അരാജകത്വമെന്ന(Anarchism) ട്രോജന്‍കുതിരയെ ആരു പിടിച്ചുകെട്ടുമെന്നത് പുതിയ കാലത്തെ മൗലികമായ അന്വേഷണമാണ്. സമാനമായ ട്രോജന്‍ തന്ത്രവും ഇരച്ചുകയറലുമാണ് അരാജകവാദികള്‍ മനുഷ്യസമൂഹത്തിനുമേല്‍ നടത്തിവരുന്നത്. അതിപുരാതന കാലത്തോ പ്രവാചകന്മാരുടെ സന്ദര്‍ഭങ്ങളിലോ സമൂഹത്തില്‍ ആഴത്തില്‍ വേരു പടര്‍ത്തിയ ആശയം എന്ന നിലയില്‍ അരാജകവാദം ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഒറ്റപ്പെട്ട ശബ്ദം എന്ന നിലയില്‍ സംഭവിച്ച സമാന ആശയങ്ങളുടെ സാന്നിധ്യത്തെ ഖുര്‍ആന്‍ അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്. ''മരിച്ചു മണ്ണും അസ്ഥികൂടവുമായിത്തീര്‍ന്നിട്ട് പിന്നെ നിങ്ങള്‍ ശ്മശാനങ്ങളില്‍ നിന്നും പുറപ്പെടുവിക്കപ്പെടുമെന്ന് ഇവന്‍ പറയുന്നോ? വിദൂരം. ഇവനീപ്പറയുന്നത് ബഹുവിദൂരമായ സംഗതി തന്നെ. നമ്മുടെ ഈ ഐഹികജീവിതമല്ലാതൊരു ജീവിതമേയില്ല. ഇവിടെ നാം മരിക്കുന്നു. ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരല്ല'' (അല്‍മുഅ്മിനൂന്‍-37). ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് സമൂദ് ജനതയാണെന്ന് മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വ്യക്തമാക്കുന്നു. പരലോകജീവിതത്തെ നിഷേധിക്കുന്ന ന്യൂനപക്ഷ ജനവിഭാഗം പ്രവാചകന്‍(സ)യുടെ കാലത്തും ജീവിച്ചിരുന്നതായി മറ്റു ചില സൂക്തങ്ങളും വ്യക്തമാക്കുന്നുണ്ട്. ''നമ്മുടെ ഈ ഐഹികജീവിതമല്ലാതെ ജീവിതമില്ല തന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെ തന്നെ. കാലചക്രമല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുന്നില്ല'' (അല്‍ജാസിയ 24). സമാനമായ ആയത്തുകള്‍ മറ്റു ചില സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ രേഖപ്പെടുത്തുന്നുണ്ട്. മുഫസ്സിറുകള്‍ ഇക്കൂട്ടരെ കാലവാദികള്‍ (അദ്ദഹരിയ്യൂന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്.
