ഗസ്സയിലെ ദുരിതം നെഞ്ചിലെ നെരിപ്പോടായി മാറിയ ലോകത്തുളള ഓരോരുത്തരും അവരോടുള്ള ഐക്യദാര്‍ഢ്യം അറിയിച്ച് തെരുവിലിറങ്ങുകയും തങ്ങളാലാവുന്ന സഹായങ്ങള്‍ എത്തിക്കാനുളള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് മലയാളിയായ ശ്രീരശ്മി അതിലൊരു കണ്ണിയാവാന്‍ തീരുമാനിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തിച്ച ഭക്ഷ്യവസ്തുക്കള്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യമായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് കാര്യമായൊരു ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല. അല്‍പ്പം കുടിനീരെത്തിക്കാനെങ്കിലും തനിക്കെന്ത് ചെയ്യാനാകും എന്നായി പിന്നീട് രശ്മിയുടെ ചിന്ത. ഒടുക്കം വിജയകരമായി ലക്ഷ്യത്തിലെത്താന്‍ രശ്മിക്കായി. ശ്രീരശ്മിക്ക് നന്ദിയറിയിച്ച് ഗസ്സയിലെ കുടുംബങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചെയ്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരാണ് ശ്രീരശ്മി എന്ന് നമ്മള്‍ തിരഞ്ഞത്. എന്നാല്‍, ഏറക്കാലമായി സന്നദ്ധപ്രവര്‍ത്തനത്തില്‍ സജീവമാണ് ശ്രീരശ്മി. ചൂരല്‍മലയുള്‍പ്പെടെ വിവിധ ദുരന്ത മേഖലകളില്‍ സജീവ പ്രവര്‍ത്തനം നടത്തിയ 'കൂട്ട്' കമ്യൂണിറ്റി സ്ഥാപക കൂടിയാണ് ശ്രീരശ്മി.
സഹായമെത്തിച്ച വഴി...
തന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ശ്രമകരമായ പ്രയത്നമായിരുന്നു കുടിവെള്ളമെത്തിക്കലെന്ന് ശ്രീരശ്മി പറയുന്നു. മറ്റേത് രാജ്യങ്ങളിലേക്കും കുടിവെള്ളമെത്തിക്കല്‍ എളുപ്പമാണ്. കാരണം, മലയാളികള്‍ ഇല്ലാത്ത ഇടങ്ങളില്ല ലോകത്ത്. ഫ്രാന്‍സിലേക്കാണെങ്കിലും സ്പെയിനിലേക്കാണെങ്കിലും സഹായമെത്തിക്കല്‍ സാധ്യമാണ്. ഗസ്സയിലെ അവസ്ഥ ഏവര്‍ക്കും അറിയാവുന്നതുപോലെ അത്യന്തം പരിതാപകരവും ഗുരുതരവുമാണ്. ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളികള്‍ ഏറെയുണ്ട്. ഗസ്സക്ക് വേണ്ടി കുടിവെള്ളം നല്‍കാന്‍ ക്രിയാത്മകമായി പിന്തുണച്ചത് ലണ്ടനിലെ ടെലിവിഷന്‍ പ്രൊഡ്യൂസറായ വെസ്ലി ഹോസ്ലി ആയിരുന്നുവെന്ന് ശ്രീരശ്മി പറയുന്നു. അവര്‍ ഗസ്സ ഫോര്‍മുല ഫണ്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഒപ്പം നിരവധി പേര്‍ തനിക്ക് പിന്തുണ നല്‍കിയെന്ന് ശ്രീരശ്മി അഭിമാനത്തോടെ പറയുന്നു.
തന്റെ പ്രവര്‍ത്തനം കാരണം പലരും ഗസ്സക്ക് വേണ്ടി സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. പ്രത്യേകിച്ച് കേരളത്തിലെ ആളുകള്‍. തുടക്കം മുതല്‍ ഗസ്സയിലെ നിരാലംബര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ദൈന്യതയുടെ മുഖവും പേറി ജീവിക്കുന്ന അവിടത്തെ കുഞ്ഞുങ്ങളുടെ മുഖമായിരുന്നു ശ്രീരശ്മിയുടെ മനസ് നിറയെ. പബ്ലിക്ക് ആയിട്ട് ക്രൗഡ് ഫണ്ടിങ് ഒന്നും ഇല്ലായിരുന്നു. നല്ല മനസ്സുള്ള കുറെ പേര്‍ തങ്ങളുടെ മക്കളുടെ പിറന്നാളിന് മാറ്റിവെച്ച തുകയൊക്കെ സംഭാവനയായി നല്‍കി. കുഞ്ഞിനായി കാത്തിരിക്കുന്നവരും സംഭാവന കൊടുത്തവരുടെ കൂട്ടത്തിലുണ്ട്. 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ചു നല്‍കിയാണ് ശ്രീരശ്മി മനുഷ്യത്വത്തിന്റെ മാതൃകയായത്. ഗസയിലെ ജനതക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളും ശ്രീ രശ്മിക്ക് ഇത്തരം സഹായങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായകമായി.
ചെറുപ്പം മുതല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ശ്രീരശ്മി ശ്രദ്ധിച്ചിരുന്നു. 2018-ലെ പ്രളയത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വയനാട്ടിലെ പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ശ്രീരശ്മി ചൂരല്‍മലയില്‍ മൃതദേഹങ്ങള്‍ വൃത്തിയാക്കാന്‍ ദിവസങ്ങളോളം ചെലവഴിച്ചു.
ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍
ഗസ്സയിലെ നിസ്സഹായരായ മനുഷ്യരുടേയും കുഞ്ഞുങ്ങളുടേയും മുഖം മനസ്സിലേക്ക് വരുമ്പോള്‍ നന്നായി ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് ശ്രീരശ്മി പറയുന്നു. പ്രയാസം അനുഭവിക്കുന്നവര്‍ക്കായി ഓടി ചെല്ലുമ്പോള്‍ ഗസ്സക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമം തന്റെ മനസ്സിനെ പിടിച്ചുലച്ചു.
ഭാവി പ്രവര്‍ത്തനങ്ങള്‍
വൈകാതെ പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍വേണ്ടി Donation പ്ലാറ്റ്ഫോം ഉണ്ടാക്കണമെന്ന ആഗ്രഹം ശ്രീരശ്മിക്കുണ്ട്. പബ്ലിക് ക്രൗഡ് ഫണ്ടിങ് ഇല്ലാതെ തന്നെ. തന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് 'കൂട്ട് കമ്മ്യൂണിറ്റി'. ലോകത്തെ തന്നെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ കാലത്താണ് 'കൂട്ട് കമ്യൂണിറ്റി'യുടെ തുടക്കം. ദുരിതവും പ്രയാസവും നേരിടുന്നവരെ സഹായിക്കാനും തുറന്ന് കാര്യങ്ങള്‍ സംസാരിക്കാനും വേണ്ടിയാണ് കൂട്ട് കമ്യൂണിറ്റി നിലകൊള്ളുന്നത്.