വിവാഹ ദിവസം ആഘോഷമാക്കാന്‍ വളരെ വലിയ ഒരുക്കങ്ങള്‍ എല്ലാവരും നടത്തും. എന്നാല്‍ ദാമ്പത്യം സുന്ദരമാക്കാന്‍ അത്ര ഒരുക്കങ്ങളൊന്നും ആരും നടത്താറില്ല. വിവാഹാഘോഷങ്ങള്‍ ഒന്നോ രണ്ടോ ദിവസം നീണ്ടുനില്‍ക്കുന്നതാണ്. എന്നാല്‍, ദാമ്പത്യം ജീവിതകാലം മുഴുവന്‍ നീളുന്നതാണ്. വിവാഹ ദിവസത്തിനു വേണ്ടി നടത്തുന്നതില്‍ കൂടുതല്‍ തയ്യാറെടുപ്പ് ദാമ്പത്യം സുരഭിലമാക്കാനാണ് ചെലവഴിക്കേണ്ടത്. കഥകളിലും സിനിമകളിലും കാണുന്നപോലെ സുന്ദരമായ സ്വപ്‌നമല്ല ദാമ്പത്യം. അത് ഇണക്കങ്ങളും പിണക്കങ്ങളും ഇഴ ചേര്‍ന്നിരിക്കുന്ന കയ്പില്‍ ചാലിച്ച മധുരമാണ്.
ആവര്‍ത്തിക്കുന്ന തര്‍ക്കങ്ങള്‍
ഒരിക്കലും പിണങ്ങുകയോ തര്‍ക്കിക്കുകയോ ചെയ്യാത്ത ദമ്പതിമാര്‍ക്കിടയിലേ സന്തോഷമുണ്ടാവൂ എന്നത് തെറ്റിദ്ധാരണയാണ്. സൗന്ദര്യ പിണക്കങ്ങളും തര്‍ക്കങ്ങളും ദാമ്പത്യത്തിന്റെ ഭാഗമാണ്. പ്രവാചക പത്നിമാര്‍ പോലും അദ്ദേഹത്തോട് കലഹിച്ചിരുന്നു. പ്രവാചകന്‍ ആഇശ ബീവിയുടെ വീട്ടിലിരിക്കുമ്പോള്‍ മറ്റൊരു ഭാര്യയുടെ വീട്ടില്‍നിന്ന് ഒരു പാത്രത്തില്‍ ഭക്ഷണം കൊടുത്തയച്ചു. ഇത് ഇഷ്ടപ്പെടാതെ ആഇശ ബീവി ആ പാത്രം തട്ടിത്തെറിപ്പിച്ചു. ഭക്ഷണമെല്ലാം ചിതറി. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞു: ''നിങ്ങളുടെ ഉമ്മ ദേഷ്യത്തിലാണ്''. എന്നിട്ട് പ്രവാചകന്‍ തന്നെ നിലത്തു വീണ ഭക്ഷണം എടുക്കുകയും, പൊട്ടിയ പാത്രത്തിനു പകരമായി നല്ല പാത്രം തിരിച്ചു നല്‍കുകയും ചെയ്തു. പ്രവാചകന്‍ തന്റെ ഭാര്യയുടെ അസൂയ മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്തു.
അഭിപ്രായ വ്യത്യാസങ്ങളെയും തര്‍ക്കങ്ങളെയും നേരിടുമ്പോള്‍ മയത്തോടെ തുടങ്ങണം എന്ന പാഠമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. നിങ്ങളുടെ പങ്കാളിയെ ആക്രമിച്ചുകൊണ്ട് തുടങ്ങുന്ന ഏതൊരു തര്‍ക്കവും അതിനേക്കാള്‍ രൂക്ഷമായ രീതിയിലാണ് അവസാനിക്കുക. സ്ഫോടനാത്മകമായ ആ സന്ദര്‍ഭത്തിലും ''നിങ്ങളുടെ ഉമ്മ'' എന്നാണ് പ്രവാചകന്‍ ആഇശ ബീവിയെ അഭിസംബോധന ചെയ്യുന്നത്.