സംഘടിത ഭരണകൂടവും നിയമവ്യവസ്ഥയും സാമൂഹിക ജീവിതത്തില്‍ ആവശ്യമില്ലെന്നു വാദിക്കുന്ന രാഷ്ട്രീയസിദ്ധാന്തമാണ് അരാജകത്വം എന്ന പേരില്‍ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. വ്യക്തിസ്വാതന്ത്ര്യത്തിന് അവര്‍ പരമപ്രാധാന്യം നല്‍കുകയും സ്വാതന്ത്ര്യത്തെ ഹനിച്ചേക്കുമെന്ന് അവര്‍ കരുതുന്ന എല്ലാറ്റിനേയും നിരാകരിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ യഥാര്‍ഥത്തില്‍ നല്ലവരായിട്ടാണ് ജനിക്കുന്നതെന്നും എന്നാല്‍ അധികാരസ്ഥാപനങ്ങളാണ് അവരെ ദുഷിപ്പിക്കുന്നതെന്നും, ഏറ്റവും കുറച്ചു മാത്രം ഭരിക്കുന്ന ഗവണ്‍മെന്റാണ് ഏറ്റവും മികച്ചതെന്നും അരാജകവാദികള്‍ വിശ്വസിക്കുന്നു. സാമൂഹിക പരിവര്‍ത്തനം പരപ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ചേര്‍ന്നു നിര്‍വഹിക്കുമെന്നതിനാല്‍ സംഘടിത ശ്രമങ്ങളും ആവശ്യമില്ലെന്നാണ് അരാജകവാദികളുടെ പക്ഷം. ഇംഗ്ലീഷ് എഴുത്തുകാരനും തത്ത്വചിന്തകനുമായ വില്യം ഗോഡ് വിനാണ് (William Godwin 1756-1836) ഈ ചിന്തയുടെ ഉപജ്ഞാതാവ്. ഫ്രഞ്ച് വിപ്ലവകാലത്ത് തീവ്രവാദികളെ വിശേഷിപ്പിക്കാന്‍ മിതവാദികള്‍ ഉപയോഗിച്ച പദമായാണ് അരാജകത്വം പരക്കെ പ്രയോഗിച്ചു തുടങ്ങുന്നത്. ജര്‍മന്‍ ചിന്തകനായ നീഷേ, റഷ്യന്‍ ബുദ്ധിജീവികളായ മൈക്കിള്‍ ബക്കൂനിന്‍, പീറ്റര്‍ ക്രോപോട്കിന്‍ എന്നിവര്‍ അരാജകവാദത്തെ ഏറെ ജനകീയമാക്കി. വ്യക്തിമാഹാത്മ്യത്തെ ഉയര്‍ത്തിപ്പിടിക്കുക, അധികാരകേന്ദ്രത്തെ നിരാകരിക്കുക, സ്വത്തവകാശം നിഷേധിക്കുക, ഭരണകൂടത്തെ എതിര്‍ക്കുക, മനുഷ്യസമത്വവും ജനാധിപത്യവും പ്രബോധനം ചെയ്യുക എന്നിവയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ച വാദഗതികള്‍.
ഇസ് ലാമിക ചരിത്രത്തിലും, ഒമ്പതാം നൂറ്റാണ്ടിലുണ്ടായ നജ്ദിയ്യാ ഖവാരിജികളുടേയും ചില മുഅ്തസിലി ചിന്താഗതികളുടേയും പിന്നില്‍ സമാനമായ അരാജകശൈലിയുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭരണാധികാരികളെ നിരാകരിച്ച ഇക്കൂട്ടര്‍ ''ഖുര്‍ആന്‍ വിധിപറയട്ടെ''യെന്നു പ്രഖ്യാപിച്ചു മുസ്ഹഫിലേക്ക് ദീര്‍ഘനേരം നോക്കിനിന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഥമദൃഷ്ടിയില്‍ നിരുപദ്രവകരമായി തോന്നുന്നതിനാലും, വ്യക്തിവാദം എന്ന മഹിമ ഉയര്‍ത്തിപ്പിടിക്കുന്നതിനാലും അരാജകവാദത്തിന് പൊതുവേ പിന്തുണയേറുകയാണ്. പവിത്രമായ കുടുംബം എന്ന ആശയത്തെ തകര്‍ക്കുന്നുവെന്നുള്ളതാണ് ഇതിന്റെ ഒന്നാമത്തെ അപകടം. മനുഷ്യജീവിതത്തിന്റെ സംസ്‌കരണം ഉറപ്പുവരുത്തുന്ന മതമൂല്യങ്ങളെ അത് തള്ളിപ്പറയുന്നു. സ്ത്രീവിമോചനം എന്ന ആശയത്തിന്റെ മറപിടിച്ച് പരസ്യമായ ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുന്നതോടു കൂടി മൃഗീയതയിലേക്കും അധമത്വത്തിലേക്കും ഖുര്‍ആന്‍ വിവരിച്ചപ്രകാരം മനുഷ്യന്‍ തരംതാഴുകയാണ്. പുതിയ കാലത്തെ അരാജകവാദികള്‍ അതിരുകവിഞ്ഞ ലൈഗിംകസ്വാതന്ത്ര്യത്തെയാണ് ആദര്‍ശമായി അവതരിപ്പിക്കുന്നത്. അതിനെ എതിര്‍ക്കുന്ന മതത്തേയും ഭരണകൂടത്തേയും വ്യക്തികളേയും അവര്‍ ശത്രുക്കളായി പ്രഖ്യാപിക്കുന്നു. ലെസ്ബിയന്‍-ഗേ തുടങ്ങിയ പ്രക്യതിവിരുദ്ധ ലൈംഗികപ്രവണതകളെ പവിത്രമാക്കുന്നു. അത്യപൂര്‍വമായ ഇത്തരം ചിന്താഗതികളെ ചികില്‍സയിലൂടെ ശമിപ്പിക്കുന്നതിനു പകരം അവരെ സംഘടിപ്പിക്കുകയും, സമൂഹത്തെ ശത്രുവായി ചിത്രീകരിച്ചു അവരോടു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മാനവവിരുദ്ധമായ ലൈംഗിക സംസ്‌കാരത്തെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിവേചനമനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ പിന്തുണ ഇവര്‍ ഉറപ്പുവരുത്തുന്നു. ബ്രാ സമരം, ചുംബന സമരം, വിവാഹരഹിത ഇണചേരല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി സംഘടിപ്പിക്കുന്നതിലാണ് ഇവര്‍ ആനന്ദം കണ്ടെത്തുന്നത്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍
അരാജകവാദികള്‍ കൊണ്ടുനടക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ (Sexual Minorities) പ്രശ്‌നങ്ങള്‍, തീര്‍ച്ചയായും സാമൂഹികമായ ശ്രദ്ധ ആവശ്യമുള്ളതാണ്. അനാഥകളുടേയും അഗതികളുടേയും നിരാലംബരുടേയും അവകാശസംരക്ഷണത്തിന് പരിശ്രമിക്കുന്ന ഇസ് ലാമിക സമൂഹങ്ങളും ഭരണകൂടങ്ങളും വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്നുള്ളൂ. വിവേചനം അവസാനിപ്പിക്കുക, മനുഷ്യരെന്ന നിലയിലുള്ള പരിഗണന ഉറപ്പുവരുത്തുക, മാന്യമായ തൊഴിലും ഉപജീവനമാര്‍ഗങ്ങളും ലഭ്യമാവുക എന്ന മിനിമം ആവശ്യങ്ങള്‍ മാത്രമേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊതുസമൂഹത്തിനു മുമ്പാകെ മുന്നോട്ടുവെക്കുന്നുള്ളൂ. അതിനാല്‍, അരാജകവാദികളില്‍ നിന്ന് അവരെ വേര്‍പ്പെടുത്തിയെടുത്ത് സമൂഹത്തില്‍ മാന്യത പുലര്‍ത്തുന്ന നേതാക്കന്മാര്‍ അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയാണ് വേണ്ടത്.
