വണ്ണമല്ല ആരോഗ്യം

ഡോ. ബുശൈറ ബി.പി
ജൂലൈ 2025
കുട്ടികളിലെ അമിത വണ്ണം അപകടകാരിയാണോ?

പ്രായത്തിലും പൊക്കത്തിലും കവിഞ്ഞ ശരീരഭാരം ഉണ്ടാകുന്നതിനെയാണ് അമിതവണ്ണമായി കണക്കാക്കുന്നത്. മുതിര്‍ന്നവരെപ്പോലെ കുട്ടികളിലും ഇത് പ്രകടമാണ്. കണ്ണില്‍ കണ്ടതെല്ലാം അകത്താക്കുന്ന കുട്ടിപ്രായത്തില്‍ ഭക്ഷണ നിയന്ത്രണം ബുദ്ധിമുട്ടാണ്. കൃത്യമായ ചിട്ട ഭക്ഷണകാര്യത്തില്‍ രൂപപ്പെടുത്തുകയോ കൊഴുപ്പ് അധികമടങ്ങിയ ആഹാര സാധനങ്ങള്‍ കുട്ടികള്‍ കഴിക്കുന്നതിനെ സനേഹപൂര്‍വം തടയുകയോ ചെയ്യുക. കുട്ടിക്കുസൃതികളെ പൊണ്ണത്തടി പിടികൂടുന്നത് രോഗാവസ്ഥയാണെന്ന് തിരിച്ചറിയാതെ മാതാപിതാക്കള്‍ വീണ്ടും അവരെ ബര്‍ഗറിന്റെയും എണ്ണക്കടികളുടെയും രുചിലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

അതോടെ കുഞ്ഞ് പലവിധ ശാരീരിക പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും കീഴ് പെട്ടെന്ന് വരാം. കുട്ടിയുടെ ആഹാരരീതിക്ക് പുല്ലുവില കല്‍പിക്കാത്ത രക്ഷിതാക്കള്‍ തന്നെയാണ് അതിന് ഉത്തരവാദികള്‍. കുട്ടികളിലെ അമിതവണ്ണം നേരത്തേ കണ്ടെത്തി നിയന്ത്രിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. കണ്ണില്‍ കണ്ടെതെല്ലാം അകത്താക്കുന്ന കുട്ടിപ്രായത്തില്‍ ഭക്ഷണ നിയന്ത്രണം കുട്ടികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.

കൃത്യമായൊരു ഭക്ഷണചിട്ട രൂപപ്പെടുത്തുകയും, കൊഴുപ്പ് അധികം അടങ്ങിയ ആഹാര സാധനങ്ങള്‍ കുട്ടികള്‍ കഴിക്കുന്നതിനെ സനേഹപൂര്‍വം തടയുകയും ചെയ്യുക.

 

അമിത വണ്ണത്തിന്റെ കാരണങ്ങള്‍

ആഹാരത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊര്‍ജവും നാം ഉപയോഗിക്കുന്ന ഊര്‍ജവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണു പ്രധാനമായും ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലേറെ ആഹാരം കഴിക്കുകയും വ്യായാമത്തിന് അവസരമില്ലാതിരിക്കുകയും ചെയ്താല്‍ അമിത വണ്ണത്തിനു കാരണമാകാം.

 

അമിത വണ്ണം കൊണ്ടുള്ള ദോഷങ്ങള്‍

അമിത വണ്ണമുണ്ടാകുന്ന അവസ്ഥയില്‍ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് രക്തക്കുഴലുകളില്‍ ശേഖരിക്കപ്പെടുകയും കുട്ടി വളരുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. രക്തസമ്മര്‍ദം കൂടുന്നതുകൊണ്ട് ഹൃദയം, കിഡ്നി എന്നിവയുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു രോഗങ്ങള്‍ ഉണ്ടാകും. അമിത വണ്ണമുള്ള കുട്ടികളില്‍ പ്രമേഹ സാധ്യതയും ഉണ്ട്. കൂടാതെ ഗുരുതരമായ മെറ്റബോളിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയും വരാം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.

 

ചികിത്സ

ചികിത്സ ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളുടെ കൂട്ടായ സഹകരണം അത്യാവശ്യമാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയാണ് അമിതവണ്ണം തടയാനും അമിത വണ്ണം ഉണ്ടാകാതിരിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം. പക്ഷേ, അതു നടപ്പില്‍ വരുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ജീവിച്ചുവന്ന ജീവിത സാഹചര്യവും രീതിയും മാറ്റിയെടുക്കാന്‍ നല്ല ഇഛാശക്തി വേണം. വളരുന്ന പ്രായത്തില്‍ ആഹാരം അത്യാവശ്യം തന്നെ. അതുകൊണ്ട് ആഹാര നിയന്ത്രണം ബുദ്ധിമുട്ടാണ്. എന്നാല്‍, വണ്ണം കുറയണമെങ്കില്‍ ആഹാരരീതി മാറ്റിയെടുത്തേ മതിയാവൂ. മാറ്റം വരുത്തിയ ആഹാരരീതിയും കൃത്യമായ വ്യായാമവും കൊണ്ടു മാത്രമേ വണ്ണം കുറയുകയുള്ളൂ.