ദാമ്പത്യത്തിലെ സന്തോഷം നിര്‍ണയിക്കുന്നത്, തര്‍ക്കം നിലനില്‍ക്കെ തന്നെ പരസ്പരം ബഹുമാനിക്കുന്നതിലാണ്. ദാമ്പത്യത്തിലെ എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീര്‍ക്കാം എന്നത് മിഥ്യാ ധാരണയാണ്. ദമ്പതിമാര്‍ തമ്മിലെ തര്‍ക്കങ്ങളില്‍ 70 ശതമാനവും പരിഹരിക്കാന്‍ സാധിക്കാത്തതാണ്. ആ തര്‍ക്കങ്ങള്‍ ആവര്‍ത്തന സ്വഭാവമുള്ളതുമാണ്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ പരസ്പരം പിണങ്ങാന്‍ കാരണമായ വിഷയം വീണ്ടും വീണ്ടും ഏറ്റുമുട്ടാന്‍ ഹേതുവായേക്കും.
ഇണയുടെ സ്വഭാവത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഓരോ കാര്യങ്ങളിലും അല്ലാഹു ധാരാളം ഗുണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടാവും എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
'ഭാര്യമാരോട് മാന്യമായി സഹവസിക്കുക. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം' (4:19). ഓരോ ആളുകള്‍ക്കും ഓരോ സ്വഭാവമുണ്ട്. അതില്‍ ചിലപ്പോള്‍ ന്യൂനതകളുണ്ടാവും. ചില സ്വഭാവങ്ങള്‍ ഭര്‍ത്താവിനോ ഭാര്യക്കോ ഇഷ്ടമില്ലാത്തതുണ്ടാവും. അത്തരം സ്വഭാവം മാറ്റിയാല്‍ മാത്രമേ എനിക്ക് നിന്നെ സ്നേഹിക്കാന്‍ കഴിയൂ എന്ന് പറയാന്‍ പാടില്ല. എന്റെ ഇണയുടെ എല്ലാ ചിന്തകളും എന്റെതു പോലെ ആവണം എന്ന് വാശി പിടിക്കരുത്. അവള്‍/അവന്‍ തികച്ചും വ്യത്യസ്തമായ വ്യക്തിത്വമുള്ള ഒരാളാണ്. നമ്മുടെ സ്വഭാവത്തിലും ന്യൂനതകളുണ്ട് എന്ന് തിരിച്ചറിയണം.
ദമ്പതിമാര്‍ക്കിടയിലെ തര്‍ക്കം വൈകാരികമാവാന്‍ അധിക സമയം വേണ്ട. ഈ വൈകാരിക പിരിമുറുക്കം നാഡീ ഞരമ്പുകളെ ഉദ്ദീപിപ്പിക്കുകയും യുദ്ധ സമാന സാഹചര്യത്തിലേക്ക് ശരീരത്തെ സജ്ജമാക്കുകയും ചെയ്യും. ഹൃദയ മിടിപ്പും ചോരത്തിളപ്പും വര്‍ധിക്കും. പേശികള്‍ വലിഞ്ഞു മുറുകും. ഗവേഷകര്‍ അമിഗ്ദാല ഹൈജാക് (Amygdala Hijack) എന്നാണിതിനെ വിളിക്കുന്നത്. വിവേകത്തെ വികാരം അതിജയിക്കുന്ന അവസ്ഥയാണത്. ഫലമായി എന്താണ് ചെയ്യുന്നത് എന്നറിയാതെ അര്‍ധബോധാവസ്ഥയില്‍ പ്രതികരിക്കും.
ഒരു തരത്തിലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് തര്‍ക്കം വഴുതിപ്പോയാല്‍ പങ്കാളിയുടെ അടുത്തു നിന്ന് മാറി നില്‍ക്കണം. എന്നാല്‍ 24 മണിക്കൂറിനപ്പുറത്തേക്ക് അകന്നു നില്ക്കാന്‍ പാടില്ല. ഉമര്‍ (റ) തന്നോട് കയര്‍ത്തു സംസാരിച്ച ഭാര്യയെ ശാസിച്ചപ്പോള്‍ അവര്‍ പറയുന്നുണ്ട്, പ്രവാചകനോട് അവിടുത്തെ പത്നിമാര്‍ തര്‍ക്കിക്കുകയും ഒരു രാത്രിയോ പകലോ അകന്നു കഴിയുകയും ചെയ്യാറുണ്ട് എന്ന്. പത്നിമാരെ ഭീഷണിപ്പെടുത്തുകയല്ല പ്രവാചകന്‍ ചെയ്തത്. മറിച്ച്, ക്ഷമയിലൂടെ അവരെ നിയന്ത്രിക്കുകയാണുണ്ടായത്.
