്‍ക്കാര്യത്തിലും താങ്കള്‍ക്ക് എതിര് പ്രവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്താല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക' (60:12). ഇതേ പ്രതിജ്ഞ പുരുഷന്‍മാരില്‍നിന്നും നബി (സ) വാങ്ങിയിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഉബാദതു ബ്നു സ്വാമിത്ത് (റ) പറയുന്നു. ഒരിക്കല്‍ റസൂല്‍ തന്റെ അനുചരന്മാരെ വിളിച്ച് ചേര്‍ത്ത് ഇപ്രകാരം ഉണര്‍ത്തി: എന്റെ അടുത്തേക്ക് വരിക. എന്നിട്ട്, അല്ലാഹുവില്‍ പങ്കുകാരെ ചേര്‍ക്കില്ലെന്നും കളവോ വ്യഭിചാരമോ നടത്തുകയില്ലെന്നും സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയില്ലെന്നും വ്യാജം കെട്ടിച്ചമക്കില്ലെന്നും നന്മയില്‍ എന്നെ ധിക്കരിക്കില്ലെന്നും നിങ്ങള്‍ എന്നോട് പ്രതിജ്ഞ ചെയ്യൂ' (ബുഖാരി ഉദ്ധരിച്ചത്).
നന്മ കല്‍പിക്കുന്നതിലും തിന്മ തടയുന്നതിലും സ്ത്രീ-പുരുഷന്മാരായ വിശ്വാസികള്‍ പരസ്പരം ആത്മമിത്രങ്ങളാകുന്നു.
'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പ്പിക്കുന്നു, അധര്‍മം നിരോധിക്കുന്നു. നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു' (9:71).
വിവ: അഷ്റഫ് കീഴുപറമ്പ്