പൊണ്ണത്തടിയുള്ള കുട്ടികളില്‍ ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ മാനസിക പ്രശ്നങ്ങളും കണ്ടുവരുന്നു. അപകര്‍ഷതാ മനോഭാവം, മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടി, കൂട്ടുകാരുടെ പരിഹാസം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളും അവരെ അലട്ടുന്നു. ചികിത്സയില്‍ അതിനും പ്രാധാന്യം നല്‍കേണ്ടിവരും.

 

മുലപ്പാല്‍

കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം കൊടുക്കുക. പിന്നെ മുലപ്പാലിനോടൊപ്പം അര്‍ഥ ഖരവസ്തുക്കള്‍ (കുറുക്കുകള്‍). തുടര്‍ന്ന് മയമുള്ള ആഹാരസാധനങ്ങള്‍ ഇഡ്ഡലി, ദോശ, നല്ലവണ്ണം വെന്ത ചോറ് മുതലായവ നല്‍കാം.

ഒരു വയസ്സാകുമ്പോള്‍ വീട്ടിലുള്ളവര്‍ കഴിക്കുന്ന ആഹാരം കുഞ്ഞിന് കൊടുക്കാം. അതോടൊപ്പം മുലപ്പാല്‍ തുടരുകയും വേണം. രണ്ടു വയസ്സ് വരെ കുഞ്ഞിന്റെ പാല്‍ മുലപ്പാല്‍ മാത്രമായിരിക്കുന്നതാണ് ഉത്തമം.

ഏറ്റവും കുറഞ്ഞത് ഒരു വയസ്സ് വരെയെങ്കിലും കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ മറ്റു പാലുകള്‍ കൊടുക്കരുത്. ഇങ്ങനെ അമ്മയുടെ പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ അമിതവണ്ണ സാധ്യത കുറവാണ്.

 

വറുത്തതും പൊരിച്ചതും ഒഴിവാക്കുക

കുട്ടികള്‍ക്ക് വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ പ്രിയങ്കരമാണ്. എന്നാല്‍ കുട്ടിയുടെ ആരോഗ്യകരമായ ഭാവിയെ കരുതി ഇത്തരം ആഹാരസാധാനങ്ങള്‍ കഴിവതും ഒഴിവാക്കണം. എന്നാല്‍, വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് തെറ്റില്ല. അതും വീട്ടിലുണ്ടാക്കിയതാണ് ഉത്തമം. ഫാന്‍സി ആഹാരങ്ങളും കൃത്രിമമായ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്. അത്തരം ആഹാരസാധനങ്ങള്‍ക്കായി കുഞ്ഞ് ബഹളം വെയ്ക്കുമ്പോള്‍ കഴിക്കാന്‍ പഴങ്ങളോ വീട്ടിലുണ്ടാക്കുന്ന എണ്ണ കുറഞ്ഞ പലഹാരങ്ങളോ നല്‍കാന്‍ ശ്രമിക്കുക. പഞ്ചസാര പരമാവധി കുറക്കുക.

വിശക്കുമ്പോഴല്ലാതെ ആഹാരം കഴിക്കുന്ന പ്രവണത ഒഴിവാക്കണം. ഒന്നു മുതല്‍ മൂന്നു വയസ്സ് വരെ ഇഷ്ടഭക്ഷണമൊക്കെക്കൂടി ആറു തവണ വരെ ആഹാരമാകാം. അതു കഴിഞ്ഞാല്‍ അഞ്ചു തവണ. സ്‌കൂള്‍ പ്രായത്തില്‍ അതു നാലു തവണയായി ചുരുക്കുകയും വേണം. ഭക്ഷണം കഴിക്കുമ്പോള്‍ വയറുനിറയെ കഴിക്കാം. പിന്നെ വിശക്കുമ്പോള്‍ മതി. അതിനിടയില്‍ ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ടി.വി. കാണുമ്പോഴും വായിക്കുമ്പോഴും ഒക്കെ എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. വീട്ടിലേക്ക് ഫാസ്റ്റ്ഫുഡ് കൊണ്ടുവന്ന് കുഞ്ഞിനോട് നീ അത് കഴിക്കരുത് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് കുടുംബാംഗങ്ങളും അത് ഒഴിവാക്കുന്നതാണ്.