ദാമ്പത്യ പ്രശ്നങ്ങളില്‍ മൂന്നാമതൊരാളുടെ സഹായം തേടുന്നത് പൊതുവില്‍ കുറച്ചിലായാണ് നമ്മുടെ സമൂഹം വിലയിരുത്തുന്നത്. പ്രവാചക ചര്യ ഇതിനു വിപരീതമാണ്. ആഇശ പ്രവാചകനോട് തര്‍ക്കിച്ചു. രണ്ടു പേര്‍ക്കും പരിഹരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മൂന്നാമതൊരാളെ മധ്യസ്ഥനാക്കാന്‍ തീരുമാനിച്ചു. റസൂല്‍ ചോദിച്ചു, ഉമറിനെ മധ്യസ്ഥനാക്കാം. കര്‍ക്കശക്കാരനായ ഉമറിനെ ഭയമാണെന്നു ആയിഷ. അബൂബക്ർ സ്വിദ്ദീഖിനെ മധ്യസ്ഥനാക്കി. അബൂബക്ർ സ്വിദ്ദീഖ് പ്രവാചകന്റെയും ആഇശയുടെയും ഭാഗം കേട്ടു. തുടര്‍ന്ന് 'നീ റസൂലിനോട് ശബ്ദമുയര്‍ത്തി സംസാരിക്കുകയോ?' എന്ന് ചോദിച്ചു ആഇശയെ ശകാരിച്ചു. ഇത്രയുമായപ്പോള്‍ പ്രവാചകന്‍ അബൂബക്ർ സ്വിദ്ദീഖിനെ തിരിച്ചയച്ചു. നിന്നെ പിതാവില്‍ നിന്ന് രക്ഷിച്ചത് ഞാനാണെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ ആഇശ ചിരിച്ചു. മധ്യസ്ഥരെ തെരഞ്ഞെടുക്കുമ്പോള്‍ രഹസ്യം സൂക്ഷിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കുക. ഇണയുടെ കുറ്റങ്ങള്‍ പറഞ്ഞു നടക്കുന്നതും, മറ്റുള്ളവരുടെ മുന്നില്‍ വെച്ചു ഗുണദോഷിക്കുന്നതും ശകാരിക്കുന്നതും ഒരു മുസ്്‌ലിമിന് യോജിക്കാത്തതാണ്.
മധുരിക്കുന്ന ദാമ്പത്യം
ഇണയുടെ ഇഷ്ടങ്ങളെ മനസ്സിലാക്കലാണ് യഥാര്‍ഥ പ്രണയത്തിന്റെ ഒരു ഘടകം. അതിലൂടെ പരസ്പര സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. പരസ്പര സൗഹൃദം തര്‍ക്കങ്ങളെ നിയന്ത്രിക്കും. ശൃംഗാരത്തിനും അഭിനിവേശത്തിനും നല്ല ലൈംഗിക ബന്ധത്തിനും അത് കാരണമാകും. പങ്കാളിയുടെ സ്വപ്‌നങ്ങളെ മനസ്സിലാക്കലാണ് മറ്റൊരു ഘടകം. ജീവിതത്തില്‍ എന്തായിത്തീരാനാണ് അവള്‍/അവന്‍ ലക്ഷ്യമിടുന്നത്, എന്തൊക്കെയാണ് ആഗ്രഹങ്ങള്‍ എന്നെല്ലാം അറിയണം. ഇതിലൂടെ നിങ്ങളറിയുന്നത് പങ്കാളിയെ തന്നെയാണ്.
പങ്കാളിക്ക് നല്‍കുന്ന വിലയേറിയ സമ്മാനങ്ങളോ, വിദൂരമായ സ്വപ്‌നസാമ്രാജ്യത്തിലേക്ക് വിനോദയാത്ര പോകുന്നതോ അല്ല പ്രണയം വര്‍ധിപ്പിക്കുന്നത്. നിസ്സാരമെന്നു തോന്നുന്ന നിമിഷങ്ങളില്‍ പ്രകടിപ്പിക്കുന്ന ശ്രദ്ധയാണ് വൈവാഹിക വിജയത്തിന്റെ രഹസ്യം. സംസാരിക്കുമ്പോള്‍ മുഖത്തോടു മുഖം നോക്കാന്‍ ശ്രദ്ധിക്കുന്ന പോലെ. ഒന്നിച്ചിരുന്നു ചായയോ കാപ്പിയോ കുടിക്കുന്ന പോലെ, ഭക്ഷണം ഒന്നിച്ച് കഴിക്കുന്ന പോലെ. വെള്ളം കുടിക്കുമ്പോള്‍ 'നിനക്ക് വേണോ' എന്ന ചോദ്യം പോലെ. വീട്ടിലെ ചില ജോലികള്‍ ഒരുമിച്ചു ചെയ്യുന്ന പോലെ. ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തിയാല്‍ അനുഷ്ഠാനമെന്ന പോലെ ഒരു ചുംബനവും ആലിംഗനവും കൈമാറുന്ന പോലെ. ഇണകളിലൊരാള്‍ ഖുര്‍ആന്‍ ഓതുന്നത് നോക്കി നില്‍ക്കുന്നത് പോലെ. ചെറുതെന്ന് നമ്മള്‍ കരുതുന്ന കാര്യങ്ങളാണ് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെട്ട് പോകാറുള്ളത്.
ദാമ്പത്യത്തിന്റെ ലക്ഷ്യം
പ്രവാചകന്‍ പറയുന്നുണ്ട്: ''നിങ്ങളില്‍ ഉത്തമര്‍ ഭാര്യമാരോട് മാന്യമായി പെരുമാറുന്നവരാണ്. നിങ്ങളില്‍ വെച്ച് ഏറ്റവും നന്നായി ഭാര്യമാരോട് പെരുമാറാറുള്ളത് ഞാനാണ്''. അങ്ങനെ അവകാശപ്പെടാന്‍, പ്രവാചകനെ പ്രാപ്തനാക്കുന്നത് ഭാര്യമാരില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ച സ്നേഹമാണ്. അനുപമമായ സ്നേഹം ലഭിക്കാന്‍ റസൂലുല്ല എന്താണ് അവിടുത്തെ ഭാര്യമാര്‍ക്ക് നല്‍കിയത്? വിവാഹത്തിനു മുന്‍പേ സമ്പന്നയാണ് പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ. നുബുവ്വത്തിനു ശേഷം തന്റെ സമ്പത്ത് മുഴുവന്‍ അവര്‍ ഇസ് ലാമിന് നല്‍കി ദരിദ്രയായാണ് മരണപ്പെട്ടത്. വിവാഹത്തിനു മുന്‍പ് തന്നെ കുലീനയായിരുന്നു ഖദീജ. അബ്ദുല്‍ മുത്തലിബിന്റെ പേരമകനെ വിവാഹം കഴിച്ചപ്പോള്‍ അന്തസ്സ് കൂടി എന്ന് പറയാം. പക്ഷേ, ആ അന്തസ്സ് അവരെ കൊണ്ടെത്തിച്ചത് സാമൂഹിക ബഹിഷ്‌കരണത്തിലേക്കാണ്. ഖുറൈശികള്‍ മുഹമ്മദിനും കുടുംബത്തിനും വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പ്രവാചകനും ഏതാനും ചില വിശ്വാസികള്‍ക്കും ഒപ്പം ഒരു മലഞ്ചരിവില്‍ മൂന്നു വര്‍ഷം ഭക്ഷണം പോലും ഇല്ലാതെ കഴിച്ചു കൂട്ടേണ്ടിവന്നു. അപ്പോഴും ഖദീജ റസൂലിനെ സ്നേഹിച്ചു. റസൂലിനെ വിട്ടു പിരിഞ്ഞില്ല. വിഷമിക്കുന്ന പ്രവാചകനെ ആശ്വസിപ്പിച്ചു. ആ പ്രണയത്തിന്റെ രഹസ്യം എന്തായിരുന്നു? അല്ലാഹു പ്രവാചകനു നല്‍കിയ ആദര്‍ശത്തിന്റെ പൂര്‍ത്തീകരണമായിരുന്നു അവരുടെ രണ്ടു പേരുടെയും ലക്ഷ്യം. അല്ലാഹുവിനു വേണ്ടിയാണ് അവര്‍ പരസ്പരം ഇഷ്ടപ്പെട്ടത്. അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പരീക്ഷണങ്ങള്‍ അവരുടെ സ്നേഹം വര്‍ധിപ്പിച്ചു. അല്ലാഹുവിന് വേണ്ടിയാണ് ആഇശ പ്രവാചകനെ സ്നേഹിച്ചത്. വേറെ എന്താണ് റസൂല്‍ ആഇശക്കു നല്‍കിയത്? ഭൗതിക സുഖസൗകര്യങ്ങളൊന്നും അവരുടെ വീട്ടിലുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ തൃപ്തി എന്ന ഉന്നതമായ അഭിലാഷത്തിന്റെ മുന്നില്‍ ഈ ലോകത്തെ പ്രയാസങ്ങള്‍ അവരെ തെല്ലും അലോസരപ്പെടുത്തിയില്ല. ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നത്, രണ്ടു പേര്‍ക്കും പൊതുവായ ലക്ഷ്യമുണ്ടാവുകയും ഒരുമിച്ചു അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്.
