ഏതൊരു വിശ്വാസിയുടെയും അടങ്ങാത്ത ആഗ്രഹങ്ങളില്‍ ഒന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി നടന്ന മണല്‍ത്തരിയിലൂടെ ഒരു യാത്രയും, പ്രവാചകന്‍ ഇബ്റാഹീമും ഇസ്മായീലും തന്റെ പരീക്ഷണങ്ങളെ അതിജയിച്ചു ഖലീലുല്ലാഹ് എന്ന പട്ടം വാങ്ങി പണിത കഅ്ബാലയം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ സാധിക്കുക എന്നതും. ഉള്ളുലക്കുന്ന പ്രാര്‍ഥനകള്‍ വിശ്വാസികള്‍ മുഖം തിരിക്കുന്ന ആ ഗേഹത്തിന്റെ ചാരത്തു നിന്ന് പറയാന്‍ സാധിക്കുക എന്നതും. ആഗ്രഹം അതി കഠിനമാണെങ്കില്‍ വഴികള്‍ നമ്മള്‍ പോലും നിനച്ചിരിക്കാത്ത നേരങ്ങളില്‍ അല്‍ഭുതപ്പെടുത്തി കടന്നുവരും. അങ്ങനെ വന്ന ഒരു തീര്‍ഥയാത്രയായിരുന്നു എനിക്ക് ഉംറ. സാധാരണഗതിയില്‍ കാണുന്ന പോസ്റ്ററില്‍നിന്ന് വ്യത്യസ്തമായ ഒരു പോസ്റ്റര്‍ ഈ യാത്രയോടുള്ള കൗതുകം വര്‍ധിപ്പിച്ചു. 'യൂത്ത് ഉംറ' അതായിരുന്നു അതിന്റെ തലക്കെട്ട്. സോളിഡാരിറ്റിയുടെ കര്‍മനിരതനായ നേതാവും പ്രഭാഷകനുമായ സി.ടി സുഹൈബിന്റെ നേതൃത്വത്തിലാണ് യാത്രയെന്നത് യാത്രയോടുള്ള എന്റെ കൗതുകം അധികരിപ്പിച്ചു. ഇങ്ങനെ ഒരു സംഘത്തില്‍ എത്തിപ്പെടാനാവുമെന്നും യാത്ര ചെയ്യാനാവുമെന്നും ഞാന്‍ ഒട്ടും നിനച്ചിരുന്നില്ല. പലപ്പോഴും പ്രിയപ്പെട്ടവരുമായി സംസാരിക്കുമ്പോള്‍ ഈ യൂത്ത് ഉംറയെ കുറിച്ചു ഞങ്ങള്‍ ചര്‍ച്ച ചെയ്യും. എന്റെ എല്ലാ കാര്യത്തിലും കൂട്ടും തണലുമായ എളിയപ്പ അബ്ദുല്‍ റഹീം പി.പി ആണ് ഈ യാത്രയില്‍ എന്നെ കൊണ്ടെത്തിച്ചത്. അധ്യാപികയായ എനിക്ക് ഈ യാത്ര നിശ്ചയിച്ച ഡിസംബര്‍ അവധിക്കാലം എന്ന നിലക്ക് അനുകൂലമായിരുന്നു. എന്നാല്‍, വെക്കേഷന്‍ സമയമായതിനാല്‍ കുട്ടികളെ ഒറ്റക്ക് വീട്ടില്‍ നിര്‍ത്തി പോകുന്നതില്‍ പ്രയാസമുണ്ടായിരുന്നു. അന്നേ ദിവസം സ്‌കൂളിന്റെ മുന്നിലുള്ള പള്ളിയില്‍നിന്ന് ളുഹ് ര്‍ നമസ്‌കാരം കഴിഞ്ഞിറങ്ങുമ്പോള്‍ എന്റെ മുന്നില്‍ എന്റെ മൂത്താപ്പ അബ്ദുര്‍റഹ്‌മാനെ നാഥന്‍ പ്രത്യക്ഷപ്പെടുത്തി; 'എന്തായി നീ പോകുന്നില്ലേ, ഇങ്ങനെ ഒരവസരം ഇനി ഒത്തു വന്നില്ലെങ്കിലോ' എന്ന ആ ഒരൊറ്റ ചോദ്യത്തില്‍ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ പോകാം എന്ന് മറുപടി പറഞ്ഞു. സത്യത്തില്‍ ആ കൂടിക്കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുന്ന എന്നെ കണ്ട റബ്ബ്, മതി ആലോചിച്ചത് എന്ന് പറഞ്ഞു എടുപ്പിച്ച പോലെ ആണ് എനിക്ക് ആ മറുപടി തോന്നിയത്. ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ, അപ്പൊ തന്നെ മൂത്താപ്പ വിളിച്ചന്വേഷിച്ചു. ഒരു സീറ്റ് മാത്രം ബാക്കിയുണ്ടെന്നു പറഞ്ഞത് കേട്ടപ്പോള്‍ ഉടയവന്‍ എനിക്കായി റിസര്‍വ് ചെയ്ത് വെച്ചപോലെ തോന്നിപ്പോയി. അങ്ങനെ 33-ാ മത്തെ വയസില്‍ പറഞ്ഞു കേട്ട് മാത്രം അറിവുള്ള ആ മണ്ണിലേക്ക് ഞാനും പുറപ്പെടുന്നു. അതും യുവത്വത്തിന്റെ ചോര തിളപ്പും വിപ്ലവ വീര്യവും അടങ്ങാത്ത ആവേശവും ഉള്ള ഒരു കൂട്ടം യുവ നിരയോടൊപ്പം...
