പൂക്കാത്ത മാവുകള്‍ പൂക്കാനും കായ്ക്കാത്ത മാവുകള്‍
കായ്ക്കാനും പഴുത്ത മാങ്ങയില്‍ പുഴുക്കള്‍ വരാതിരിക്കാനും
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മാങ്ങയുടെ മാധുര്യവും വൈവിധ്യങ്ങളും ആകര്‍ഷണീയമായ വാസനയുമെല്ലാം ഇത് ശരിയാണെന്ന് തെളിയിക്കുന്നു. ഭാരതത്തിലെ ചക്രവര്‍ത്തിമാരും മാങ്ങക്ക് അതിയായ പ്രാധാന്യം നല്‍കിയിരുന്നു. മുഗള്‍ ഭരണകാലം മാവ് കൃഷിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു.
കേരളത്തില്‍ മിക്കവാറും ഒന്നോ രണ്ടോ മാവുകള്‍ ഇല്ലാത്ത വീടുകള്‍ കുറവാണ്. മിക്കവരും നല്ല ഇനം മാമ്പഴത്തിന്റെ ഒട്ടു തൈകള്‍ വാങ്ങി നട്ടിട്ടുണ്ടായിരിക്കും. എന്നാല്‍, ഇവയില്‍ മിക്കതും കായ്ഫലം കുറവായിരിക്കും. ചിലത് തീരെ കായ്ക്കാത്തവയും. കായ്ഫലമുള്ളവയില്‍ പഴുക്കാറാകുമ്പോള്‍ നിറയെ പുഴുവും - ഇവയാണ് മിക്കവരുടെയും പ്രശ്നം.
ഇതിനായി മാവ് പൂക്കുന്ന സമയത്തിന് മുമ്പായി 15 സെ.മീ വണ്ണമുള്ള ശാഖകള്‍ തെരഞ്ഞെടുത്ത് അവയില്‍ 6-7 സെ.മീ വീതിയുള്ള മോതിരത്തിന്റെ ആകൃതിയില്‍ തൊലി നീക്കം ചെയ്യുക. ഇത് ചെയ്താല്‍ കൊമ്പുകളുടെ (ശാഖകള്‍) കായിക വളര്‍ച്ച നിലക്കുന്നതിനും ഈ വലയത്തിന് മുകളിലായി കാര്‍ബോ ഹൈഡ്രേറ്റ് ശേഖരിക്കപ്പെടുന്നതിനും കാരണമാകുന്നു. കാര്‍ബണ്‍ നൈട്രജന്‍ അനുപാതത്തിലുണ്ടാകുന്ന മാറ്റം മാവ് പൂക്കാന്‍ കാരണമാകുന്നു.
- മാവ് പൂക്കുന്നതിനു മറ്റൊരു മാര്‍ഗമാണ് പുകയ്ക്കല്‍- മാവിന്റെ ചുവട്ടില്‍ കരിയിലകളും മറ്റും കൂട്ടിയിട്ട് പുകയ്ക്കുന്ന സമ്പ്രദായമാണിത്. ഇത് മാവ് പൂക്കുന്നതിന് സഹായിക്കുന്നു.
- കള്‍ട്ടാര്‍. ഇതിന്റെ പ്രയോഗം മാവ് പൂക്കുന്നതിന് വളരെ ആശാവഹമായ റിസള്‍ട്ട് തരുന്നവയാണ്. ഇതിനായി കള്‍ട്ടാര്‍ (പാക്ക്ളോ ബ്യൂട്ടറസോള്‍) വാങ്ങിക്കാന്‍ കിട്ടും. 20 വര്‍ഷം പ്രായമായ മാവാണെങ്കില്‍ 20 മി. ഒരു മരത്തിന് എന്ന തോതിലാണ് ഉപയോഗിക്കേണ്ടത്. മാവിന് ചുറ്റുമായി 2 അടി അകലത്തില്‍ 15 സെ.മീ താഴ്ചയില്‍ കുഴികള്‍/ചാല് ഉണ്ടാക്കി അവയില്‍ 5-10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു കള്‍ട്ടാര്‍ ലായനി ഒഴിച്ചു കൊടുക്കുക. 15 വര്‍ഷം പ്രായമായ മരമാണെങ്കില്‍ 15 മില്ലി ഒരു മരത്തിന് എന്ന തോതില്‍ കള്‍ട്ടാര്‍ എടുത്ത് വെള്ളത്തില്‍ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കുക. 3 മാസങ്ങള്‍ക്ക് ശേഷം മാവ് പൂക്കുന്നതാണ്. കള്‍ട്ടാര്‍ ഒഴിക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടായിരിക്കണം. പൂക്കുന്നത് വരെ ആഴ്ചയിലൊരിക്കല്‍ ചെറുതായി മാവിന് ജലസേചനം ചെയ്തുകൊടുക്കണം.
ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്ന രീതി
മാങ്ങകള്‍ മൂപ്പെത്തിയ ഉടനെ പറിച്ചെടുക്കുക. ശേഷം 1 ലിറ്റര്‍ വെള്ളത്തില്‍ ഒരു ലിറ്റര്‍ തിളപ്പിച്ച വെള്ളമൊഴിച്ച് ലിറ്ററിന് 25 ഗ്രാം ഉപ്പെടുത്ത് ഈ വെള്ളത്തില്‍ ലയിപ്പിച്ച് മാങ്ങകള്‍ അതില്‍ മുങ്ങിക്കിടക്കുന്ന രൂപത്തില്‍ ഇട്ടുവെക്കുക. തണുക്കുമ്പോള്‍ പുറത്തെടുത്ത് തുടച്ച് പഴുപ്പിക്കാന്‍ വെക്കുക. ഈച്ച മുട്ടയിട്ട ആ ദ്വാരത്തിലൂടെ ഈ ഉപ്പ് ലായനി പ്രവേശിച്ച് മുട്ടകള്‍ നശിപ്പിക്കുന്നു. അങ്ങനെ പുഴുവില്ലാത്ത പഴുത്ത മാങ്ങ ലഭിക്കും.
മാങ്ങയിലെ പുഴുക്കള്‍ (Fruits Flies)
പഴ ഈച്ചകളും അവയുടെ ലാര്‍വെ(പുഴു)കളുമാണ് മാങ്ങക്ക് കേട് വരുത്തുന്ന സുപ്രധാനമായ കീടങ്ങള്‍. ഡാക്കസ് ഇനത്തില്‍ പെട്ട തവിട്ട് നിറത്തിലുള്ള ഈച്ചകളാണ് ഇവ. പഴുത്തു തുടങ്ങുന്ന മാങ്ങകളുടെ തൊലിക്കടിയിലായിട്ടാണ് ഇവ മുട്ടകളിടുന്നത്. 2-3 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് വെള്ള നിറത്തിലുള്ള പുഴുക്കള്‍ പുറത്ത് വിരിഞ്ഞ് വന്ന് മാങ്ങയുടെ കാമ്പ് ഭക്ഷിച്ച് വളരുന്നു. ഒരാഴ്ച കൊണ്ട് ഈ ചെറിയ പുഴുക്കള്‍ പ്രായപൂര്‍ത്തിയെത്തുന്നു. താഴെ വീഴുന്ന മാമ്പഴത്തില്‍നിന്ന് ഈ പുഴുക്കള്‍ മണ്ണില്‍ സമാധി പ്രാപിച്ച് ക്രമേണ ഈച്ചകളായി രൂപം പ്രാപിക്കുന്നു.
കായീച്ചകളെ കെണികള്‍ വെച്ച് നശിപ്പിക്കാന്‍ കഴിയും. ഇതിനായി പ്രത്യേകം തയാറാക്കിയ ഫെറോമോണ്‍ കെണികള്‍ വാങ്ങിക്കാന്‍ കിട്ടും. 15 സെന്റിലേക്ക് ഒരെണ്ണം എന്ന തോതില്‍ ഉപയോഗിക്കാം. കൂടാതെ മാവില്‍നിന്ന് കൊഴിഞ്ഞ് വീഴുന്ന മാമ്പഴങ്ങള്‍ അവിടെത്തന്നെ കിടന്നു ചീയാന്‍ ഇടയാക്കാതെ അപ്പപ്പോള്‍ തന്നെ അവ പെറുക്കിയെടുത്ത് കളയണം. ഫെറോമോണ്‍ കെണി കിട്ടാത്തവര്‍ക്ക് തുളസിക്കെണി പൂക്കുന്നത് മുതല്‍ വിളവെടുപ്പ് വരെ ഒരു മരത്തിന് 4 എന്ന തോതില്‍ മാസത്തിലൊരിക്കല്‍ വെച്ചും കായീച്ചകളെ നശിപ്പിക്കാം.