മവദ്ദത്തും റഹ്മത്തും
കൊച്ചു കൊച്ചു സ്നേഹ പ്രകടനങ്ങള്‍, ദാമ്പത്യത്തിലെ സംഘര്‍ഷങ്ങളില്‍ നിന്ന് സ്വതന്ത്രനാക്കും. ചുംബനവും ആലിംഗനവും സന്തോഷം പകരുന്ന ഗ്രന്ധികളെ ഉദ്ദീപിപ്പിക്കും. സ്നേഹം മാത്രമല്ല കരുണ കൂടി ചേര്‍ന്നതാണ് പ്രണയം. മവദ്ദത്തും റഹ്മത്തും ചേര്‍ന്നതാണ് ദാമ്പത്യം എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്.
ദാമ്പത്യ ബന്ധം എന്നാല്‍ ഒരേ വീട്ടില്‍ താമസിക്കുക എന്നതോ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നതോ, മക്കളെ വളര്‍ത്തുക എന്നതോ മാത്രമല്ല. രണ്ടു പേര്‍ക്കും സ്വീകാര്യമായ അര്‍ഥപൂര്‍ണമായ ജീവിതം പണിയുക എന്നതാണ്. അര്‍ഥപൂര്‍ണമായ ബന്ധങ്ങള്‍ രണ്ടു പേരുടെയും കര്‍ത്തവ്യങ്ങളേയും മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും പരസ്പരം യോജിപ്പിക്കുന്നതാണ്. മുന്‍പൊക്കെ ഭാര്യമാരുടെ സ്വപ്‌നവും ലക്ഷ്യവുമൊക്കെ ഭര്‍ത്താവിനെ ചുറ്റിപ്പറ്റിയുള്ളതും മക്കളെ നല്ല നിലയില്‍ എത്തിക്കലുമായിരുന്നു. പുതിയ കാലത്തു കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കണമെന്നും നല്ല ജോലി വേണമെന്നും, ജോലിയില്‍ ഉയര്‍ച്ച വേണമെന്നുമൊക്കെ സ്വന്തമായ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുള്ള സ്ത്രീകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുമിച്ചു സമയം ചിലവഴിച്ചും, ചിന്തകളും ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കുവെച്ചുമാണ് ദാമ്പത്യത്തിന് ഒരേ അര്‍ഥം നല്‍കാന്‍ സാധിക്കുക.
പരസ്പരം മനസ്സിലാക്കുക
വിവാഹ മോചിതരാവുന്ന ദമ്പതിമാരില്‍ പൊതുവില്‍ കാണുന്ന നാലു ദുശീലങ്ങളില്‍ ആദ്യത്തേതാണ് കുറ്റപ്പെടുത്തല്‍. ഇണയില്‍ നിന്നുണ്ടാവുന്ന ഏതു അബദ്ധവും അവളുടെ/അവന്റെ സ്വഭാവ വൈകല്യത്തിന്റെ ലക്ഷണമായാണ് കാണുക. അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഉദാഹരണത്തിന്, ഭാര്യ ഒരു വഴിക്ക് പോയി തിരിച്ചുവരുന്നത് വരെ ഫോണ്‍ വിളിക്കാന്‍ മറന്നു പോയാല്‍ കുറ്റപ്പെടുത്താതെ, നീ വിളിക്കാത്തതുകൊണ്ട് ഞാനാകെ പേടിച്ചു എന്ന് പറയാം. അല്ലാതെ നീ എപ്പോഴും ഇങ്ങനെയാണ്. നീ കാരണം മറ്റുള്ളവര്‍ക്കുണ്ടാവുന്ന വിഷമം ഓര്‍ക്കുകയേ ഇല്ലാ എന്ന് കുറ്റപ്പെടുത്തിയാല്‍ അത് ഇണയെ പ്രതിരോധത്തിന് നിര്‍ബന്ധിക്കുന്നു.