യാത്ര കോഴിക്കോട്ടു നിന്നാണ്. അവിടെ, എല്ലാവരുടെയും പ്രിയപ്പെട്ടവര്‍ സന്നിഹതരായിരുന്നു. ഉള്ളില്‍ തസ്ബീഹും തഹ്‌മീദും തഹ് ലീലും ചൊല്ലി മറ്റൊരു ലോകത്തേക്ക് ആ വിമാനം പറന്നു. ഹൃദയം പട പടാ മിടിക്കുന്നുണ്ട്. പടച്ചവനോടുള്ള ഹംദിന്റെ കനം കൊണ്ട് സുരക്ഷിതമായി ഞങ്ങള്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തി. സാധാരണ ഉംറ കഴിഞ്ഞാണ് മദീനയിലേക്ക് പോവാറുള്ളത്. എന്നാല്‍ തിരക്ക് കാരണം മദീന സന്ദര്‍ശിച്ചാണ് ഉംറക്ക് പോകുന്നത് എന്ന് അമീര്‍ സൂചിപ്പിച്ചിരുന്നു. കേട്ടപ്പോള്‍ ആദ്യം പ്രയാസം തോന്നിയെങ്കിലും പിന്നീട് അത് നല്ല തീരുമാനമാണെന്ന് ബോധ്യമായി.
മദീന വികാരം ആണ്. വിശ്വാസികളുടെ അഭയമാണ്. ആതിഥ്യ മര്യാദയുടെ, സ്‌നേഹത്തിന്റെ, കരുതലിന്റെ ഉത്തമ ഉദാഹരണം. വല്ലാത്തൊരു വിശാലത അവിടെ ഇറങ്ങിയത് മുതല്‍ അനുഭവപ്പെടുന്നുണ്ട്. മസ്ജിദുന്നബവിയിലെ വെറുതേയുള്ള ഇരുത്തത്തില്‍ പോലും സമാധാനം അനുഭവപ്പെട്ടു. റൗളാ ശരീഫും മറ്റ് ചരിത്ര സ്ഥലങ്ങളും കണ്ടപ്പോള്‍ അതിന്റെ പഴയ തനിമ നിലനിര്‍ത്തിയിരുന്നെങ്കില്‍ എന്ന് തോന്നി. മദീനയില്‍ ജാഫര്‍ എളമ്പിലാക്കോടിന്റെ ചരിത്രം ഉണര്‍ത്തുന്ന തീക്ഷ്ണമായ വാക്കുകള്‍ അന്ന് നടന്ന സംഭവങ്ങള്‍ ഓരോന്നും കണ്ണില്‍ പതിപ്പിച്ചു തരും.
പിന്നീട് ഈ യാത്രയുടെ ആത്മാവിലേക്കുള്ള പോക്ക്. യാത്രാ മധ്യത്തില്‍ ബദ് ര്‍ യുദ്ധ സ്ഥലവും മറ്റ് ചരിത്ര സ്ഥലങ്ങളുമൊക്കെ കണ്ടു. ഞങ്ങള്‍ കൂട്ടം കൂട്ടമായി പരിശുദ്ധ ഹറമിലേക്ക്. ഓരോ കാലടി വെക്കുമ്പോഴും ഹൃദയം മിടിക്കുന്നു. വല്ലാത്തൊരു ആധി. ദൂരം കുറയും തോറും ഹൃദയത്തിന്റെ ശബ്ദം എനിക്ക് തന്നെ കേള്‍ക്കാം. ലോക മുസ് ലിംകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന കഅ്ബ ഇതാ എന്റെ ഉള്ളും കണ്ണും നിറച്ചു മുന്നില്‍ നില്‍ക്കുന്നു. എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പടച്ചവനെ, ഇങ്ങനെ ഒരു കാഴ്ച ആയിരുന്നല്ലോ ഞാന്‍ കൊതിച്ചിരുന്നത്. ഉള്ളു മുഴുവന്‍ വല്ലാത്തൊരു പ്രകാശം പരക്കുന്നത് പോലെ. പ്രാര്‍ഥന വായ കൊണ്ട് ചൊല്ലുന്നുണ്ട്. എങ്കിലും ഉള്ളില്‍ നിന്നും ഹംദിന്റെ കനം പേറി കണ്ണിലൂടെ ഒഴുകി. ആദ്യ കാഴ്ച വല്ലാത്തൊരു വൈകാരിക നിമിഷമാണ്. വീണ്ടും വീണ്ടും കഅ്ബ നോക്കി നടന്നടുക്കുമ്പോഴും ഉള്ളു പൊട്ടി ഞാന്‍ നനഞ്ഞുകൊണ്ടിരുന്നു. ഓരോ ശ്വാസത്തിലും കാലമത്രയും അടുക്കിവെച്ച മുഴുവന്‍ പ്രാര്‍ഥനയുടെയും കെട്ടുകള്‍ അഴിഞ്ഞുവീണു. ലോകമാകെ വെക്കേഷന്‍ സമയമായതുകൊണ്ട് ഹറമില്‍ കാല്‍ കുത്താനാവാത്ത തിരക്ക് ഉണ്ടായിരുന്നു. ഞാന്‍ അടക്കമുള്ളവരുടെ ഹൃദയം നുറുങ്ങുന്ന വേദനകളും വേവുന്ന നോവുകളൊക്കെയും ഉള്ളു പൊട്ടി പ്രാര്‍ഥനാ രൂപത്തില്‍ ഒഴുകുകയായിരുന്നു. അങ്ങനെ ഫര്‍ദുകളും സുന്നത്തുകളും ഒക്കെ നിര്‍വഹിച്ചു. സംസം വെള്ളം വയറു നിറയെ കുടിച്ചും മുടി മുറിച്ചും കന്നി ഉംറ പൂര്‍ത്തിയാക്കി.