അരാജകവാദികള്‍ പ്രത്യക്ഷമായ ആക്രമണമല്ല സമൂഹത്തിനുമേല്‍ അഴിച്ചുവിടുന്നത്. ട്രോജന്‍കുതിരകളുടെ ഒളിപ്പോരിനോടാണ് അവര്‍ക്ക് പ്രിയം. ചെകുത്താന്റെ നടപടികളെ അങ്ങനെതന്നെ പിന്‍പറ്റുകയാണ് അവര്‍ ചെയ്യുന്നത്. മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം നടത്തുകയും അവരെ കടന്നാക്രമിച്ചു കീഴ്‌പ്പെടുത്തുകയുമാണ് പതിവ്. പുതു തലമുറയാണ് അരാജകവാദത്തെ നെഞ്ചേറ്റുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്. മാതാപിതാക്കളോടും ഗുരുനാഥന്മാരോടും മതനേതാക്കളോടും ന്യായവും അല്ലാത്തതുമായ കാരണങ്ങളാല്‍ വിയോജിപ്പുള്ളവരെ കണ്ടെത്തുകയും അവരെ അനുയായികളുമാക്കി മാറ്റുകയുമാണ് പതിവു പ്രവര്‍ത്തനരീതി. ശാസ്ത്രസാങ്കേതിക വിദ്യകളെ ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിലും ഫെയ്‌സ്ബുക്കിലും ലൈംഗികപ്രചാരണം സാധ്യമാക്കുന്ന സൈറ്റുകളില്‍ മതവിശ്വാസികളടക്കമുള്ള എല്ലാ വിഭാഗങ്ങളും സ്ഥിരസന്ദര്‍ശകരാണ് എന്നത് അവരുടെ രഹസ്യപ്രവര്‍ത്തനത്തിലുള്ള വിജയത്തെ വിളംബരം ചെയ്യുന്നു. തത്ത്വചിന്താപ്രധാനമായ ശൈലിയിലുള്ളതല്ല അവരുടെ പ്രബോധനം. അരാജകവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു ഗ്രന്ഥത്തെ നമുക്കു ചൂണ്ടിക്കാട്ടുക പ്രയാസമാണ്. ഒരു 'ഇസ'മെന്ന നിലയില്‍ അതിന്റെ പ്രൊമോട്ടര്‍മാരേയും അധികമൊന്നും കണ്ടുകിട്ടുകയില്ല. മതസമൂഹങ്ങള്‍ തീരെ കടന്നുവരാത്ത കല, സാഹിത്യം, സിനിമ എന്നീ മാധ്യമങ്ങളിലൂടെയാണ് അവര്‍ തങ്ങളുടെ ആശയങ്ങള്‍ ഒളിച്ചുകടത്തുന്നത്. തലച്ചോറുകളെക്കാള്‍ കൂടുതല്‍ അത് ഹൃദയത്തെ ഹരംകൊള്ളിക്കുകയും സിരകളെ അതിവേഗത്തില്‍ ചൂടുപിടിപ്പിക്കുകയും ലഹരിയായി ഞരമ്പുകളെ ത്രസിപ്പിക്കുകയുമാണ് ചെയ്യുന്നത്. കലയും സാഹിത്യവും സിനിമയുമെല്ലാം നിഷിദ്ധമാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് മതസമൂഹങ്ങള്‍ ചെയ്യുന്നത്. അതുവഴി പ്രതിഭാശാലികളും വിദഗ്ധരുമായ മഹാഭൂരിപക്ഷം മതത്തോട് സലാം ചൊല്ലി പിരിയുന്നതിനാണ് ഇത് വഴിവെക്കുന്നത്. കലയിലും സാഹിത്യത്തിലും സിനിമയിലും ഒളിച്ചുകടത്തപ്പെടുന്ന അരാജകവാദ പ്രവണതകളെ കണ്ടെടുക്കുകയും അതേ മാധ്യമങ്ങളുപയോഗിച്ചുകൊണ്ട് അവര്‍ക്ക് തിരിച്ചടി നല്‍കുന്നതിലുമാണ് ഇനിയുള്ള ശ്രദ്ധ വേണ്ടത്. കൈയിലുള്ള ദൃശ്യമാധ്യമങ്ങളുടെ മൂല്യം ഇരട്ടിയാകുന്നത് അപ്പോള്‍ മാത്രമാണ്.