ഈ പ്രതിരോധമാണ് ദാമ്പത്യത്തെ വിരസമാക്കുന്ന രണ്ടാമത്തെ ഘടകം. പ്രതിരോധം രണ്ടു രീതിയിലുണ്ട്. ഒന്നാമത്തേത് ധാര്‍മിക രോഷമാണ്. താനല്ല തെറ്റുകാരന്‍, പങ്കാളിയാണ് തെറ്റ് ചെയ്തത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയാണത്. രണ്ടാമത്തേത് നിഷ്‌കളങ്കത തെളിയിക്കാനുള്ള ന്യായങ്ങള്‍ നിരത്തലാണ്. അത് ചിലപ്പോഴൊക്കെ കരഞ്ഞുകൊണ്ടാവാം. ചെയ്തു പോയ അബദ്ധത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാവുമിത്. മൂന്നാമത്തെ ഘടകമായ പരിഹാസമാണ് ദാമ്പത്യത്തിലെ ഏറ്റവും വലിയ വില്ലന്‍. ആവര്‍ത്തിച്ചുള്ള കുറ്റപ്പെടുത്തലുകളാണ് പരിഹാസമായി പരിണമിക്കുന്നത്. ദമ്പതികളിലൊരാള്‍ താന്‍ ഇണയെക്കാള്‍ ശ്രേഷ്ഠനാണെന്നു ഭാവിക്കുകയാണ് പരിഹസിക്കുമ്പോള്‍ ചെയ്യുന്നത്. ഞാന്‍ നിന്നെക്കാള്‍ വൃത്തിയുള്ളവന്‍, ശ്രദ്ധയുള്ളവന്‍, നിഷ്ഠയുള്ളവന്‍ എന്നൊക്കെ ഭാവിച്ച് പങ്കാളിയെ കളിയാക്കുകയാണ് പരിഹാസം. പരിഹസിക്കപ്പെടുന്നത് മാനസിക പീഡനമായതിനാല്‍ ഇരയാക്കപ്പെടുന്നവരുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കും. നിരന്തരമായി പരിഹസിക്കപ്പെടുന്നയാള്‍ക്ക് പനി, തലവേദന തുടങ്ങിയ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വിവാഹ മോചനത്തിന്റെ ഏറ്റവും പ്രധാന ലക്ഷണവും പരിഹാസമാണ്.
ഇണകളിലൊരാള്‍ നിസ്സഹകരിക്കുന്നതാണ് ദാമ്പത്യത്തെ വിരസമാക്കുന്ന നാലാമത്തെ ഘടകം. ഇണ പരാതി പറഞ്ഞാലും കേള്‍ക്കാത്ത പോലെ മിണ്ടാതിരിക്കുക, അവരുടെ പ്രവൃത്തികളെ അവഗണിക്കുക, തിരക്കാണെന്ന് അഭിനയിക്കുക, നേരത്തെ ഉറങ്ങുക തുടങ്ങിയവയാണ് നിസ്സഹകരണത്തിന്റെ പ്രത്യേകത. നിസ്സഹകരിക്കുന്ന ആള്‍ ഇതൊന്നും എനിക്ക് വിഷയമല്ല എന്നാണു ഭാവിക്കുന്നതെങ്കിലും, മാനസികമായി അയാളും പ്രയാസപ്പെടുന്നുണ്ട്. അധികവും ഭര്‍ത്താക്കന്മാരാണ് നിസ്സഹകരിക്കാറുള്ളത്.
നന്മകള്‍ മറന്നു പോവുകയും ദുഃഖങ്ങള്‍ ഓര്‍ത്തുവെക്കുകയും ചെയ്യുകയാണ് പൊതുവേയുള്ള സ്വഭാവം. വേദനാജനകമായ പെരുമാറ്റത്തിനു നല്ല പെരുമാറ്റത്തെക്കാള്‍ അഞ്ച് മടങ്ങിലധികം സ്വാധീനശേഷിയുണ്ട്. അതിനാലാണ് അവ മറക്കാനും വീണ്ടും അടുക്കാനും സമയമെടുക്കുന്നത്.