 

ഉറക്കം

പ്രായത്തിനനുസരിച്ചുള്ള ഉറക്കം കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഉറക്കം കുറയുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും.

 

പഴങ്ങള്‍ നല്‍കുക

കുട്ടികള്‍ക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങി നല്‍കണമെങ്കില്‍ വറുത്തതും പൊരിച്ചതുമായ ബേക്കറി സാധനങ്ങള്‍ക്കു പകരം പഴവര്‍ഗങ്ങള്‍ വാങ്ങി നല്‍കുന്നത് നന്നായിരിക്കും. കുഞ്ഞുങ്ങളെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാനും അവരെ സന്തോഷിപ്പിക്കാനും ചോക്ലേറ്റ് വാങ്ങി നല്‍കുന്ന ശീലം ഒഴിവാക്കണം.

ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഈത്തപ്പഴം, കടല, ചെറിയ അളവില്‍ ഡ്രൈ ഫ്രൂട്ട്‌സ്, സീസണല്‍ ഫ്രൂട്ട്‌സ് എന്നിവ നല്‍കാം. ആവിയില്‍ വേവിച്ച സ്‌നാക്‌സും നല്ലതാണ്. പൊണ്ണത്തടിയുള്ള കുട്ടികള്‍ക്ക് വിശപ്പും ഇടക്കിടക്ക് കൊറിക്കാനുള്ള ആഗ്രഹവും കൂടുതലായിരിക്കും. ആ സമയത്ത് കുറഞ്ഞ അളവില്‍ ഇത്തരം ഭക്ഷണങ്ങള്‍ നല്‍കാം.

 

വ്യായാമം

കുട്ടികളില്‍ പ്രത്യേകമായ വ്യായാമ മുറകള്‍ നിര്‍ദേശിക്കേണ്ട ആവശ്യമില്ല. കൂട്ടുകൂടി കളിക്കാന്‍ അനുവദിച്ചാല്‍ മതിയാകും. അതിനുമുണ്ട് പല തടസ്സങ്ങള്‍. കൂട്ടുകൂടാന്‍ ആളില്ല, കളിസ്ഥലത്തിന്റെ കുറവ്, കൂട്ടുകൂടി കളിച്ചാല്‍ കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുമോ, അപകടം പറ്റുമോ എന്ന മാതാപിതാക്കളുടെ ആശങ്ക വേറെയും. മാതാപിതാക്കള്‍ക്കും കുട്ടികളുടെ കൂടെ കളിക്കാം.

ദിവസവും മുക്കാല്‍ മണിക്കൂറെങ്കിലും കുട്ടികള്‍ക്ക് വ്യായാമം വേണം. മാറിയ പരിതസ്ഥിതിയില്‍ സൈക്ലിംഗ്, നീന്തല്‍, നടത്തം തുടങ്ങി എന്തെങ്കിലും ചെയ്യേണ്ടതാണ്. കുറഞ്ഞത് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമം വേണം. ടി.വി.യും കമ്പ്യൂട്ടറുമൊന്നും ദിവസവും അര മണിക്കൂറില്‍ കൂടുതല്‍ അനുവദിക്കാതിരിക്കുകയാണു നല്ലത്. അവധി ദിവസങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം മൂന്ന് മണിക്കൂര്‍ പരമാവധി ആകാം.

 

സമീകൃത ആഹാരം

കുഞ്ഞുങ്ങള്‍ ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്കു സമീകൃത ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കണം. സമീകൃത ആഹാരത്തില്‍ 60 ശതമാനം കാര്‍ബോ ഹൈഡ്രേറ്റ് അഥവാ അന്നജം ഉണ്ടാവണം (ചോറ്, കപ്പ, കിഴങ്ങുവര്‍ഗങ്ങള്‍, ഗോതമ്പ്) എന്നിവ. 20-25 ശതമാനം വരെ പ്രോട്ടീന്‍ (മാംസ്യം) ഉണ്ടായിരിക്കണം. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ഇലവര്‍ഗത്തില്‍ പെട്ടവ എന്നും കഴിക്കേണ്ടതാണ്. കളറുള്ള പച്ചക്കറികളും ഉള്‍പ്പെടുത്തണം, (കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി) തുടങ്ങിയവ. ഇവയൊക്കെ വെന്തു മാത്രമല്ല വേവിക്കാതെയും കഴിക്കണം. പഴങ്ങള്‍ പഴച്ചാറാക്കാതെ കഴിക്കുന്നതാണ് ഉത്തമം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media