ചെകുത്താന്‍ മനുഷ്യരുടെ ആദ്യപിതാവായ ആദം നബി(അ)ക്കും ഹവ്വ(അ)ക്കും സ്വര്‍ഗം നഷ്ടപ്പെടുത്തിയത് എപ്രകാരമാണെന്ന് ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. സ്രഷ്ടാവായ അല്ലാഹുവിന്റെ മൂല്യസങ്കല്‍പ്പങ്ങളില്‍ സംശയം പടര്‍ത്തുകയായിരുന്നു ആദ്യവഴി. അതിനായി ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ദുര്‍ബോധനങ്ങള്‍ നല്‍കുകയും ചെയ്തു. മനുഷ്യരുടെ ഗുണകാംക്ഷിയായി പ്രത്യക്ഷപ്പെട്ട ചെകുത്താന്‍ അവരെ പാട്ടിലാക്കുകയായിരുന്നു. 'ഈ മനുഷ്യരെ വഴിതെറ്റിക്കാന്‍ ഞാന്‍ നിന്റെ സന്മാര്‍ഗത്തില്‍ തക്കം പാര്‍ത്തിരിക്കും. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഇടത്തുനിന്നും വലത്തുനിന്നും എല്ലാ ഭാഗത്തുനിന്നും ഞാനവരെ വളയുമെന്ന്' ചെകുത്താന്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ചെകുത്താനെ അനുസരിച്ചതോടെ ആദ(അ)മിന് നഗ്‌നത വെളിപ്പെടുകയും നാണം മറയ്ക്കാന്‍ അവര്‍ പ്രയാസപ്പെടുകയും ചെയ്തു (സൂറത്തുല്‍ അഅ്‌റാഫ് 11-27). വെളിപ്പെട്ട നഗ്‌നതയെ കേന്ദ്രആദര്‍ശമാക്കി അവതരിപ്പിക്കുന്ന ചെകുത്താന്‍ പ്രവര്‍ത്തനങ്ങളുടെ നാശവലയമാണ് അരാജകത്വം. സ്വര്‍ഗം നഷ്ടപ്പെടുത്തുക മാത്രമല്ല, ഭൂമിയെ അതു നരകതുല്യമാക്കുക കൂടി ചെയ്യുന്നു. സൂറത്തുല്‍ അഅ്‌റാഫിലെ 80-ാം സൂക്തത്തില്‍ ലെസ്ബിയന്‍-ഗേ പ്രവണതകളെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. 'നിങ്ങള്‍ക്ക് മുമ്പ് ആരും ചെയ്തിട്ടില്ലാത്ത നീചകൃത്യം' എന്ന പരാമര്‍ശത്തിലൂടെ ലൂത്തിന്റെ ജനതയാണ് ഇവയുടെ ആദ്യ പ്രായോജകര്‍ എന്നു വ്യക്തമാകുന്നു. ആകാശത്തുനിന്നുള്ള ശിലാവര്‍ഷമായിരുന്നു അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ. ലോകര്‍ക്കാകമാനം പാഠമായി അവരുടെ നാശത്തിനു കാരണമായ പ്രദേശത്തിനു ചാവുകടല്‍ (Dead Sea) എന്നു നാമകരണവും ചെയ്തു. ചാവുകടലുകള്‍ പുതുതായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് സ്വവര്‍ഗഭോഗികള്‍ മുന്നിട്ടിറങ്ങുന്നത്.
സാത്താന്‍ മനുഷ്യന്റെ വ്യക്തമായ ശത്രുവാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ ആദമിനെക്കുറിച്ചു പറയുന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്നെ സാത്താനെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ആവശ്യമായ ജാഗ്രത മനുഷ്യനില്‍ അങ്കുരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 'അല്ലയോ വിശ്വാസികളേ, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കുവിന്‍. ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവരോട് നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കല്‍പ്പിക്കപ്പെടുക' (അന്നൂര്‍ 21). 'നീചവൃത്തികളോട് അടുക്കാതിരിക്കുക, അത് ഒളിഞ്ഞതാകട്ടെ, തെളിഞ്ഞതാകട്ടെ' (അല്‍അന്‍ആം 151). മേല്‍വിവരിച്ച ആയത്തുകളെല്ലാം തന്നെ നീചവൃത്തികള്‍ പ്രചരിപ്പിക്കുന്ന പിശാചിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വ്യക്തമാക്കുന്നു. ആരാധനാ സംസ്‌കാരമെന്ന നിലയില്‍ ദിനേന അഞ്ചുനേരമുള്ള നമസ്‌കാരം, നീചവൃത്തികളെ തടയുന്ന പ്രധാന ആയുധമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (അല്‍അന്‍കബൂത്ത് 45).
മനുഷ്യരെ വഴിതെറ്റിപ്പിക്കുന്നതിന് പിശാച് കണ്ടെത്തിയ മറ്റൊരു മാര്‍ഗമാണ് ശിര്‍ക്ക് (ബഹുദൈവത്വം). ശിര്‍ക്ക് ഏറ്റവും കഠിനമായ അക്രമമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വന്‍പാപങ്ങളിലാണ് ശിര്‍ക്കിന്റെ സ്ഥാനം. ശിര്‍ക്കിനെതിരിലുള്ള തൗഹീദിന്റെ പ്രബോധനത്തിനും വലിയ പ്രാധാന്യവും ശ്രദ്ധയും ഇസ് ലാമിക സമൂഹത്തിലുണ്ട്. എന്നാല്‍, നീചകൃത്യങ്ങളുടെ പ്രചാരണം തടയാനും അരാജകത്വത്തിന്റെ അടിവേരറുക്കാനുമുള്ള പ്രവണതകള്‍ക്ക് വേണ്ടത്ര ജാഗ്രത കൈവരുന്നില്ലായെന്നതാണ് വസ്തുത. ശിര്‍ക്ക് മനുഷ്യന്റെ മനസ്സുമായും വിശ്വാസവുമായും ബന്ധപ്പെട്ടതാണ്. നീചകൃത്യങ്ങളാകട്ടെ സമൂഹമധ്യത്തില്‍ വരുത്തുന്ന അപകടം ഭീകരമാണ്. മദീനയില്‍ പ്രവാചകന്‍ യഹൂദന്മാര്‍ക്കും നസാറാക്കള്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താനുള്ള അവകാശം വകവെച്ചു നല്‍കിയിരുന്നു. എന്നാല്‍, നീചകൃത്യങ്ങളായി ഗണിക്കപ്പെട്ട മദ്യം, വ്യഭിചാരം, പലിശ എന്നിവ നിഷിദ്ധമാക്കുകയും ചെയ്തു. പല മുസ് ലിം രാജ്യങ്ങളും ഈ മാതൃക ഇന്നും അനുകരിക്കുന്നുണ്ട്. ശിര്‍ക്കിനോടൊപ്പം ചേര്‍ത്തുവെക്കേണ്ട പ്രധാന ദൗത്യം തന്നെയാണ് നീചകൃത്യങ്ങള്‍ക്കെതിരായ പോരാട്ടവും. ഒരുവേള അക്കാര്യത്തില്‍ എല്ലാ മതവിഭാഗങ്ങളുടേയും ഐക്യവും കൂട്ടായ്മയും അനിവാര്യമായിത്തീരുകയാണ്. കാലഘട്ടത്തിന്റെ നാഡീമിടുപ്പുകള്‍ക്കനുസരിച്ചു മുന്‍ഗണനകള്‍ നിശ്ചയിക്കപ്പെടുന്നതാണ് സാമ്പ്രദായിക രീതികള്‍ പിന്തുടരപ്പെടുന്നതിനേക്കാള്‍ നല്ലത്. അരാജകത്വത്തോട് പൊരുതാന്‍ ഇസ് ലാമിക പ്രസ്ഥാനങ്ങള്‍ എല്ലാ മതവിഭാഗങ്ങളുടേയും പിന്തുണ തേടേണ്ടുന്ന പ്രധാന സന്ദര്‍ഭമാണിത്.